2015, നവംബർ 24, ചൊവ്വാഴ്ച

എര്‍ച്ചക്കുളം Erchakulam


എര്‍ച്ചക്കുളത്തെ കല്‍മലകള്‍ 


പ്രകൃതിയെ ചിലപ്പോള്‍ കാണുമ്പോള്‍ ഈ പ്രപഞ്ചത്തോളം പ്രായമായിട്ടും വികൃതിയൊട്ടും തീരാത്ത ഒരു കുട്ടിയെപ്പോലെ തോന്നും.
നാഗര്‍കോവില്‍ എര്‍ച്ചക്കുളത്തെത്തിയപ്പോള്‍ പ്രകൃതിയൊരുക്കിയ കാഴ്ചകള്‍ക്കിടയില്‍ വീണപ്പോള്‍ അത് തീര്‍ത്തും ബോധ്യമായി.

സഹ്യനിരകളുടെ തെക്കന്‍ ഭാഗം. നീണ്ടു നിവര്‍ന്ന മലനിരകളുടെ വാല്‍പോലെയാണ് കാണപ്പെടുന്നത്. നെല്‍പ്പാടങ്ങള്‍ക്കും കുളങ്ങള്‍ക്കുമിടയിലെ ഇടനാട്ടിലേയ്ക്ക് അതങ്ങനെ അലസം നീണ്ടുകിടക്കുന്നു.


ഒരു വികൃതിക്കുട്ടി വാരിക്കൂട്ടിയ കല്‍ക്കെട്ടുകള്‍, മാനംമുട്ടെ കല്ലെറിഞ്ഞു കൂട്ടിയൊരുക്കിയ മലനിരകള്‍. അതും പോരാത്തതിന് അവന്‍ വിവിധ നിറത്തിലെ ചായം പൂശി മലനിരകളെ അലങ്കരിക്കാനുള്ള ശ്രമവും നടത്തിയിരിക്കുന്നു.
പച്ചപാടത്തിനുമപ്പുറത്തെ ഗിരിക്ക് ഒരു വെണ്‍മേഘച്ചുമട് എടുത്തു നില്‍ക്കാന്‍ കൊടുത്താലോ? അതിന് കോടമഞ്ഞിന്റെ വെണ്‍മീശ വച്ചുകൊടുത്താലെങ്ങനെ? കഷണ്ടിത്തലക്കാരാണ് ഇവിടെയുള്ള ചില പാറക്കെട്ടുകള്‍.

നീലമലനിരകള്‍ക്കു മുന്നില്‍ പാടം കുളം എന്നിവയെ ഇരുത്തി ഒരു ചിത്രം എടുക്കാനുള്ള സാധ്യതകള്‍ തരുന്നതാണ് ഈ പ്രകൃതി..

മലകളുടെ ദൃശ്യവൈവിധ്യവും നിശ്ശബ്ദതയും അലിഞ്ഞതാണ് എര്‍ച്ചക്കുളത്തിന്റെ ഓര്‍മ്മ പത്രം. കാട്ടില്‍ നിന്നുള്ള മയിലൊച്ചയും കിളികൂജനവും കാറ്റിന്റെ മൂളലും മാത്രം അവിടെ മുഴങ്ങും.
നാഗര്‍കോവിലെ എര്‍ച്ചക്കുളത്ത് കണ്ട ഈ കാഴ്ചകള്‍ ഒരു തുലാമഴപെയ്ത്തിന്റെ ബാക്കി പത്രമാണ്. തുലാമേഘങ്ങള്‍ക്കിടയിലൂടെ മങ്ങിവീഴുന്ന വെയില്‍ വരച്ച ചിത്രങ്ങള്‍.



 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi