2019, ജനുവരി 2, ബുധനാഴ്‌ച

സംശയം






ഒരു ദിവസം രാവിലെ ഞങ്ങളുടെ പൂച്ചയെ നടുവൊടിഞ്ഞ രീതിയില്‍ കണ്ടു. മുന്‍കാലുകള്‍ മാത്രമുയര്‍ത്തി അതിഴയാന്‍ തുടങ്ങി. ആ പുങ്കുലപോലുള്ള വാല്. അതങ്ങനെ ചത്തതുപോലെ നിലത്തു മുട്ടിക്കിടന്നു.
ആര്‍ക്കാണ് സങ്കടം തോന്നാത്തത്? ഇനിയൊരിക്കലും അതിനു നടക്കാനും ഓടാനുമാവില്ല. വീടിനുള്ളില്‍ ഉരുട്ടിക്കൊടുത്ത പന്തിനു പിന്നാലെ തട്ടിപ്പാഞ്ഞ് ഫുഡ്‌ബോള്‍ കളിക്കാനെത്തില്ല.
അതിനെ ശൂശ്രൂഷിക്കാന്‍ ഞാന്‍ രണ്ടാഴ്ചയിലേയ്ക്ക് അവധി വാങ്ങി. അതീവ രഹസ്യമായി. പുറത്താരെയും ഈ അനര്‍ത്ഥങ്ങള്‍ അിറയിച്ചതേയില്ല. നാണക്കെടാണല്ലോ. പൂച്ചയ്ക്ക് വേണ്ടി അവധിയെടുക്കുക!
ഞങ്ങള്‍ക്ക് കുട്ടികളില്ലാത്തതിനാലാവും ഭാര്യ അതിനെ നന്നായി ശുശ്രൂഷിച്ചു. എണ്ണ പുരട്ടിയും ചൂടുകൊടുത്തും മാര്‍ജ്ജാരന്റെ ഒടിഞ്ഞ നടുവിനെ പരിപാലിച്ചു. മടിയില്ലാതെ അതിന്റെ വിസര്‍ജ്യവും കോരിമാറ്റി. എന്നോട് ആലോചിക്കാതെയാണ് കോളനിയിലെ വെറ്റിനറി ഡോക്ടറെ കൂട്ടിക്കൊണ്ടു വന്നത്.
ഡോക്ടര്‍ പ്രതേ്യകിച്ചൊന്നും ചെയ്തില്ല. നന്നായി വിശ്രമിക്കട്ടെ. മൂന്നാഴ്ചയ് കൊണ്ട് പരിക്ക് ഭേദമാകുമെന്നു മാത്രം പറഞ്ഞു. ഒരു മമതയും കാണിക്കാതെ വെറും പൂച്ചയായി മാത്രമതിനെ ആ ഡോക്ടര്‍ കണ്ടു.
ഞങ്ങള്‍ക്ക് അവളങ്ങനെയായിരുന്നില്ല. കുട്ടികളില്ലാത്തതിനാല്‍ വീട്ടിലെ ഓമനയായിരുന്നു. അവള്‍ക്ക് കളിക്കാന്‍ ഒരു ചുമന്ന നിറത്തിലെ പന്തുണ്ടായിരുന്നു. അതുമായി മുറിയില്‍ അങ്ങോളമിങ്ങോളം ഗോള്‍പോസ്റ്റു തേടി അവളോടിയിരുന്നു. ആ പഴയ കാലം ഓര്‍ക്കാന്‍ തന്നെ സങ്കടമായിരുന്നു.
അയാള്‍ പറഞ്ഞതു മാതിരി പതുക്കെപ്പതുക്കെ അവള്‍ കാലുകള്‍ വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിച്ചു. നിവര്‍ന്നു നില്‍ക്കാന്‍ ശീലമായി. വാല് അനക്കി ത്തുടങ്ങി. ഗൂഢമായതുകൊണ്ടാവും ആരുമെന്നെ ഒരിടത്തു നിന്നും ഇക്കാലയളവില്‍ തേടിവന്നതേയില്ല.
ഒരു രഹസ്യം മനുഷന് എത്രനാള്‍ മൂടിവയ്ക്കാം? മനസ്സില്‍ അതങ്ങനെ ശാശ്വതമായി ഉറച്ചിരിക്കില്ല. അത് മനുഷ്യകുലത്തിനുള്ള ഒരു വീക്ക്‌നസ്സ് തെന്നയാണ്. ഇനിയുമൊരു പതിനായിരം ജന്മങ്ങള്‍ കഴിയണമായിരിക്കും മനസ്സിന് ഈ ബലക്കുറവിനെ അതിജീവിക്കാന്‍.
സത്യത്തില്‍ രാത്രിയില്‍ അടുത്ത വീട്ടിലേയ്ക്കുള്ള മതിലു ചാടിയപ്പോള്‍ എന്റെ നടുവാണ് ഉളുക്കിയതും നെഞ്ചടിച്ച് വീണതും.
ഭാര്യയെന്നെ ശുശ്രൂഷിച്ചോ? വീട്ടിലേയ്ക്ക് വന്നത് വെറ്റിനറി ഡോക്ടറാണോ  അല്ലയോ? ഈ സംശയം മാത്രം കഥയില്‍ സൂക്ഷിച്ചാല്‍ മതി.
 

ജനയുഗം വാരാന്തം 30.12.2018

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi