2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

അതു ഞാനാണ്



ഈ ബാറു മുളച്ചതുമുതല്‍ ഞാനെപ്പോള്‍ ചെന്നാലും അവനാ സീറ്റിലുണ്ടാകുമായിരുന്നു.

സ്ഥിരമായി മേശ പങ്കിടുന്നവര്‍ എന്ന വികാരവായ്‌പോടെ ഞങ്ങള്‍ പരസ്പരം വിഷ് ചെയ്യും.
ഞാനവന് ഷെയര്‍ വയ്ക്കുകയോ, അവനെന്റെ  ബില്ല് പേ ചെയ്യുകയോ ഉണ്ടായിട്ടില്ല. എങ്കിലും ഞങ്ങള്‍ക്കിടയിലെ ബന്ധം തീഷ്ണമായിരുന്നു.
അതാണവന്റെ മരണവാര്‍ത്ത കേട്ട് തുള്ളിപോലും കുടിക്കാതെ ഞാന്‍ പാഞ്ഞത്. 
ഇന്നും ഓഫീസിലേയ്ക്ക് പോയതാണത്രേ! അവിടെച്ചെന്ന് കുഴഞ്ഞുവീണു മരിച്ചു.
വാക്കുകള്‍ക്കൊപ്പം വിവിധ ജാതി ലഹരി ഗന്ധങ്ങള്‍ അവിടെ തൂവിപ്പടരുന്നു. എന്നിട്ടും ഞാനാസക്തനായതേയില്ല.

സുഖമരണം. ചത്തവനു പോകാം.
അവനിതുവരെയും വീടുണ്ടാക്കിയിട്ടില്ല. ശരീരം കിടത്തിയിരിക്കുന്നത് വാടകത്തിണ്ണമേല്‍..
കെട്ടു പ്രായം കഴിഞ്ഞ പെണ്‍കുട്ടികള്‍ രണ്ടാണ്.

മരണം കാണാന്‍ വന്നവര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത് എന്നെപ്പറ്റിയുമാണ്.
ഞാന്‍ ശവമായി നിന്നെല്ലാം കേട്ടു.

2014 ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

മി. കോരനെന്നും



പണ്ട് തിരുവോണത്തിന് കോരന് ജന്മീടെ വീട്ടിലെ പൈക്കളേയും കന്നുകുട്ടികളെയും കുളിപ്പിക്കാനും കുറിതൊടീക്കാനും ഓടണമായിരുന്നു.

ഇന്നും ഓണത്തിന് മിസ്റ്റര്‍ കോരന് ഇരിക്കപ്പൊറുതിയില്ല. മക്കള്‍ രണ്ടുപേരുടെയും കാറുകള്‍ കഴുകി തുടയ്ക്കണം. അവയെ മഞ്ഞക്കോടി ഉടുപ്പിക്കണം...
------------------------
ഇന്ന് മാസിക* ജൂലൈ 2014
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi