2008, മാർച്ച് 19, ബുധനാഴ്‌ച

ചത്തു കിടന്ന നമ്പര്



കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു ക്വാര്‍ട്ടേഴ്‌സിനു ചുറ്റിലുമുള്ള വീടുകളില്‍ ഫോണ്‍ കണക്ഷനെത്തിയത്‌. `ഹലോ മൈ ഡീയര്‍ റോങ്‌ നമ്പര്‍' എന്ന ചിത്‌റത്തില്‍ ടെലിഫോണുകള്‍ക്കിടയില്‍ പെട്ട മോഹന്‍ലാലിനെ പോലെയായി ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സും. ചുറ്റിലും ഇരുപത്തി നാലു മണിക്കൂറും നാനാദിക്കുകളില്‍ നിന്നും സന്ദേശങ്ങള്‍ ഇരച്ചു വന്നു കൊണ്ടിരുന്നു.


ആദ്യമൊക്കെ തീപ്പെട്ടി കൂടുകളെ ട്വയിന്‍ കൊണ്ടു ബന്ധിച്ചുണ്ടാക്കിയ ഫോണില്‍ അപ്പു സംസാരിച്ചു തൃപ്‌തനായി.


അച്ഛാ നമുക്കും ഫോണ്‍ വച്ചൂടെ? അവന്റെ നിഷ്‌കളങ്കതയെ മുറിപ്പെടുത്താതെ ഞാന്‍ ഉരുണ്ടു കളിച്ചു.


അന്നു വൈകുന്നേരം സ്‌കൂള്‍ വിട്ടുമടങ്ങിയ അപ്പുവിന്റെ കൈയില്‍ ഒരു ടെലഫോണുണ്ടായിരുന്നു. എതോ ആക്‌റി പരിസരത്തില്‍ നിന്നും അവന്‍ തപ്പിയെടു ത്ത ഡയല്‍ പാതിപോയ ചെളിപിടിച്ച ഒരെണ്ണം. റിസീവറിനും കോഡിനും കുഴപ്പമൊന്നുമില്ല.


അപ്പു എവിടുന്ന കിട്ടീത്‌? ദൂരെക്കളയ്‌ ദേഷ്യം വന്നെങ്കിലും ഞാനവനെ ശകാരിക്കാനേ പോയില്ല.അടുത്ത വീടുകളിലെ മണിയൊച്ചകള്‍ക്കൊപ്പിച്ച്‌‌ റീസിവറെടുക്കാന്‍ അവന്‍ രാത്‌റി മുഴുവനും ഓടിക്കൊണ്‌്‌ടിരുന്നു.


ഒരുറക്കം കഴിഞ്ഞപ്പോഴായിരുന്നു അപ്പുവിന്റെ ഫോണ്‍ മണിയടിച്ചു തുടങ്ങിയത്‌. സ്വപ്‌നമാണെന്നായിരുന്നു ആദ്യം തോന്നിയത്‌. അറച്ചറച്ച്‌‌ ഞാന്‍ റിസീവറെടുത്തു.


മക്കളെ ഇന്നെങ്കിലും നിന്നെ കിട്ടിയല്ലോടാ. എടുത്തയുടനെ മറുവശത്തു നിന്നും വൃദ്ധയുടെ സംസാരം ഒഴുകിത്തുടങ്ങി.


എത്‌റ നാളായി ഞാനീ നമ്പര്‍ കറക്കുന്നു. ഒരിക്കലും കിട്ടിയില്ല. ചെലപ്പം നമ്പര്‌ ശരിയാണോന്നു നോക്കാനവര്‌ പറയും. ഇന്നെങ്കിലും എന്റെ മക്കളെ കിട്ടിയല്ലോ. അന്നു നീ കുറിച്ചു തന്ന നമ്പര്‍ തന്നെയാണ്‌ ഞാനെന്നും....


ആ അമ്മ സംസാരിച്ചു കൊണ്ടിരുന്നു.


ഫാന്റസിയുടെ നൂലുകള്‍ പൊട്ടാതെ ഞാനെല്ലാം കേട്ടു നിന്നു

2 comments:

Sharu (Ansha Muneer) on 2008, മാർച്ച് 19 2:03 PM പറഞ്ഞു...

ഈ ഫാന്റസി കൊള്ളാം..

സുല്‍ |Sul on 2008, മാർച്ച് 19 3:04 PM പറഞ്ഞു...

നന്നായിരിക്കുന്നു.

ഇതു ഫാന്റസി ആവേണ്ട കാര്യമൊന്നുമില്ല. മൊബൈല്‍ ഫോണ്‍ എന്നരീതിയില്‍ കണ്ടാല്‍ :)
-സുല്‍

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi