2009, മാർച്ച് 11, ബുധനാഴ്‌ച

ശിവാലയഓട്ടം Sivalayam



ഒരു പുലര്‍ച്ചയ്‌ക്കു മുന്നേ
ജീവിതയാത്രയിലെ ഒരു ഖണ്‌ഡം തീര്‍ത്ഥയാത്രാപഥത്തില്‍ ചെന്നു മുട്ടിയപ്പോള്‍ മാല പോലെ അപരിചിത ഗ്രാമങ്ങള്‍ മുന്നിലേയ്‌ക്ക്‌ തുറന്നു വന്നു. രാജപാതകള്‍, ഇടവഴികള്‍, നാട്ടുവഴികള്‍, നടവഴികള്‍, പാടവരമ്പുകള്‍, പറമ്പുകളെ ഖണ്‌ഡിക്കുന്ന കുറുക്കുവഴികള്‍, കനാല്‍ത്തിട്ട അങ്ങനെ വൈവിധ്യ സഞ്ചാരയിടങ്ങള്‍ ആ രാവില്‍ പ്രാപ്യമായി. സായാഹ്ന, സന്ധ്യ, പിന്നെ രാവു മുഴുവനും നീളുന്ന കാല്‍നട യാത്രയായി ശിവാലയ ഓട്ടം മാറി.
(ശിവരാത്രിയിലും അതിനു മുന്നിലെ രാത്രിയിലും അവയുടെ ഇടപ്പകലിലും പഴയ തിരുവിതാംകൂറിലെ കല്‍ക്കുളം വിളവങ്കോടു താലൂക്കുകളില്‍ തിരുമല മുതല്‍ തിരുനട്ടാലം വരെ പന്ത്രണ്ട്‌ ശിവാലയങ്ങളിലായി ശിവഭക്തന്മാര്‍ ഓടിയെത്തി ദര്‍ശന പൂര്‍ത്തീകരണം നടത്തുന്ന തീര്‍ത്ഥയാണിത്‌. പുതിയ കാലത്തില്‍ അതു ബൈക്കു യാത്രയായും വലിയ വാഹനങ്ങളിലെ തീര്‍ത്ഥാടന ടൂറിസമായും മാറിയിരിക്കുന്നു).
മുന്നില്‍ തുറന്നു വരുന്ന വഴിയുടെ ലക്ഷണങ്ങള്‍ ഓര്‍ത്തെടുത്ത്‌ കാവിയുടുത്ത (മുമ്പ്‌ വേഷം മഞ്ഞ നിറത്തിലായിരുന്നു) ദേശാടനക്കിളികള്‍ തിരുവിതാംകൂര്‍ ഏടുകളിലെ രാജശാസന, ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങളിലേയ്‌ക്കുള്ള പാതകളെ നിരവധി തവണ മുറിച്ചും അതിനൊപ്പമൊഴുകിയും താണ്ടുന്നു. പകല്‍ സന്ധ്യയിലേയ്‌ക്കും പൂര്‍ണ്ണ ഇരുട്ടിലേയ്‌ക്കും വഴിമാറുമ്പോള്‍ കൂരിരുട്ടിന്റെ വങ്കാളങ്ങളില്‍ നിന്നു ജീവിതയാത്രയിലെ ചില പരിചയക്കാര്‍ നുഴ്‌ന്നു വെളിച്ചത്തിലേയ്‌ക്ക്‌ കയറി വരുന്നു. പരിമിത കുശലങ്ങള്‍ക്കുശേഷവര്‍ പിന്നെയും ഇരുളത്തിലേയ്‌ക്ക്‌ തുരിറങ്ങി തുടര്‍വഴിയില്‍ മുഗ്‌ദരാവുന്നു.
4 മണി വൈകുന്നേരം
മുഞ്ചിറയിലെ താമ്രപര്‍ണി നദിയുടെ ഈറന്‍ വാരിച്ചുറ്റിയ ഭക്തര്‍ `` പന്ത്രണ്ട്‌ ആലയങ്ങളിലായി ഭക്തി പാരവശ്യവുമായി ഓടിത്തളരുന്ന വ്യാഘ്രപാദമുനിയെയും ഭീമസേയേയും'' വീശിത്തണുപ്പിക്കാനായി പനയോല വിശറിയും ഭസ്‌മം ശേഖരണത്തിന്‌ കുഞ്ഞു തുണിസഞ്ചിയും കൈവശപ്പെടുത്തി തിരുമല ഒന്നാം ശിവാലയത്തില്‍ ഒത്തുകൂടുന്നു. ഏകദേശം നൂറിനു പുറത്തു കിലോമീറ്ററുകള്‍ വരുന്ന യാത്രാപഥത്തിലേയ്‌ക്ക്‌ കുതിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പുരുഷാലയമായി ശിവരാത്രി തലേന്നുള്ള സായാഹ്നത്തില്‍ തിരുമല മാറുന്നു. അമ്പലമണികള്‍ മുഴങ്ങവെ തുറന്നു വിട്ട പുരുഷപ്രവാഹം പടികളിലൂടെ കിഴക്ക്‌ ദേശത്തിലെ രണ്ടാം ശിവാലയത്തിലേയ്‌ക്ക്‌ കുതിക്കുന്നു. ഏകലക്ഷ്യമായി അതങ്ങനെ വിവിധ സാംസ്‌കാരിതയിലൂടെ ഒഴുകിപ്പരക്കുന്നു. അവിടെ വര്‍ഷത്തിലൊരിക്കല്‍ മാത്രം വന്നു നിറയുന്ന തീര്‍ത്ഥയാത്രികരിലേയ്‌ക്ക്‌ കണ്‍മിഴിച്ചു നില്‍ക്കുന്നത്‌ എണ്ണമറ്റ തരത്തിലെ സസ്യജാലങ്ങളും കൂടിയാണ്‌.
ഇടനാടിന്റെ കാര്‍ഷിക സമൃദ്ധി കരക്കൃഷിയില്‍ ദര്‍ശന സായൂജ്യമാകുന്നു. നാഗരികതയിലേയ്‌ക്കുള്ള പ്രയാണത്തില്‍ തെറിച്ചു നില്‍ക്കു മാറ്റങ്ങള്‍ നികത്തെപ്പെടുന്ന കൃഷിയിടങ്ങളിലും നെല്ലില്‍ നിന്നുള്ള കാര്‍ഷിക പരിവര്‍ത്തനത്തിലും കാണാവുന്നതാണ്‌. കുഴിത്തുറ റെയിലാപ്പീസുകയറി, മാര്‍ത്താണ്‌ഡത്ത്‌ നാഷണല്‍ ഹൈവേയും കടന്ന്‌ പാദലക്ഷ്യം തിക്കുറിശ്ശിയിലേയ്‌ക്ക്‌.
7 മണി
ഒരിക്കല്‍ കൂടി താമ്രപര്‍ണ്ണി നദി തെളിനീര്‍ ദര്‍ശന പുണ്യമൊരുക്കുന്നു. തിക്കുറിശ്ശിയിലെ പാലത്തില്‍ നില്‍ക്കവെ പാതയോരത്ത്‌ യാത്രികര്‍ക്കായി പടിഞ്ഞാറേ അന്തിമാനം കാത്തുവച്ചത്‌ ആകാശക്കാഴ്‌ചകളുടെ അവസാനമാത്രകളാണ്‌. തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉറവിടം താമ്രപര്‍ണ്ണി നദിയോരത്തെ ഇരു കരകളിലെയും ഇഷ്‌ടികക്കളങ്ങളാണ്‌‌. രാത്രിയിലും എക്‌സ്‌കവേറ്ററുകള്‍ മണ്ണു ചവിച്ചിടുന്ന ഒച്ചകേട്ട്‌‌ ചെളി കലങ്ങുന്ന കടവുകളില്‍ മുങ്ങി നിവര്‍ന്ന്‌‌ ഭക്തര്‍ തിക്കുറിശ്ശി ഭഗവാനെയും ഗോവിന്ദാ ഗോപാലാ ജപിച്ച്‌ നനഞ്ഞ വിശറിയാല്‍ വീശിണുപ്പിക്കുന്നു.
ക്ഷേത്രദര്‍ശനം, ഭഗവാനു മുന്നിലെ വീശല്‍, ഭസ്‌മലേപനം, ഗോവിന്ദായെന്ന്‌ ഉച്ചരിച്ച്‌ ഗോപാലായെന്ന മറുനാമം കേട്ടുള്ള പലായനം. ഇവയില്‍ മാത്രമായി ഒതുങ്ങുന്ന തരത്തിള്ള ലളിതമായ ചിട്ടവട്ടങ്ങളാണ്‌ ശിവായഓട്ടത്തിനുള്ളത്‌.
ദര്‍ശന വഴിയിപ്പോള്‍ മലമ്പാതയായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. തിക്കുറിശ്ശിയില്‍ കൊയ്യാനായി വിളഞ്ഞു കിടന്നത്‌ ഇടനാടിലെ അവസാന പാടശേഖരമായിരുന്നു. മലയാളനാട്ടില്‍ നിന്നു ഒളിച്ചുപോന്ന കശുവണ്ടിഫാക്‌ടറികള്‍ കേരളക്കാരെ കാണാതിരിക്കാനായി അവിടെ ഇരുട്ടില്‍ പതിഞ്ഞു കിടന്നു.
പൂത്തുകിടക്കുന്ന റബ്ബര്‍ക്കാടുകളുടെ മദിച്ച ഗന്ധമാണ്‌ വഴിക്കിപ്പോള്‍. പൂമുഖങ്ങളില്‍ പഥികരെ കാത്തിരിക്കുന്ന കിടാങ്ങള്‍ ഗോവിന്ദായെന്നു വിളിച്ച്‌ ഗോപാലായെന്ന മറുവിളി പരീക്ഷണത്തിന്‌ തയ്യാറായിരിക്കുന്നു. ഈ സാംസ്‌കാരിതയുടെ ഖണ്‌ഡങ്ങളെ നാളെ മുന്നോട്ടു പുതു കാലത്തിലേയ്‌ക്ക്‌ നീക്കുന്നതിലെ പരീക്ഷണങ്ങളില്‍ കുഞ്ഞുങ്ങള്‍ മുഴുകുതായി തോന്നി.
നടന്നു തളരുന്നവര്‍ക്ക്‌ സംഭാരം, ചുക്കുവെള്ളം, കരിപ്പെട്ടി കാപ്പി, തേങ്ങയിട്ടു വേവിച്ച ചുണ്ടല്‍ക്കടല എന്നിവയിലൂടെ പഴമയുടെ സല്‍ക്കാരകണ്ണികള്‍ പുതുകാലത്തിലൂം ആവര്‍ത്തിക്കുന്നു. വിശപ്പും ക്ഷീണവും എങ്ങനെയാണ്‌ വെന്തുകുതിര്‍ന്ന ഒരു പാത്രം കഞ്ഞിയിലും ഒരു കീറു നാരങ്ങ അച്ചാറിലൂടെയും ശരീരം വലിച്ചെടുത്തു വിയര്‍പ്പാക്കി കളയുന്നത്‌ എതിന്റെ രസതന്ത്രം ഇരുളില്‍ വഴിയോരത്ത്‌ നിന്നും പഠിക്കാനാവുന്നു. ഒരു നാവു മാങ്ങാഅച്ചാര്‍ പതിയെ അലിഞ്ഞിറിങ്ങുമ്പോള്‍ തൊണ്ടിയില്‍ കുരുങ്ങിക്കിടന്ന ദാഹത്തിന്റെ ചോദനകള്‍ എവിടെ എങ്ങനെ മാറിമറിഞ്ഞു. അനുഭവമുണ്ടാകണമെങ്കില്‍ നടന്നു തളരണം.
പാതയിപ്പോള്‍ ശിവായങ്ങളിലേയ്‌ക്ക്‌ കുതിക്കുന്ന ബൈക്കുള്‍ ഉള്‍പ്പെടെ വാഹനങ്ങളെ കൊണ്ടു നിറഞ്ഞു. (ദൈവദര്‍ശനത്തില്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സഹായം. ഈ നിശ്ശബ്‌ദതയെ എന്തിനാണ്‌ യാന്ത്രിക സവാരിക്കാര്‍ ഹോണ്‍ മുഴക്കി മുറിക്കുന്നത്‌?).
ചിതറാള്‍ മലൈക്കോവിലു താഴ്‌വാരമെത്തുമ്പോള്‍ പൗരാണികതയില്‍ അണഞ്ഞുപോയ ജൈന സാംസ്‌കാരികതയുടെ ചിഹ്നമായി പാറമുകളില്‍ നക്ഷത്രവിളക്ക്‌ കൊളുത്തി വച്ച വലിയ കല്‍പ്പരപ്പ്‌ ഇരുളില്‍ മുങ്ങിക്കിടക്കുന്നു. മനസ്സ്‌ ഒരു തവണകൂടി ആ ജൈനകേന്ദ്രത്തില്‍ ചുറ്റി വന്നു.
അരുമനയിലെ അല്‌പനേര വിശ്രമത്തിലാണ്‌ അയ്യോ കാല്‍പാദങ്ങള്‍ പിറുപിറുക്കുന്നുേേല്ലാ എന്ന ചിന്ത ഉദിച്ചത്‌.
10 മണി രാവ്‌
തൃപ്പരപ്പില്‍ താമ്രപര്‍ണ്ണി വിശാലമായ പാറപ്പുറം വിരിച്ചിട്ട്‌‌ തളര്‍ന്നു കിടന്നു. വിരലുകള്‍ പോലെ പാറയിടുക്കിലൂടെ നദി മന്ദമായി നീങ്ങി. ഒഴുക്കുഭാഗങ്ങളില്‍ യാത്രികര്‍ മുങ്ങി വരുന്നതുവരെ നക്ഷത്രം വിതറിയ മാനം നോക്കിക്കിടക്കവെ ശരീരമെമ്പാടും വേദന വന്നു കൊത്തി. അക്കരെ അമ്പല വെളിച്ചത്തെ ലാക്കാക്കി ഒറ്റയ്‌ക്കൊരു വെള്ളി മൂങ്ങ പറന്നു പോയപ്പോള്‍ ഉത്സവരാവുകളില്‍ ആരവങ്ങള്‍ക്കും പ്രകാശാന്തരീക്ഷത്തിനുമുള്ളിലൂടെ വുന്നു തൊട്ടിരുന്ന കുഞ്ഞുന്നാള്‍ സങ്കടത്തെ ഓര്‍മ്മ പുതുക്കി.
മൂന്നാം ശിവാലയത്തില്‍ നിന്നിറങ്ങുമ്പോള്‍ കാല്‍പ്പാദങ്ങളിലെ പിറുപിറുക്കലുകള്‍ ശരിവേദനയായി പരാതി വാക്കുകള്‍ എറിഞ്ഞു. എങ്കിലും ഇരവിലെ മോഹിത വഴികള്‍ ആകാംക്ഷാപൂര്‍വ്വം പൊള്ളിനിന്ന്‌ മുന്നിലേയ്‌ക്ക്‌ മാടി വിളിച്ചു. ഒരു റബ്ബര്‍ക്കാടിന്നിരുളിലൂടെ വാഴപ്പണചാടി കടന്നു നീങ്ങുമ്പോള്‍ നിറപാതിരായില്‍ മറുജപം പ്രതീക്ഷിച്ച്‌ ഇരുളില്‍ നിന്നു വന്ന ഗോവിന്ദാ എന്ന പെണ്ണൊച്ചയില്‍ മനസ്സ്‌ ആകാശത്തോളം തഴച്ചു.
ഇറമ്പോളം മുട്ടിമുട്ടിയൊഴുകുന്ന പേച്ചിപ്പാറയുടെ കനാല്‍ വരമ്പിറങ്ങി ചെന്നത്‌ മറക്കാകാഴ്‌ചയിലേയ്‌ക്ക്‌. മറുവശത്തെ താഴ്‌ചയിലെ ചെരിവില്‍ നിന്നും വെള്ളം പടിഞ്ഞാറുഭാഗത്തേയ്‌ക്ക്‌ ഒഴുകി നീങ്ങാന്‍ കനാല്‍ത്താഴ്‌ചയ്‌ക്കുമടിയില്‍ പണിത ടണലാണ്‌ കഥാപാത്രം. അഞ്ചടി ഉയരവും കഷ്‌ടി മൂന്നടി വീതിയിലെ വൃത്താകൃത ദ്വാരത്തിനുള്ളില്‍ ജലസാന്നിധ്യത്തിലും ടോര്‍ച്ചിന്‍ പ്രകാശവും ഗോവിന്ദാ ഗോപാലാ ജപവും കൂട്ടിക്കൊണ്ടുപോയത്‌ ശരിയാത്രാനുഭവത്തിലേയ്‌ക്ക്‌. മുകളില്‍ ഇരമ്പിപ്പോകുന്ന കനാലില്‍ നിന്നും നെറുകയില്‍ തുള്ളികള്‍ ഊറിവീണു സാന്ദ്വനിപ്പിച്ചു. കഷ്‌ടി നൂറുമീറ്റര്‍ നടപ്പിനുശേഷമുള്ള വിശാലമായ ഭൂമിക തിരുനന്തിക്കര അമ്പലക്കുളത്തിരുകില്‍ പിന്നെയും എത്തിക്കുന്നു.-
1.30 രാവുമദ്ധ്യാഹ്നം
മോഹിത കാഴ്‌ചയിടങ്ങളിലൂടെ വെട്ടിവെട്ടിക്കയറി യാത്രയിലെ അവസാ ശിവാലയത്തിലെത്താനായി കൂട്ടുകാരെ പറഞ്ഞു വിട്ട്‌‌ തോറ്റ പടയാളിയുടെ അംഗഭംഗ ഭാവവുമായി തിരുനന്തിക്കര ബസ്റ്റാന്‍ഡില്‍ ആദ്യബസ്സിനു പുലര്‍ച്ച തേടി ഞാനിരുന്നു.

5 comments:

ullas on 2009, മാർച്ച് 11 10:59 AM പറഞ്ഞു...

സുധീ , ബുലോകത്തില്‍ കണ്ടതില്‍ സന്തോഷം .തീര്‍ഥാടനം ശീലമല്ലാതതിനാല് അത്ഭുതത്തോടെ വായിക്കുന്നു .കമന്റുകള്‍ മറ്റു പോസ്റ്റുകള്‍ നോക്കിയിത്നു ശേഷം ആകാം .

ullas on 2009, മാർച്ച് 11 10:59 AM പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവപ്പെട്ടവൻ on 2009, മാർച്ച് 13 3:25 AM പറഞ്ഞു...

മനോഹരമായിരിക്കുന്നു

ആശംസകള്‍

nAs publishers on 2014, ഫെബ്രുവരി 26 10:44 AM പറഞ്ഞു...

good one...al the best

Sebastain Joseph on 2021, മാർച്ച് 11 2:10 PM പറഞ്ഞു...

👍

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi