മറക്കാനാവാത്ത ഓണദിനങ്ങളുടെ കൂട്ടത്തില്‍ ഒരു പകല്‍ മുഴുവനും ഒരു സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയത് തരിച്ചു നില്‍ക്കുന്ന ഓര്‍മ്മകളിലൊന്നാണ്. അയാളന്തിയാവോളം ഈ അണ്ഡകടാഹത്തിലെ വിവിധ സംഗതികളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. പഴയ കാലത്തിനെ സംബന്ധിക്കുന്ന അനുബന്ധ വിവരങ്ങള്‍ ചേര്‍ത്തുകൊണ്ട് ഇടയ്ക്കിടെ അയാളുടെ അച്ഛനുമമ്മയും അതില്‍ പങ്കുചേര്‍ന്നു.
തൊട്ടടുത്തുള്ള മലയിറങ്ങി വന്ന തെളിനീരില്‍ ഉച്ചയ്‌ക്കൊരു ഓണക്കുളിയും നടത്തി.
അന്നത്തെ ഉച്ചഭക്ഷണം നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരന്ന രുചികളാണ് പകര്‍ന്നത്. പഴയ നാട്ടുരുചികള്‍. പച്ചക്കറികള്‍ ആ അമ്മ അവരുടെ തൊടിയില്‍ നിന്നും പറിച്ചെടുത്തതും. കറികളില്‍ സമകാലിക രസനകളുടെ മസാലക്കൂട്ടുകളൊന്നും ചേര്‍ന്നിരുന്നില്ല. ഭക്ഷണം പോലും ഓര്‍മ്മയില്‍ നിറഞ്ഞ ദിവസം.
എാതു വൈരാഗിയിലും എാറെ സന്തോഷമുണ്ടാക്കിയ ഒരു നുറങ്ങനുഭവമുണ്ടായിരിക്കും. അതത്ര ബൃഹത്തായതൊന്നുമാവണമെന്നില്ല. ചെറുതെങ്കിലും താനനുഭവിച്ച ചൂടും തെളിച്ചവും ആഖ്യാന വേളയില്‍ തുടിക്കുന്നുണ്ടാവും. ആ സുഹൃത്ത് പറഞ്ഞവയില്‍ ഒരെണ്ണം അത്തരത്തിലുള്ളതായിരുന്നു.
എന്റെ ജീവിതത്തിലെ എാറ്റവും സന്തോഷമുള്ളത് എന്ന പറഞ്ഞുകൊണ്ടാണ് അയാളത് അയവിറക്കിയത്. ധാരളം ദുരന്തങ്ങള്‍ വലിച്ചു കുടിച്ച ആ മുഖത്തപ്പോള്‍ സന്തോഷം തെളിഞ്ഞു വന്നു.
പാതിവഴിയില്‍ മുടങ്ങിയ യാത്രയുടെ സങ്കടം, പുതിയൊരു ലോകം പകര്‍ന്ന നവ്യാനുഭൂതികള്‍ എന്നീ കാരണങ്ങളാല്‍ അയാളുടെ നാലാം വയസ്സിലെ അനുഭവം തെളിഞ്ഞു നില്‍ക്കുന്ന ഒന്നാണ്.
അതിങ്ങനെയാണ്.
''ഞാന്‍ ചെറുതായിരുന്നപ്പോള്‍ വീട്ടില്‍ നിന്നെല്ലാപേരും ഗുരുവായൂര്‍ അമ്പലം കാണാന്‍ പോയി. ഇവിടെ നിന്നും ഞങ്ങളൊരു കാറിലാണ് യാത്ര ചെയ്തത്. അമ്പലപ്പുഴയിലെത്തിയപ്പോള്‍ ഞാന്‍ ഛര്‍ദ്ദിച്ച് എാതാണ്ട് അവശനായി. അവിടെ പരിചയത്തിലൊരു ടീച്ചറുണ്ട്. അവര്‍ എാറെക്കാലം ഞങ്ങളുടെ മാമന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നെ അവരുടെ അടുത്താക്കി അവരെല്ലാം യാത്ര തുടര്‍ന്നു.
മൂന്നാലു ദിവസങ്ങള്‍ കഴിഞ്ഞാണ് അവരൊക്കെ മടങ്ങി വന്നത്. ഈ അമ്പതു വയസ്സിന്നിടയില്‍ ഞാനനുഭവിച്ച എാറ്റവും എന്തോഷമുള്ള ദിവസങ്ങള്‍ അതായിരുന്നു.
ഞാനന്നുവരെ കഴിച്ചിട്ടില്ലാത്ത വിഭവങ്ങള്‍ കൊണ്ടാണവരെന്നെ ഊട്ടിയത്. മാമന്റെ വീട്ടില്‍ ടീച്ചര്‍ക്ക് ലഭിച്ച സുരക്ഷയുടെയും സൗകര്യങ്ങളുടെയും പ്രത്യുപകാരമായി അതെനിക്ക് തോന്നി.
അവിടൊരു ചേട്ടനുണ്ടായിരുന്നു. ചേട്ടനെന്നെ തോണിയിലിരുത്തി ആറ്റിലൂടെ എാറെ നേരം തുഴഞ്ഞു നടന്നു. ഇത്രയും വെള്ളം ഞാനൊരുമിച്ച് കാണുന്നത് ആദ്യമായിട്ടായിരുന്നു. പലയിടത്തും ആറ്റരുകില്‍ നിന്നും പൊന്തയും ചെടികളും ഞങ്ങളുടെ ആറ്റുവഴിയിലേയ്ക്ക് ചാഞ്ഞുകിടന്നിരുന്നു. അത് പുഴയുടെ മുകള്‍ഭാഗത്തെ പൂര്‍ണ്ണമായി അടച്ചുപിടിച്ചു. അതൊക്കെ വകഞ്ഞുമാറ്റിയാണ് ഞങ്ങള്‍ തുഴഞ്ഞുപോയത്.
ആ വീട്ടിലെ കുളത്തിനെ ഞാനൊരിക്കലും മറക്കില്ല.
കൂട്ടിന്നാരുമില്ലാത്ത നേരത്ത് ഞാന്‍ കുളക്കരയില്‍ ചെന്നിരുന്നു. അതില്‍ നിറയെ ആമകളുണ്ടായിരുന്നു. തെളിനീരില്‍ നിന്നും അവ വരിവരിയായി കരയിലേയ്ക്ക് കയറിവരും. ഞാന്‍ കുളത്തില്‍ ഒരു കല്ലെടുത്തിടും. അനക്കം തട്ടി അവ വരിയായി തന്നെ തിരികെപ്പോകും.
അനങ്ങാതിരിക്കുമ്പോള്‍ വീണ്ടുമവ കരയിലേയ്ക്ക് കയറിവരും. ആമകളുടെ വരി എാതാണ്ട് രൂപമെടുക്കുമ്പോള്‍ ഞാന്‍ വീണ്ടും കല്ലെടുത്തിടും.
ആമകളും ഞാനും ചേര്‍ന്ന് ആ പരിപാടി എാറെ നേരം ആവര്‍ത്തിച്ചു.
അതൊക്കെ ഒരു സ്വപ്‌നം പോലെ തോന്നുന്നു.''
ബാല്യത്തില്‍ ചെന്നു തൊട്ടതിനാവാം ആഖ്യാനത്തിനു ശേഷം എാറെ നേരം അയാള്‍ മിണ്ടാതിരുന്നു.