സാധാരണഗതിയില്‍ അങ്ങനെയൊന്നും നിറയുന്ന ഒരു തിയറ്ററായിരുന്നില്ല അത്.
ഇതിപ്പോള്‍ പുതുതലമുറച്ചിത്രമായതിനാലാവും ധാരാളം കാഴ്ചക്കാര്‍ വന്നു കൊണ്ടിരുന്നു. ന്യൂജനറേഷന്‍ കൂട്ടം. ആരോ അടിച്ചുവിട്ടതുമാതിരിയായിരുന്നു അവരൊക്കെ പറ്റംപറ്റമായി ഉന്തിക്കയറിയത്.
ഉറക്കപ്പായയില്‍ നിന്നെഴുന്നേറ്റു വരുന്നവര്‍. അവരുടെ കോലംകെട്ട തലമുടിച്ചന്തവും മുട്ടറ്റം മറയുന്ന കാല്‍സരായിയും കണ്ടപ്പോള്‍ അയാള്‍ അങ്ങനെ ഉറപ്പിച്ചു.
പുറകിലേയ്ക്ക് തിരിഞ്ഞത് തലനരച്ച ആരെങ്കിലും സിനിമ കാണാനുണ്ടോ എന്നു നോക്കാനും കൂടിയായിരുന്നു.
ആരുമുണ്ടായിരുന്നില്ല.
അയാളുടെ മുന്നിലിരിക്കാന്‍ ശ്രമപ്പെട്ടത് ഒരു യുവതിയായിരുന്നു. അത്ര സുന്ദരിയൊന്നുമായിരുന്നില്ല. എങ്കിലും എന്തോ ആകര്‍ഷണീയത മുഖത്തുണ്ടായിരുന്നത് ഉന്മേഷത്തിരിയുണര്‍ത്തി. കാലദോഷം തീണ്ടിയ വാനിറ്റി ബാഗ് കൈയില്‍ തൂക്കിയതു മാതിരി കൈത്തണ്ടയില്‍ തൂങ്ങിയ ഒരു പെണ്‍കുട്ടി അവള്‍ക്കൊപ്പം നടന്നു.
കുട്ടിയെ ഒരുക്കാനുള്ള ശ്രമങ്ങളെല്ലാം പാഴിലായി എന്നയാള്‍ക്ക് തോന്നി. കുഞ്ഞ് യുവതിയുടെ ആകര്‍ഷണീയതയ്ക്ക് ചേരുന്നവളായിരുന്നില്ല.
വീണ്ടും വീണ്ടും അയാളതു തന്നെ ചിന്തിച്ചിരുന്നു.
മുന്നിലെ നിരയില്‍ ഒരു സീറ്റ് വിട്ടാണവള്‍ ഇരുന്നത്. അതു മനപ്പൂര്‍വ്വമാണ്. ഇനിയുമൊരാള്‍ കൂടി വരാനുണ്ട്. അയാള്‍ക്ക് തീര്‍ച്ചയായി. പ്രതീക്ഷയോടെ അവള്‍ പുറത്തേയ്ക്ക് നോക്കുന്നുമുണ്ടായിരുന്നു. അയാളും കാത്തിരുന്നു.
അവര്‍ക്കിടയിലെ പ്രതീക്ഷകള്‍ക്ക് വെറും നിര സീറ്റുകളുടെ അകലം മാത്രമേയുള്ളുവെങ്കിലും... കാലം അനങ്ങാതെ കിടക്കുന്നതായി അയാള്‍ക്കു തോന്നി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ