പേരുകൊണ്ട് തലമുറകളെ തിരുത്തി ഈ കുട്ടികൾ- ശബ്ദതാരാവലിയുടെ ശതാബ്ദി
"സ്കൂൾ ലൈബ്രറിക്ക് ശബ്ദതാരാവലി എന്ന നാമകരണം ചെയ്തു കൊണ്ടാണ് മീനാങ്കൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ ഭാഷയുടെ നട്ടെല്ലായ ശബ്ദതാരാവലി തയ്യാറാക്കിയ, കേരളം മറന്ന, ശ്രീകണ്ഠേശ്വരം പദ്മനാഭ പിളളയോട് നീതി പുലർത്തിയത്" ശബ്ദതാരാവലിയുടെ ആദ്യ ലക്കം പുറത്തിറങ്ങിയിട്ട് ഇന്ന് നൂറ് വർഷം
"സ്കൂൾ ലൈബ്രറിക്ക് ശബ്ദതാരാവലി എന്ന നാമകരണം ചെയ്തു കൊണ്ടാണ് മീനാങ്കൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ ഭാഷയുടെ നട്ടെല്ലായ ശബ്ദതാരാവലി തയ്യാറാക്കിയ, കേരളം മറന്ന, ശ്രീകണ്ഠേശ്വരം പദ്മനാഭ പിളളയോട് നീതി പുലർത്തിയത്" ശബ്ദതാരാവലിയുടെ ആദ്യ ലക്കം പുറത്തിറങ്ങിയിട്ട് ഇന്ന് നൂറ് വർഷം
കൈവശമുള്ളതില്‍ ഏറ്റവും വലിയ പൈതൃക സ്വത്തായിരുന്നു 1972 ൽ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുറത്തിറങ്ങിയ ശബ്ദതാരാവലി. അന്നതിന് അറുപതു രൂപയായിരുന്നു വില. മലയാളിയുടെ വൈജ്ഞാനിക ജീവിതത്തിന് അടിത്തറ പണിയുന്നതില്‍ സുപ്രധാന സ്ഥാനം ശബ്ദതാരാവലിക്കുള്ളതായി എപ്പോഴും തോന്നാറുണ്ട്. മീനാങ്കല്‍ ട്രൈബല്‍ സ്‌കൂള്‍ ഹാളിലെ കുട്ടികള്‍ക്ക് മുന്നില്‍ അവരുടെ ലൈബ്രറിയുടെ പേരിടല്‍ പരിപാടിക്കായി നിന്നപ്പോള്‍, നിരവധി പേര്‍ ഇക്കണ്ട കാലമത്രയും ഉപയോഗിച്ച് കെട്ടുപൊട്ടിയ വീട്ടിലെ ആ പുസ്തകം ഓര്‍മ്മയില്‍ നിറഞ്ഞു.
ശബ്ദതാരാവലിയുടെ വലിപ്പം, അതു മലയാള ഭാഷയെ സമ്പന്നമാക്കാന്‍ വഹിച്ച പങ്ക്, നിഘണ്ടുകാരനായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ അധ്വാനം എന്നിവ തിരിച്ചറിയുന്ന ചുരുക്കം പേരെങ്കിലും മലയാള ദേശത്തിലുണ്ടെന്ന കാര്യം സന്തോഷം നല്‍കുന്നതാണ്. അവരുടെ ചിന്തയില്‍ നിന്നാണ് ഉചിതമായ സ്മാരകങ്ങളൊന്നും കാര്യമായില്ലാത്ത ശബ്ദതാരാവലി കര്‍ത്താവായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയ്ക്ക് നൂതന സ്മാരകമൊരുങ്ങുന്നത്. അതിന്‍റെ ഭാഗമായാണ് മീനാങ്കല്‍ ട്രൈബല്‍ സ്‌കൂള്‍ ലൈബ്രറി അതിന്‍റെ പുസ്തകശാലയുടെ പേര് ‘ശബ്ദതാരാവലി ഗ്രന്ഥശാല’ യെന്ന് മാറ്റിയത്. അത്തരത്തിലൊരു ചടങ്ങ് അത്യപൂര്‍വ്വമാണെന്ന കാര്യത്തില്‍ സംശയമില്ല.
ഇരുപതില്‍പ്പരം വര്‍ഷങ്ങള്‍ നിഘണ്ടു നിര്‍മ്മാണത്തിനു വിനിയോഗിച്ച ശ്രീകണ്‌ഠേശ്വരത്തിന്‍റെ അധ്വാനം സഫലമായത് ആയിരത്തിതൊള്ളായിരത്തി പതിനേഴ് നവംബർ 13 നാണ് (മലയാള വർഷം -1093 തുലാം 28). ശബ്ദതാരാവലിയുടെ അച്ചടിച്ച ആദ്യ ഖണ്ഡം പുറത്തു വന്നപ്പോഴാണ്. ആ നിലയില്‍ മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളിന്‍റെ ഈ ഉദ്യമം ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമിടലാണ്. അന്താരാഷ്ട്ര അധ്യാപകദിനമായ ഒക്‌ടോബര്‍ അഞ്ചാം തീയതിയിലെ ഈ ഭാഷാ പരിപാടി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്‍റെ ഈയാണ്ടിലെ സുപ്രധാന പരിപാടിയായിരുന്നു. ലൈബ്രറിയുടെ മുന്നില്‍ വച്ച രണ്ട് ബോര്‍ഡുകളില്‍ കുട്ടികളും അധ്യാപകരും ‘ശബ്ദതാരാവലി’ ഗ്രന്ഥശാല എന്നെഴുതി നിറച്ചു കൊണ്ടാണ് പേരിടില്‍ കര്‍മ്മം ശാശ്വതീകരിച്ചത്.
ഭാഷയ്ക്ക് നട്ടെല്ലു തീര്‍ത്ത നിഘണ്ടുകാരന് ഉചിതമായ സ്മാരകങ്ങള്‍ തീര്‍ക്കാത്ത മുതിര്‍ന്നവരുടെ കൃതഘ്‌നതയ്ക്ക് നാട്ടിൻപുറത്തെ വിദ്യാലയത്തിലെ കുഞ്ഞുങ്ങളൊരുക്കിയ ഒരു പരിഹാരക്രിയയായി ഇതിനെ കരുതാം. ഒപ്പം ശതാബ്ദിയാഘോഷങ്ങളുടെ തുടക്കവും. ഒരു പക്ഷേ, ലോകത്തിലൊരിടത്തും പുസ്തകത്തിന്‍റെ പേരിലൊരു വായനശാല ഉണ്ടാവില്ല. പുസ്തകം തന്നെ സ്വയമൊരു സ്മാരകമാണ്. അപ്പോഴാണ് ഗ്രന്ഥനാമം പേരായി സ്വീകരിച്ച ഒരു സ്‌കൂള്‍ ലൈബ്രറി തികച്ചും പുതുമ നല്‍കുന്ന കേള്‍വിയായി മാറുന്നത്. ജീവസ്സുറ്റതും മൃതമായതുമായ മലയാളത്തിലെ വാക്താരാവലിയെ ഭാഷാസ്‌നേഹികളുടെ കണ്‍മുന്നില്‍ എത്തിച്ച പുസ്തകമാണ് ശബ്ദതാരാവലി. അതുപോലെ അതിബൃഹത്തായ പുസ്തക താരാവലി എന്ന അനുഭവം ശബ്ദതാരാവലി ഗ്രന്ഥശാലയും നല്‍കട്ടെ. അതിലൂടെ അതിനെ സമീപിക്കുന്നവര്‍ക്കു മുന്നില്‍ ശ്രീകണേഠശ്വരവും നിറയുന്നതാണ്. മീനാങ്കല്‍ സ്‌കൂളങ്കണത്തിലേയ്ക്ക് കയറിവരുന്ന ഓരോ കുട്ടിയുടെയും സന്ദര്‍ശകരുടെയും മനസ്സില്‍ വായനശാലയുടെ ഈ നാമം ഗാഢമായി പതിയുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ നാട്ടിലെ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പ്രത്യേകിച്ചൊരു പേരുമില്ലാത്ത സാഹചര്യത്തിലാണ് മീനാങ്കല്‍ ട്രൈബല്‍ സ്‌കൂള്‍ അധികൃതരുടെ ചിന്ത ഇങ്ങനെ ഇരട്ടിമധുരം പകരുന്ന രീതിയിലേയ്ക്ക് നീങ്ങിയത്.
സാമൂഹ്യശാസ്ത്രവും ഭാഷയും
വലിയ കൃതഘ്‌നതയ്ക്ക് ചെറിയ പരിഹാരമെന്ന നിലയില്‍ 2013 മുതല്‍ ശ്രീകണ്‌ഠേശ്വരത്തിന്‍റെ സ്മരണയെ ശാശ്വതീകരിക്കാനുള്ള വിദ്യാലയ പരിപാടികള്‍ ഈ സ്‌കൂളില്‍ നടന്നു വരുന്നുണ്ട്. നവംബര്‍ ഇരുപത്തിയേഴ് ആ മഹാന്‍റെ ജന്മദിനമാണ്. മീനാങ്കല്‍ ട്രൈബല്‍ സ്‌കൂള്‍ ഭാഷാസ്‌നേഹിയുടെ പിറന്നാളിനെ ഭാഷാപ്രവര്‍ത്ത ദിനമായിട്ടാണ് ആചരിച്ചു പോരുന്നത്. അതിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവര്‍ വിജയകരമായി കുട്ടികള്‍ക്കിടയില്‍ നടപ്പിലാക്കി.
രണ്ടായിരത്തി പതിമ്മൂന്നില്‍ വലിയ പുസ്തകത്തെ വിശദമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ശബ്ദതാരാവലിയുടെ ഉള്ളറിയുന്ന പരിപാടിയാണ് സോഷ്യല്‍ സയന്‍സ് ക്ലബ് ആവിഷ്‌കരിച്ചത്. ശബ്ദതാരാവലിയിലെ അന്യഭാഷാ വാക്കുകള്‍ കണ്ടെത്തുക എന്നതായിരുന്നു കുട്ടികള്‍ക്ക് നല്‍കിയ ഭാഷാപ്രവര്‍ത്തനം. സംസ്‌കൃതം, തമിഴ്, ഉറുദു, പേര്‍ഷ്യന്‍, പോര്‍ട്ടുഗീസ്, തുളു, ഹിന്ദി, അറബി എന്നീ ഭാഷകളില്‍ നിന്നും മലയാളികള്‍ കടമെടുത്ത വാക്കുകള്‍ വേര്‍തിരിച്ച് മാറ്റുക. അവയെ ‘കീശാ’ നിഘണ്ടുക്കളാക്കി മാറ്റുക തുടങ്ങിയ പരിപാടികളാണ് ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ ആ പിറന്നാള്‍ ദിനത്തില്‍ ചെയ്തത്. വാക്കര്‍ത്ഥം തിരയുന്ന മുതിര്‍ന്നവര്‍ക്കു പോലും എളുപ്പത്തില്‍ വഴങ്ങാതെ കീറാമുട്ടിയായി നിലകൊള്ളുമ്പോഴാണ് ഒരു ഗ്രാമീണ വിദ്യാലയത്തിലെ കുഞ്ഞുങ്ങള്‍ ഈ ബ്രഹത് പുസ്തകത്തിലെ അന്യഭാഷാപദങ്ങള്‍ പാറ്റിക്കൊഴിക്കുന്ന പരിപാടിക്ക് മുതിര്‍ന്നത്.
അതിനടുത്ത വര്‍ഷം സ്‌കൂളിനു ചുറ്റിലുമുള്ള സ്ഥലങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന നാട്ടുഭാഷാ വാക്കുകള്‍ കണ്ടെത്താനും അവയെ നിഘണ്ടു രൂപത്തില്‍ അവതരിപ്പിക്കാനുമുള്ള ശ്രമമാണ് കുട്ടികള്‍ വിജയിപ്പിച്ചത്. ‘വേ, മഴക്കുക, പേശ’ തുടങ്ങി തീര്‍ത്തും പ്രാദേശികമായ വാക്കുകള്‍ നിത്യോപയോഗത്തില്‍ നിന്നും മാഞ്ഞുപോകുമ്പോഴാണ് കാണിക്കാരെന്ന ആദിമനിവാസികളുടെ സംസ്‌കാരം തുളുമ്പുന്ന മീനാങ്കലില്‍ നാട്ടുവാക്കുകള്‍ കണ്ടെത്താനുള്ള സാധ്യതകള്‍ തേടിയത്.
നിഘണ്ടു പരിചയത്തിനു പുറമെ അതിലുള്‍പ്പെടാതെപോയ വാക്കുകളെ കണ്ടെത്തുക, അവയുടെ അര്‍ത്ഥവ്യാപ്തി സംബന്ധിയായ ധാരണകള്‍ വിപുലീകരിക്കുക, സമാഹരിച്ച വാക്കുകള്‍ ആകാരദി ക്രമത്തില്‍ അടുക്കിയെടുക്കുക എന്നിങ്ങനെയുള്ള സാങ്കേതിക ഭാഷാപ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ കടന്നുപോയത്. നാട്ടുഭാഷാപദങ്ങളുടെ മാത്രമായ ചെറുനിഘണ്ടുവിന്‍റെ നിര്‍മ്മാണം കുട്ടികള്‍ക്ക് നല്‍കിയത് അത്യപൂര്‍വ്വ അനുഭവവും പരിചയവുമാണ്. അതിലൂടെ കടന്നുപോയ ഏതു കുട്ടിയെയാണ് സാംസ്‌കാരികമായി സമ്പന്നനായി മാറാതിരിക്കുക? സിലബസ്സിലും ക്ലാസ്സ് മുറികളിലുമൊതുങ്ങാത്ത മാതൃകാ പരിപാടിയായിരുന്നു അവതരിപ്പിച്ചത്.
ലിപി തേടിയ കുട്ടികള്‍
2015 ല്‍ കുട്ടികള്‍ മലയാളക്ഷരങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന ഒരു ലിപി തേടുന്നതിനെക്കുറിച്ചാണ് ചിന്തിച്ചത്. പാഠഭാഗങ്ങളില്‍ നിന്നും ഒരു പടി കൂടി മുന്നിലേയ്ക്കാഞ്ഞ് കുട്ടികളുടെ ബൗദ്ധികതയെ ഉത്തേജിപ്പിക്കാനുതകുന്ന പരിപാടിയായിരുന്നു ആവിഷ്‌കരിച്ചത്. ഹാരപ്പയിലും മോഹന്‍ജതാരോയിലും അക്ഷര സംസ്‌കാരം പിറന്നു വീഴുന്നതു കണ്ടു കൊണ്ട് അന്നു കടന്നുപോയ കാറ്റും വെളിച്ചവും ഒരു നിമിഷത്തേയ്‌ക്കെങ്കിലും കുട്ടികളുടെ പുതിയ ലിപിയുടെ ഉദയം കാണാന്‍ മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളിലും എത്തിയിട്ടുണ്ടാവും. മഹത്തായ സാംസ്‌കാരിക തുടര്‍ച്ചയാണ് ഇതിലൂടെ ഞങ്ങള്‍ ലക്ഷ്യമിട്ടത്. നിരവധിയായിരം വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യനാര്‍ജ്ജിച്ച ഭാഷാസാംസ്‌കൃതിയുടെ വലിയൊരു തുടര്‍ച്ചയിലാണ് ഇങ്ങനെ കണ്ണിചേര്‍ക്കപ്പെട്ടത്. ആത്മാര്‍ത്ഥതയോടെ അതില്‍ പങ്കെടുത്ത കുട്ടികള്‍ നാളെ തീര്‍ച്ചയായും അക്കാര്യം തിരിച്ചറിയും. പലപ്പോഴും സ്‌കൂള്‍ ക്ലബുകള്‍ ഉദ്ഘാടന ദിവസത്തില്‍ തന്നെ ചരമമടയുമ്പോഴാണ് മീനാങ്കല്‍ സ്‌കൂളിലെ തുടര്‍പ്രവര്‍ത്തനങ്ങളും ഭാഷയും സംസ്‌കാരവും ദൃഢപ്പെടുത്താനുള്ള ഉദ്യമങ്ങളും അഭിനന്ദനാര്‍ഹമായി മാറുന്നത്.
രണ്ടായിരത്തി പതിനാറില്‍ കുട്ടികള്‍ തിരുവനന്തപുരത്തെ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള പാര്‍ക്കിലേയ്ക്കാണ് പോയത്. ശബ്ദതാരാവലി ഉള്‍പ്പെടെ ശ്രീകണ്‌ഠേശ്വരത്തിന്‍റെ കൃതികള്‍ സമാഹരിച്ച ഒരു ഗ്രന്ഥാലയം സ്ഥാപിക്കുന്നതിനെ കുറിച്ച് അവര്‍ നിവേദനം തയ്യാറാക്കി. കവിയരങ്ങ്, സാംസ്‌കാരിക കൂട്ടായ്മ എന്നിവയുമായി സാംസ്‌കാരിക പ്രവര്‍ത്തകരും കുട്ടികളുടെ മനസ്സുമായി ചേര്‍ന്നു.
സര്‍വ്വകലാശാലകളില്‍ ശ്രീകണ്‌ഠേശ്വരത്തിന്‍റെ പേരില്‍ പഠനവകുപ്പുകളും ചെയറുകളും തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങടങ്ങിയ പ്രമേയങ്ങളാണ് 2016ല്‍ അവർ മുന്നോട്ട് വച്ച ആശയം. മലയാളം സര്‍വ്വകലാശാലയുള്‍പ്പെടെ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ അധികാരികള്‍ക്ക് അവ സമര്‍പ്പിക്കാനും അവര്‍ മറന്നില്ല. ശബ്ദതാരാവലി സമാഹര്‍ത്താവിന്‍റെ ജന്മദിനമായ നവംബര്‍ ഇരുപത്തിയേഴിനെ ഭാഷാപ്രവര്‍ത്തനദിനമായി ആചരിക്കണമെന്നതാണ് മീനാങ്കല്‍ സ്‌കൂളിലെ കുട്ടികള്‍ ഡിപിഐക്കു മുന്നില്‍ ഉന്നയിച്ച ആവശ്യം. സ്‌കൂള്‍ പാര്‍ലമെന്റ് പാസ്സാക്കിയ സ്‌കൂള്‍ ഗ്രന്ഥശാലയ്ക്ക് പേരിടാനുള്ള ആവശ്യം നടപ്പിലാക്കിക്കിട്ടിയ ആവേശത്തിലാണ് അവരിപ്പോള്‍.
സമാധാനവും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റും
ലോകഗതിയെ മാറ്റി മറിച്ചുകൊണ്ട് ആയിരത്തിതൊള്ളായിരത്തി പതിന്നാലില്‍ ആരംഭിച്ച ഒന്നാം ലോകയുദ്ധത്തിന്‍റെ നൂറാം വര്‍ഷത്തില്‍ അതിവിപുലമായ പരിപാടികളാണ് സോഷ്യല്‍ സയന്‍സ് ക്ലബ് സ്‌കൂളില്‍ ആവിഷ്‌കരിച്ചത്. യുദ്ധവിരുദ്ധ പ്രവര്‍ത്തനമായി സാധാരണയായി ‘ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യം ആകാശത്തിലേയ്ക്ക് ഒഴുക്കുന്നതിലെ നിരര്‍ത്ഥകത അവര്‍ തിരിച്ചറിഞ്ഞു.
വിശ്വപ്രസിദ്ധ ഗായകനായ ജോണ്‍ ലെനന്‍റെ സമാധാനത്തെ കുറിക്കുന്ന ‘ആള്‍ വീ ആര്‍ സേയിംഗ് ഗിവ് പീസ് എ ചാന്‍സ്’ എന്ന ഗാനത്തിലെ ഈരടികള്‍ക്ക് സോഷ്യല്‍ സയന്‍സ് ക്ലബംഗങ്ങള്‍ സംഗീതാവിഷ്‌രണം നല്‍കി. അവരിലൂടെ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ലോകസമാധാനത്തെ കുറിക്കുന്ന ആ വരികളേറ്റുപാടി. അങ്ങനെയാണ് യുദ്ധക്കൊതിയന്മാര്‍ക്ക് തങ്ങളുടെ മനസ്സില്‍ സ്ഥാനമില്ല എന്ന പ്രഖ്യാപനം അവര്‍ നടത്തിയത്. വിയറ്റ്നാം യുദ്ധത്തിനെതിരെ ലോകം ഉച്ചത്തിലാലപിച്ച ഈ വരികള്‍ ഏറ്റെടുക്കുന്നതിനും മുകളില്‍ ലോകസമാധാനത്തിനു വേണ്ടി കുട്ടികള്‍ക്ക് ചെയ്യാന്‍ മറ്റൊന്നുമില്ല. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേയ്ക്ക് ഈ വരികള്‍ മാറ്റിയെഴുതാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. അതിനൂതനവും ഭാവനാസമ്പന്നവുമായ ആ പരിപാടി നടന്നത് രണ്ടായിരത്തി പതിന്നാലിലായിരുന്നു.
‘സമാധാനം’ എന്ന വാക്കുമായി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് സമീപിച്ചാല്‍ എന്താവും ഫലം? ആര്‍ക്കും ചിന്തിക്കാനാവാത്ത യുദ്ധവിരുദ്ധ പ്രവര്‍ത്തനമായിരുന്നത്. സമാധാനത്തിനു തുല്യമായ വാക്ക് ലോകഭാഷകളില്‍ എങ്ങനെയാണ് എഴുതിയിരിക്കുന്നത്? ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് കുട്ടികള്‍ അതു കണ്ടെത്തി ക്യാന്‍വാസില്‍ എഴുതിയവതരിപ്പിച്ചു. വിവരസാങ്കേതിക വിദ്യയുടെ മാന്ത്രികതയെ കൂട്ടുപിടിച്ചാണ് യുദ്ധവിരുദ്ധ സന്ദേശം വെറും വാക്കുകളില്‍ നിന്നും മനസ്സുകളിലേയ്ക്ക് അവര്‍ പകര്‍ത്തിയത്.
രണ്ടായിരത്തി പതിമ്മൂന്നിലെ പരിസ്ഥിതിദിനാഘോഷത്തിന്‍റെ വിഷയമായ ‘ചിന്തിക്കുക, ഭക്ഷിക്കുക, സംരക്ഷിക്കുക’ എന്നത് ഭക്ഷ്യസംരക്ഷണവുമായി ബന്ധിപ്പിച്ച് ഒരു വര്‍ഷം നീളുന്ന സ്‌കൂള്‍ പരിപാടിയായി ഇവിടെ മാറി. സമാപന ദിനത്തില്‍ കുട്ടികള്‍ ചര്‍ച്ചചെയ്തത് ‘മരം നട്ട മനുഷ്യന്‍’ എന്ന ജീന്‍ ജിയോനോസിന്‍റെ പുസ്തകത്തെ കുറിച്ചായിരുന്നു. കേരളത്തില്‍ കണ്ടൽ നട്ടുപിടിപ്പിച്ച മലയാളികളായ കല്ലേല്‍ പൊക്കുടനെയും മരം വച്ചുപിടിപ്പിച്ച കോട്ടയത്തെ ഇത്താപ്പിയെയും അനുസ്മരിക്കാനും അവര്‍ മറന്നില്ല. നാട്ടിമ്പുറത്തെ പാരമ്പര്യഭക്ഷണങ്ങളും കാട്ടുപഴങ്ങളും പരസ്പരം പങ്കുവച്ച് ഈ പരിപാടി നടന്ന കാലത്തിലുടനീളം അതിലൊരു ‘മീനാങ്കല്‍ ടച്ച്’ കുട്ടികളുണ്ടാക്കിയിരുന്നു.
പ്രതിവാര ചര്‍ച്ചാവേദി
പ്രതിവാര ചര്‍ച്ചാവേദിയാണ് ഈ സ്‌കൂളിലെ കുട്ടികളുടെ മറ്റൊരു വ്യതിരിക്ത പരിപാടി. എല്ലാ വ്യാഴാഴ്ചകളിലുമാണ് അതു നടന്നുവരുന്നത്. 2016 ലെ പ്രതിവാര ചര്‍ച്ചാവേദിയില്‍ നിരവധി പരിപാടികള്‍ നടന്നു. ഭാരതീയ ഭൂപടനിര്‍മ്മാണ ചരിത്രത്തിലെ ദുഷ്‌കരതകള്‍ പ്രതിപാദിക്കുന്ന ‘ഭൗമചാപം’ എന്ന പുസ്തകത്തിനെ അധികരിച്ച് നടത്തിയ സെമിനാര്‍, ആഗോളതാപനത്തിന്‍റെ ഫലമായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന അപകടങ്ങള്‍, റാംസര്‍ സൈറ്റ് ദിനാഘോഷം ജല സംരക്ഷണവും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നല്‍കുന്ന പാഠങ്ങള്‍, വംശനാശം നേരിടുന്ന ചെടികളെ കുറിച്ചു അവബോധമുണ്ടാക്കുക എന്നിങ്ങനെ വൈവിധ്യ വിഷയങ്ങളാണ് പ്രതിവാര ചര്‍ച്ചാവേദിയില്‍ കുട്ടികളുടെ സെമിനാറുകള്‍ക്ക് വിധേയമാണ്. തെരുവുപട്ടികള്‍ ഉണ്ടാക്കുന്ന സാമൂഹ്യപ്രശ്‌നത്തെ പ്രസിദ്ധ ജാപ്പനീസ് സിനിമയായ ‘ഹാച്ചിക്കോ’യെ കണ്ട അനുഭവത്തിലൂടെ വിലയിരുത്താനുള്ള ശേഷിയും കുഞ്ഞുങ്ങള്‍ നേടിയെടുത്തത് പ്രതിവാര ചര്‍ച്ചാ പരിപാടിയിലൂടെയായിരുന്നു.
ആര്‍ക്കുമെടുക്കാവുന്ന പുസ്തകം
മുപ്പത്തി രണ്ടു പുസ്തക ഖണ്ഡ്യയായിട്ടാണ് ശബ്ദതാരാവലി ആദ്യമായി മലയാളികള്‍ക്കു മുന്നിലെത്തിയത്. ശബ്ദതാരാവലിയെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനും ശ്രീകണ്‌ഠേശ്വരത്തിന് അന്നേറെ ക്ലേശിക്കേണ്ടി വന്നു. 1972 ല്‍ സാഹിത്യ പ്രവര്‍ത്തക സംഘമിറക്കിയ പതിപ്പുപോലും മൂന്നു പ്രസ്സുകളിലായിട്ടാണ് അച്ചടിച്ചത്. പ്രസ്സുകള്‍ വികാസം കൊണ്ട എഴുപതുകളില്‍പ്പോലും ശബ്ദതാരാവലിയെ ഒറ്റയ്ക്ക് പുറത്തിറക്കാനുള്ള അക്ഷരശേഷി മലയാള പ്രസ്സുകള്‍ക്ക് ഇല്ലാതെപോയി എന്ന കാര്യം ശ്രദ്ധിക്കുക. നമ്മുടെ ഭാഷയുടെ അഭിമാനമായ ശബ്ദതാരാവലി പിറന്നിട്ട് അടുത്തയാണ്ടില്‍ വര്‍ഷങ്ങള്‍ നൂറാകാന്‍ പോകുന്നു. രണ്ടായിരത്തി പതിനെട്ടില്‍ തുടങ്ങുന്ന മലയാള മഹാനിഘണ്ടുവിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് തിരുവനന്തപുരം ജില്ലയിലെ സഹ്യന് അടിവാരത്തുള്ള സ്‌കൂളില്‍ ഈ പരിപാടി നടന്നത്. ഇത് ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകും ചെയ്ത സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ് ഒരു പടി മുന്നിലാണ് സഞ്ചരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാം.
ശബ്ദതാരാവലിയുടെ പകര്‍പ്പവകാശ കാലാവധി അവസാനിച്ചു കഴിഞ്ഞു. ശ്രീകണ്‌ഠേശ്വരത്തിന്‍റെ എന്നതിലൂപരി മലയാള ഭാഷാ സ്‌നേഹികളുടെ സ്വത്തായി ആ ഗ്രന്ഥം മാറി. നിരവധി ഭാഷാപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ പ്രവൃത്തിയുടെ ഫലമായി ശബ്ദതാരാവലി ഇന്റര്‍നെറ്റിലും ലഭ്യമാകുന്ന കാലത്ത് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള ഉചിതമായി ഓര്‍മ്മിപ്പിക്കപ്പെടണം. മീനാങ്കല്‍ സ്കൂള്‍ അതിനൊരു ഉദാഹരണവും പ്രചോദനവുമാകട്ടെ.