''ഞാനീയിടെ വീട്ടുപറമ്പിലെ ഒരു മഹാഗണി വെട്ടിച്ച് അതുകൊണ്ടൊരു അലമാര പണിയിച്ചു. അതില്‍ നിറയെ വായിക്കാനുള്ള പുസ്തകങ്ങളും അടുക്കി വച്ചു. മലയാള സാഹിത്യ വായനയിനി തുടങ്ങണം. എഴുതണം. ഔദേ്യാഗികമായ തിരക്കുകള്‍ കഴിഞ്ഞല്ലോ.'' ഈ വാക്കുകള്‍ ഇന്‍ഡ്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി എസ് എല്‍ വി) പ്രോജക്ട് ഡയറക്ടായിരുന്ന ശ്രീ .എന്‍. പി ഗിരിയുടേതാണ്. ഐ എസ് ആര് ഒ (ഇസ്റോ) യിലെ മുപ്പത്തിയേഴു വര്‍ഷ സേവനശേഷമുള്ള വിരമിക്കലിനെ തുടര്‍ന്നാണ് ഈ ശാസ്ത്ര പ്രതിഭ ഭാവിജീവിത താലപര്യങ്ങള് വെളിപ്പെടുത്തിയത്.
ജി എസ് എല്‍ വി റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണം നടന്നത് 2023 മേയ് 28 നായിരുന്നു. ഇന്‍ഡ്യയുടെ ശാസ്ത്രനേട്ടത്തിന്റേതായ പതാക ഒരിക്കല്‍ കൂടി പാറിക്കാന്‍ നേതൃത്വം നല്‍കിയതിനു ശേഷം ഭാവിയില്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന വ്യക്തിപരമായ ചോദ്യത്തിനുള്ള ഉത്തരം ഈ പ്രതിഭയുടെ മാനസിക ലോകത്തെ കുറിച്ചുള്ള തെളിമയുടെ സൂചകം കൂടിയാണ്. ഒരു 'അനുസരണയില്ലാത്ത കുട്ടി' എന്നദ്ദേഹം വിശേഷിപ്പിച്ച ജി എസ് എല്‍ വിയുടെ വിക്ഷേപണ വിജയമാണ് തനിക്കുള്ള ഏറ്റവും നല്ല വിരമിക്കല്‍ സമ്മാനമെന്നദ്ദേഹം വിലയിരുത്തുന്നു. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ് മേയ് മുപ്പത്തിയൊന്നിന് അദ്ദേഹം ഇസ്റോയില്‍ നിന്നും വിരമിക്കുകയും ചെയ്തു.
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ചില്‍ ഐ സ് ആര് ഒ യില്‍ സയന്റിസ്റ്റ് എഞ്ചിനീയര്‍ സി ആയി പ്രവേശിച്ച എന്‍ പി ഗിരി നമ്മുടെ പ്രധാന റോക്കറ്റുകളായ പി എസ് എല്‍ വി, ജി എസ് എല്‍ വി എന്നിവകളുടെ വികാസത്തിനും വിജയകരമായ വിക്ഷേപണങ്ങള്‍ക്കും അവയുടെ തുടക്ക കാലത്തന്നു തന്നെ പങ്കുവഹിച്ചു.
ഇസ്റോയുടെ സ്പോണ്സര്ഷിപ്പിലാണ് ഉപരിപഠനാര്‍ത്ഥം അദ്ദേഹം എം ടെക് പഠനം നടത്തിയത്. ടെലി ഓപ്പറേറ്റഡ് റോബോട്ടിക്സ് ആയിരുന്നു എം ടെക് പഠനവേളയിലെ പ്രോജക്ട്. കാണ്‍പൂരിലെ ഐ ഐ റ്റി യില്‍ നടത്തിയ പ്രോജക്ടിന്റെ സങ്കേതിക കണ്ടെത്തലിന്റെ വികസിത രൂപത്തിലൂള്ള റോബോട്ടുകള്‍ ഇപ്പോഴും നമ്മുടെ ആണവ നിലയങ്ങളില്‍ മനുഷ്യപ്രവേശനം അസാധ്യമായ വികിരണ മേഖലകളില്‍ ഉപയോഗിച്ചു വരുന്നു. സ്പര്‍ശന മേഖലകളിലെല്ലാം പ്രായോഗിക വിജയം എന്നതിന്റെ ലക്ഷണമായി പഠനകാലത്തെ തുടക്കത്തിനെ വിലയിരുത്താം.
ചില താക്കോല്‍ പ്രവര്‍ത്തനങ്ങള്‍
റോക്കറ്റുകളുടെ സ്റ്റേജ് സെപ്പറേഷന്‍ സിസ്റ്റത്തിന്റെ (ജ്വലനശേഷമുള്ള വിവിധ ഘട്ടങ്ങളുടെ വേര്‍പെടല്‍ സംവിധാനം) രൂപകല്പന പ്രവര്‍ത്തനങ്ങളിലാണ് തുടക്കത്തില്‍ സയന്റിസ്റ്റ് എന്ന നിലയില്‍ പങ്കുചേര്‍ന്നത്. ആ കണ്ടെത്തലുകള്‍ പി എസ് എല്‍ വി റോക്കറ്റിന്റെ ഒന്നാം ഘട്ട റിട്രോ റോക്കറ്റ് സിസ്റ്റം വേര്‍പിരിയല്‍ സംവിധാനത്തില്‍ വിജയകരമായി ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഡിസൈന്‍, വികസനം, നിര്‍മ്മാണം സംബന്ധിയായ ചുമതലകളാണ് പി എസ് എല്‍ വി പ്രോജക്ട് ഭാഗമായി തുടര്‍ന്നു എന്‍ പി ഗിരി നിര്‍വ്വഹിച്ചത്. റോക്കറ്റ് മെക്കാനിസം, ഡിസൈന്‍, അവയുടെ അനാലിസിസ് വിഭാഗം തലവന്‍ എന്ന നിലയിലും ടെലി റോബോട്ടിക്സ് ശാഖയ്ക്കും ഒട്ടേറെ സംഭാവനകള്‍ നല്കുകയുണ്ടായി.
ചാന്ദ്ര പര്യവേഷണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിഞ്ഞത് രാജ്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന ശാസ്ത്ര സംഭാവനയാണ്. ചന്ദ്രയാന്‍ 1 ഉപയോഗിച്ച് ചന്ദ്രനില്‍ ദേശീയപതാക എത്തിച്ച മൂണ്‍ ഇംപാക്ട് പ്രോബ് (എം ഐ പി) ന്റെ ഘടന ഡിസൈന്‍ ചെയ്തതില്‍ സുപ്രധാന പങ്കുവഹിച്ചു.
2007ല്‍ നടന്ന സ്പേസ് റിക്കവറി എക്സ്പെരിമെന്റ് ഒന്നിലെ പങ്കാളിത്തമായിരുന്നു എന്‍ പി ഗിരിയുടെ സംഭാവനകളില്‍ ശ്രദ്ധേയമായ മറ്റൊന്ന്. ഭാവിയിലെ മനുഷ്യരെ വഹിച്ചുള്ള പേടകങ്ങള്‍ ദൗത്യശേഷം ഭൂമിയില്‍ തിരിച്ചിറക്കുക എന്നതിന്റെ നാന്ദി പരീക്ഷണമായിരുന്നു അത്. ബഹിരാകാശത്തെത്തുന്ന പേടകത്തെ സുരക്ഷിതമായി ഭൂമിയില്‍ തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യയുടെ വിവിധ ഘട്ടങ്ങളുടെ നിര്‍മ്മാണവും പരീക്ഷണവും അതിലൂടെയാണ് പൂര്‍ത്തീകരിച്ചത്.
ഈ പരീക്ഷണത്തിലെ ക്യാപ്സ്യൂളിന്റെ ബഹിരാകാശത്തു നിന്നും തിരിച്ചുള്ള അന്തരീക്ഷ പ്രവേശവും അതിനെ ഭൂമിയില്‍ സുരക്ഷിതമായി ഇറക്കുന്ന റീ എന്‍ട്രി പരീക്ഷണത്തിലും എന്‍ പി ഗിരി സുപ്രധാന പങ്കുവഹിച്ചു. അഞ്ചിലേറെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരീക്ഷണങ്ങളില്‍ എന്‍ പി ഗിരി സിസ്റ്റംസ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റ ഡപ്യൂട്ടി ഡയറക്ടറായിരുന്നു. പരീക്ഷണത്തിന്റെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ പ്രധാന സ്ഥാനമേറ്റെടുത്ത് പ്രവര്‍ത്തിച്ച് അതു പൂര്‍ത്തിയാക്കേണ്ടതായും വന്നു. അതിനുപരിയായി സ്പേസ് ക്യാപ്സ്യൂളിന്റെ ബാഹ്യ താപസംരക്ഷണ കവചത്തിന്റെ രൂപകല്പന, വികാസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവകളില്‍ സുപ്രധാന സംഭാവനകള്‍ നല്‍കുകയും ചെയ്തു.
മൈക്രോഗ്രാവിറ്റിയിലെ ഭാരമില്ലായ്മയില്‍ ക്യാപ്സ്യൂളിനുള്ളില്‍ നടത്തിയ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങള്‍, 12 ദിവസങ്ങള്‍ ഓര്‍ബിറ്റ് വാസം കഴിഞ്ഞതിനുശേഷം ക്യാപ്സൂളിനെ തിരിച്ച് ഭൂമിയിലേയ്ക്ക് ഇറക്കി കൊണ്ടുവരിക തുടങ്ങിയ പരീക്ഷണങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നെന്ന് എന്‍ പി ഗിരി അതിനെ കുറിച്ച് ഓര്‍ക്കുന്നു. .
ബഹിരാകാശത്ത് പ്ലസ്മ അവസ്ഥയില്‍ 90 മുതല്‍ 40 കിലോ മീറ്റര്‍ വരെയുള്ള ദൂരത്തില്‍ ക്യാപ്യൂസിളിന്റെ പതനവേളയില്‍ ഏകദേശം നാലു മിനുട്ട് സമയം അതുമായി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ സാധ്യമായിരുന്നില്ല. ക്യാപ്സൂളിന് എന്തു പറ്റി എന്നുപോലും ഗ്രൗണ്ടിലെ നിയന്ത്രണ കേന്ദ്രങ്ങള്‍ക്ക് അറിയാന്‍ കഴിയുമായിരുന്നില്ല. താഴേയ്ക്ക് നിപതിക്കുന്ന ക്യാപ്സ്യുളിനെ കടലിലെ കൃത്യമായ സ്ഥാനത്ത് എത്തിക്കുകയും വീണ്ടെടുക്കുകയും ചെയ്യുക എന്നത് തീര്‍ത്തും ശ്രമകരമായ ദൗത്യമായിരുന്നു എദ്ദേഹം ഓര്‍ക്കുന്നു.
ഭാവിയില്‍ ഐ എസ് ആര് യുടെ ശൂന്യാകാശ ദൗത്യങ്ങളില്‍ ഈ കണ്ടുപിടുത്തങ്ങള്‍ക്ക് സുപ്രധാനമായ പ്രാധാന്യമാണുള്ളത്. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുക മാത്രമല്ല മനുഷ്യദൗത്യങ്ങള്‍ വിജയകരമാക്കുന്നതിലും ഈ രണ്ടാം തലമുറ ഐ സ് ആര് ഒ ശാസ്ത്ര്ജ്ഞന്റെ ബൗദ്ധികതയുടെ സാന്നിധ്യം പ്രകടമാണ്.
തദ്ദേശീയമായി നിര്‍മ്മിച്ച ക്രയോജനിക് സ്റ്റേജ് ഉപയോഗിച്ച് ജി എസ് എല്‍ വിയുടെ വിജയകരമായ വിക്ഷേപണങ്ങളില്‍ അഞ്ച് തവണ വെഹിക്കിള്‍ ഡയറക്ടര്‍ ചുമതലകള്‍ നിര്‍വ്വഹിച്ചു. 2019 മുതല്‍ തുടര്‍ന്ന് ജി എസ് എല്‍ വി യുടെ പ്രോജക്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സ്പേസ് റിക്കവറി എക്സ്പെരിമെന്റ് നടത്തുമ്പോള്‍ അതൊരു ആവേശമായിരുന്നു. എന്നാല്‍ ജി എസ് എല്‍ വി ദൗത്യത്തിന്റെ വിജയത്തിനായി യത്നിക്കുമ്പോള്‍ അതിന്റെ ഫലം കരഗതമായപ്പോള്‍ അതൊരു മഹത്തായ ആശ്വാസമായി, രാജ്യത്തിന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ വിജയം നല്കിയ വലിയ ആശ്വാസവും ആത്മവിശ്വാസവുമാണത്. കാരണം എസ് ആര് ഇ പ്രോജക്ട് എന്നത് ചെറിയൊരു ജലാശയം മാതിരിയായിരുന്നു. ജി എസ് എല്‍ വി എന്നത് പരീക്ഷണങ്ങളുടെ പാരാവാരമാണ്. അതിനെ വിജയത്തില്‍ എത്തിക്കാന്‍ യത്നിക്കുക എന്നത് അതിസാഹസീയത നിറഞ്ഞ സമുദ്ര സഞ്ചാരമായിരുന്നു എന്നദ്ദേഹം വിലയിരുത്തുന്നു.
അന്താരാഷ്ട്ര തലത്തില്‍ നിരവധി സ്പേസ് കോണ്‍ഫറന്‍സുകളില്‍ എന്‍ പി ഗിരിയുടെ സാന്നിധ്യമുണ്ടായി എന്നതും ശ്രദ്ധേയമാണ്.. ഇന്‍ഡ്യന്‍ അസ്ട്രോനോട്ടിക്കല്‍ സൊസൈറ്റി, ഇന്‍ഡ്യന്‍ നാഷണല്‍ സൊസൈറ്റി ഓ്ണ്‍ എയ്റോ സ്പേസ് തുടങ്ങിയ സംഘടനകളില്‍ അംഗത്വമുള്ള ഈ ശാസ്ത്രജ്ഞന് നിരവധി രാജ്യാന്തര കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിനോടകം അനവധി ശാസ്ത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചുണ്ട്. എയ്റോനോട്ടിക്കല്‍ സൊസൈറ്റി, സിസ്റ്റം സൊസൈറ്റി എന്നീ ഗവേഷണ സംഘടനകളുടെ തിരുവനന്തപുരം ശാഖയുടെ ചെയര്‍മാനായിരുന്നു.
പ്രവൃത്തി പരിചയത്തിന്റെയും അറിവുകളുടെ അടിസ്ഥാനത്തില്‍ യഥോചിതമായ തീരുമാനങ്ങളാണ് ഒരു എയറോ നോട്ടിക് എഞ്ചിനീയറെന്ന നിലയിലെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ഈ ശാസ്ത്രപ്രതിഭ സ്വയം വിലയിരുത്തുന്നു. റോക്കറ്റുകളുടെയും റീ എന്‍ട്രി വാഹനങ്ങളുടെയും സിസ്റ്റം എന്ഞ്ചിനീറിംഗില് ഗൈഡന്‍സ് ആന്റ് നാവിഗേഷന്‍ രംഗത്തെ രാജ്യത്തെ അപൂര്‍വ്വ ബൗദ്ധിക സാന്നിധ്യമായ എന്‍ പി ഗിരി വിരമിച്ചിട്ടും ഐ സ് ആര് ഒ യുടെ പ്രോജക്ടുകളുടെ വിലയിരുത്തല്‍ പ്രക്രിയയുടെ കമ്മിറ്റികളുടെ ചെയര്‍മാനായി ഇപ്പോള്‍ തുടരുകയാണ്.
ജീവിതവും വീക്ഷണവും
നെടുമങ്ങാട് അമ്മന്‍കോവിലിനു സമീപം കാനറാ ബാങ്ക് ഉദേ്യാഗസ്ഥനായ നീലകണ്ഠപ്പിള്ളയുടെയും പാര്‍വ്വതി അമ്മയുടെയും പുത്രനായി 1963 ലായിരുന്നു ജനനം.
അധ്യാപികയായിരുന്ന ശ്രീമതി മിനിയാണ് ഭാര്യ. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ആയ ശ്രീമതി അപര്‍ണ്ണ, മാധ്യമ, സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരായ അച്യത്, അക്ഷയ് എന്നിവര്‍ മക്കളാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് താമസം.
നെടുമങ്ങാട് ടൗണ്‍ എല്‍ പി എസ്, ബോയ്സ് യു പി എസ്, മഞ്ച ബോയ്സ് ഹൈസ്കൂള്‍ നെടുമങ്ങാട്, തിരുവനന്തപുരം ഗവ. ആര്‍ട്ട്സ് കോളേജ്, തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജ്, കാണ്‍പൂര്‍ ഐ ഐ റ്റി എന്നിവിടങ്ങളിലായിരുന്നു പഠനം നടത്തിയത്. 1978 ല്‍ എന്‍ സി അര് റ്റി ഇ യുടെ ദേശീയ തലത്തിലുള്ള നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ളിപ്പ് സ്കൂള്‍ പഠന കാലത്തെ സുപ്രധാന പഠനനേട്ടത്തിളക്കങ്ങളില് ഒന്നാണ്.
സി ഇ ടി യില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് റാങ്കോടെ പാസ്സായ ശേഷം 1985 ല്‍ വി എസ് എസ് സി യില്‍ സയന്റിസ്റ്റ് എഞ്ചിനീയറായി ചേര്‍ന്നു. തുടര്‍ന്ന് 99.68% ഗേറ്റ് സ്കോറോടെ കാണ്‍പൂര്‍ ഐ ഐ റ്റിയില്‍ എം ടെക് പ്രവേശനം നേടി. മെഷീന് ഡിസൈന്‍ & റോബോട്ടിക്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.
എസ് എല്‍ വി റോക്കറ്റിന്റെ വിക്ഷേപണ വിജയത്തോടെ റോക്കറ്ററി എന്ന ശാസ്ത്രവിഭാഗം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്താണ് എന്‍ പി ഗിരി ഇസ്റോയില്‍ ചേരുന്നത്. 'കലാം ഇഫക്ട്' കത്തി നില്ക്കുന്ന സമയം. എ പി ജെ അബ്ദുള്‍ കലാമിന്റെ ഉത്തേജക ജനകമായ നിര്‍ദ്ദേശങ്ങള്‍ ഇന്‍ഡ്യയുടെ ബഹിരാകാശത്തിലെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കാലമായിരുന്നത്. ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധവച്ചിരുന്നു.
ഓരോ ഫ്ളൈറ്റിലെയും നൂറായിരം ഘടകങ്ങളുടെ നിരന്തരമായ പരീക്ഷണങ്ങളുടെ ആകെത്തുകയാണ് വിക്ഷേപണത്തറയിലെത്തുന്ന ഓരോ റോക്കറ്റും. നിരവധി വിജയ പരാജയങ്ങളിലൂടെയാണ് അവയിലെ അനേകം ഘടകങ്ങളും കടന്നു വന്നിരിക്കുന്നത്. വിജയം എന്നതിനേക്കാള്‍ പരാജയങ്ങളുടെ സംഖ്യയാണ് ബഹിരാകാശ ശാസ്ത്രത്തില്‍ ഏറെയുള്ളത്. അതിനാല്‍ തന്നെ തോല്‍വിയെ കുറിച്ച് എന്‍ പി ഗിരി വ്യക്തമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നുണ്ട്. പരാജയത്തില്‍ നിന്നും വിജയത്തിലേയ്ക്ക് ചലിക്കുക അതാണ് വേണ്ടത് എന്നാണ് വിലയിരുത്തുന്നത്. മനുഷ്യരുടെ വികാസചരിത്രത്തില്‍ ഒരിടത്തും പരാജയത്തില്‍ നിന്നും അവര്‍ പിന്മാറിയതായി കാണാനാവില്ല. മുന്നേറുക എന്നതിനെ സൂചിപ്പിക്കാന്‍ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു.
പഠന കാലത്തുടനീളം പ്രഗത്ഭനായ വിദ്യാര്‍ത്ഥി ആയിരുന്ന അദ്ദേഹത്തിന് കുട്ടികളോട് പറയാനുള്ളത് നന്നായി പഠിക്കുക, നന്നായി വായിക്കുക, നന്നായി ആലോചിക്കുക എന്നതാണ്. കുട്ടിക്കാലം ഭാവിയിലേയ്ക്കുള്ള ചൂണ്ടുപലകയാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്സ് അങ്ങനെ ഏതു വിഷയത്തിനും റോക്കറ്ററി രംഗത്ത് സ്ഥാനമുണ്ട്. സ്കൂളില്‍ സയന്‍സ് ക്ലബ്ബിലൂടെയാണ് തന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ഗവ. ബോയ്സ് ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രി. കെ വാമദേവന് തന്നില്‍ വളര്‍ത്തിയ ശാസ്ത്രീയ ഉത്സുകതയെ ഇപ്പോഴും ഈ ശാസ്ത്രജ്ഞന് സ്മരിക്കുന്നു. നെടുമങ്ങാട് സ്വാതന്ത്ര്യ സമര ശതവാര്‍ഷിക ഗ്രന്ഥശാലയിലെ സജീവ വായനക്കാലവും സാംസ്കാരിക അടിത്തറ നല്കിയതും ഉജ്ജ്വലമായ കൂട്ടിക്കാല ഓര്‍മ്മയാണ്. പഠനകാലത്ത് കലാകായിക രംഗത്തും എന്‍ പി ഗിരി ശോഭിച്ചിരുന്നു. മഞ്ച സ്കൂളിലെ ഗാനമേള, കഥാപ്രസംഗം, നാടക സ്റ്റേജുകള്‍ അന്യമായിരുന്നില്ല. സ്കൂളിനെ പ്രതിനിധീകരിച്ച് പ്രസംഗ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. നല്ലൊരു ഷട്ടില്‍ ബാറ്റ്മിന്റ കളിക്കാരനുമായിരുന്നു. അതീവ സമ്പമായ ഒരു ബാല്യകാലം വിജയത്തിന് അത്യന്താപേക്ഷിതമാണെ സൂചനകള്‍ ഇവ നല്കുന്നു.
ശാസ്ത്രഗതി മാസികയില്‍ ഗണിതപ്രശ്ന പംക്തി കൈകാര്യം ചെയ്തിരുന്നതും ഹാലീസ് വാല്‍നക്ഷത്രം വന്ന സമയത്ത് ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേര്‍ന്നു നടത്തിയ ജ്യോതിശാസ്ത്ര ക്ലാസ്സുകളും ഇദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ സൂചകങ്ങളാണ്. കോവിഡ് കാലത്ത് തന്റെ വിദ്യാലയത്തിലെ തുടര്‍വിദ്യാഭ്യാസത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും സ്മരണീയമാണ്. അതിനാലാണ് വായിക്കാനും എഴുതാനും താല്പര്യമെടുക്കുന്ന ഈ ശാസ്ത്രജ്ഞനെ ലോകം കാതോര്‍ത്തിരിക്കുന്നത്.
ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളുടെ നടത്തിപ്പ് മാത്രമല്ല ബഹിരാകാശ ഭാവി പരിപാടികളിലും അസൂയാര്‍ഹമായ കൈയൊപ്പാണ് ഈ പ്രതിഭ പതിപ്പിച്ചത് എന്നതില്‍ തര്‍ക്കമില്ല.