2015 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയത് സ്വെറ്റ്‌ലാന അലക്‌സിവിച്ചാ (Swetlana Alexivich) യിരുന്നു. സ്വെറ്റ്‌ലാനയുടെ ഒരു പ്രധാന കൃതിയാണ് ചെര്‍ണോബില്‍ പ്രയര്‍ (Chernobyl Prayer). പഴയ സോവിയറ്റു യുണിയനിലെ ചെര്‍ണോബിലില്‍ ഒരു ആണവവൈദ്യുത നിലയമുണ്ടായിരുന്നു. 1986 ഏപ്രിലില്‍ അതു പൊട്ടിത്തെറിച്ചു. ആ അപകടം ജനങ്ങളുടെ ജീവിതം നശിപ്പിച്ചു. ഏറെപ്പേര്‍ അസുഖബാധിതരായി. അവര്‍ക്ക് വീടുവിട്ടു പോകേണ്ടി വന്നു. ആണവസ്‌ഫോടനം എങ്ങനെ ജനങ്ങളെ കഷ്ടപ്പെടുത്തി എന്നതിന്റെ വിവരങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
മുപ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പ്രദേശങ്ങള്‍ മനുഷ്യവാസത്തിന് സാധ്യമായിട്ടില്ല. സമാധാനത്തിനായാലും അണുവിദ്യ അപകടം തന്നെയാണെന്ന് ഇതോര്‍മ്മിപ്പിക്കുന്നു. ചെര്‍ണോബില്‍ പ്രയര്‍ എന്ന പുസ്തകത്തില്‍ കുട്ടികള്‍ ആണവദുരന്തത്തെ സംബന്ധിച്ചു പറഞ്ഞ കാര്യങ്ങളുമുണ്ട്. ആറു മുതല്‍ പതിന്നാറു വയസ്സുവരെ പ്രായമുള്ള പതിന്നാലുപേരായിരുന്നു ദുരന്തത്തെ കുറിച്ചു സ്വെറ്റ്‌ലാനയോട് സംസാരിച്ചത്. അവരില്‍ മിക്കപേരും ഇതിനോടകം ഭൂമി വിട്ടുപോയിരിക്കുന്നു. പഴയ സോവിയറ്റു നാട്ടിലെ ആ കുട്ടികളുടെ കറുത്ത വാക്കുകള്‍ നമുക്ക് ശ്രവിക്കാം.
1
അവിടെ കട്ടിയായ കറുത്ത മേഘമുണ്ടായിരന്നു. അതു കനത്ത മഴയായി പെയ്തു.
ചെറിയ കുളം ആരോ ചായമൊഴിച്ചതു മാതിരി മഞ്ഞനിറത്തിലായി പിന്നെയത് പച്ചയായി. പൂക്കളില്‍ നിന്നുള്ള പൂമ്പൊടി വീണതാണെന്നു ചിലരൊക്കെ പറഞ്ഞു. ഞങ്ങളതില്‍ ചാടിമറിയാന്‍ പോയില്ല. വെറുതെ നോക്കി നിന്നു.
മുത്തശ്ശി ഞങ്ങളെ നിലവറയില്‍ കൊണ്ടുചെന്നടച്ചു. മുത്തശ്ശി മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥന ചൊല്ലി. ഞങ്ങളോടും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. 'ദൈവത്തിനെ വിളിക്ക്. ഇത് ലോകാവസാനമാണ്. ഇത് നമ്മുടെ പാപങ്ങള്‍ക്കുള്ള ദൈവശിക്ഷയാണ്'. എന്റെ ഏട്ടന് അന്ന് എട്ടായിരുന്നു പ്രായം. എനിക്ക് ആറും. ഞങ്ങള്‍ പാപങ്ങള്‍ ഓര്‍ക്കാന്‍ തുടങ്ങി. അവന്‍ റാസ്‌ബെറി ജാം നിറച്ച ഒരു ഭരണി ഉടച്ചിട്ടുണ്ടായിരുന്നു. വേലിയില്‍ ഉടക്കി എന്റെ പുത്തനുടുപ്പ് കീറിയതും അക്കാര്യം അമ്മയോടു പറയാതെ തുണി അലമാരയില്‍ ഒളിപ്പിച്ചതും എന്റെ മനസ്സില്‍ വന്നു.
അമ്മ മിക്കപ്പോഴും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. തലയില്‍ കറുത്ത സ്‌കാര്‍ഫിട്ടു. എപ്പോഴും ഞങ്ങളുടെ തെരുവിലൂടെ ആരെങ്കിലുമൊക്കെ അടക്കം ചെയ്യാന്‍ കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നു. സങ്കടത്തോടെ ആളുകള്‍ നിലവിളിച്ചു. ഒപ്പീസ് കേട്ടാലുടന്‍ ഞാന്‍ വീട്ടിലേയ്‌ക്കോടും. തമ്പുരാന്റെ പ്രാര്‍ത്ഥന ചൊല്ലും.
എന്റെ മമ്മിക്കും ഡാഡിക്കും വേണ്ടിയാണ് ഞാന്‍ ദൈവത്തിനോട് കേണത്.
2
പട്ടാളക്കാര്‍ ട്രക്കുകളുമായി വന്നത് ഞങ്ങളെ ദൂരേയ്ക്ക് കൊണ്ടുപോകാനാണ്. യുദ്ധം തുടങ്ങിയെന്ന് എനിക്കു തോന്നി.
പട്ടാളക്കാരുടെ തോളിലുണ്ടായിരുന്നത് കളിത്തോക്കായിരുന്നില്ല. അവരുടെ വായില്‍ നിന്നു വന്ന 'നിര്‍വ്വീര്യമാക്കല്‍, ഐസോട്ടോപ്പുകള്‍' അങ്ങനെയൊക്കെയുള്ള വാക്കുകള്‍ എനിക്ക് മനസ്സിലായില്ല. ആ യാത്രയില്‍ ഞാനൊരു സ്വപ്നം കണ്ടു. ഒരു വലിയ പൊട്ടിത്തെറി നടന്നു. മമ്മിയും ഡാഡിയും പോയി. ഞാന്‍ ജീവിച്ചിരിക്കുന്നു. അവിടെ കുരുവികളും കാക്കകളും പോലുമുണ്ടായിരുന്നില്ല. ഏറെ ഭയത്തോടെ ഞാന്‍ ചാടിയെണീറ്റു. കര്‍ട്ടന്നിടിയിലൂടെ ഒളിഞ്ഞുനോക്കിയത് ആ ദുസ്വപ്നത്തിലും വലിയ കുമിള്‍ മാതിരിയുള്ള മേഘം ആകാശത്തിലുണ്ടോയെന്നു നോക്കാനായിരുന്നു.
3
സാധനങ്ങളൊക്കെ ഉള്ളിലിട്ടു് വീടു പൂട്ടിയിറങ്ങിയപ്പോള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ഹാംസ്റ്ററിനെയും ഞങ്ങള്‍ അകത്തിട്ടു. അതൊരു വെളുത്ത കുഞ്ഞായിരുന്നു. രണ്ടു ദിവസത്തേയ്ക്ക് അവനുള്ള ആഹാരവും ഞങ്ങള്‍ കൊടുത്തിരുന്നു.
പക്ഷേ ഞങ്ങളൊരിക്കലും പഴയ വീട്ടിലേയ്ക്ക് തിരികെ പോയില്ല.
4
ആദ്യമായിട്ടായിരുു ഞാനൊരു തീവണ്ടിയില്‍ കയറിയത്.
കുട്ടികളെ അതിനുള്ളില്‍ കുത്തിനിറച്ചിരുന്നു. 'മമ്മീ. എന്റെ മമ്മിയെവിട?െ എനിക്ക് തിരികെ വീട്ടില്‍പ്പോണം.' മൂക്കുനീരൊലിപ്പിച്ച് ചെറിയവര്‍ അലറിവിളിച്ചു. എനിക്ക് പത്തായിരുന്നു പ്രായം. ഞാനുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ അവരെ സമാധാനിപ്പിച്ചു. പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന സ്ത്രീകള്‍ ഞങ്ങളുടെ തീവണ്ടിക്കുനേരെ കുരിശുവരച്ചു. ഞങ്ങള്‍ക്കായി അവര്‍ ബിസ്‌ക്കറ്റ്, പാല്, ചൂടുള്ള ഉരുളക്കിഴങ്ങ് എന്നിവ കൊണ്ടുവന്നു.
ഞങ്ങളെ ലെനിന്‍ഗ്രാഡ് പ്രൊവിന്‍സിലേയ്ക്കാണ് കൊണ്ടുവന്നത്. ഞങ്ങളുടെ തീവണ്ടി സ്റ്റേഷനുകളിലെത്തുമ്പോള്‍ ദൂരെ മാറി നിന്ന് ആളുകള്‍ കുരിശുവരച്ചു. ആ വണ്ടിയെ അവര്‍ ഭയിരുന്നു. എല്ലായിടത്തുവച്ചും വണ്ടിയുടെ മുകളില്‍ ദീര്‍ഘനേരം വെള്ളമൊഴിച്ചു കഴുകി. ഒരു സ്റ്റേഷനില്‍ വച്ച് ഞങ്ങള്‍ ഭക്ഷണക്കടയുടെ ഉള്ളിലേയ്ക്ക് ഓടിക്കയറി. അപ്പോഴവര്‍ മറ്റാരേയും ഉള്ളിലേയ്ക്ക് കടക്കാതെ തടഞ്ഞു നിര്‍ത്തി. 'അകത്ത് ചെര്‍ണോബില്‍ കുട്ടികള്‍ ഐസ്‌ക്രീം കഴിക്കുന്നു.' അവര്‍ പറഞ്ഞു. കൗണ്ടറിലിരുന്ന സ്ത്രീ ആരോടോ ഫോണില്‍ പറയുന്നുണ്ടായിരുന്നു. 'അവര്‍ പോയതിനു ശേഷം നിലം ഞങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ കൊണ്ടു കഴുകും. ഗ്ലാസ്സുകള്‍ തിളപ്പിച്ചു വൃത്തിയാക്കും.' ഞങ്ങളത് കേട്ടു.
ചില ഡോക്ടര്‍മാര്‍ ഞങ്ങളെ കാണാനെത്തി. അവര്‍ മാസ്‌കുകളും ഗ്ലൗസുകളും ധരിച്ചിരുന്നു. അവര്‍ ഞങ്ങളുടെ ഉടുപ്പുകള്‍ മാത്രമല്ല. പേന, പെന്‍സില്‍, കവറുകള്‍ എല്ലാമെടുത്തു കൊണ്ടുപോയി. അവയെല്ലാം പ്ലാസ്റ്റിക് ബാഗുകളിലാക്കി ദൂരെ കാട്ടില്‍ കൊണ്ടുപോയി കുഴിച്ചിട്ടു.
ഞങ്ങള്‍ വല്ലാതെ ഭയപ്പെട്ടു. അതിനുശേഷമാണ് മരിക്കാന്‍ പോകുന്നതായി ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങിയത്.
5
ഞാന്‍ ആശുപത്രിയിലായിരുന്നു. ഞാന്‍ കഠിന വേദനയാല്‍ കഷ്ടപ്പെടുകയായിരുന്നു. മമ്മാ എനിക്കിത് സഹിക്കാന്‍ വയ്യ. എന്നെ കൊന്നു തരുതാണ് നല്ലത്. ഞാനമ്മയോട് പറഞ്ഞു.
6
ഒരിക്കലും മരിക്കില്ലെന്നു ഞാന്‍ വിചാരിക്കാറുണ്ട്. പക്ഷേ ഇപ്പോളെനിക്കറിയാം.
ഒരു ആണ്‍കുട്ടിയായിരുന്നു എന്റെ അടുത്ത ബെഡിലുണ്ടായിരുന്നത്. അവന്‍ വാഡിക് കൊറിങ്കോവായിരുന്നു. പക്ഷികള്‍, ചെറിയ വീടുകള്‍ എന്നിവ അവനെനിക്ക് വരച്ചു തന്നിരുന്നു. അവന്‍ പോയി. 'മരണത്തെ ഭയക്കേണ്ടതില്ല. നിങ്ങള്‍ ഉറങ്ങുന്നു. ദീര്‍ഘനേരത്തേയ്ക്ക്. പിന്നെ ഉണരില്ല.' അങ്ങനെയാണ് വാഡിക് എന്നോടു പറഞ്ഞിരുന്നത്. 'മരിച്ചു കഴിഞ്ഞാല്‍ മറ്റൊരിടത്ത് ചെന്നു നീണ്ടകാലം ജീവിക്കും.' ഒരു മുതിര്‍ന്ന കുട്ടി വാഡികിനെ അങ്ങനെ ധരിപ്പിച്ചിരുന്നതിനാല്‍ അവന്‍ പേടിച്ചതേയില്ല.
മരിച്ചുപോയതായി ഞാന്‍ സ്വപ്നം കണ്ടു. കിനാവില്‍ എനിക്ക് അമ്മയുടെ കരച്ചില്‍ കേള്‍ക്കാന്‍ കഴിഞ്ഞു.
7
ഞങ്ങള്‍ വീടുവിട്ടിറങ്ങുകയായിരുന്നു. എന്റെ മുത്തശ്ശി എങ്ങനെയാണ് വീടിനോട് യാത്ര പറഞ്ഞതെന്ന് എനിക്ക് നിങ്ങളോടു പറയണമെന്നുണ്ട്.
എന്റെ പപ്പയോട് ഒരു ചാക്കു ധാന്യം എടുത്തുകൊണ്ടുവരാന്‍ മുത്തശ്ശി പറഞ്ഞു എന്നിട്ടതിനെ തോട്ടത്തില്‍ 'ദൈവത്തിന്റ കിളികള്‍ക്കായി' വിതറിയിട്ടു. ഒരു അരിപ്പയില്‍ മുട്ടകളെടുത്ത് 'നമ്മുടെ പൂച്ചയ്ക്കും പട്ടിക്കുമായി വച്ചു. അവയ്ക്കായി പന്നിക്കൊഴുപ്പും അരിഞ്ഞു വച്ചു. ചെറിയ സഞ്ചിയിലുണ്ടായിരുന്ന കാരറ്റ്, വെള്ളരി, കറുത്തഉള്ളി, പൂവുകള്‍ എന്നിവയുടെ വിത്തുകള്‍ മുഴുവനും കുടഞ്ഞെടുത്തു പച്ചക്കറിത്തോട്ടത്തില്‍ വിതറി. 'അവ മണ്ണില്‍ ജീവിക്കട്ടെ''. എന്നിട്ട'് വീടിനെ കുനിഞ്ഞു വണങ്ങി. കളപ്പുരയെ വന്ദിച്ചു. ഓരോ ആപ്പിള്‍ മരത്തിനു ചുറ്റിലും നടന്ന് അവയെയും വണങ്ങി.
ഇറങ്ങുന്ന നേരത്ത് മുത്തച്ഛന്‍ തലയില്‍ നിന്നും തൊപ്പിയൂരിയെടുത്തു.
8
ഞാന്‍ കുഞ്ഞായിരുന്നു. ആറ്. അല്ല. എട്ടാണെു ഞാന്‍ കരുതുന്നു. അതെ. എട്ടു വയസ്സു തന്നെ. അന്നൊരുപാടു പേടിക്കാനുണ്ടായിരുന്നു എന്നു ഞാനോര്‍മ്മിക്കുന്നു. ചെരിപ്പില്ലാതെ പുല്ലില്‍ ഓടാനെനിക്ക് പേടിയായിരുന്നു. അങ്ങനെ ചെയ്താല്‍ ഞാന്‍ മരിച്ചുപോകുമെന്നായിരുന്നു അമ്മ മുന്നറിയിപ്പു തന്നത്. നീന്താനും ഡൈവുചെയ്യാനും എല്ലാറ്റിനും ഞാന്‍ ഭയന്നു. വനത്തിലെ കനികള്‍, വണ്ടുകള്‍ ഒന്നും ഞാന്‍ തൊട്ടില്ല. മണ്ണിലിഴയുന്നതെല്ലാം ഉറുമ്പുകള്‍, ചിത്രശലഭങ്ങള്‍ എല്ലാമെല്ലാം റേഡിയേഷനേറ്റവയായിരുന്നു. എനിക്ക് മൂന്നു നേരം ദിവസവും ഒരു സ്പൂണ്‍ അയഡിന്‍ തരാന്‍ ഫാര്‍മസിയില്‍ നിന്നു പറഞ്ഞത് അമ്മ ഓര്‍മ്മിക്കാറുണ്ട്. പക്ഷേ അമ്മ ഏറെ ഭയപ്പെട്ടിരുന്നു..
ഞങ്ങള്‍ വസന്തകാലമെത്താനായി കാത്തിരുന്നു. ഡയ്‌സിച്ചെടികള്‍ വളരുന്നത് പഴയ രീതിയില്‍ തന്നെയായിരിക്കുമോ? റേഡിയോയിലും ടെലിവിഷനിലുമുള്‍പ്പെടെ എല്ലാപേരും പറയുന്നത് ലോകം മാറാന്‍ പോകുകയാണെന്നാണ്. ഡയ്‌സിച്ചെടികള്‍ മറ്റെന്തോ ആയിത്തീരും. കുറുക്കന്മാര്‍ക്ക് രണ്ടാമതൊരു വാലുകൂടി മുളയ്ക്കും. മുള്ളന്‍പന്നികള്‍ പിറക്കുന്നത് മുള്ളില്ലാതെയാണെങ്കില്‍ റോസിന് ദലങ്ങളുണ്ടാവില്ലത്രേ! മനുഷ്യര്‍ക്ക് മഞ്ഞനിറം. പുരികങ്ങളും കണ്‍പീലികളുമില്ലാത്ത കണ്ണുകള്‍ മാത്രമുള്ള ഹ്യൂമനോയിഡുകളായിട്ടാണ് അവര്‍ പ്രത്യക്ഷപ്പെടുത്. അസ്തമയ സൂര്യന്റെ നിറം പച്ചയാകും. ചുവപ്പല്ല.
ഞാന്‍ കുഞ്ഞാണ്. എട്ടുവയസ്സ് പ്രായം.
അങ്ങനെ വസന്തകാലമായി. അപ്പോള്‍ മുകളങ്ങളില്‍ നിന്നും ഇലകള്‍ വിടര്‍ന്നുവന്നു. മുമ്പത്തെ മാതിരിതന്നെ. അവ പച്ചനിറത്തിലുമായിരുന്നു. ആപ്പിള്‍മരങ്ങള്‍ പൂവിട്ടു. വെളുത്ത പൂക്കള്‍. ചെറിക്ക് അതേ സുഗന്ധം. ഡയ്‌സികളും അതേ മാതിരി പഴയതുപോലെ തന്നെ. ഞങ്ങള്‍ ചൂണ്ടയിടുന്നവരുടെ അടുത്തേയ്‌ക്കോടി. മീനുകള്‍ക്ക് തലയും വാലുമുണ്ടോയെന്നറിയണമല്ലോ. കിളിക്കൂടുകള്‍. കിളിക്കുഞ്ഞുങ്ങള്‍..
ഞങ്ങള്‍ക്ക് ധാരാളം പണികളുണ്ടായിരുന്നു. ഒരുപാടു കാര്യങ്ങള്‍ പരിശോധിക്കാനുണ്ടായിരുന്നു.
9
മുതിര്‍ന്നവര്‍ പിറുപിറുക്കുകയായിരുന്നു. അത് എനിക്കു കേള്‍ക്കാമായിരുന്നു.
ഞാന്‍ പിറന്ന ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയാറില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ മറ്റൊരു ജനനമുണ്ടായില്ല. ഞാന്‍ മാത്രം. ഡോക്ടര്‍മാര്‍ അതിനനുവദിച്ചിരുന്നില്ല. എന്റെ അമ്മയെ അവര്‍ വല്ലാതെ പേടിപ്പിച്ചു. ഗര്‍ഭിണിയായ അമ്മ ആശുപത്രിയില്‍ നിന്നും ഓടിപ്പോയി. മുത്തശ്ശിക്കൊപ്പം ഒളിച്ചു താമസിച്ചു. അങ്ങനെ ഞാനുണ്ടായി. പിറന്നപ്പോള്‍ ഞാന്‍ ആരോഗ്യവാനായിരുന്നു. അതെല്ലാം ഞാന്‍ ഒളിച്ചു കേട്ടതാണ്.
എനിക്ക് അനിയനും അനിയത്തിയുമില്ല. എനിക്ക് ഒരാള്‍ കൂട്ടിനു വേണമെന്നു തോന്നി. കുഞ്ഞുങ്ങളെവിടെ നിന്നാണു വരുത്?
മുത്തശ്ശി പലതരത്തിലുള്ള ഉത്തരങ്ങളാണ് നല്‍കിക്കൊണ്ടിരുന്നത്. കിളികളാണ് കുഞ്ഞുങ്ങളെ കൊത്തിക്കൊണ്ടു വരുന്നത്. അല്ലെങ്കില്‍ ഇങ്ങനെയാവും പറയുന്നത്. പെണ്‍കുട്ടികള്‍ വയലിലാണ് മുളയ്ക്കുന്നത്. ആണ്‍കുട്ടികള്‍ ബെറി മരത്തിലുണ്ടാവും.
അമ്മ പറഞ്ഞത് മറ്റൊന്നാണ്. നീ സ്വര്‍ഗ്ഗത്തില്‍ നിന്നാണു വീണത്.
എങ്ങനെ?
മഴ പെയ്യാന്‍ തുടങ്ങി. നീയെന്റെ കൈയില്‍ നേരെ വീണു.
ചിത്രപ്രദര്‍ശനങ്ങള്‍ക്ക് ഞാന്‍ പോകാറുണ്ടായിരുന്നു.
ചെര്‍ണോബിലിനെ കുറിച്ചുള്ള ഒരു പ്രദര്‍ശനം അവര്‍ ഞങ്ങളുടെ നഗരത്തില്‍ കൊണ്ടുവന്നു. ഒരു കുതിരക്കുട്ടി വനത്തിലോടുന്നു. അതിന് എട്ടോ പത്തോ കാലുകളുണ്ടായിരുന്നു. മൂന്നു തലയുള്ള കന്നുക്കുട്ടി. കൂട്ടിലെ കഷണ്ടി മുയല്‍. അവയെല്ലാം പ്ലാസ്റ്റിക് മാതിരി തോന്നിപ്പിച്ചു. പുല്‍ത്തകിടിയില്‍ നടക്കാനിറങ്ങിയവര്‍ സ്‌പേയ്‌സ് സ്യൂട്ടു ധരിച്ചിരുന്നു. പടങ്ങളിലെ മരങ്ങള്‍ക്ക് പള്ളികളേക്കാള്‍ ഉയരമുണ്ട്. അവയുടെ പൂക്കള്‍ മരങ്ങളുടെ അത്രയും വലിപ്പത്തിലായിരുന്നു. കൈകള്‍ വിടര്‍ത്തിയ ഒരു കുട്ടിയുടെ ഫോട്ടോ ഞാന്‍ കണ്ടു. അവന്റെ മൂക്ക്. ഹോ. അത് ആനയുടെ തുമ്പികൈ മാതിരിയായിരുന്നു. എനിക്ക് കരയണമെന്നു തോന്നി. ആക്രോശിക്കണമെന്നും. 'ഇതുമാതിരിയുള്ള പ്രദര്‍ശനങ്ങള്‍ ഞങ്ങള്‍ക്കു വേണ്ട. അവ കൊണ്ടുവരരുതേ! ഇവിടുള്ളവരെല്ലാം മരണത്തെ കുറിച്ചും ജീന്‍വ്യതിയാനം വന്നവരെക്കുറിച്ചുമാണ് സംസാരിക്കുന്നത്. എനിക്കു മതിയായി.' പ്രദര്‍ശനത്തിന്റെ ആദ്യദിനത്തില്‍ അതു കാണാന്‍ ധാരാളം പേരെത്തി. പിന്നെ ആരുമുണ്ടായില്ല. മൊസ്‌കോയിലും സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലും ആള്‍ക്കൂട്ടമുണ്ടായിരുന്നതായി പത്രങ്ങളെഴുതി. ഞങ്ങളുടെ നാട്ടിലെ പ്രദര്‍ശനമുറി ശൂന്യമായിരുന്നു.
11
അപകടം നടന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍.
ഞങ്ങളുടെ ഗ്രാമത്തിലെ കുരുവികളെ അപ്പാടെ കാണാതെയായി. അവ എല്ലായിടത്തും ചത്തു കിടപ്പുണ്ടായിരുന്നു. തോട്ടത്തിലും റോഡുവക്കിലും വരെ. പാഴിലകള്‍ക്കൊപ്പം അടിച്ചുകൂട്ടിയ അവയെ കണ്ടൈനറുകളില്‍ ദൂരേയ്ക്ക് കൊണ്ടുപോയി. അത്തവണ പാഴിലകള്‍ കത്തിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അണുപ്രസരണമുള്ളതായിരുന്നതിനാല്‍ അവയെല്ലാം കുഴിച്ചിടണമായിരുന്നു.
രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കുരുവികള്‍ തിരികെ വന്നു. ഞങ്ങളേറെ സന്തോഷത്തോടെ കൂവി വിളിച്ചു. 'ഇന്നലെ ഞാനൊരു കുരുവിയെ കണ്ടു. അവയെല്ലാം തിരികെ വന്നു.' കോക്ക്ഷഫേഴ്‌സ് തീര്‍ത്തും അപ്രത്യക്ഷമായി. അവയിനിയും തിരികെ വന്നിട്ടില്ല. നമ്മുടെ ടീച്ചേഴ്‌സ് പറയുതുപോലെ ചിലപ്പോള്‍ ഒരു നൂറ് അല്ലെങ്കില്‍ ആയിരം വര്‍ഷങ്ങള്‍ വേണ്ടിവരുമായിരിക്കും അവ വീണ്ടുമുണ്ടാകാന്‍. എനിക്ക് ഒന്‍പതു വയസ്സേ ആയിട്ടുള്ളു. എന്നാലും ചിലപ്പോള്‍ അവയെ കാണാന്‍ കഴിയില്ലായിരിക്കും.
എന്റെ മുത്തശ്ശിക്കോ? മുത്തശ്ശിക്ക് തീരെ വയസ്സായി.
12
സെപ്തംബര്‍ ഒന്നിനു വീണ്ടും സ്‌കൂള്‍ തുറന്നു.
ഒരു പൂങ്കുല പോലുമവിടെ ഉണ്ടായിരുന്നില്ല. പൂക്കളില്‍ ഏറിയ തോതില്‍ റേഡിയേഷനുണ്ടെന്നു അപ്പോഴേയ്ക്കും ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. സ്‌കൂള്‍ തുറപ്പു നേരത്ത് പതിവുപോലെ പള്ളിക്കൂടത്തില്‍ പെയിന്റര്‍മാരും ആശാരിമാരും പണിക്കെത്തിയിരുന്നില്ല. പട്ടാളക്കാരുണ്ടായിരുന്നു. അവര്‍ പൂക്കളെ വലിച്ചറുത്തിട്ടു. ചുറ്റിലുമള്ള മണ്ണ് വടിച്ചെടുത്ത് ട്രെയിലറുള്ള ട്രക്കുകളില്‍ കയറ്റി ദൂരെയെവിടെയോ കൊണ്ടുപോയി. പുരാതനമായ പാര്‍ക്കിലെ ഏറെ പ്രായമുള്ള മരങ്ങളെ വരെ മുറിച്ചു നീക്കി. നാദിയ അമ്മൂമ്മ മനുഷ്യര്‍ മരിക്കുന്ന നേരത്തെപ്പോലെ വലിയവായില്‍ നിലവിളിച്ചു. കഷ്ടം! 'എന്റെ ഓക്ക്, ആപ്പിള്‍ മരം എല്ലാം പോയി'
ഒരു വര്‍ഷത്തിനു ശേഷം ഞങ്ങളെയെല്ലാം അവിടെ നിന്നും ഒഴിപ്പിച്ചു. ഗ്രാമത്തെ കുഴിച്ചു മൂടി. എന്റെ പപ്പ ഒരു ഡ്രൈവറായിരുന്നു. പപ്പയെന്നെ അവിടെ കൊണ്ടുപോയി. അതിനെക്കുറിച്ചു പറഞ്ഞു തന്നു. ആഞ്ചു മീറ്റര്‍ ആഴമുള്ള കുഴിയാണവര്‍ ആദ്യമെടുത്തത്. പിന്നെ ഫയര്‍ഫോഴ്‌സ് വന്നു. വെള്ളംചീറ്റിച്ച് മേല്‍ക്കൂര മുതല്‍ ഫൗണ്ടേഷന്‍ വരെ വീടിനെ വീഴ്ത്തി. അതിനാല്‍ റേഷിയേഷന്‍ പൊടിയുയര്‍ന്നില്ല. മേല്‍ക്കൂര, ജനാലകള്‍, വാതിലുകള്‍ എല്ലാറ്റിനേയും ക്രയിന്‍ കൊണ്ടു കോരിയെടുത്ത് കുഴിയിലിട്ടു. പാവകള്‍, പുസ്തകങ്ങള്‍, പാത്രങ്ങള്‍ എല്ലാമെല്ലാം. മണലും കളിമണ്ണുമിട്ട് അവയെല്ലാം അടിയിലുറപ്പിച്ചു. അവിടെ അങ്ങനെ ഗ്രാമം നിരന്ന തറയായി. സ്‌കൂളും സോവിയറ്റു ഗ്രാമവും ഞങ്ങളുടെ വീടും അതിന്റെ അടിയിലാണ്.. ഉണക്കി സൂക്ഷിച്ച പൂക്കളുടെ ശേഖരവും എന്റെ രണ്ടു തപാല്‍ സ്റ്റാമ്പ് ആല്‍ബവും. മണ്ണിനടിയില്‍ നിന്നും അതിനെ എടുത്തു കൊണ്ടുപോണമെന്നു ഞാന്‍ വല്ലാതെ കൊതിച്ചു.
എനിക്കൊരു സൈക്കിളുണ്ടായിരുന്നു. അതാണെങ്കില്‍ വാങ്ങിയിട്ടേയുണ്ടായിരുന്നുള്ളു.
13
എനിക്ക് പന്ത്രണ്ടു വയസ്സായിരുന്നു പ്രായം.
ഒന്നിനും കൊള്ളാതെ മിക്കനേരത്തും ഞാന്‍ വീട്ടിലിരുന്നു. പോസ്റ്റുമാന്‍ മുത്തശ്ശന് പെന്‍ഷന്‍ കൊടുക്കാന്‍ വരുമായിരുന്നു. എനിക്കുമുണ്ടായിരുന്നു ഒരു പെന്‍ഷന്‍.
ഞാനൊരു രക്താര്‍ബുദ രോഗിയാണെറിഞ്ഞതോടെ അടുത്തിരിക്കാനും എന്നെ തൊടാനും ക്ലാസ്സിലെ പെണ്‍കുട്ടികള്‍ പേടിച്ചു. ഞാനെന്റെ കൈകളില്‍ നോക്കി. കൈകള്‍, സ്‌കൂള്‍ ബാഗ്, നോട്ടുപുസ്തകം ഒന്നിനും മാറ്റമില്ല. പിെന്തിന് അവരെന്നെ ഭയക്കുന്നു?
ഡോക്ടര്‍മാര്‍ പറയുന്നത് ഞാന്‍ രോഗിയായതിനു കാരണം പപ്പ ചെര്‍ണോബിലില്‍ ജോലിചെയ്തതിനാലാണെന്നാണ്. അതിനു ശേഷമാണ് ഞാന്‍ പിറന്നത്.
എങ്കിലും ഞാനെന്റെ പപ്പയെ ഇഷ്ടപ്പെടുന്നു.
14
ഞാനിത്രയധികം പട്ടാളക്കാരെ മുമ്പ് കണ്ടിട്ടേയില്ല.
അവര്‍ മരങ്ങള്‍, വീടുകള്‍, മേല്‍ക്കൂരകള്‍ എല്ലാം കഴുകി. കൂട്ടുകൃഷി ഫാമിലെ പശുക്കളെയും അവര്‍ വെള്ളമൊഴിച്ച് വൃത്തിയാക്കി. 'പാവം കാട്ടുമൃഗങ്ങള്‍ അവയെ കുളിപ്പിക്കാന്‍ ആരുമില്ല. അവയെല്ലാം ചത്തുപോകും. വനത്തിലെ മരങ്ങളെയും കഴുകുന്നില്ല. അവയും പോകും.'
'റേഡിയേഷന്‍ വരയ്ക്കൂ.' ഞങ്ങളുടെ ടീച്ചര്‍ പറഞ്ഞു. ഞാന്‍ വരച്ച മഴ മഞ്ഞനിറത്തിലുള്ളതായിരുന്നു. എന്റെ പടത്തിലെ പുഴയില്‍ ചുവന്ന വെള്ളമൊഴുകി.
15
കുഞ്ഞുവയസ്സു മുതല്‍ ഞാന്‍ സാങ്കേതികവിദ്യയെ ഇഷ്ടപ്പെട്ടു.
വളരുമ്പോള്‍ ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തില്‍ ജോലിചെയ്യുമെന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഡാഡിയും സാങ്കേതികതയെ ഇഷ്ടപ്പെട്ടു.
അന്നു രാവിലെ ഞാനുറങ്ങിക്കിടന്ന നേരത്തായിരുന്നു ഡാഡി പോയത്. അതിനാല്‍ ആ വിവരം ഞാനറിഞ്ഞില്ല. കണ്ണീരിനാല്‍ മമ്മിയുടെ മുഖം നനഞ്ഞിരുന്നു. 'ഡാഡി ചെര്‍ണോബിലിലേയ്ക്കാണ് പോയത്.' മമ്മി പറഞ്ഞു.
അകലെ യുദ്ധസ്ഥലത്തു നിന്നെവണ്ണം പപ്പ മടങ്ങി വരുന്നത് ഞങ്ങള്‍ കാത്തിരുന്നു.
മടങ്ങി വന്ന ഡാഡി പിന്നെയും ഫാക്ടറിയില്‍ പോയിത്തുടങ്ങി. ഡാഡി അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. എന്റെ ഡാഡി ചെര്‍ണോബിലില്‍ നിന്നാണ് തിരിച്ചു വന്നത്. അവിടെ റിയാക്ടര്‍ വൃത്തിയാക്കുന്ന സംഘത്തിലാണ് പപ്പ ജോലി ചെയ്തത്. അവരാണ് ശരിക്കും അപകടം തരണം ചെയ്യാന്‍ സഹായിച്ച 'ഹീറോ'കള്‍. ഞാനെല്ലാപേരോടും വീമ്പിളക്കി. സഹപാഠികള്‍ എന്നെ അസൂയയോടെ നോക്കി.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡാഡി രോഗിയായി.
രണ്ടാമത്തെ ഓപ്പറേഷനുശേഷം ഒരു ദിവസം ഞാനും പപ്പയും ആശുപത്രിയിലെ പാര്‍ക്കില്‍ നടക്കുകയായിരുന്നു. അന്നേരത്ത് ഡാഡി ആദ്യമായി ചെര്‍ണോബിലിനെ കുറിച്ച് സംസാരിച്ചു.
ഞങ്ങള്‍ റിയാക്ടറിന് തൊട്ടടുത്തായിരുന്നു ജോലി ചെയ്തിരുന്നത്. എത്രത്തോളം അടുത്താവാന്‍ കഴിയുമോ അത്രയുമടുത്ത്. എല്ലാം പതിവുപോലെ. തോട്ടത്തില്‍ പൂക്കളുണ്ടായി. പക്ഷേ ആര്‍ക്കുവേണ്ടിയായിരുന്നു? ആളുകള്‍ ഗ്രാമങ്ങളില്‍ നിന്നൊഴിഞ്ഞുപോയി. കാടുകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു സൈക്കിള്‍ ഞാന്‍ കണ്ടു. അതു പോസ്റ്റുമാന്റേതായിരുന്നു. അതിലെ സഞ്ചിയില്‍ നിറയെ കത്തുകളും പത്രങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അതിലൊരു കിളി കൂടുകെട്ടിയിട്ടുണ്ടായിരുന്നു. ഒരു സിനിമയിലെ മാതിരി ഞാനതെല്ലാം കണ്ടു.
ഒഴിവാക്കാനുള്ളവയെല്ലാം 'മാലിന്യമുക്തമാക്കി.' സീസിയവും സ്രോണ്‍ഷ്യവുമുള്ള മേല്‍മണ്ണിനെ വടിച്ചു നീക്കി. എന്നിട്ടും റേഡിയേഷന്‍ മീറ്ററുകള്‍ പിറ്റേന്നും അണുപ്രസരണ സാന്നിധ്യം കാണിച്ചു.
'അവിടെ നിന്നും പിരിഞ്ഞുപോരുമ്പോള്‍ ഒരു ഹാന്‍ഡ്‌ഷേക്കും നിസ്വാര്‍ത്ഥസേവനത്തിനുള്ള കീര്‍ത്തിപത്രവും എനിക്കു കിട്ടി.' എന്റെ പപ്പ നിരന്തരം അതെല്ലാം അയവിറക്കി. അവസാനത്തെ വട്ടം ആശുപത്രിയില്‍ നിന്നിറങ്ങിയപ്പോള്‍ ഡാഡിയിങ്ങനെ പറഞ്ഞു. 'ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഫിസിക്‌സും കെമിസ്ട്രിയും ഉപേക്ഷിക്കും. ഫാക്ടറിയില്‍ നിന്നും വിരമിച്ച് ഒരു ആട്ടിടയനാവും.
അമ്മയും ഞാനും ഞങ്ങളുടേതിനെയെല്ലാം ഉപേക്ഷിച്ചു. അമ്മ ആഗ്രഹിക്കുന്നതു മാതിരി ഞാനാ സാങ്കേതിക കലാലയത്തില്‍ ചേരുന്നില്ല. അവിടെയായിരുന്നു പപ്പ പഠിച്ചത്.
16
എനിക്കൊരു കുഞ്ഞനിയനുണ്ടായിരുന്നു.
അവന് ചെര്‍ണോബില്‍ കളിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. അവന്‍ ഹെലികോപ്ടറുകള്‍ക്ക് താവളങ്ങളുണ്ടാക്കിയും അവയെ ഉപയോഗിച്ച് റിയക്ടറിനുള്ളില്‍ മണല്‍ കൊണ്ടിടുന്നതായും ഭാവിച്ച് കളിച്ചു. അല്ലെങ്കില്‍ ഉമ്മാക്കികളെ മാതിരി വേഷംകെട്ടി ഓടി നടന്നെല്ലാപേരെയും പേടിപ്പിച്ചു. 'ഓ. ഞാന്‍ റേഡിയേഷനാണ്. റേഡിയേഷന്‍.' അവന്‍ അലറിവിളിച്ചു.
അപകടമുണ്ടായ സമയത്ത് അവന്‍ ജനിച്ചിരുന്നില്ല.
17
രാത്രി നേരത്ത് ഞാന്‍ പറന്നു.
പറക്കുമ്പോള്‍ എനിക്കു ചുറ്റിലും തെളിഞ്ഞ വെളിച്ചമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമോ മിഥ്യയോ ആയിരുന്നില്ല. അതിന്റെ ഭാഗമാകാനാകുമെന്ന് കിനാവിലും ഞാനറിഞ്ഞു. ചിലപ്പോള്‍ അതിനുള്ളിലാകാനും. എന്റെ നാക്ക് ശരിക്കായിരുന്നില്ല. ശ്വാസവും. മറ്റാരോടും സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. മുമ്പും ഇതുമാതിരിയുണ്ടായിട്ടുണ്ട്. എപ്പോഴാണ്? എനിക്ക് ഓര്‍മ്മിക്കാനാവുന്നില്ല. എനിക്ക് എല്ലാപേരോടുമൊപ്പം ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരേയും കാണാന്‍ കഴിഞ്ഞില്ല. പ്രകാശം മാത്രം. അതിനെ തൊടാന്‍ കഴിയുമെന്നു തോന്നും. എനിക്ക് ഭീകര വലിപ്പമാണപ്പോഴുണ്ടായിരുന്നത്. ഞാനിപ്പോഴൊക്കെ കാണുന്ന തരത്തിലുള്ള വര്‍ണ്ണചിത്രങ്ങളും കണ്ടു. മറ്റൊന്നിനെപ്പറ്റിയും ആലോചിക്കാനില്ലാത്ത ഒരു നിമിഷവും ഈ കിനാവിന്നിടയില്‍ വന്നു.
മമ്മി വന്നപ്പോള്‍ ഒരു കുരിശു കൊണ്ടുവന്നു. വാര്‍ഡിലെ ചുവരില്‍ അതിനെ തൂക്കിയിട്ടു മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. പ്രൊഫസര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എല്ലാപേരുമുണ്ടായിരുന്നിട്ടും അവിടം നിശ്ശബ്ദമായിരുന്നു. അവര്‍ കരുതുന്നുണ്ടാവും മരിക്കാന്‍ പോകുതിനെ കുറിച്ച് എനിക്കൊരു ധാരണയുമില്ലെന്ന്. എന്നാല്‍ രാത്രിയില്‍ ഞാന്‍ പറക്കാന്‍ പഠിക്കുകയായിരുന്നു.
ആരാണ് പറഞ്ഞത് പറക്കുന്നത് എളുപ്പമാണെന്ന്?
ഒരിക്കല്‍ ഞാന്‍ കവിതയെഴുതി. ഗാര്‍സിയ ലോര്‍ക്കയായിരുന്നു എന്റെ പ്രിയകവി. 'കരച്ചിലിന്റെ കറുത്ത വേര്' എന്ന ലോര്‍ക്കയുടെ കവിത ഞാന്‍ വായിച്ചു. രാത്രിയില്‍ കവിതകള്‍ക്ക് മറ്റൊരു ഒച്ചയാണുള്ളത്. തികച്ചും വ്യത്യസ്ഥമായ ശബ്ദം. ഞാന്‍ പറക്കാന്‍ പഠിച്ചു തുടങ്ങിയിരിക്കുന്നു. അതെനിക്ക് ഇഷ്ടമേയല്ല. മറ്റെന്താണ് ചെയ്യാന്‍ കഴിയുക?
ആന്ദ്രെയായിരുന്നു എന്റെ പ്രിയ മിത്രം. രണ്ട് ഓപ്പറേഷനുകള്‍ക്കുശേഷം അവനെ വീട്ടില്‍ വിട്ടു. ഇനി ആറുമാസത്തിന്നിടയില്‍ അടുത്ത ശസ്ത്രക്രിയ അവനുണ്ട്. ഒഴിഞ്ഞ ക്ലാസ്സുമുറിയില്‍ അവന്‍ ബെല്‍റ്റുപയോഗിച്ച് തൂങ്ങി മരിച്ചു. അന്നേരത്ത് മറ്റുള്ള കുട്ടികള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ക്ലാസ്സിലായിരുന്നു. ഡോക്ടര്‍മാര്‍ ഓടാനും ചാടാനും അവനെ വിലക്കിയിരുന്നു. ഒപ്പറേഷനുകള്‍ക്ക് മുമ്പ് അവനായിരുന്നു സ്‌കൂളിലെ ഏറ്റവും മികച്ച ഫുഡ്‌ബോള്‍ കളിക്കാരന്‍.
എനിക്കിവിടെ ധാരാളം സുഹൃത്തുക്കളുണ്ടായി. യുല്യ, കാത്യ, വാഡിം, ഓക്‌സാന, ഒലേ ഇപ്പോള്‍ ആന്ദ്രെയും. 'നമ്മളൊക്കെ മരിക്കുകയും ശാസ്ത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.' ആന്ദ്രെ പറയാറുണ്ടായിരുന്നു. 'നമ്മള്‍ മരിക്കും എല്ലാരും നമ്മളെ മറക്കും.' അങ്ങനെയായിരുന്നു കാത്യയുടെ ചിന്തകള്‍. 'ഞാന്‍ മരിക്കുേമ്പാള്‍ എന്നെ ശ്മശാനത്തിലാക്കരുത്. ഞാന്‍ സെമിത്തേരികളെ ഭയക്കുന്നു. അവിടെ മരിച്ചുപോയവരും കാക്കകളും മാത്രമേയുള്ളു. എന്നെ ഗ്രാമത്തിലെ തുറയിടത്താണ് അടക്കേണ്ടത്.' അതായിരുു ഓക്‌സാനയുടെ ആവശ്യം. 'നമ്മള്‍ മരിക്കാന്‍ പോകുന്നു.' അതു പറഞ്ഞ് യുല്യ വിതുമ്പാന്‍ തുടങ്ങി.
ഞാന്‍ നോക്കുമ്പോള്‍ ആകാശമിപ്പോള്‍ ജീവസുറ്റതായിരിക്കുന്നു. അവരെല്ലാം അവിടെയുണ്ട്.
യുറീക്ക 2018 ആഗസ്റ്റ്
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ