2009, ജനുവരി 24, ശനിയാഴ്‌ച

വിര്‍ച്ച്വല്‍ ഫീല്‍ഡ്‌


കാശത്തിന്റെ ഇടത്തട്ടില്‍ കിളികള്‍ പറക്കാ ഉയരത്തിലെ ഫ്‌ളാറ്റിലാണ്‌ കുട്ടന്‍ താമസിക്കുന്നത്‌. മമ്മീം ഡാഡീം വെളുപ്പിന്‌ ഐറ്റീ പാര്‍ക്കിലേയ്‌ക്ക്‌ പായും. വൈകുന്നേരം ക്ഷീണത്തില്‍ കുഴഞ്ഞ്‌ മടങ്ങി വരും.

അവന്‍ ഫിഫ്‌ത്ത്‌ സ്‌റ്റാന്‍ഡേര്‍ഡിലെത്തിയില്ലേ! ഇനി കുഴപ്പമില്ല. ഒറ്റയ്‌ക്കിരുന്നോളും മെയ്‌ഡിനെ പറഞ്ഞു വിടാന്‍ മമ്മിക്കായിരുന്നു ധൃതി. സ്‌ക്കൂള്‍ നേരത്തിനു മുമ്പും പിമ്പും അവനങ്ങനെ ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്കായി.

സന്ധ്യയ്‌ക്ക്‌ മമ്മി, ഡാഡിമാരെത്തിയാലോ? അവര്‍ കമ്പ്യൂട്ടറിനുള്ളിലേയ്‌ക്ക്‌ വലിഞ്ഞുകയറും. ഡാഡി വാങ്ങിവരണ അത്താഴപ്പൊതി വിളമ്പിക്കിട്ടണത്‌ അവനേതാണ്ട്‌ ഉറക്കത്തെ തൊടുമ്പോഴാണ്‌.

പെട്ടെന്നൊരു ദിവസം ഒരു കുടന്ന ഗ്‌റാമപ്പച്ച പറിച്ചിട്ടതു മാതിരി മുത്തച്ഛന്‍ അവിടെയെത്തി. അതിന്റെ രണ്ടാം നാള്‍ ഡൈനിംഗ്‌ടേബിളില്‍ ദോശമണം പരന്നു. മുത്തച്ഛനുണ്ടാക്കിയ ദോശ അവന്‍ എരിചട്‌ണിയില്‍ തൊട്ടു തിന്നു തീര്‍ത്തു.

മുത്തച്ഛന്‍ കുട്ടിക്കാലം മുതല്‍ ശീലിച്ച കൃഷിപ്പണികള്‍, തൊഴുത്തിലുണ്ടായിരുന്ന സുന്ദരി പൈക്കള്‍, കാവല്‍ക്കാരായിരുന്ന നായ്‌ക്കളുടെ വീരചരിതങ്ങള്‍, മുത്തച്ഛന്‍ ബെഡ്‌റൂമിലും കിച്ചണിലും വാക്കുകളാല്‍ താഴാമ്പൂ മണവും മാങ്ങാച്ചൂരും നിറച്ചു. തൊടാതെ തെളിനീരിന്റെ കുളിര്‍മ്മ അവനനുഭവിച്ചു. റോഡിലെ സി്‌ഗ്നല്‍ ലൈറ്റില്‍ പറ്റിവച്ച കാക്കക്കൂടുകള്‍, ഉറക്കൂടുന്ന സന്ധ്യാരാഗ മേഘങ്ങള്‍. കാഴ്‌ചകള്‍ അവനില്‍ പുതുകൗതുകങ്ങളായി.

നാട്ടിമ്പുറത്തെ വീട്ടില്‍ തിരിച്ചു പോകാനാവാത്തതുകൊണ്ടാണു മുത്തച്ഛന്‍ ഇടയ്‌ക്കിടെ മൂഡോഫാകുന്നതെന്നവന്‍ കണ്ടെത്തി. നഗരച്ചൂടും പൊടിയും ശബ്ദകോലാഹലങ്ങളും മുത്തച്ഛന്‌ പുഴുക്കമാവുന്നുണ്ടാവുമെന്നവന്‍ കരുതി.

``മുത്തച്ഛാ ഞാനൊരു പാട്ടുപാടിത്തരാം'' ടി വി യില്‍ നിന്നു പഠിച്ച കൃഷിപ്പാട്ടിലൂടെ അവന്‍ മുത്തച്ഛനെ സന്തോഷിപ്പിക്കാന്‍ ശ്‌റമിച്ചു.

`` ഞാനൊന്നു വലുതായിക്കോട്ടെ നമുക്കു ഗ്‌റാമത്തില്‍ പോയി താമസിക്കാം.'' കേട്ടപാതി മുത്തച്ഛന്‍ അവനെ വാരിയെടുതതു.

അപ്പാര്‍ട്ടുമെന്റെിന്റെ നാലുവശത്തു കൂടിയും ഭൂമിയിലേയ്‌ക്ക്‌ ചാഞ്ഞും ചെരിഞ്ഞുമിറങ്ങുന്ന മഴവള്ളികളെ മുത്തച്ഛന്‍ നോക്കിനിന്നു. വല്ലാതെ മുതുകു നനഞ്ഞൊരു കാക്കച്ചി മഴനാരുകളെ മുറിച്ചു പോകുന്നത്‌്‌ അവനും കണ്ടു.

നാട്ടില്‍ കൃഷിക്കാലമെത്തിയരിക്കുന്നു. മുത്തച്ഛന്റെ മുഖം പറഞ്ഞു.

``മുത്തച്ഛാ ഇതാണു മുത്തച്ഛന്റെ മുപ്പറ വാലുകണ്ടം''

ഉത്സാഹത്തോടെ അവന്‍ ലിവിങ്‌റൂമില്‍ ഒറ്റക്കാലാല്‍ അടയാളമിട്ടു പാടം തിരിച്ചു.

``ഞാന്‍ ഓരിണപ്പോത്താവാം. ദാ കലപ്പവച്ചുകെട്ട്‌'' മുത്തച്ഛന്റെ മുന്നില്‍ അവന്‍ കൊമ്പു കുലുക്കി നിന്നു.

``വെയില്‍ മൂക്കും മുമ്പ്‌ ഉഴവു തീര്‍ക്കുന്നുണ്ടോ?''

മാര്‍ബിള്‍ കഠിനതയില്‍ നുകം താഴ്‌ത്തിപ്പിടിച്ച്‌ മുത്തച്ഛന്‍ പോത്തിനു പിന്നാലെ നടന്നു.

കിച്ചണില്‍ നിന്നും അവനൂറ്റിയെടുത്ത കഞ്ഞിവെള്ളം മുത്തച്ഛന്‍ മടമടാന്നു കുടിച്ചു. തലേക്കെട്ടഴിച്ച്‌ വിയര്‍പ്പാറ്റി.

കണ്ടമൊരുക്കി ചാണകവും ചാരവും വിതറി. അവരൊരുമിച്ചു ഞാറുനട്ടു.. നടു നീര്‍ത്തി. നീരൊഴുകുന്ന മടവ അടച്ചു. കുറേ നേരം ഇളഞാറ്‌ ആടുന്ന കണ്ടത്തിനെ കണ്ടുകൊണ്ട്‌ വരമ്പത്തിരുന്നു. മുത്തച്ഛന്റെ പൊതിയില്‍ നിന്നും അവന്‍ വെറ്റില പാക്കു പകുത്തു.

മുത്തച്ഛന്റെ പ്‌റീയപ്പെട്ട പണിക്കാരില്‍ പലരായി അവന്‍ വേഷങ്ങള്‍ മാറിമാറി കെട്ടിയാടി.

വൈകുന്നേരം

അവരുടെ മുഖത്തെ ക്ഷീണതളര്‍ച്ചാ ചുളിവുകളില്‍ മമ്മി ഡാഡിമാര്‍ ഉത്‌ക്കണ്‌ഠപ്പെട്ടു

``ഓ. ഞങ്ങളൊരു ലോങ്‌ പേ്‌ളയിലായിരുന്നു. വെരിമച്ച്‌ ടയേര്‍ഡ്‌. ഞാനും മുത്തച്ഛനും കൂടി ഇവിടെയൊരു വിര്‍ച്ച്വല്‍ പാഡി ഫീല്‍ഡൊരുക്കി. കണ്ടം കൊത്തി, വരമ്പ്‌ അരിഞ്ഞു, ചേറ്‌ കോരിപ്പിടിച്ചു. ദേ ഞാറു നട്ടിരിക്കുവാ. ഡാഡ്‌ കേര്‍ഫുള്‍ അവിടെ ചവിട്ടല്ലേ. വരമ്പപ്പടി ചേറാ. തെന്നി വീഴും''. വിര്‍ച്ച്വല്‍ ഫീല്‍ഡില്‍ പറഞ്ഞു തീരും മുമ്പ്‌ ഡാഡി തെന്നി വീണു.

അവന്റെ ``ക്ക,ക്ക'' ചിരിയില്‍ മുത്തച്ഛനും കൂടി.

``വരുന്ന ഓണത്തിന്‌ ഈ വീട്ടില്‍ പാഴ്‌സല്‍ സദ്യയില്ല. ഞാനും മുത്തച്ഛനും കൂടി ഇതു കൊയ്‌ത്‌ പുത്തരി സദ്യയൊരുക്കും ല്ലേ മുത്തച്ഛാ.

'' അതു കേള്‍ക്കാന്‍ മുത്തച്ഛന്‍ നില്‍ക്കില്ലെന്നവന്‌ അറിയാം. നിരത്തിലെ മനുഷ്യ ഉറുമ്പിന്‍ തിരക്കിനെ നോക്കി മുത്തച്ഛന്‍ നില്‌ക്കുന്നിടത്തേയ്‌ക്ക്‌ അവനും നീങ്ങി.

ജനയുഗം വാരാന്തം 18 ജനുവരി 2009

2 comments:

Mohan on 2009, ഫെബ്രുവരി 4 9:11 PM പറഞ്ഞു...

"വിര്‍ച്ച്വല്‍ ഫീല്‍ഡ്‌" നന്നായിരിക്കുന്നു-

sree on 2009, ഫെബ്രുവരി 22 8:00 AM പറഞ്ഞു...

വിര്‍ച്വല്‍ റിയാലിറ്റി നഷ്ടപ്പെട്ട സങ്കല്‍പ്പങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പൊക്കുകൂടേയാണ് അല്ലെ. നന്നായി പഴമയുടെ ഈ jpg shot

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi