ഏറ്റുമാന്നൂര്‍ അതിരമ്പുഴ റോഡില്‍ നിന്നു കാണുമ്പോള്‍ അതൊരു കൂറ്റന്‍ ഓടിട്ട കെട്ടിടമാണ്. അതീവ സമ്പന്നര്‍ക്കു മാത്രം സാധ്യമായ ഒരു നിര്‍മ്മിതിയായിരുന്നു ഹസ്സന്‍മന്‍സില്‍ (Hassan Manzil). കാഴ്ചക്കാര്‍ക്ക് അത് കൗതുകവും ആകാംക്ഷയും അളവില്ലാതെ വിളമ്പിക്കൊടുത്തു. ചരല്‍മുറ്റത്തു നിന്നും കയറുന്നത് രണ്ടുഖണ്ഡങ്ങളെ വിളക്കുന്ന വിശാലമായ മുറിയിലേയ്ക്കാണ്.
ഒരുകുഞ്ഞുഭവനത്തിന്റെയത്ര വലിപ്പമുള്ളവയാണ് ബംഗ്‌ളാവില മുറികള്‍ക്ക്. ഈ മച്ചിനെന്തിത്ര ഉയരം? വലിയ വാതായനങ്ങള്‍, ജനാലകള്‍. അവ പുറംലോകത്തിലെ ശുദ്ധവായുവും അകലെ നിന്നുളള പതിഞ്ഞ ഒച്ചകളെയും ഒപ്പം കൂട്ടി വന്നു. പുറത്തുകൂടിയുള്ള പടികളിറങ്ങിവേണം ആ മാളികയിലെ അടുക്കളയെന്ന പെണ്‍സാമ്രാജ്യത്തിലെത്താന്‍. വലിയ മരങ്ങള്‍ നിറഞ്ഞ വിശാലമായ പറമ്പ്. അതില്‍ മാവ്, പ്ലാവ്, ചാമ്പ എന്നീ മരങ്ങള്‍ ചോലക്കാടൊരുക്കി. അവയില്‍ പകല്‍ നേരത്ത് മരപ്പട്ടികളുറങ്ങി. പകല്‍ സമയത്തും അനക്കങ്ങളുള്ള മച്ചില്‍ ജിന്നുകളുണ്ടെന്ന് ആരും വിശ്വസിച്ചുപോകും. അത്രയ്ക്ക് നിഗൂഢമായിരുന്നു ആ അന്തരീക്ഷം. മൗനത്തില്‍ വിലയിതമായ കഥകള്‍ നിറഞ്ഞ ഒരു കെട്ടിടം. അതെല്ലാം നേരിട്ടു പറയാതെ പറഞ്ഞു.
മഴക്കാലത്തെ കാണാന്‍ വേനലിനെ അറിയാന്‍ ആകാശത്തിന്റെ വിശാലതയിലൂടെ നിരത്തുവെട്ടിപോകുന്ന വിദ്യ സങ്കല്പിക്കാന്‍ ഇത്രയും സൗകര്യമുള്ള മറ്റൊരു കെട്ടിടവും ഒരിടത്തുമില്ല. കോട്ടയത്തെ അതീവ സമ്പനായിരുന്ന ഹസ്സന്‍ റാവുത്തറുടെ ആ കൊട്ടാരത്തിലേയ്ക്ക് ഞാന്‍ ട്രാന്‍സ്ഫറായി ചെന്നതായിരുന്നു. അക്കാലത്ത് ആ കെട്ടിടം ഒരു അക്ഷരക്കൊട്ടാരമായി മാറിയിരുന്നുു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് (School of Letters) എന്ന പഠനവിഭാഗമായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. അടുക്കളഭാഗത്ത് പബ്‌ളിക്കേഷന്‍ വിഭാഗവും.
വണിക്കുകളുടെ കാലം കഴിഞ്ഞു. മലയാള സാംസ്‌കാരികതയെ കോരിത്തരിപ്പിച്ചിരുന്ന പ്രതിഭകളായിരുന്നു അവിടെ വിളങ്ങിയിരുന്നത്. ആര്‍. നരേന്ദ്രപ്രസാദ്, ഡി. വിനയചന്ദ്രന്‍, എന്‍.എന്‍. മൂസ്സത്, വി. സി. ഹാരിസ്സ്, പി. ബാലചന്ദ്രന്‍, പി. പി. രവീന്ദ്രന്‍, കുര്യാസ് കുമ്പളക്കുഴി, കെ. എം. കൃഷ്ണന്‍, ഉമര്‍തറമേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സാഹിത്യവും സിനിമയും നാടകവും സംഗീതവും സംബന്ധിയായ പഠനങ്ങളും ഗവേഷണങ്ങളും അവിടെ നടന്നു. നവമലയാള സാഹിത്യത്തിന്റെ സ്പന്ദനങ്ങളുടെ കേന്ദ്രം അക്കാലത്ത് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സായിരുന്നു. അവിടെ നിന്നും മലയാള ചിന്തകളുടെ പുതുധാരകള്‍ ഒഴുകി നിറഞ്ഞു.
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സായി ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ അവസാന വര്‍ഷങ്ങളിലാണ് ഹസ്സന്‍ മന്‍സില്‍ രൂപംമാറിയത്. അതിനുശേഷം ആ കൊട്ടാരത്തിലേയ്ക്ക് വര്‍ത്തകന്മാര്‍ വന്നില്ല. കലാകാരന്മാരുടെ സങ്കേതമായി അതു മാറി. നാടകങ്ങളും സിനിമകളും ചൊല്‍ക്കാഴ്ചകളും സാംസ്‌കാരിക സെമിനാറുകളും വിവര്‍ത്തന താരതമ്യ സാഹിത്യ ശില്പശാലകളും ആ തളങ്ങളില്‍ നിറഞ്ഞു. അതു മറ്റൊരു കാലത്തിനു സാക്ഷ്യം വഹിച്ചു. ജിന്നുകളുടെയും അവിടെ വന്നുപാര്‍ത്ത ജലസ്പര്‍ശമില്ലാതെ സ്വയം ശുചിയാക്കാന്‍ ശേഷിയുള്ള സിദ്ധന്മാരുടെയും കഥകള്‍ ആ കെട്ടിടവും ചുറ്റുവട്ടത്തുമുള്ളവര്‍ മറന്നു. മൗനിയായ ബംഗ്ലാവും ചുറ്റുപാടുകളും പുതിയ സാംസ്‌കാരികാന്തരീക്ഷത്തിനു കാതോര്‍ത്തു.
തകഴി, എം ടി, ഭാരതിശിവജി, കലാമണ്ഡലം ഗോപി, പൊന്‍കുന്നം വര്‍ക്കി, അയ്യപ്പപ്പണിക്കര്‍, എം കെ സാനു, രാഘവവാരിയര്‍, എം ഗംഗാധരന്‍, വൈക്കം മുഹമ്മദു ബഷീറിന്റെ കുടുംബം, ഏ ഇ ആഷര്‍, ജയന്തമഹാപാത്ര തുടങ്ങി എണ്ണമറ്റ പ്രതിഭകളെ കേള്‍ക്കാന്‍ ഹസ്സന്‍ മന്‍സിലിലെ ജിന്നുകള്‍ക്കും ഭാഗ്യമുണ്ടായി. അവര്‍ക്കൊപ്പം മഹാരഥന്മാരുടെ വാക്കുകള്‍ എന്നെയും മറ്റൊരു ലോകത്തിലേയ്ക്ക് വേരുറപ്പിക്കാന്‍ സഹായിച്ചു. ജോലിക്കൊപ്പം അനൗദോഗിക പഠനവും എഴുത്തും സൃഷ്ടികളുടെ മാറ്റുരയ്ക്കലുമായി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നു മുതല്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മെയിനാപ്പിസീലേയ്ക്ക് മാറുന്നതു വരെ ആറു വര്‍ഷങ്ങള്‍ ഞാനവിടെ ലൈബ്രേറിയനായി കഴിഞ്ഞു. എനിക്കത് വെറുമൊരു തൊഴിലിടമായിരുന്നില്ല. വന്‍ നിക്ഷേപങ്ങള്‍ സമാഹരിക്കാന്‍ പ്രാപ്തി നല്‍കി.
എന്റെ എഴുത്തിനും ചിന്തകള്‍ക്കും ഉരകല്ലുകളായി വിദ്യാര്‍ത്ഥികളും ഗവേഷകരും മാറിയ കാലമായിരുന്നു അത്. വിജ്ഞാനകോശങ്ങളായിരുന്ന ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ഞാന്‍ സാഹിത്യം പഠിക്കുകയായിരുന്നു. ക്ലാസ്സുകളില്‍ നിന്ന് വരാന്തയില്‍ നിന്നു കേട്ടത്, സ്വകാര്യസംഭാഷണങ്ങളില്‍ നിന്ന് വീണു കിട്ടിയത്. ആ അക്ഷരക്കൊട്ടാരം എന്റെ കലാശാല കൂടിയായി മാറി. സംവാദങ്ങളിലും സെമിനാറുകളിലും വര്‍ക്ക്‌ഷോപ്പുകളിലും ഞാനലിഞ്ഞു നീങ്ങി. പ്രതിഭകളെ അടുത്തു കാണാനും അവരുടെ ബൗദ്ധികതയില്‍ ആറാടാനും കഴിഞ്ഞ കാലം. എന്റെ രചനകളിലെ കുറവുകള്‍ കണ്ടെത്താനും മികച്ച സൃഷ്ടികളെ നിരീക്ഷിക്കാനും എഴുത്തിന്റെ മറ്റൊരു ലോകം കാണാനും ആ ജീവിതമെന്നെ സഹായിച്ചു.
ആര്‍ത്തി പിടിച്ച തീറ്റയിലായിരുന്നു ഞാനന്ന്. അവിടത്തെ പുസ്തകങ്ങളും കേള്‍വികളും മുഴുവനുമകത്താക്കാനാവാത്തതിലെ വിഷമം. മലയാളത്തിലേയ്ക്ക് നവസിദ്ധാന്തങ്ങള്‍ കടന്നുവന്നിരുന്ന കാലമായിരുന്നത്. അവയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നിരുെങ്കില്‍! ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ സാഹിത്യത്തിന്റെയും ഫെമിനിസത്തിന്റെയും പെരുമകള്‍ അലയടിക്കുന്നത് അറിയാതെപോയിരുന്നെങ്കില്‍! ഞാനെത്ര ചെറുതാകുമായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ കഥ ആദ്യമായി അച്ചടിച്ചു വന്ന വിവരം ഞാനറിയുന്നത് വിനയചന്ദ്രന്‍ സാറില്‍ നിന്നായിരുന്നു. ഹസ്സന്‍മന്‍സിലിന്റെ തളത്തില്‍ വച്ച് സാറ് വിളിച്ചു പറയുമ്പോള്‍ അത് മറ്റൊരു നിറവായി. എന്റെ കഥകള്‍ വായിച്ച ശേഷം ഹാരിസ്സ് സാറില്‍ നിന്നുണ്ടായ മന്ദഹാസം. അതിന്റെ വിശദമാക്കാത്ത അര്‍ത്ഥതലങ്ങള്‍. പി. ബാലചന്ദ്രന്‍ സാറും, എന്‍.എന്‍ മുസ്സതു സാറും പരിചയപ്പെടുത്തിയ എഴുത്തിന്റെ അവനവന്‍ ചവിട്ടിപ്പോകേണ്ട വഴിത്താരകള്‍. മരണത്തിന് തൊട്ടു മുമ്പ് ഞാനായിരുന്നു വി.സി.ഹാരിസ്സിന്റെ ഇഷ്ടപ്പെട്ട ലൈബ്രേറിയന്‍ എന്ന വെളിപ്പെടുത്തലും അതറിയാന്‍ വൈകിയതിലെ ഖിന്നതയും വെറും തൊഴിലിടമായിരുന്നില്ല അതെനിക്ക് എതിനുള്ള തെളിവാണ്. എഴുത്തുകാരെല്ലാം ഒരു കുടുംബത്തിലേതാണെന്ന കാഴ്ചപ്പാട് ഞാന്‍ സമ്പാദിച്ചത് അവിടെ നിന്നായിരുു.
പത്തുമുതല്‍ അഞ്ചുവരെയുള്ള ചിട്ടപ്പടി ജോലികള്‍ക്കപ്പുറത്ത് സമയത്തിന്റെ ഓരോ ഖണ്ഡത്തിലും ഞാനലഞ്ഞു. ഡിപ്പാര്‍ട്ടുമെന്റ ലൈബ്രറിക്കുവേണ്ടി പുറത്തു നിന്നും പുസ്തകങ്ങള്‍ സമാഹരിക്കുന്നതില്‍, സെമിനാറുകളുടെ സംഘാടനത്തിലെ ചില്ലറ ജോലികള്‍. പിെന്നയുമുണ്ട് ജി. ശങ്കരപ്പിള്ള അനുസ്മരണത്തിന് അവതരിപ്പിക്കുന്ന നാടകങ്ങളുടെ ഒരുക്കങ്ങള്‍ക്ക് കൈത്താങ്ങുകാരന്‍. രസമുള്ള പുറംപണികളായിരുന്നു അവയെല്ലാം. ഒരു ഗവേഷകന്‍ അയാള്‍ക്ക് ജോലി കിട്ടിയപ്പോള്‍ എന്നെ കടലുകടത്തി ലക്ഷദ്വീപിലേയ്ക്ക് കൊണ്ടുപോയത് മറ്റൊരു സര്‍ക്കാര്‍ ജീവനക്കാരനും ലഭ്യമല്ലാത്ത അത്യപൂര്‍വ്വ അനുഭവമാണ്.
കുങ്കുമം നോവലറ്റ് അവാര്‍ഡ് ഉള്‍പ്പെടെ എനിക്കു ലഭ്യമായ ചെറിയ ചെറിയ സമ്മാനങ്ങള്‍ക്ക് അക്കാദമിക് സമൂഹത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും ലഭിച്ച സ്വീകരണങ്ങള്‍, പ്രൗഡമായ സദസ്സിനു മുന്നില്‍ എന്റെ പുസ്തകത്തെ പരിചയപ്പെടുത്തല്‍. അതൊരു പകയില്ലാത്ത, സമൃദ്ധമായ അംഗീകാരം ചൊരിയുന്ന ലോകമായിരുന്നു. സൗഹൃദങ്ങളുടെ വിലയുള്ള സമ്പാദ്യങ്ങള്‍ എത്രയാണ് ഞാന്‍ നേടിയെടുത്തത്. അവയിപ്പോഴും എന്നോടൊപ്പം നില്‍ക്കുന്നു. അണയാതെ അവ നിരന്തരം വളരുന്നു. ഇന്നത്തെ പ്രമുഖരായ കവികളും കഥാകൃത്തുക്കളുമുള്‍പ്പെടെയുള്ള എഴുത്തുകാര്‍, സിനിമാനാടക പ്രവര്‍ത്തകര്‍, ചിത്രകാരന്മാര്‍, കലാശാല അദ്ധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരിലൊരു പങ്ക് അന്നത്തെ ലെറ്റേഴ്‌സിലെ വിദ്യാര്‍ത്ഥികളായിരുന്നു.
പ്രതിഭയുടെ തിളക്കം നിറഞ്ഞ ഒരു കാലം. അതിനാല്‍ ഇത് എന്റെ ഒരു സ്വകാര്യ ഓര്‍മ്മ മാത്രമാകുന്നില്ല. ധാരാളം സംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഹസ്സന്‍മന്‍സിലിനോട് ചേര്‍ത്തുവയ്ക്കാന്‍ എന്തെങ്കിലുമനുഭവങ്ങളുണ്ടാവും. അതിനാല്‍ ഇതൊരു പൊതുഓര്‍മ്മകൂടിയാണ്. ഒരു പെരുമഴയത്ത് നനയാതിരിക്കാന്‍ ഓടിക്കയറിയ കെട്ടിടം എന്നു പറയുന്നതുപോലെ ചിലര്‍ ആ ബംഗ്ലാവില്‍ പഠനത്തിനെത്തി, ചിലര്‍ക്ക് നരേന്ദ്രപ്രസാദ,് വിനയചന്ദ്രന്‍ മുതലായവരെ ഒന്നു കണ്ടുപോകാനെത്തിയപ്പോഴത്തെ അനുഭവങ്ങള്‍. അങ്ങനെയങ്ങനെയാണ് ജിന്നുകളും സൂഫികളുമുറങ്ങിയ ഈ കെ'ിടം മലയാളത്തിന്റെ പൊതു ഓര്‍മ്മയായി മാറുന്നത്.
ഇന്നു തെരഞ്ഞുപോയാല്‍ ഒരു ഗൂഗില്‍ മാപ്പിനും മറ്റംകവലയിലെ ആ ലെറ്റേഴ്‌സിനെ കാണിച്ചു തരാന്‍ കഴിയില്ല. റബ്ബര്‍ക്കട്ട വച്ച് മായ്ചു കളഞ്ഞതുമാതിരിയാണ് ഹസ്സന്‍മന്‍സിലിനെ കാലം തുടച്ചെടുത്തത്. അതിനാല്‍ കണ്ടവര്‍ക്കും കേട്ടവരുടെയും ഓര്‍മ്മയില്‍ ആ ജിന്നുകൊട്ടാരം തെളിയുന്നു. ഒരിക്കലും തുടച്ചുമാറ്റാനാവാത്ത എഴുത്തോര്‍മ്മകളാണതെനിക്ക്. താരാട്ടുപോലെ.
ദേശാഭിമാനി വാരന്തപ്പതിപ്പ് 11.3.2019
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ