2019, ഏപ്രിൽ 18, വ്യാഴാഴ്‌ച

പ്രളയം ഹൗ ചൂടും



പ്രളയശേഷം നമ്മുടെ നാട് ചുട്ടുപഴുത്തു തുടങ്ങിയിരിക്കുന്നു. കുളങ്ങളും കിണറുകളും വറ്റി. അസാധാരണമായ വിധത്തില്‍ കാട്ടുതീ പടരുന്നു. ഇതിനൊക്കെ കാരണം ആഗോളതാപനമാണ്. അതു നിമിത്തമുള്ള കാലാവസ്ഥാ വ്യതിയാനമാണ്. അക്കാര്യം ഏതാണ്ടെല്ലാപേര്‍ക്കും ബോധ്യം വന്നിരിക്കുകയാണ്. എന്നാലോ ഈ ദുഃസ്ഥിതിക്ക് ഹേതുവായ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമന അളവ് കുറയ്ക്കാനുള്ള നടപടികള്‍ അങ്ങനെയങ്ങ് ആരംഭിച്ചിട്ടില്ല. ഭരണാധികാരികള്‍ ഉറക്കം നടിക്കുകയാണ്.
മനുഷ്യരാശിയെ വിഴുങ്ങാന്‍ വായപൊളിച്ചെത്തിയ ആഗോളതാപനത്തെ അമര്‍ച്ച ചെയ്യുതിലെ അനാസ്ഥയും മൗനവും ഭാരതത്തില്‍ മാത്രമല്ല. ലോകമെമ്പാടും കാണാം. ഇതിനെതിരെ ആരാണ് പ്രതികരിക്കേണ്ടത്?
അതില്‍ സംശയിക്കാനെന്താണുള്ളത്? ലോകം മുഴുവനും അത്തരം പ്രതിഷേധങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കുട്ടികള്‍ അതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നു. തങ്ങളുടെ ഭാവി ഒന്നാമതായി ഭദ്രമാക്കുക എന്ന ദൗത്യ നിര്‍വ്വഹണാര്‍ത്ഥം അവരുണര്‍ന്നു കഴിഞ്ഞു. മനുഷ്യരാശിയുടെ ഭാവിയെ തകരാറിലാക്കുന്ന ആഗോളതാപനത്തിനെതിരെ ഭരണാധികാരികള്‍ പുലര്‍ത്തുന്ന അലംഭാവം. അതിനെതിരെ ലോകമനസ്സാക്ഷിയെ ഉണര്‍ത്തുക. ആ ലക്ഷ്യത്തോടെ കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിന് നൂറുകണക്കിന് കുട്ടികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന സ്വീഡനിലെ പതിനാറുകാരിയാണ് ഇതിനു പിന്നില്‍.
ഗ്ലോബല്‍ യൂത്ത് സ്‌ട്രൈക്ക് 4 ക്ലൈമറ്റില്‍ പങ്കെടുത്തു കൊണ്ട് വെയില്‍സില്‍ കുട്ടികള്‍ പ്രകടനം നടത്തി. അതില്‍ നൂറുകണക്കിന് പ്രൈമറി, സെക്കന്ററി ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുത്തു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് പതിനേഴുകാരിയായ ബെത്ത് ഇര്‍വിംഗ് ആണ്. കുട്ടികള്‍ നടത്തിയ ഈ പ്രതിഷേധത്തിനെ ഡെന്‍മാര്‍ക്കിലെ മുന്നൂറില്‍പ്പരം ശാസ്ത്രജ്ഞന്മാര്‍ അനുകൂലിച്ച് പ്രസ്താവനയിറക്കി.
പതിമൂന്നുകാരിയാ അലക്‌സാന്‍ഡ്രിയ വില്ലാസിനോറിന്റെ ഇ-മെയ്ല്‍, ട്വിറ്റര്‍ സന്ദേശങ്ങളുടെ പ്രതികരണമായി ചൈനയില്‍ വരെ പ്രതിഷേധ ജ്വാലയുയര്‍ന്നു കഴിഞ്ഞു. രാജ്യങ്ങള്‍ അവരുടെ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമന അളവ് അടിയന്തിരമായി കുറയ്ക്കാന്‍ വില്ലാസിനോര്‍ ആവശ്യപ്പെടുന്നു. അങ്ങനെ ചിന്തിക്കുന്ന മനസ്സില്‍ ഇടിവാള്‍ സൂക്ഷിക്കുന്ന കുട്ടികള്‍ മുന്നോട്ടു വന്നിരിക്കുന്നു.
ഒന്നോ രണ്ടോ രാജ്യങ്ങളില്‍ മാത്രമായി ഈ പ്രതിഷേധം ഒതുങ്ങുന്നില്ല. കുട്ടികളുടെ ഉദ്യമം ലോകജനത ഏറ്റെടുത്തിരിക്കുന്നു. ബ്രസ്സല്‍സില്‍ നിന്നും സര്‍ക്കാന്‍ അനാസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധ സംബന്ധിയായ കൂടുതല്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി.
കുട്ടികളുടെ മുറിയിപ്പ് ഏറ്റെടുത്ത് മാര്‍ച്ച് പതിനഞ്ചിന് തൊഴിലാളി സംഘടനകള്‍ വലിയ പ്രചരണസമരപരിപാടികള്‍ക്ക് തുടക്കമിടുന്നു. നിങ്ങളാണ് ശരി എന്നു പറഞ്ഞുകൊണ്ട് ബെല്‍ജിയത്തിലെ ശാസ്ത്രലോകവും കുട്ടികളെ പിന്താങ്ങുന്നു. 3500 ശാസ്ത്രജ്ഞന്മാരാണ് കുട്ടികള്‍ ക്ലാസ്സുമുറികള്‍ നിന്നിറങ്ങി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിമഗ്നരായതിനെ പിന്തുണച്ചിരിക്കുന്നത്.
ജര്‍മ്മന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ പ്രശ്‌നം ചര്‍ച്ചചെയ്തു കഴിഞ്ഞു. കാര്‍ബണ്‍ ഡൈഓക്‌സൈഡു വിസര്‍ജ്ജനവും വിനിമയവും സംബന്ധിച്ച നിബന്ധനകള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത അടിയന്തിരമായ കാര്യമായ ചര്‍ച്ചകള്‍ക്ക് വച്ചു. പ്രശ്‌നം രാഷ്ട്രീയമായി ചൂടുപിടിച്ചതോടെ ബെല്‍ജിയത്തിലെ പരിസ്ഥിതി മന്ത്രിക്ക് രാജി സമര്‍പ്പിക്കേണ്ടി വന്നു.
ആസ്‌ത്രേലിയ, യുകെ, സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി, അമേരിക്ക, കാനഡ, ജപ്പാന്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭണങ്ങള്‍ തുടങ്ങിയിരിക്കുന്നു. 270 രാജ്യങ്ങളിലെ കുട്ടികള്‍ തങ്ങളുടെ ഭാവി സംബന്ധിയായ ഈ സമരങ്ങളില്‍ പങ്കെടുത്തു കൊണ്ടിപ്പോള്‍ തെരുവിലാണ്. നമ്മളിത്തരം കാര്യങ്ങളെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല.
ഈ ഭൂമിയെ സംബന്ധിച്ച് കുട്ടികള്‍ നടത്തുന്ന വലിയൊരു മുന്നേറ്റമായി ഇതിനെ നമുക്ക് കാണാം. നമ്മളൊക്കെ എന്തിനുവേണ്ടിയാണ് സമരം നടത്തേണ്ടത് എതിന്റെ സൂചനകൂടിയാണിത്. കുട്ടികളില്‍ നിന്നും നമ്മുടെ സമരക്കാരും പഠിക്കട്ടെ!
യുറീക്ക 15 എാപ്രില്‍ 2019


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi