2009, ജനുവരി 6, ചൊവ്വാഴ്ച

മേലേപുളിയങ്കുടി


ഭാരവണ്ടികള്‍ നിന്നു കിതയ്‌ക്കാത്ത, വെപ്രാളപാച്ചിലുകള്‍ക്ക്‌ അവധികൊടുത്തു മയക്കത്തില്‍ വീണ തമിഴ്‌നാടന്‍ ഹൈവേകള്‍. പാടങ്ങള്‍, കമ്പനിപ്പരിസരങ്ങള്‍ കടകമ്പോളങ്ങള്‍ എവിടെയും ദീവാളിശൂന്യതയും ആലസ്യവും.

10 മണി.

തെങ്കാശ്ശി കഴിഞ്ഞ്‌ പുളിയങ്കുടിയില്‍ വണ്ടിയിറങ്ങുമ്പോള്‍ മുന്‍സിപ്പല്‍ ടൗണ്‍ തെരുവുകള്‍ ദീവാളി ഉത്സാഹത്തില്‍ സജ്ജീവമായിരുന്നു. മാംസക്കടകളില്‍ തിരക്കിന്‍ വേലിയേറ്റം. നടന്നു നടന്നവിടെ ചെല്ലുമ്പോള്‍ ആതിഥേയര്‍ കൈയൊഴിഞ്ഞാലോ? കുറച്ചു പഴവും ബ്രെഡും വാങ്ങാന്‍ ബുദ്ധിതോന്നി.

വഴി തിട്ടമാക്കി തെരുവിലൂടെ മേലേപുളിയങ്കുടിയിലേയ്‌ക്ക്‌ നടത്തമാരംഭിച്ചു. സാധാരണയുള്ള തമിഴ്‌ മണങ്ങള്‍ക്കു മേലെ വെടിമരുന്നിന്റെ ഗന്ധം പൊന്തി നിന്നു. കൈവശം മിച്ചം വന്ന പടക്കങ്ങള്‍ കുട്ടികള്‍ തെരുവിലിട്ടു പൊട്ടിക്കുന്നു. സാമാന്യം നീളമുള്ള ശാബ്രാണിത്തിരിയാല്‍ പടക്കത്തില്‍ തീ പകരുന്ന കുട്ടികളെ നോക്കി അമ്മമാര്‍ വീടുകളുടെ ഇറയങ്ങളിലിരുന്നു.മുന്നിലും പിന്നിലും `ശക്‌, ടപ്‌, ഠപേ' ശബ്‌ദാകമ്പടിക്കിടയിലെ കാല്‍വയ്‌പുകള്‍ യുദ്ധഭൂമി പ്രതീതിയിലായി.

പത്തു കിലോമീറ്റര്‍ അകലെ മേലേപുളിയങ്കുടിയിലെ സഹ്യമല നിരകള്‍ക്ക്‌ ചെറിയതോതില്‍ മുന്നിലേയ്‌ക്ക്‌ ഇളക്കമുണ്ടോ? അവ ഉറുമ്പിയ ചലനുമായി സജ്ജ പടക്കൂട്ടമായി മുന്നോട്ടടുത്തു വരുത്‌ ശ്രദ്ധിച്ചാല്‍ കാണാം.

കഷ്‌ടി നടപ്പോള്‍ തെരുവ്‌ അവസാനിച്ചു. ടാര്‍ റോഡ്‌ പുതുതായി ബുള്‍ഡോസറുകള്‍ വരച്ചിട്ട വിശാലമായ മണ്‍നിരത്തിലേയ്‌ക്ക്‌ നീണ്ടു. നിരത്തിന്റെ മുളകണ്ടാലറിയാം വിള.... ആസന്ന ഭാവിയില്‍ ഇവന്‍ വങ്കാളനൊരു റോഡായി മാറുമെന്നതുറപ്പ്‌- നാലു വരിപ്പാത- പടിഞ്ഞാറേ മലയില്‍ ഡാം പണിയുന്നു. വാട്ടര്‍ തീം പാര്‍ക്കിനു സാധ്യതയുണ്ട്‌ എന്നൊക്കെ കേട്ടിരുന്നു. വിശാല ഭാവികാലത്തെ കണ്ടുള്ള തമിഴ്‌ പ്ലാനിങിനെ നമിക്കാതെ വയ്യ.

തരിശാക്കിയ കൃഷിയിടത്തില്‍ ഫ്‌ളാറ്റു മുളപ്പിക്കാന്‍ കല്ലുകള്‍ കുഴിച്ചു വച്ചിരിക്കുന്നത്‌ നമ്മുടെ അന്നം മുടക്കുമോ എന്ന ഉത്‌ക്കണ്‌ഠയായി. .

കള്ളിച്ചെടി, കിളിമരം, കരിനൊച്ചി, കറിവേപ്പ്‌ ജൈവവേലി പോലും മലയാളികളുടെ ഭക്ഷണ സാധ്യതകളെ ഓര്‍മ്മിപ്പിച്ചു. വേലിയ്‌ക്കുള്ളില്‍ കൃഷിയിടങ്ങളുടെ വിശാലത. മുന്നോട്ടു നീങ്ങുന്തോറും നീലമലകളുടെ ഉന്നതിയില്‍ ചെന്നു മുട്ടി കൃഷിയിടങ്ങള്‍ തളര്‍ന്നു കിടന്നു. ആരാണു ആരാണു വരുതെറിയാന്‍ പിന്‍നിരയില്‍ നിന്നും ഒന്നിനു പുറകില്‍ ഒന്നൊന്നായി മലനിരകള്‍ എഴുന്നേറ്റ്‌ എത്തി നോക്കുന്നുണ്ടെന്നതു സത്യം.

താഴ്‌ത്തി മണ്ണു നീക്കിയ റോഡിനേക്കാള്‍ ഉയരത്തിലെ കൃഷിയിടം. കറിനാരകത്തോപ്പുകളാണ്‌ മുഖ്യം. തീര്‍ച്ചയായും വരാനിടയുള്ള ഒരു പി.എസ്‌.സി ചോദ്യം രഹസ്യത്തില്‍ പറയാം. മലയാളിയുടെ ചെറുനാരങ്ങാ അച്ചാര്‍ ഭരണിയേത്‌? തമിഴ്‌നാട്ടില്‍ നാരങ്ങയുത്‌പാദനത്തില്‍ രണ്ടാം സ്ഥാനമുള്ള പുളിയങ്കുടിയെന്നുത്തരം. മാതളം, നെല്ല്‌, തെങ്ങ്‌ വിളകള്‍ കാര്‍ഷിക മനത്തെ കൊതിപ്പിച്ചു നിര്‍ത്തി.

തലേന്നു പതിച്ചു വച്ച ഞാറുയര്‍ന്നു വരുന്ന പാടം, വിളറിയ പച്ചപ്പ്‌, മൂത്തുവരുന്ന നടീലിനങ്ങള്‍. പടിഞ്ഞാറു തിരിഞ്ഞാല്‍ മലനിരകള്‍, കിഴക്ക്‌ വാനവിശാലത. പരിസരത്തില്‍ ഒറ്റതിരിഞ്ഞ ചെറിയ വീടുകള്‍. ചുറ്റിലും പൂക്കളുമായി. ശ്ശൊ. കൊതിപ്പിക്കാന്‍ പറഞ്ഞതല്ല. സത്യമാണ്‌. അതവിടെ കാണാം. കുടിച്ചാലും കുടിച്ചാലും തീരാത്ത ഏകാന്തതയുടെ ആഴിപ്പരപ്പ്‌. മയിലിന്റെ നീണ്ട ചാട്ടുളിയൊച്ചയും കിളിക്കിന്നാരവും കാറ്റിന്റെ മൂളലകമ്പടിയും തൊട്ടു നക്കാന്‍ പുറമെ. അവിടെ കൂടാന്‍ കൊതിയുണ്ടോ? മയില്‍ ചോദിക്കുന്നത്‌ അതു തന്നെ.

തലേന്നാളത്തെ ഘോരമഴ മാന്തിക്കീറിയിട്ടിരുന്ന റോഡ്‌ കുട്ടുനടക്കുന്ന ഏകാന്തതയുടെ ആഴത്തെ പെരുപ്പിച്ചു. പന, ആല്‌, നൂറ്റാണ്ടുകളുടെ ജര അടയാളങ്ങള്‍ ഏറ്റിത്തളര്‍ന്ന വമ്പന്‍ പുളിമരങ്ങള്‍. പനമാറിലെ ഇനിയുമടര്‍ന്നു മാറാത്ത പട്ടകള്‍ അവയ്‌ക്കിനിയും മനുഷ്യ സ്‌പര്‍ശമേറ്റിട്ടില്ലെ്‌ ഓര്‍മ്മിപ്പിച്ചു. നൂറ്റാണ്ടു കണ്ട ആലുമരം, നിസ്സംഗത കട്ടിയിട്ട വലിയ പുറുത്തിച്ചെടികള്‍. കൂടികൂടി വരു ഏകാന്തത വിക്രമകാളീശ്വരത്തിന്റെ (പത്മരാജന്‍) ഭീതിയിലെത്തിച്ചു.

അപൂര്‍വ്വമായി കുട്ടികള്‍ പടിഞ്ഞാറു ഭാഗത്തേയ്‌ക്ക്‌ വാടക സൈക്കിളുകളില്‍ ഡബ്‌ള്‍ വച്ച്‌ ഞങ്ങളെ കടന്നു പോയി. കേരളാക്കാരെന്നവര്‍ ഞങ്ങളെ സംശയിച്ചു പിറുപിറുത്തു.

വഴിവക്കിലെ റവന്യൂ ശൂന്യത നാളെ അവിടെ വന്നു നില്‌ക്കാനിടയുള്ള ബസ്സ്‌ ടെര്‍മിനലിന്റെ സാധ്യതിയിലേയ്‌ക്ക്‌ ആലോചനയെ എത്തിച്ചു.

പത്തു കിലോമീറ്റര്‍ നടന്നു തീര്‍പ്പോള്‍ കൃഷിയിടപ്പരപ്പുകള്‍ അവസാനിച്ചു. മലനിരകളുടെ നേര്‍മടിത്തട്ടിലെ പറമ്പുകള്‍ നമ്മുടെ നാട്ടിമ്പുറ സമാനതയെ ചൂണ്ടി. ഓടിപ്പോകാനാവാത്ത വിധത്തില്‍ ഞങ്ങളെ എപ്പോഴായിരുന്നു മലക്കോട്ടകള്‍ നാലുഭാഗത്തും വളഞ്ഞത്‌?

12 മണി

ആതിഥേയരാവുമെന്നു കരുതിയിരുന്ന പുത്തന്‍ കൃഷിക്കാരുടെ കളത്തിലെ വൈദ്യുത വേലി ഗേറ്റ്‌ അടഞ്ഞു കിടക്കുന്നു.

പുറത്ത്‌ മേയുന്ന രണ്ടു കുതിരകള്‍. അവറ്റകളെ പശുക്കളെ മാതിരി കെട്ടിയിട്ടിരിക്കുത്‌ കാഴ്‌ചയില്‍ നീരസമായി. സിനിമകളില്‍ വെടിയേറ്റു കുതിരകള്‍ വീഴുന്നതുപോലും എന്തു മാത്രം അന്തസ്സോടെയാണ്‌. വേലിക്കുള്ളില്‍ കയറില്‍ തടഞ്ഞ ആട്‌ നിരന്തര കുശലം ചോദിച്ചു കരഞ്ഞത്‌ ശ്രദ്ധിക്കാന്‍ പോയില്ല.

തീവാളിക്കുളിക്കു വന്ന കുട്ടികള്‍ ഞങ്ങളെ കണ്ടാണോ അതിരിട്ട്‌ അവിടം ചുറ്റിയൊഴുകുന്ന കാട്ടുചോലയില്‍ നിന്നും പൊയ്‌ക്കളഞ്ഞത്‌? അവരിലാണോ അതോ ഞങ്ങളിലോ ആശങ്കകള്‍ ഉണര്‍ത്‌?

ശങ്ക തീരെയില്ലാത്ത ആ കാട്ടൊഴുക്കില്‍ അരമണിക്കൂര്‍ മുങ്ങിക്കിടന്നു. നടപ്പു ക്ഷീണത്തെ തീര്‍ത്തു വകഞ്ഞാറ്റി ശരീരത്തെ പുഴ തിരിച്ചു തന്നു. പൊതിഞ്ഞെടുത്തിരുന്ന കേരള അട, തമിഴ്‌ പഴങ്ങള്‍, ബ്രെഡ്‌ എന്നിവയില്‍ എപ്പോഴും കിക്കറയിടുന്ന പശി തൃപ്‌തയായി.

രണ്ടു മണിക്കൂര്‍ നീളുന്ന മടക്കയാത്രയ്‌ക്ക്‌ തുടക്കമിട്ടു.അമ്പതാടുകളുടെ മേച്ചില്‍ പറ്റവുമായി വന്ന മാരിയപ്പന്‌ കേരളാ ബോണസ്സു രീതികളെ കുറിച്ചറിയണം. കേരള മുതലാളി കബളിപ്പിക്കുന്നുണ്ടോയെന്ന തൊഴിലാളി ഉത്‌കണ്‌ഠ. ഈ വിവസായമിടങ്ങളുടെ ഉടമകള്‍? വഴിയില്‍ ചിലപോയ്‌ന്റുകളില്‍ `ആടു മാഞ്ചിയം തേക്ക്‌' തട്ടിപ്പുകളുടെ ഓര്‍മ്മകള്‍ തികട്ടിയത്‌ അനവസരത്തിലാണെന്നു തോന്നുന്നില്ല.

തിരിച്ചു പോരുമ്പോള്‍ ഉദയന്‍ (ശരിപ്പേരല്ല. തികച്ചും സാങ്കല്‌പികം) മയിലൊച്ചയില്‍ ഉത്തേജിതനായി. വേലി മറിഞ്ഞ്‌ ഇണപ്പക്ഷികളുടെ സമീപത്തേയ്‌ക്ക്‌ നടന്നു. അവിടമൊക്കെ കൃഷിയൊഴിഞ്ഞ തക്കാളി പാടങ്ങളായിരുന്നു.

മടക്കത്തില്‍ കുറച്ചുദൂരം ഒപ്പം കൂടിയ രണ്ടു ചെങ്കോട്ടപ്പട്ടികള്‍. അവരുടെ അനുസരണയും തികച്ചും അന്യരായ ഞങ്ങളോടുള്ള വിധേയത്വവും ഏതു പൂര്‍വ്വ ജന്മാന്തര സ്‌മരണയിലായിരുന്നു?

കാട്ടുചോലയില്‍ ദീവാളിക്കുളിയും, കാനനക്കറക്കവും കഴിഞ്ഞ്‌ കുട്ടികള്‍ സൈക്കിള്‍ ചവിട്ടി ഞങ്ങളെ കടന്ന്‌ കിഴക്ക്‌ പോയി. എല്ലാപേരും വിദ്യാര്‍ത്ഥികളെന്നത്‌ പുളിയാങ്കുടി വിദ്യാപ്‌റാധാന്യത്തിന്‌ തെളിവായി. പുറകില്‍ അകലുന്ന മലയൊന്നു ചാടിയാല്‍ അപ്പുറത്തെ കേരളത്തിലെത്തുമോ? എങ്കില്‍ നാടു പിടിക്കാന്‍ എളുപ്പമായിരിക്കും. ചിന്തകള്‍ മലയ്‌ക്കു മുകളിലൂടെ വീട്ടിലെത്തി.

പുറകില്‍ ആകാശം വമ്പന്‍ തപാല്‍ക്കവറായി. മുക്കോണം മടക്കിയെടുത്ത നീലനിറത്തിലെ എഴുത്തു കടലാസുകളായി നീലമലകള്‍ ഓറഞ്ചു ലക്കോട്ടിനുള്ളിലേയ്‌ക്ക്‌ കൂമ്പിനിന്നു. നിറഗാഢതയുടെ ഏറ്റക്കുറവനുസരിച്ച്‌ ആരാണ്‌ അവയെ ഒന്നിനു പുറകില്‍ ഒന്നൊന്നായി ആകാശക്കവറിനുള്ളിലേയ്‌ക്ക്‌ തള്ളികയറ്റുന്നത്‌?

പുളിയങ്കുടിയിലേയ്‌ക്ക്‌ മുന്നോക്കം പോകുമ്പോള്‍ കാഴ്‌ചയെത്തുന്ന വശങ്ങളില്‍ നിന്നും മലകള്‍ അയഞ്ഞയഞ്ഞ്‌ അകന്നു പോയി. വിടുതല്‍ നല്‍കി അവ ഞങ്ങളുടെ ലോകത്തെ വിശാലമാക്കി തന്നു.

3 മണി.

തെങ്കാശ്ശിയിലേയ്‌ക്ക്‌ ബസ്സേറുമ്പോള്‍ പടിഞ്ഞാറ്‌ സമാന്തര അകലത്തില്‍ ഒന്നൊന്നായി ഇഴ തിരിക്കാനാവാത്ത മലനിരകള്‍ ഒറ്റക്കട്ടയായി ബസ്സിനു സമാന്തരം ഓടിക്കൊണ്ടിരുന്നു.

5 comments:

siva // ശിവ on 2009, ജനുവരി 6 10:14 AM പറഞ്ഞു...

എത്ര സുന്ദരമായ കഥ.... ആ തമിഴ്നാടന്‍ ഗ്രാമം നേരില്‍ കാണുന്നതുപോലെ....

സുല്‍ |Sul on 2009, ജനുവരി 6 12:27 PM പറഞ്ഞു...

“ആരാണു ആരാണു വരുതെറിയാന്‍ പിന്‍നിരയില്‍ നിന്നും ഒന്നിനു പുറകില്‍ ഒന്നൊന്നായി മലനിരകള്‍ എഴുന്നേറ്റ്‌ എത്തി നോക്കുന്നുണ്ടെന്നതു സത്യം.“ സൂപര്‍ എഴുത്ത് മച്ചാ. ഒരു യാത്ര പോയ സുഖം. എന്നാലും ആ 10 കിലോമീറ്റര്‍ നടത്തം...

-സുല്‍

smitha adharsh on 2009, ജനുവരി 6 1:24 PM പറഞ്ഞു...

അസ്സലായിരിക്കുന്നു..
ഇഷ്ടപ്പെട്ടു..

Kumar Neelakandan © (Kumar NM) on 2009, ജനുവരി 6 11:49 PM പറഞ്ഞു...

സുധീ, വളരെ മനോഹരമായ എഴുത്ത്.

Nachiketh on 2009, ജനുവരി 7 7:06 PM പറഞ്ഞു...

തരിശാക്കിയ കൃഷിയിടത്തില്‍ ഫ്‌ളാറ്റു മുളപ്പിക്കാന്‍ കല്ലുകള്‍ കുഴിച്ചു വച്ചിരിക്കുന്നത്‌ നമ്മുടെ അന്നം മുടക്കുമോ എന്ന ഉത്‌ക്കണ്‌ഠയായി. .

ഇതില്‍ ഏറെ എന്തു പറയാന്‍ സുധീ...

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi