നിസ്തുലമായ അധ്യാപകജീവതത്തിന്റെ അതിരുകള്‍, അതിന്റെയാഴം, വ്യാപ്തി എന്നിവ ചിന്തകളെ സ്പര്‍ശിക്കുമ്പോഴും, കേവലമായ തൊഴിലിനുപരിയായി അധ്യാപകന്റെ കര്‍മ്മങ്ങളുടെ വൈവിധ്യരൂപങ്ങള്‍ തെരയുമ്പോഴും അതിന് ഉത്കൃഷ്ട മാതൃകയായി കെ. വാമന്‍ എന്ന ഗുരുശ്രേഷ്ഠനില്‍ കണ്ണുകളെത്തുന്നു.
നെടുമങ്ങാട് ബോയ്സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം (1975-78). അന്നത്തെ പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും ആയിരത്തിയൊന്നു രാവുകളുമായി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് എട്ടാം ക്ലാസ്സുകാരനായ എന്നെ ഞങ്ങളുടെ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ബഹുമാനപ്പെട്ട വാമന്‍സാറ് ആദ്യമായി പിടികൂടിയത്. ഒന്നു രണ്ടു വാചകങ്ങളിലൂടെ പാഠപുസ്തകേതര ഗ്രന്ഥങ്ങള്‍ ഇഷ്ടപ്പെടുന്ന അധ്യാപകരും ഉണ്ടെന്ന അറിവില്‍ ഞാന്‍ നിറഞ്ഞുപോയി. കാണുമ്പോഴെല്ലാം വിദ്യാഭ്യാസാനുഭവങ്ങളെ കുറിച്ചാണ് വാമന്‍ സാറ് സംസാരിക്കുന്നത്.
1952 ല്‍ തിരുവനന്തപുരം ആനാട് എസ്.എന്‍.വി. സ്കൂളിലെ പ്രഥമാധ്യാപകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസരംഗത്തേയ്ക്കുള്ള പ്രവേശനം. വെണ്മണലില് വിരല്‍തൊട്ടു നേടിയ അക്ഷരപുണ്യം അന്നുമുതല്‍ പുതുതലമുറയിലേയ്ക്ക് പകരാന്‍ അവസരം കൈവന്ന ഗുരുശ്രേഷ്ഠനാണ് കെ. വാമന്‍. വിശ്രമരഹിതമായ ജ്ഞാനപ്രസരണമാണ് ഗുരുവിന്റെ ജീവിതലക്ഷ്യമെന്ന വസ്തുത നിരന്തര കര്‍മ്മത്തിലൂടെ ഈ ജ്ഞാനവൃദ്ധന്‍ ഓര്‍മ്മപ്പെടുത്തുന്നു.
പ്രവൃത്തിയും വിരമിക്കലും
1985-ല്‍ ഔദ്യോഗിക അധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ച കെ. വാമന്‍, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട തുടര്‍പരിപാടികളില്‍ 1994 വരെ പങ്കെടുത്തു. നിരവധി അധ്യാപകപരിശീലന കലാലയങ്ങളിലും, എഞ്ചിനീയറിംഗ് കോളേജുകളിലും അധ്യാപകനായിരുന്നു. കൂടാതെ സാമൂഹികസ്ഥാപനങ്ങളുടെ അമരക്കാരനായും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തി. ഇത്തരം തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ പെന്ഷന് വാങ്ങാനുള്ളതു മാത്രമല്ല വാര്‍ദ്ധക്യം എന്ന കാര്യവും സമൂഹത്തിനെ ബോധ്യപ്പെടുത്തി.
1954-ല്‍ തക്കല ഗവ. ഹൈസ്കൂളിലായിരുന്നു കെ. വാമന്റെ ആദ്യത്തെ സര്‍ക്കാര്‍ നിയമനം. ക്ലാസ്സ് മുറിക്കു പുറത്തുള്ള പഠനസാധ്യതകള്‍ തുടക്കത്തില്‍ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു. ആക്കാലത്തെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതികളുടെ സ്കൂള്‍ ഓഫീസറായി നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. ഈ വിഷയത്തില്‍ പരിശീലനത്തിനായി തുടര്‍ന്ന് ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിലേയ്ക്ക് (1957) പോയി. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നേടിയ ഈ അറിവ് പില്ക്കാലത്ത് പ്രായോഗിക തലത്തിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. അധ്യാപകനായിരുന്ന കാലത്ത് 1960-ല്‍ തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്. ബിരുദം നേടി. ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ ഇംഗ്ലീഷ്പഠന പരിപാടിയില്‍ (1964) നിന്നുള്ള ഡിപ്ലോമയും അധ്യാപനരംഗത്ത് മുതല്‍ക്കൂട്ടായി. അധ്യാപകര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസ പരിശീലനപരിപാടികളിലെ മികച്ച റിസോഴ്സ് പേഴ്സണാകാന്‍ ഇതു വാമന്‍സാറിനെ പ്രാപ്തനാക്കി. 1968 മുതല്‍ പാഠപുസ്തകനിര്‍മ്മാണ സമിതിയിലും അദ്ദേഹം നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു.
കാസറകോട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹൈസ്കൂളുകളില്‍ അധ്യാപകനായിരുന്ന അദ്ദേഹം 1980-85 കാലത്ത് യുണിസെഫില്‍ വിദ്യാഭ്യാസ ഓഫീസറായി നിയമിതനായി. ഇത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗങ്ങളുടെ വ്യാപ്തി കൂട്ടുകയാണു ചെയ്തത്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനു ശേഷം 1994 വരെ ലക്ഷദ്വീപിലെ അധ്യാപക പരിശീലന പരിപാടികളില്‍ തുടര്‍ന്നു.
സാമൂഹ്യാവസ്ഥയും കുടുംബസാഹചര്യങ്ങളും മനസ്സിലാക്കിയുള്ള സമീപനങ്ങളായിരുന്നു കുട്ടികളോട് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ക്ലാസ്സുമുറിക്കു പുറത്തുവികസിതമാകേണ്ട കുട്ടികളുടെ ഭാവികാലം ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളും കരുതലുകളും അദ്ദേഹത്തെ പ്രിയപ്പെട്ടവനും ശ്രദ്ധേയനുമാക്കി.
നെടുമങ്ങാട് താലൂക്കില്‍ പനവൂര്‍ വെള്ളാഞ്ചിറയില്‍ 1930 ലായിരുന്നു കെ. വാമന്‍ ജനിച്ചത്. പാരമ്പര്യചികിത്സകനായിരുന്ന കേശവന് വൈദ്യനും ലക്ഷ്മിയുമായിരുന്നു മാതാപിതാക്കള്‍. പണ്ഡിതനായിരുന്ന പിതാവിന്റെ ഗ്രന്ഥശേഖരം കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തില്‍ വിജ്ഞാന തൃഷ്ണയുണര്‍ത്തി. ബാല്യകാലത്തു തന്നെ ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, തമിഴുള്‍പ്പെടെ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായിരുന്നു. നെടുമങ്ങാട് ഗവ. സ്കൂള്‍ (1939), കവടിയാര്‍ സ്കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1952-ല്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഫിലോസഫിയില്‍ ബി. എ. ഓണേഴ്സ് ബിരുദം നേടി. നെടുമങ്ങാട് താലൂക്കിലെ ആദ്യത്തെ ഓണേഴ്സ് ബിരുദധാരിയായിരുന്നു കെ. വാമന്‍.
എഴുത്തുകാരന്
ആനാടു സ്കൂളിലെ താല്‍ക്കാലിക പ്രഥമാധ്യാപക ജോലിവിട്ട് അദ്ദേഹം ബോംബേയില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ കുറച്ചുകാലം പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ബഹുതല സ്പര്‍ശിയായ അധ്യാപനത്തിനൊപ്പം ശാസ്ത്രം, തത്വശാസ്ത്രം എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ മലയാളരാജ്യമുള്‍പ്പെടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതി. സര്‍വ്വവിജ്ഞാനകോശത്തിനുള്ള ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
എം.എസ്. ശ്രീധരന് തയ്യാറാക്കിയ ഭാരതീയ ശാസ്ത്രമഞ്ജുഷ: ഭാരതീയ ശാസ്ത്രങ്ങളുടെ പ്രഥമ വിജ്ഞാനകോശം (1987) ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനും അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. 2005-ല്‍ പബ്ലിക്കേഷന്‍ ഡിവിഷന് ഭാരതീയ വിജ്ഞാന് മഞ്ജുഷ എന്ന പേരില്‍ ഇതു പ്രസിദ്ധീകരിച്ചിരുന്നു. ഡോ. എന്‍.എ. കരീം എഡിറ്റുചെയ്ത ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു (എന്‍.ഇ.ആര്.സി. പബ്ലിക്കേഷന്‍) നിര്‍മ്മാണത്തിലും സഹകരിച്ചിരുന്നു.
പ്രഗ്ത്ഭനായ അധ്യാപകന് സമര്‍ത്ഥനായ പഠിതാവുകൂടിയായിരിക്കണം എന്ന ആശയത്തില്‍ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍. അതിനായി വിവരസാങ്കേതികയുടെ സാധ്യതകള്‍ ഉപയോഗിക്കുമ്പോഴും തന്റെ പഴയ നോട്ടുപുസ്തകങ്ങള്‍ സൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു. പൂര്‍ണ്ണതയോടെയാവണം മനുഷ്യപ്രവര്‍ത്തനങ്ങള്‍ എന്ന ആശയം നടപ്പിലാക്കിയ അധ്യാപകനാണ് കെ. വാമന്‍.
മഞ്ചയുടെ വാമന്‍സാര്‍
വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കാരണം നെടുമങ്ങാട് ഹൈസ്കൂളിനെ ഗേള്‍സും ബോയ്സുമായി വിഭജിച്ചുവെങ്കിലും പ്രത്യേകം ബോയ്സ് സ്കൂളായി അത് ടൗണില്‍ തുടര്‍ന്നു. 1966-ല്‍ എന്‍.സി.പിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലത്താണ് മഞ്ചയിലെ ഇരുനിലകെട്ടിടത്തിലേയ്ക്ക് ബോയ്സ് സ്കൂള്‍ മാറിയത്. അക്കാലത്തും ബി.എച്ച്.എസ് മഞ്ചയിലെ അധ്യാപകനായിരുന്ന വാമന്‍ സാറ് സ്കൂളിനുവേണ്ടി ആറ് എാക്കര്‍ ആറു സെന്റ് സ്ഥലം അക്വര്‍ചെയ്തതും കെട്ടിടം പണി നടത്തിയതുമായ കാര്യങ്ങള്‍ക്കും സാക്ഷിയായിരുന്നു. ആക്കാലത്ത് കുറച്ചുകാലം മഞ്ച സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തിച്ചിരുന്നു. 1979-ലാണ് മഞ്ച സ്കൂളില്‍ നിന്നും മാറുന്നത്. കേരളീയ സമൂഹത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്കിയ നിരവധി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തിലും വലിയ പങ്കാണ് വാമന്‍സാറു വഹിച്ചിട്ടുള്ളത്.
പഠനേതര വഴികള്‍
ആയൂര്‍വേദത്തിന്റെ രോഗശമനസാധ്യതകളെ ആധുനികശാസ്ത്രവുമായി ബന്ധപ്പെടുത്തണമെന്ന് പാരമ്പര്യ വൈദ്യകുടുംബാംഗമായ ഈ അധ്യാപകന് ആഗ്രഹിക്കുന്നു. അതിനായി അദ്ദേഹം ഒരു ഔഷധത്തോട്ടം പരിപാലിച്ചുപോന്നു.
1968-ല്‍ സത്യഭാമയുമായി കുടുംബജീവിതമാരംഭിച്ചു. ദിലീപ് വാമനും വി.എസ്. ജയയുമാണ് മക്കള്‍. ഭാര്യയുടെ നിര്യാണശേഷം 1992 മുതല്‍ വാര്‍ദ്ധക്യത്തെ സമൂഹനന്മയ്ക്കായി ഉപയോഗിക്കാനുള്ള സാധ്യതകളുമായി പഠന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുന്നു.
ജീവിതമെന്നാല്‍ മുഴുനീള അന്വേഷമാണ് എന്ന സ്വന്തം വാക്കുകളെ തികച്ചും അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ഗുരുവര്യന് തന്റെ തൊണ്ണൂറ്റി രണ്ടാം വയസ്സിലും തുടരുന്നത്. ജ്ഞാനസമ്പാദനവും വിതരണവും ജീവിതാന്ത്യം വരെയുമുള്ള പ്രക്രിയയാണെന്ന് ഈ നിത്യഅധ്യാപകന്‍ കാണിച്ചു തരുന്നു. ബഹുതലസ്പര്‍ശിയായ ജീവിതമാണ് അധ്യാപകരെ കൂടുതല്‍ ആദരണീയരാക്കുന്നതെന്നും വാമന്‍സാറിന്റെ ചര്യകള്‍ ഉദാഹരിക്കുന്നു.
ജനപഥം സെപ്തം. 2011
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ