എാറെ നാളുകളായിരിക്കുന്നു അമ്മയെ കണ്ടിട്ട്.
സുഖമാണോയെന്നുപോലും തിരക്കാറില്ല. വൃദ്ധസദനത്തിന്റെ നമ്പര്‍ കൈയില്‍ തന്നെയുണ്ട്. ആവശ്യമുണ്ടെങ്കില്‍ മതിയല്ലോ. അമ്മയെ അറിയിക്കാന്‍ പാകത്തില്‍ അത്യാവശ്യങ്ങളൊന്നും അങ്ങനെ വന്നിട്ടുമില്ല. കുശലം ചോദിക്കാന്‍ തുനിഞ്ഞാല്‍ അമ്മ വെപ്രാളമെടുത്ത് ഫോണിന് അടുത്ത് ഓടി വരും. അതൊക്കെ അനാവശ്യമായ ശീലങ്ങളാണ്. ഈ വേവുന്ന ലോകത്തില്‍ അമ്മയെങ്കിലും സമാധാനത്തോടെ കഴിയട്ടെ!
മനസ്സിന്റെ ആ ഭാഗത്തിനെ അപ്പാടെ മണ്ണുവച്ചടച്ചിരിക്കുകയാണ്. എന്നാലും ചിലപ്പോള്‍ മണ്ണടരുകള്‍ പൊളിച്ച് ചിലത് ഒലിക്കാന്‍ തുടങ്ങും.
തകരാറ് രാത്രിയിലാണ്. ഒറ്റയുറക്കം നീട്ടിയടിച്ചില്ലെങ്കില്‍ അമ്മയുമായി ബന്ധമുള്ള എന്തെങ്കിലും സ്വപ്‌നം കണ്ട് കണ്‍മിഴിക്കാനിടവന്നാല്‍ തീര്‍ന്നു. പ്രജ്ഞയില്‍ ഒരു പച്ചച്ചിത നിന്നു കത്താന്‍ തുടങ്ങും. അതിന്റെ ചൂടും വേവും . ഉഷ്ണസഞ്ചാരവും വെളുക്കുവോളം. കൂര്‍ത്ത ഇരുട്ടില്‍ കിടക്കാനും വയ്യ! നില്ക്കാനും വയ്യ!
ന്താപ്പോ. നിങ്ങക്കൊറക്കമില്ലേ? ഭാര്യ വിളിച്ചുചോദിക്കും.
പിന്നെപ്പിന്നെ രാത്രി ശ്വാസംമുട്ടല്‍ ഒഴിയാബാധയായി. അമ്മയെ ഒന്നു ചെന്നു കണ്ടുകളയാം. മനച്ചൊറിച്ചില്‍ മാറട്ടെ!
അങ്ങനെ പാകപ്പെട്ട അവസ്ഥയില്‍ അയാള്‍ വൃദ്ധസദനത്തിലേയ്ക്ക് പോകാനുറച്ചു.
ദീര്‍ഘയാത്രയാണ് എന്നിട്ടും കാറെടുത്തില്ല. കാറുമായി ചെല്ലുമ്പോള്‍ അമ്മയെന്തെങ്കിലും പ്രതീക്ഷിച്ചാലോ? ആ മനസ്സൊരിക്കലും സങ്കടപ്പെടരുത്.
തീവണ്ടിയും ആട്ടോയും അവിടെയെത്തിച്ചു.
നല്ല അന്തരീക്ഷം. മുന്നത്തേക്കാള്‍ പ്രശാന്തം. നമുക്കൊക്കെ തികച്ചും അനുയോജ്യം. വൃദ്ധര്‍ക്ക് ഇത്തരം സ്വസ്ഥത തന്നെ പഥ്യം. വയസ്സാകുമ്പോള്‍ കുടുംബത്തിനു ശല്യമാകാതെ മുന്‍കൂട്ടി ഇത്തരമൊരിടത്തേയ്ക്ക് മാറണം.
അവിടെ ഒരുപാടു വയസ്സന്മാര്‍ സസന്തോഷം കാറ്റുകൊള്ളുന്നു. സവിസ്തരം ഉലാത്തുന്നു.
എന്റെ അമ്മയെ ഒന്നു വിളിച്ചു തരുമോ? അപേക്ഷവച്ച് അമ്മയെ കാണുന്നതില്‍ ജാള്യത തോന്നി.
പണ്ടൊരിക്കല്‍ പനിച്ച് ആശുപത്രിക്കിടക്കയിലായിരുന്നു- ഓര്‍മ്മക്കുടം അവിചാരിതമായി പൊട്ടിപ്പിളര്‍ന്നു.
''അക്കാ. നിങ്ങള് വീട്ടിച്ചെന്ന് കുളിച്ചു വരിന്‍! അതുവരെ കൊച്ചിനെ ഞാന്‍ നോക്കിക്കോളാം.''
അടുത്ത കട്ടിലെ കൂട്ടിരുപ്പുകാരി നൂറ്റൊന്നു തവണ അതാവര്‍ത്തിച്ചു.
''വേണ്ട. ജാനകി. എന്റപ്പിയിവിടെ പനിച്ചു കെടക്കുമ്പം എനിക്കെങ്ങോട്ടു നീങ്ങാനും കൈയുംകാലും ആടൂല്ല പേണ്ണേ!
വൃത്തികെട്ട മനസ്സ്. ആകാശത്തിലെ എാകാന്തതയെ തൊട്ടെടുക്കാന്‍ എത്തി നില്‍ക്കുന്ന കൊന്നത്തെങ്ങിനെ അയാള്‍ നോക്കി നിന്നു.
അതാ. അമ്മയവിടെ. കണ്ണുകള്‍ പിടഞ്ഞു.
ഒപ്പം നടക്കുന്ന പെണ്ണിനോട് അമ്മ എന്തൊക്കെയോ പറയുന്നു. ചിരിക്കുന്നു.
ഇത്രയും ഉല്ലാസത്തോടെ അമ്മയെ മുമ്പെങ്ങാനും കണ്ടിട്ടുണ്ടോ?
അമ്മ തീര്‍ത്തും സന്തോഷവതിയാണ്. വീട്ടിലെക്കാള്‍ സന്തുഷ്ടയാണിവിടെ..
ഒളിഞ്ഞു നിന്ന് ആ ഭാവത്തെ ആവാഹിക്കാന്‍ ശ്രമിച്ചതും.
എന്റെ ദേഹം കത്താന്‍ തുടങ്ങി.
അമ്മയുടെ ഓഹിരിയേല്‍ക്കാത്ത ഒരല്പം ശരീരഭാഗത്തെ മാത്രമേ ആ തീപ്പകര്‍ച്ചയില്‍ നിന്നെനിക്ക് രക്ഷിക്കാനായുള്ളു.
ജനയുഗം വാരാന്തം 12.12.2010