2015, മേയ് 24, ഞായറാഴ്‌ച

ലാത്തിക്കുത്ത്



വടകരയില്‍ നിന്നും കയറിയപാടേ തന്നെ എനിക്കവളെ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്റെ പഴയ കാമുകിയെ.
ഭര്‍ത്താവ് വേഷത്തിനെ കണ്ടാല്‍ത്തന്നെയറിയാം എാതോ ഓഫീസിലെ ക്ലാര്‍ക്കാണ്. ഇരുന്നപാടേ ഇത്തരക്കാര്‍ ഉറക്കം തൂങ്ങുകയാണ് പതിവ്. ഇവനെന്തോ മണം കിട്ടിക്കാണണം. എന്നെ നിരീക്ഷിക്കാനെന്ന ഭാവത്തില്‍ വായന തുടങ്ങി. പുത്തകം റെയില്‍വേ ടൈംടേബിള്‍.
നിറയെ പൂത്ത് പുഴയിലേയ്ക്ക് ചാഞ്ഞ വാകമരത്തിനെ ഞങ്ങളൊരുമിച്ചാണ് നോക്കിയത്-പണ്ടത്തെപ്പോലെ-അന്തിരാശിയേറ്റ പുഴയില്‍ നിന്നും ചുവപ്പിന്റെ ദ്യൂതി അവളുടെ മുഖത്തേയ്ക്കും പടര്‍ന്നു കയറി. ഒരു പ്രത്യേക തരത്തിലുള്ള താളമിട്ട് തീവണ്ടി ഞങ്ങള്‍ക്കൊപ്പം നിന്നു.
പിന്നെ മഴപെയ്തു. അതൊരു പൊന്മഴയായിരുന്നു. എതിര്‍ദിശകളിലെ സീറ്റുകളിലിരുന്ന് ഞങ്ങളതു തന്നെ നോക്കിയിരുന്നു.
പണ്ടു പണ്ടു ഞങ്ങള്‍ ഒരു കുടയില്‍ ഒരു മഴനേരത്ത്- അന്നും സ്വര്‍ണ്ണവെയില്‍ ഇതുപോലെ തെറിച്ചു നിന്നിരുന്നു.- അക്കാര്യം അവള്‍ക്കും ഓര്‍മ്മയില്‍ വന്നിരിക്കണം. മന്ദഹാസം മുഖത്ത് പടര്‍ന്നത് മറ്റൊന്നുകൊണ്ടുമല്ല.
സംഗതി കുഴപ്പത്തിലേ്ക്ക് ആണെന്ന് അവനെങ്ങനെയോ മനസ്സിലായി. കൈത്തണ്ടയില്‍ മുറുകെ പിടിച്ചുകൊണ്ടാണ് അവളെ ഇറക്കിക്കൊണ്ടുപോയത്. എനിക്കത് സഹിക്കാനായില്ല. ഞാന്‍ പിന്നെ ബെര്‍ത്തിലൊറ്റ കിടത്തമായിരുന്നു. വാശി തീര്‍ക്കാനെന്നവണ്ണം തിരിഞ്ഞു കിടന്നുറക്കമായി.
തമ്പാന്നൂര്‍ പോലീസാണെന്നെ പിന്നെയുണര്‍ത്തിയത്. അതും ലാത്തികൊണ്ട് കുത്തീട്ട്...
ജനയുഗം വാരന്തം 17.5.2015
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi