അധ്യാപക പരിശീലനകേന്ദ്രത്തിലെ ഗ്രന്ഥവിചാരിപ്പുകാരന്‍- ബി.എഡ്.കോളെജിലെ ലൈബ്രേറിയന്‍ തല്‍ക്കാലം അങ്ങനെയൊന്നു വേഷം മാറിക്കോട്ടെ- പുസ്‌തകോര്‍മ്മകള്‍ ആവണമല്ലോ അവതരിപ്പിേക്കണ്ടത്. അക്കൂട്ടത്തിലൊരെണ്ണം നമ്മുടെ ടോട്ടോച്ചാനുമായി ബന്ധപ്പെട്ടതാണ്. ടോട്ടോച്ചാന്‍ വായിക്കാന്‍ തരട്ടെ? ഓരോ വര്‍ഷവും പുതിയ ബാച്ച് ബി.എഡ്. ക്ലാസ്സു തുടങ്ങിയാല്‍ കുട്ടികളോട് ഞാന്‍ ചോദിക്കും. ടോട്ടോച്ചായനോ? കഥ? നോവല്‍? ഫിക്ഷന്‍ വായിക്കുന്നതിലെ പരമപുച്ഛം ശുദ്ധശാസ്‌ത്ര/ സാമൂഹ്യശാസ്‌ത്ര വിഭാഗം കുട്ടികളുടെ മുഖത്ത് പെട്ടെന്നു തന്നെ തെളിയും (സയന്‍സ് പിള്ള മനസ്സില്‍ കള്ളമില്ലെന്നല്ലേ പ്രമാണം തന്നെ). ഞങ്ങളിതെത്ര കണ്ടിരിക്കുന്നു? ലിറ്ററേച്ചറുകാര്‍ ഒന്നും മിണ്ടില്ല. വിയോജന വികാരം മനസ്സില്‍ അടക്കിവയ്‌ക്കും. ആന്റണി, മംഗള, ശിവരാജ, അഗര്‍വാളാദി ബി.എഡ്. ഗൈഡഴുത്തു പ്രവരന്മാരുടെ അഡ്‌വാന്‍സ്‌്‌്‌ഡ്‌് എഡ്യൂക്കേഷണല്‍ സൈക്കോളജി, എഡ്യൂക്കേഷന്‍ ടെക്‌നോളജി ഗണങ്ങളിലെ കനപ്പെട്ട ഉല്‍പ്പങ്ങള്‍ തെരയുന്നതിന്നിടയിലാണ് ഞാനീ പാവപ്പെട്ട `ജനാലയ്‌ക്കരുകിലെ വികൃതിക്കുട്ടിയെ' (വിദ്യാഭ്യാസ രംഗത്തെ ശിശുപക്ഷ സമീപനങ്ങളെ ചൂണ്ടുന്ന ഒരു സുപ്രധാന പുസ്‌തകമാണ് ടോട്ടോച്ചാന്‍. തെത്സുകോ കുറോയാനഗി എഴുതി അന്‍വര്‍ വിവര്‍ത്തനം ചെയ്‌ത് എന്‍.ബി.റ്റി. പ്രസിദ്ധീകരിച്ചതാണ് ടോട്ടോച്ചാന്‍: ജനാലയ്‌ക്കരുകിലെ വികൃതിക്കുട്ടി) വായനാസമക്ഷം അവതരിപ്പിച്ചത്. ഭാവിയിലെ കുട്ടികളെ പഠിപ്പിക്കുവരല്ലെ! ക്ലാസ്സില്‍ അടങ്ങിയിരിക്കാനാവാതെ പോകുന്ന കുട്ടികളുടെ മനസ്സ് ഇവരൊന്നറിയട്ടെ. പാഠപുസ്‌തകത്തില്‍ കാണാത്ത ഇത്തരം അനുഭവങ്ങള്‍ അവരെ നല്ല ചിന്തകള്‍ക്ക് ഉടമകളാക്കട്ടെ! ഇതൊക്കെ വായിച്ച ശേഷമാവണമല്ലോ എനിക്ക് അവരുടെമുന്നില്‍ `താങ്ങ'് ആവുന്ന വിദ്യാഭ്യാസമൊക്കെ അവതരിപ്പിക്കാനുള്ളത്. ടോട്ടോച്ചാനെ കുറിച്ച് കേട്ടപാടെ മുഖം കോട്ടുന്നവരുണ്ട്. പുസ്‌തകക്കവറിലെ ടോട്ടോയുടെ വികൃതിപുരണ്ട ചിത്രം കണ്ട് മുഖം തിരിച്ചവര്‍. യ്യോ. ഇതുമുഴുവന്‍ എഡ്യൂക്കേഷന്‍ സൈക്കോളജിയാണ്. ഇതു വായിക്കാതെന്തു ബി.എഡ്. പഠിത്തം? ഞാന്‍ അറ്റകൈ പ്രയോഗം നടത്തും. അതുകേട്ടപാടേ പുസ്‌തകത്തെ കൈപ്പറ്റാന്‍ ചിലര്‍ ഒരു നിമിഷ സൗമനസ്യം കാണിക്കും. വേഗത്തിലൊന്നു മറിച്ചുനോക്കും. സംഗതി നോവലാണെന്നു കാണുമ്പോള്‍ പ്രഖ്യാപിക്കും. കഥാപുസ്‌തകമൊക്കെ വായിക്കാന്‍ നേരമില്ല സാര്‍. പുസ്‌തം വായിക്കാന്‍ നേരമില്ലെന്നു പറയുന്നത് ജീവിക്കാന്‍ സമയമില്ലെന്നു പറയുന്നതു പോലെയാണെന്ന് ജോസഫ് സ്റ്റാന്‍ലിന്‍ പറഞ്ഞിട്ടുണ്ട്. ടിയാന്റെ പേരുപറഞ്ഞത് അവരെയൊന്നു പേടിപ്പിക്കാന്‍ തന്നെയാണ്. യ്യോടി. ഇയാളിത്രയും വാചകമടിച്ചതല്ലേ! ഞാനിതൊന്ന് പരീക്ഷിക്കാന്‍ പോകുകയാണ്. പുസ്‌തം വേണ്ടെന്നു പറഞ്ഞവളുടെ കൂട്ടുകാരി ടോട്ടോയെ കൈയിലെടുത്തു. അതെ. വായനക്കാരി തന്നെ മറ്റെവിടെയും പോലെ ലൈബ്രറികളിലും ഇപ്പോള്‍ `കാര'ന്മാര്‍ വരുന്നതേയില്ല. കൊമ്പിച്ച ടീച്ചറായിട്ടും എനിക്കിതുവരെ ടോട്ടോച്ചാന്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ. അന്നു കിട്ടിയപ്പോള്‍ ഒഴിവാക്കേണ്ടിയിരുന്നില്ല. ഭാവിയില്‍ നീ ദുഃഖിക്കും. നോക്കിക്കോ. ടോട്ടോച്ചാനെന്ന കുസൃതിയെ കൈപ്പറ്റാന്‍ വിസമ്മതിച്ചവളെ ഞാനൊന്നുകൂടി വിരട്ടാന്‍.... അതുകേള്‍ക്കെ അവളുടെ മുഖത്ത് പരമപുച്ഛം ഒന്നുകൂടി മിന്നലടിക്കും. വായനയ്‌ക്കു ശേഷം തിരിച്ചിവളെ കൊണ്ടുവരുമ്പോള്‍ അടുത്തുകൈപ്പറ്റാന്‍ യോഗ്യനായ ഒരു വായനക്കാരനെ കൂടെ കൊണ്ടുവരണേയെന്ന് രജിസ്റ്ററിലെഴുതി ടോട്ടോച്ചാനുമായി പോയവളെ ഞാനോര്‍മ്മിപ്പിക്കും. അങ്ങനെയങ്ങനെ ഒരു ബാച്ചിലേയ്‌ക്ക് ടോട്ടോച്ചാനെ കടത്തിവിടുന്നതില്‍ ഞാന്‍ വിജയിക്കും. നമ്മുടെ `ജനാലയ്‌ക്കരുകിലെ വികൃതിക്കു`ി' ഹോസ്റ്റലിലേയ്‌ക്കാണ് പോയതെങ്കില്‍ അവള്‍ക്കവിടെ അടങ്ങിയിരിക്കാനാവില്ല. അനവധി കരങ്ങളേറി വികൃതിക്കുട്ടി മുറികളില്‍ നിന്നും മുറികളിലേയ്‌ക്ക് സഞ്ചരിച്ചു കൊണ്ടിരിക്കും. കുട്ടികള്‍ക്ക് ടോട്ടോച്ചാനെ താഴെ വയ്‌ക്കാന്‍ തോന്നുകയില്ല. പലപ്പോഴും ഡ്യുഡേറ്റൊക്കെ കഴിഞ്ഞാണവള്‍ തിരിച്ചെത്തുന്നത്. ടോട്ടോച്ചാന്‍ എത്തിയാലുടന്‍ അടുത്ത വായനക്കാരനെ കണ്ണാല്‍ ഞാന്‍ പരതും. പഴയ ഡയലോഗുകള്‍ ഒരു തവണ കൂടി ആവര്‍ത്തിച്ചാല്‍ മാത്രമേ അവളെ അടുത്തയാളിനൊപ്പം പിന്നെയും ഇറക്കിവിടാനാവൂ. അങ്ങനെയങ്ങനെ വികൃതിക്കുട്ടിക്ക് ഒരിക്കലും ഷെല്‍ഫില്‍ അടങ്ങിയിരിക്കാന്‍ കഴിയാറില്ല. അവര്‍ കുട്ടികള്‍ക്ക് പരിചിതയാകുന്നു. പലരുടേയും മനസ്സില്‍ കുടിവയ്‌ക്കുന്നു. സര്‍. ടോട്ടോച്ചാന്‍ തിരിച്ചെത്തിയോ? എനിക്ക് വായിക്കാന്‍ ആ പുസ്‌തകത്തെ ഒന്നു മാറ്റി വയ്‌ക്കാമോ? ടോട്ടോച്ചാനെ അറിയാനുള്ള കൊതിപൂണ്ട അനേ്വഷണങ്ങളായി. കഴിഞ്ഞ മൂന്നാലു വര്‍ഷങ്ങളായി അങ്ങനെ ടോട്ടോച്ചാന് ഒരിക്കലും കോളെജു ലൈബ്രറിയില്‍ അടിങ്ങിയിരിക്കാനായിട്ടില്ല. നൂറിലധികം പേര്‍ അവളെ സ്വന്തം പേരിലെഴുതി വായിച്ചു. കണക്കില്ലാതെ കൈമറിഞ്ഞത് അതിലുമെത്രയോ ഇരട്ടിയാണ്. ഈ ലോകത്തവതരിക്കുന്ന എല്ലാ പുസ്‌തകങ്ങള്‍ക്കും അത്തരത്തില്‍ വായനക്കാരുണ്ടായിരുന്നെങ്കില്‍! (Every book its reader. ഭാരതീയ ഗ്രന്ഥാലയ ശാസ്‌ത്രകുലപതി ഡോ. എസ്. ആര്‍. രംഗനാഥന്റെ പഞ്ചലൈബ്രറി നിയമങ്ങളിലെ മൂന്നാമത്തേത് അങ്ങനെയാണ് പുസ്‌തങ്ങളുടെ ഉപയോഗക്ഷമതയെ വിവക്ഷിക്കുന്നത്.) അദ്ധ്യാപകര്‍ കേന്ദ്രകഥാപാത്രമായി വരുന്ന വിഗ്‌ദറോവയുടെ ഒരു സ്‌കൂള്‍ ടീച്ചറുടെ ഡയറി (വിവ. ടി. എസ്. നമ്പൂതിരി), ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ എന്നിവയും ടോട്ടോച്ചാനെ പിന്തുടര്‍ന്ന് കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരാകുന്നു. ജീവിതം പൂരിപ്പിക്കാന്‍ ഫിക്ഷനും വായനയ്‌ക്കുമുള്ള പങ്ക് അവര്‍ കണ്ടെത്തുന്നു. അവരുടെ വായന പതിയെ ഇംഗ്ലീഷ് വിഭാഗത്തിലേയ്‌ക്ക് നീങ്ങുന്നു. ടോട്ടോച്ചാനെടുക്കട്ടെ? പതിവ് പരിപാടി ഞാന്‍ എം.എഡ.് പഠിക്കാനെത്തിയ ബിന്ദുവിന് മുന്നിലെടുത്തു. വിദ്യാഭ്യാഖ്യായിക ഗണത്തില്‍പ്പെടുന്ന ആദ്യാധ്യാപകന്‍ (ചിംഗിസ് ഐത്മതോവ്. വിവ. കിളിരൂര്‍ രാധാകൃഷ്‌ണന്‍. എന്‍.ബി.റ്റി), ടീച്ചര്‍ (സില്‍വിയ ആസ്റ്റണ്‍ വാര്‍നര്‍. പുന. ഏ. കെ. മൊയ്‌തിന്‍. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്), ദിവാസ്വപ്‌നം (ഗിജുഭായി ബധേക പരി. എം. ദിവാകരന്‍ നായര്‍. എന്‍.ബി.റ്റി) എന്നീ പുസ്‌തകങ്ങള്‍ സ്വന്തം ശേഖരത്തില്‍ നിന്നും വായിക്കാന്‍ കൊണ്ടുതന്നെന്റെ ലൈബ്രേറിയന്‍ ഗര്‍വ്വിനെ ബിന്ദു ഞെട്ടിച്ചു കളഞ്ഞു.
വാല്‍ക്കഷണം: 2005 ബാച്ചിലെ കൈകസി കോഴ്‌സ് കഴിഞ്ഞ് എന്നൊക്കെ കോളെജില്‍ വന്നിട്ടുണ്ടോ അന്നൊക്കെ ലൈബ്രറിയില്‍ എത്തിയിരുന്നു. "സര്‍. എന്റെ ലൈബ്രറി രജിസ്റ്റര്‍ ഒന്നു കാണിക്കൂ." താന്‍ വായിച്ച പുസ്‌തകങ്ങളുടെ ഓര്‍മ്മ പുതുക്കാനാവാതെ കൈകസിക്ക് കോളെജില്‍ നിന്നു മടങ്ങാനാവില്ല. അതും പുസ്‌തകങ്ങളുമായി ബന്ധിതമായ നല്ല ഓര്‍മ്മയാണ്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ