2008 ഒക്‌ടോബർ 25, ശനിയാഴ്‌ച

വയ്‌ക്കോലടിക്കാരികള്‍



ഞാനെത്തിയപ്പോള്‍ മുറ്റം മെഴുകിയിട്ടിയിരിക്കുന്നു.


ഇതാരാണപ്പാ ഇന്നത്തെ കാലത്ത്‌? അതും പച്ചച്ചാണകം കൊണ്ട്‌. നനവ്‌ മാറിയിട്ടില്ല.


അതിശയം തീരും മുമ്പെ അടുത്ത സീനില്‍ അവരൊക്കെ നിരന്നു. പഴയ വയ്‌ക്കോലടിക്കാരികളുടെ കൂട്ടം. മുത്തശ്ശിമാര്‍ മുതല്‍ ചെറിയ പെണ്‍കുട്ടികള്‍ വരെ. കൈകളില്‍ മുറം, വട്ടി, നീണ്ട കമ്പുകള്‍. അവര്‍ വീശിവന്ന ചൂട്ടുകറ്റകള്‍ പുറത്തു കിടന്ന്‌ ഒന്നു കൂടി പുക ഛര്‍ദ്ദിച്ചണഞ്ഞു.


അക്കാ പൊലിയെവിടെ? വെറ്റില വായ തുപ്പി അവര്‍ അമ്മയെ തേടി.


കൂട്ടത്തിലെ പയറു പ്‌റായക്കാരി പെണ്‍കുട്ടി (അവള്‍ പണ്ടും അങ്ങനെ ആയിരുന്നു.) നിരന്നിരുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെ ഓടി നടന്നു നെല്ലെത്തിച്ചു. സപ്ലെ കോറായി. നെല്ലും പതിരും വേര്‍തിരിഞ്ഞു. പൊടി ഇരുട്ടില്‍ കിതച്ചു.


സീന്‍ മാറി. മെതിക്കളത്തില്‍ വയേ്‌ക്കാല്‍ കമ്പുകള്‍ ഉയര്‍ന്നു പൊങ്ങി. കമ്പുകള്‍ മുട്ടുന്ന ടക ടക ഒച്ചയോടെ കച്ചി കടഞ്ഞു തകര്‍ന്നു.


തലേന്നു കൊയ്‌തു ഇലവടിച്ച കറ്റകള്‍ അടുക്കിയുയര്‍ത്തിയ ആവി തുമ്മുന്ന വൃത്താകാര കൂനയ്‌ക്കുമേല്‍ അവള്‍ തന്നെ പാവാട പൊന്തിച്ച്‌ ചാടിക്കയറി. ആവേശം കറ്റകള്‍ താഴെയിട്ടു. അതിനിരു പുറത്തും നിന്നവര്‍ തെരുതെരെ തല്ലിക്കൊണ്ടിരുന്നു. പതംവന്ന വയേ്‌ക്കാല്‍ ഒരാളുടെ കമ്പിലുയര്‍ന്നപ്പോള്‍ മറ്റുവടികള്‍ അതിനെ വാശിയോടെ തല്ലിയമര്‍ത്തി കുഴപ്പരുവത്തിലാക്കി.


വട്ടം ചേര്‍ന്നു നിന്നവര്‍ കച്ചിവാരിക്കുടഞ്ഞ്‌ നെന്മണികള്‍ വേര്‍തിരിച്ചു. ഉരുളക്കെട്ടുകളായി വയ്‌ക്കോല്‍ കളത്തിനു പുറത്തു പോയി.


വയ്‌ക്കോലടി നെല്ലും പതിരും പ്‌റത്യേകം പാറ്റിത്തിരിച്ചു വച്ചത്‌ ഞാന്‍ ശ്‌റദ്ധിച്ചു.



ഇരുട്ടിന്റെ ഓരത്തിരുന്ന്‌ അവര്‍ അമ്മ പകര്‍ന്ന തേയില കുടിച്ചു.


പാതിരായ്‌ക്ക്‌ ചൂട്ടുകള്‍ ജ്വലിച്ചു. കുടഞ്ഞുടുക്കുന്ന ഉടുവസ്‌ത്‌റങ്ങള്‍, പരസ്‌പരം മുട്ടിയ കമ്പുകളുടെ രാപ്പതിഞ്ഞ വാക്കുകള്‍....ഒച്ചകള്‍ പെരുവഴിയിലേയ്‌ക്കിറങ്ങി.


8888888

ഉണര്‍ന്നപ്പോള്‍ ഓര്‍മ്മകള്‍ പിന്നെയും കൊത്തി.


പൊളിച്ചു കളഞ്ഞ വീടിനു മുന്നില്‍ കൂടിയവരെല്ലാം പലകാലങ്ങളില്‍ മരിച്ചു പോയവരായിരുന്നു.


തലേന്നു പാറ്റിക്കൊഴിച്ച നെല്ലില്‍ നിന്നും കൊറ്റളക്കാന്‍ അവരിനി എന്നു വരും? സങ്കടം ഒരു മൂളലാകുന്നു.


പുതുവയ്‌ക്കോലിന്റേയും പുന്നെല്ലിന്റേയും മണം എാതു പത്തായത്തിലാണുള്ളത്‌

5 comments:

mayilppeeli on 2008 ഒക്‌ടോബർ 25, 4:20 PM-ന് പറഞ്ഞു...

പാടങ്ങളും പത്തായങ്ങളും ഓര്‍മ്മകള്‍ മാത്രമായ ഈകാലത്ത്‌ ഇതൊരു സ്വപ്നം മാത്രമായി അവശേഷിയ്ക്കുകയേയുള്ളു....യാഥാര്‍ത്‌ഥ്യമാകണമേയെന്ന്‌ വെറുതെ ആഗ്രഹിയ്ക്കാം....കഥ നന്നായിട്ടുണ്ട്‌...ആശംസകള്‍...

siva // ശിവ on 2008 ഒക്‌ടോബർ 26, 8:28 AM-ന് പറഞ്ഞു...

ഇതൊക്കെ കണ്ടു നടന്നൊരു ബാല്യം എനിക്കും ഉണ്ടായിരുന്നു...നന്ദി...

അനില്‍ വേങ്കോട്‌ on 2008 ഒക്‌ടോബർ 27, 1:20 PM-ന് പറഞ്ഞു...

എന്റെ തലയിലും ടക് ട്ക് ശബ്ദത്തിൽ ഈ തല്ല് വീണുകൊണ്ടിരിക്കുന്നു.

Nachiketh on 2008 ഒക്‌ടോബർ 27, 4:04 PM-ന് പറഞ്ഞു...

പച്ച നെല്ലിന്റെ മണം .............

പിന്നെ കൂടെ

കറ്റമെതിയ്കുന്നതിന്റെയടുത്ത് ചെന്നാല്‍

“ കണ്ണില്‍ തെറിയ്കുമെടാ..........മാറി നിക്ക്.....”

എന്ന അച് ഛന്റെ സ്വരം

Jayasree Lakshmy Kumar on 2008 ഒക്‌ടോബർ 28, 12:33 AM-ന് പറഞ്ഞു...

നല്ല സ്വപ്നം

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi