2018, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

മഴക്കരച്ചില്‍



വെളുപ്പാന്‍കാലത്തെ തണുപ്പിച്ചത് അപ്രതീക്ഷിത മഴയായിരുന്നു. ഇറയത്ത് ഞാന്‍ മഴ കണ്ടിരുന്നു.
തെളിമഴ മുറ്റത്ത് കുഞ്ഞുജലാശയം തീര്‍ത്തു. നീര്‍ക്കുമിളകള്‍, നീറ്റിലെ പോളകളുടെ ക്ഷണികത. കടലാസു വഞ്ചിയുണ്ടാക്കാനുള്ള തരിപ്പും അവയെന്നിലുണ്ടാക്കി. ഞാന്‍ വിരലുകള്‍ വെറുതെ ഞൊടിച്ചു.
അമ്മ പുറകിലെത്തി ചായ വച്ചുപോയി. ആ പാദപതനം. പിന്നെ പേശത്തുമ്പിന്റെ വലിയുന്ന ശബ്ദം. അമ്മ തൊട്ടടുത്തു വന്നു. ഞാനതറിഞ്ഞു.
ഒന്നു തിരിയാനോ, ചായ ചുണ്ടോട് ചേര്‍ക്കാനോ എനിക്ക് മനസ്സു വന്നില്ല. മഴക്കാഴ്ചകള്‍ മുറിയുന്നത് ഞാനപ്പോള്‍ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. മഴത്തുള്ളികളിലൂടെ മുന്നില്‍ വന്നുവീഴുന്ന ആ നിമിഷങ്ങള്‍ എനിക്കത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു.
നേരം പോയി. മാനത്തെ ബന്ധിപ്പിച്ചിരുന്ന മഴക്കമ്പികള്‍ താഴത്തടിഞ്ഞു. മുറ്റത്ത് ടൈല്‍സും വെയിലും മാത്രമായി.
ഞാന്‍ പുറകിലേയ്ക്ക് തിരിഞ്ഞു.
അവിടം ശൂന്യമായിരുന്നു.
ചായയുമായി അമ്മ വന്നത് ഏതോ പഴയ കാലത്തായിരുന്നു.
അമ്മയെ കാണാനുള്ള കൊതികൊണ്ട് എനിക്ക് വല്ലാത്ത കരച്ചില്‍ വന്നു. ഞാനതിനെ മഴക്കരച്ചിലെന്നു വിളിച്ചടക്കി. 
(ഉപദ്ധ്വനി 2018)

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi