ഭൂകമ്പവും ഭൂമികുലുക്കവും പ്രളയവുമെല്ലാം അടുത്ത കാലം വരെ നമുക്ക് അകലെയുള്ള ഏതോ ദേശങ്ങളില്‍ നടമാടുന്ന സംഭവങ്ങളുടെ പട്ടികയില്‍പ്പെട്ടവ മാത്രമായിരുന്നു. 2018 ലെ നൂറ്റാണ്ടുപ്രളയവും തുടര്‍വര്‍ഷങ്ങളിലാവര്‍ത്തിച്ച മലയിടിച്ചിലുകളും ദുരന്തങ്ങള്‍ നമ്മുടെ ചാരത്തെത്തിയതായി പഠിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്ക, ആസ്‌ത്രേലിയ എന്നിവടങ്ങളിലെ വന്‍ തീപിടുത്തങ്ങളില്‍ മനുഷ്യര്‍ നിസ്സഹായരാകുന്നത് നമ്മളെയും ആശങ്കപ്പെടുത്തി. ആമസോണ്‍ നിത്യഹരിത വനങ്ങളിലെ കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുണ്ടായ അഗ്നിവിളയാട്ടത്തിലൂടെ ഭൂമിയുടെ ശ്വാസകോശങ്ങള്‍ വെന്തുപോകുന്നതായി വിലയിരുത്തപ്പെട്ടു.
ഈ നൂറ്റാണ്ടിന്റെ ആദ്യരണ്ടു ദശകങ്ങളിലായി ലോകവ്യാപകമായി 12.3 ലക്ഷം പേരാണ് പ്രകൃതി ദുരന്തക്കെടുതികള്‍ നിമിത്തം ജീവനൊഴിഞ്ഞത്. 2,97,000 കോടി ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായി. ഭൂലോകം ദുരന്തപ്പിടിയില്‍ അമര്‍ന്നതിന്റെ ഉത്ക്കണ്ഠാകുല ചിത്രങ്ങളാണ് കഴിഞ്ഞ കുറെക്കാലങ്ങളായി മനുഷ്യരെ തേടിവന്നു കൊണ്ടിരിക്കുത്. കാലാവസ്ഥാവ്യതിയാനത്തിന്റെ കൂടി ഉപോത്പന്നമായ കോവിഡ്19 വീശിപ്പരന്നതോടെ ദുരന്തങ്ങള്‍ക്ക് വന്‍കരകളുടെ അതിരുകള്‍ കടന്നും മനുഷ്യരെ ആക്രമിക്കാന്‍ പ്രാപ്തിയുള്ളതായി വിലയിരുത്തേണ്ടി വന്നു.
ഇനിയെന്താണ് പോംവഴി? നമുക്ക് മനുഷ്യര്‍ക്ക് ഈ ഭൂമിയിലെ മറ്റുജീവിജാലങ്ങളെ കൂടി രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്വവുമുണ്ട് എന്നോര്‍ക്കുക. ഇത്തരം നാശങ്ങള്‍ക്കെതിരെ ലോകജനത ഒരുമിച്ചു പൊരുതുക. പഴുതുകള്‍ അടച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ കരണീയമായുള്ളു. അത്തരത്തിലൂള്ള ചിന്തയാണ് സലീം എന്‍. കെ. യുടെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്? എന്ന പുസ്തകം അവതരിപ്പിക്കുന്നത്.
കാലാവസ്ഥ നിശ്ചയിക്കുന്ന സസ്യജന്തുജാലം മനുഷ്യരുടെ സൈ്വര്യജീവിതത്തിന് എത്രമാത്രം അനുപേക്ഷണീയമാണ് എന്നത് ഒരു മലയാളി മനസ്സിലാക്കിയത്ര വിധത്തില്‍ ഈ ലോകത്തില്‍ മറ്റാര്‍ക്കും അറിയാന്‍ വഴിയില്ല.. അതിനാല്‍ത്തന്നെ പ്രകൃതിയുടെ സംരക്ഷണം ശ്വാസോച്ഛാസം മാതിരി ജീവത് പ്രശ്‌നമായി തീര്‍ന്നിരിക്കുന്നതായി ഈ പുസ്തകം വെളിപ്പെടുത്തുന്നു. വെരി ഷോര്‍ട്ട'് ഇന്‍ട്രൊഡക്ഷന്‍ സീരീസില്‍ ഉള്‍പ്പെടുത്തി 'ഉരുള്‍പൊട്ട'ല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?' എന്ന പുസ്തകം ഡി.സി. ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിലവില്‍ മഴക്കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ സാര്‍വ്വത്രികമായി മാറിയ ഉരുള്‍പൊട്ടലിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഈ പുസ്തകത്തില്‍ കാലാവസ്ഥാ വ്യതിയാന സംബന്ധിയായി ലോകവ്യാപകമായി നടക്കുന്ന ഈ അപകടത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ദുരന്തകാരണങ്ങള്‍ മനസ്സിലാക്കിയാല്‍ അവയില്‍ നിന്നും രക്ഷനേടാന്‍ സാധ്യമാണ്. ശാസ്ത്രീയ അറിവിന്റെ കീഴ്തലം വരെയുള്ള പ്രചരണത്തിലൂടെ മാത്രമാണ് നമ്മള്‍ സുരക്ഷിതരാകുന്നത് എന്നത് കൊറോണവ്യാപന ചെറുക്കലിനു സ്വീകരിച്ച നടപടികളില്‍ തെളിഞ്ഞതുമാണ്.
ആയിരത്തിതൊള്ളായരത്തി അമ്പതുകളിലും അറുപതുകളിലും നടന്ന വനംകൈയേറ്റങ്ങളും ഉത്സവമാമാങ്കങ്ങളായി കൊണ്ടാടപ്പെട്ട പട്ടയമേളകളുടെയും പരിണിതഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് അടുത്ത തലമുറയിലെ ജനങ്ങളാണ്. അതിമനോഹരമായ ഹൈറേഞ്ചുകള്‍ ജീവത്ഭയം കാരണം വിട്ടൊഴിയാന്‍ മലയോരവാസികള്‍ ആഗ്രഹിക്കുന്ന കാലമെത്തിയിരിക്കുന്നു. ഒരു പക്ഷേ കാടുകൈയേറ്റം നിമിത്തം ഭാവിയില്‍ ഉണ്ടാക്കാനിടയുള്ള ദുരന്തധാരണകള്‍ പത്തറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ശാസ്ത്രത്തിന് അവതരിപ്പിക്കാനുള്ള ശേഷി കൈവരിച്ചിരുെങ്കില്‍! ഇന്നീ ദുര്‍ഗതി മലയാളനാടിന് അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ല.
തേനീച്ചകളും ശലഭങ്ങളും അപ്രത്യക്ഷമായാല്‍? വളരെ നിസ്സാരകാര്യമായി തോന്നാം. ഹിമാലയത്തിലെ മഞ്ഞ് തുള്ളിയുമവശേഷിക്കാതെ ഉരുകി മറഞ്ഞാല്‍? തീരെ ചെറുതെന്നു ഒറ്റക്കേള്‍വിയില്‍ തോന്നുന്നതും ബഹുഭൂരിപക്ഷം സാധാരണക്കാരന്റെ ശ്രദ്ധയില്‍ പതിയാത്തതുമായ ഇത്തരത്തിലുള്ള നിരവധി ദുരന്തങ്ങള്‍ ആസന്നഭാവിയില്‍ തീര്‍ച്ചയാക്കപ്പെട്ടിരിക്കുന്നു. 2019 ഫെബ്രുവരിയില്‍ ആസ്‌ത്രേലിയായിലെ ബ്രാംബ്ള്‍കെ മെലോമിംസ് എന്ന ജീവിയുടെ തിരോദ്ധാനമാണ് ആഗോളതാപത്തിന്റെ പ്രഖ്യാപിതമായ ആദ്യ സര്‍വ്വനാശം. ഇപ്പോളിതാ പത്തുലക്ഷം ജീവജാലങ്ങള്‍ നാശത്തിന്റെ വക്കിലാണ്. അതിനുള്ള ഒരു കാരണമായി നമ്മുടെ നാട്ടിലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മാറുന്നു. അതിനാല്‍ പൈതൃകഭൂമിയായ പശ്ചിമഘട്ടത്തിന്റെ നാശത്തിനെ കുറിച്ചുള്ള സമഗ്രമായ അറിവ് സാധാരണക്കാരില്‍ കൂടി എത്തിക്കേണ്ടിയിരിക്കുന്നു. അവിടെയാണ് ഈ പുസ്തകരചന ശ്ലാഖ്യനീയമാകുന്നത്.
1961 ലാണ് അഞ്ചുപേരുടെ മരണവുമായി ഈ ദുരന്തം ശ്രദ്ധയില്‍ വരുന്നതെങ്കിലും കൗതുകകരമായതും വ്യക്തിപരമായതുമായ ഒരു ചിന്ത ഇതുമായി ബന്ധിച്ചുള്ളത് അതിനുമേറെ മുമ്പ് ഇന്നത്തെ വലിയമല ബഹിരാകാശ റിസര്‍ച്ചു സെന്ററിലെ (തിരുവനന്തപുരം) പഴയ വനഭാഗത്തെ കുറിച്ചുള്ളതാണ്. അതില്‍പ്പെട്ടിരുന്ന 'ഉരളുപാഞ്ഞാം കുഴി' എന്ന ദിക്‌നാമം ഉരുളുപാച്ചില്‍ എന്ന പ്രതിഭാസം മലയില്‍ സ്വാഭാവികമായും അല്ലാതെയുമുള്ള ഇടപെടലുകളുടെ ഭാഗമായി മുമ്പും ഉണ്ടായിരുന്നു എന്നുള്ള സൂചന നല്‍കുന്നുണ്ട്.
''ഓരോ മണ്‍സൂണും കൊണ്ടുപോകുന്നത് വിലപ്പെട്ട ജീവനുകളാണ്. പ്രതീക്ഷകളാണ്.'' എന്നു പുസ്തകാമുഖത്തില്‍ പറയുമ്പോള്‍ അതു കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം വെളിവാകുന്നു. ശൂന്യാകാശത്തിന്റെ മറ്റേ അറ്റത്തിനെ നിരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ നിരവധി നടക്കുമ്പോഴും ചവിട്ടടിയുടെ അന്തര്‍ഭാഗത്ത് നടക്കുന്ന കാര്യങ്ങള്‍ അതാര്യമായി ഇപ്പോഴും നില്‍ക്കുന്നു. മലയാള വിജ്ഞാന സാഹിതത്യരംഗത്തു ഭൗമവിജ്ഞാനസംബന്ധിയായ രചനകളുടെ എണ്ണം താരതമേ്യന കുറവാണ്. സര്‍വ്വംസഹയെന്ന ഭൂമിയുടെ പര്യായം മാറ്റേണ്ടതായ കാലത്ത് ഭൗമശോഷണ സംബന്ധിയായ അടിസ്ഥാന വിവരണങ്ങള്‍ ഈ ഗ്രന്ഥം നല്‍കുന്നു.
'ബാഹ്യജന്യ പ്രവര്‍ത്തനങ്ങള്‍' ഉണ്ടാക്കുന്ന ഭൗമമാറ്റങ്ങള്‍, മനുഷ്യരുടെ അനിയന്ത്രിത ഇടപെടലുകളുടെ ആഘാതവുമാണ് ഉരുള്‍പൊട്ടലിനു കാരണം. അതിനാല്‍ ഉരുളുകള്‍ മനുഷ്യജന്യമാണെന്നു ചുരുക്കം. കൃഷിക്കും തോട്ടവ്യവസായത്തിനുമായി കാടുകയറി പരിസ്ഥിതി നാശം വരുത്തിയതിന്റെ വിളവെടുപ്പാഘോഷിക്കുമ്പോള്‍ ഇതിനെ സ്വയംകൃതാനര്‍ത്ഥമായി വിലയിരുത്താം. ഈ രംഘത്ത് ശരിയായ ബോധവത്കരണം നടന്നിരുന്നെങ്കില്‍ പലതും ഒഴിവാക്കാനാവുമായിരുന്നു. ''അശാസ്ത്രീയ വികസനപ്രവര്‍ത്തന നേട്ടങ്ങളേക്കാളേറെ പുനരധിവാസത്തിന് ചെലവാകുന്നു എന്ന യാഥാര്‍ത്ഥ്യം'' അവതരിപ്പിച്ചു കൊണ്ട് കേരളത്തിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ നിര്‍മ്മിതികളും കൃഷിയുമാണ് വേണ്ടതെന്നതിലേയ്ക്ക് ഗ്രന്ഥകാരന്‍ സൂചനകള്‍ നല്‍കുന്നു.
ദുരന്തത്തെ ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ അപകടത്തെ കണ്ടറിഞ്ഞു രക്ഷപ്പെടാനുള്ള മനുഷ്യരുടെ സഹജശേഷിയെ ബലപ്പെടുത്തുന്നു. അത്തരം വിലപ്പെട്ട സൂചനകള്‍ അതീവലോലമായ പരിസ്ഥിതിവ്യൂഹങ്ങള്‍ നിറഞ്ഞ കേരളത്തിന് ഏറെ ഉപകാരപ്രദമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട'് നിരാകരിക്കുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭനീക്കള്‍ക്ക് പിന്നില്‍ ഇത്തരം അറിവിന്റെ ലഭ്യതയില്ലായ്മയും കാരണമായിട്ടുണ്ട്. കേരളത്തിലെ 31% ഭൂവിഭാഗങ്ങളും ഉരുളുപാച്ചില്‍ ദുരന്തനിഴിലാണ് എന്ന വസ്തുതയും ഈ പുസ്തകത്തിന്റെ പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇനിയും പെട്ടിമുടികള്‍ ഒഴിവാക്കാന്‍ എന്തുചെയ്യാനാവും? എന്ന ചിന്തയെയാണ് ഗ്രന്ഥകാരന്‍ ഇതിലൂടെ താഴെ തട്ടിലെത്തിക്കുന്നത്. അല്പവും ദുര്‍ഗ്രഹതയില്ലാതെ ലളിതമായ രീതിയിലാണ് ഈ ഗ്രന്ഥത്തില്‍ ശാസ്ത്രാവിഷ്‌കരണം നിര്‍വ്വഹിച്ചിരിക്കുന്നത്.
പദസൂചിയുള്‍പ്പെടെയുള്ള മേന്മകള്‍ക്കിടയില്‍ ചില വിവരണ ആവര്‍ത്തനങ്ങള്‍, കിഴക്കന്‍മലകളിലെ കുടിയേറ്റവും ഈ നാട്ടില്‍ ആസൂത്രണം ചെയ്ത പട്ടയമേളകളും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനുമേല്‍ പൊടിയിട്ട സൂത്രവിദ്യകളുടെ ദുഷ്ടലാക്കുകള്‍ ഇവയും പ്രകൃതിയ്ക്ക് മേലുള്ള അക്രമണങ്ങളാണ്. അത്തരം സൂചനകള്‍ കൂടി നികത്തിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. മനുഷ്യജന്യമായ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമാണ് നാമിന്നനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് ഹേതു എതും ഉറപ്പിച്ചു പറയണമായിരുന്നു.
ഭൗമവൈജ്ഞായിക രംഗത്തെ ഗ്രന്ഥങ്ങളുടെ ലഭ്യതക്കുറവ് നികത്താനും ഭൂഗര്‍ഭശാസ്ത്ര പ്രചരണത്തിനും അതുവഴി ദുരന്താഘാത ലഘൂകരണത്തിനും ഈ പുസ്തകം ഉതകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഉരുള്‍പൊട്ടല്‍ ഉണ്ടാകുത് എന്തുകൊണ്ട്?
എന്‍.കെ. സലീം
ഡി.സി.ബുക്‌സ്, കോട്ടയം