ഏറെ നാളുകള്‍ക്കുശേഷമാണ് നഗരത്തില്‍ തിരികെ എത്തിയത്. ആ സായാഹ്നത്തില്‍ തന്നെ അയാള്‍ അക്കാദമിഹാളിലേയ്ക്ക് നടന്നു.
യാത്രകള്‍. പുതിയ സ്ഥലങ്ങള്‍. അനുഭവങ്ങള്‍. ആനന്ദം. ഒടുവില്‍ സന്തോഷങ്ങള്‍ കുരുക്കെറിഞ്ഞു സമ്മാനിച്ച രോഗങ്ങള്‍. മാനസികമായ പൊരുത്തക്കേടുകള്‍ക്കുള്ളചികിത്സകളും ഇതിന്നിടയില്‍ അയാള്‍ക്ക്‌വേണ്ടിവന്നു.
ഇവിടെ നഗരത്തില്‍ അയാള്‍ക്ക് ഒന്നു രണ്ടിടങ്ങളില്‍പോകാനുണ്ടായിരുന്നു. ഇനിയും ജീവിതത്തില്‍ തിരികെ കിട്ടാത്ത സുന്ദരങ്ങളായ പല അനുഭവങ്ങളും നല്‍കയിത് അവയായിരുന്നു. അതൊക്കെ സംഭവിച്ചത് തന്റെ ജീവിതത്തിലായിരുന്നോ? ആ സംശയം അയാളെ പലപ്പോഴും അലട്ടയിയിരുന്നു.അതൊന്നുറപ്പു വരുത്തുക. ചുരുങ്ങിയ ജീവിത ലക്ഷ്യം മാത്രം അയാളിലവശേഷിച്ചു.
ഞാന്‍ ഇവിടെ അക്കാഡമിഹാളില്‍ കഥ വായിച്ചിട്ടുണ്ട്. ഞാനൊരു കാലത്ത് അിറയപ്പെടുന്ന എഴുത്തുകാരനായിരുന്നു. അയാള്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടൊക്കെ പറഞ്ഞിരുന്നു. ഒരു രോഗിയുടെ വെറും പറച്ചിലുകള്‍. പഴയ കടലാസ്സുപോലെ മനസ്സപ്പാടെ പൊടിഞ്ഞുപോയ ഒരാളുടെ ജല്പനങ്ങള്‍. ആ നിലയ്ക്ക് മാത്രം അയാളുടെ ചികിത്സകര്‍ അതിനെ കണ്ടു.
ചിലരൊക്കെ വെറുതെ ചിരിച്ചു. അത്അനുകൂലമായിട്ടാണോ? പ്രതികൂലമായിട്ടോ? അയാള്‍ക്കതും മനസ്സിലായില്ല.
താനൊരു എഴുത്തുകാരനായിരുന്നു. തെളിവിനായി അയാളുടെ കൈയില്‍ ആ കഥകളുടെ കോപ്പികളില്ല. അവയെല്ലാം കാലം തിന്നു തീര്‍ത്തു. കാലത്തിന് അത്രമാത്രം വിശപ്പായിരുന്നു. ആര്‍ത്തിയോടെ അതയാളുടെ കൈയിലുണ്ടായിരുതെല്ലാം തട്ടിപ്പറിച്ച് ശാപ്പിടുകയായിരുന്നു. മുമ്പ് തനിക്കുണ്ടായിരുന്ന നല്ല ജീവിതത്തെ കുറിച്ച് പുറം ലോകത്തിനു മുന്നില്‍ കാണിക്കാന്‍ അയാളുടെ കൈവശം തെളിവുകളൊന്നുമില്ല.
എന്നാല്‍ ഭായ്. ഒരു കഥ പറയൂ. ഞാനൊന്നു കേള്‍ക്കട്ടെ. അതു നിങ്ങള്‍ എഴുതിയതു തന്നെയാവണം.
മൂന്നാമത്തെ തവണ ചോര ഛര്‍ദ്ദിച്ച് അവശനായ ആളോടാണ് ആ സിസ്റ്റര്‍ ആവശ്യപ്പെട്ടത്. അയാള്‍ വല്ലാത്ത തളര്‍ച്ചയിലായിരുന്നു. പോരാത്തതിന് അവള്‍ തന്നെ പറ്റിക്കുകയാണോയെന്ന സംശയവും. അയാള്‍ ആ പെണ്ണിനോട് പ്രതികരിച്ചില്ല.
അവള്‍ക്കറിയില്ലല്ലോ. കഥകള്‍, എഴുത്തു ജീവിതം അവ തന്നെ കുരുക്കെറിഞ്ഞ് വന്‍കടലിലേയ്ക്ക് വലിച്ചു കൊണ്ടുപോകുകയായിരുന്നു എന്ന സത്യം. അതിന്റെ ആഴങ്ങള്‍. മനോജ്ഞമായ ശാന്തത. ചില നേരങ്ങളിലെ ആക്രോശം. ഒന്നുമൊന്നും ആരുമറിയുന്നില്ല. താനതില്‍ അത്രയ്ക്കങ്ങ് മുങ്ങിയമരാന്‍ പാടില്ലായിരുന്നു. അതെന്നെ നശിപ്പിക്കുകയായിരുന്നു.
പാവം. വലിയ എഴുത്തുകാരനായിരുത്രേ! ഇനി സ്റ്റേറ്റ് ഹോണറിന് പോലീസുകാര്‍ തോക്കുമായി എത്തിയാല്‍ മാത്രം മതി.
മയക്കത്തിലേയ്ക്ക് താണുപോകുമ്പോഴും ആ നഴ്‌സ് തമാശയായി കൂടെ നിന്നവളോട് പറഞ്ഞത് അയാള്‍ കേട്ടു.
എടീ. അയാള്‍ മനസ്സില്‍ തെറിവിളിച്ചു.
അപൂര്‍വ്വമായി അയാളെ ആനന്ദിപ്പിക്കാന്‍ നഗരത്തിരക്കില്‍ നിന്നും ചിലരൊക്കെ പൊന്തി വിന്നിരുന്നു.
സര്‍. നിങ്ങള് അന്നെഴുതിയത് ഞാന്‍ മുടങ്ങാതെ വായിച്ചിരുന്നു. ആ വാക്കുകള്‍ക്ക് എത്ര കരുത്തായിരുന്നു. നിങ്ങള്‍ക്കും നല്ലൊരു ജോലിയും നിരുപകന്മാരെ പോറ്റാനുള്ള വകയുമൊക്കെയുണ്ടായിരുെന്നങ്കില്‍! നിങ്ങളാവുമായിരുന്നു ഇന്നത്തെ വലിയ എഴുത്തുകാരന്‍. പത്രക്കാര്‍ നിങ്ങളുടെ പുറകിലുണ്ടാകുമായിരുന്നു.
ഒരു സത്യം പറയട്ടെ നിങ്ങളുടെ 'എക്‌സ്‌കവേറ്റര്‍' എന്ന കഥ ഞാന്‍ വായിച്ചത് ഞാനന്നു പണിയെടുത്തിരുന്ന ആ ട്യൂറ്റോറിയിലെ ഓല ഷെഡില്‍ വച്ചായിരുന്നു. അന്നത്തെ ദിവസം ഞാനൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കുട്ടിപോലും ഫീസുമായി വരാത്ത ഒരു ദിവസമായിരുന്നു അത്. വിശപ്പിനു മുകളിലാണ് നിങ്ങളുടെ കഥ ആവേശമായി എന്നില്‍ കത്തിക്കയറിയത്. എത്ര പ്രയാസമുണ്ടായിരുിരുന്നാലും നിങ്ങള്‍ എഴുത്ത് വിടരുതായിരുന്നു. ആ പഴയ ലിറ്റില്‍ മാഗസിന്‍ നിറുത്തരുതായിരുന്നു. അതിലൂടെ നിങ്ങളെത്ര പുതിയ എഴുത്തുകാരെയാണ് മുന്നിലേയ്ക്ക് കൊണ്ടുവത്. നിങ്ങളത് നിര്‍ത്തിയത് വ്യക്തിപരമായ നഷ്ടം മാത്രമല്ലയുണ്ടാക്കിയത്. സാഹിത്യത്തിലേയ്ക്കുള്ള നവാഗതരുടെ കവാടം കൂടിയാണ് അടഞ്ഞുപോയത്.
അയാള്‍ അന്നേരങ്ങളില്‍ തകര്‍ന്നു പോയി. ആനന്ദിക്കേണ്ടതിനു പകരം അത്തരം ദിവസങ്ങളില്‍ വാടക മുറിയില്‍ അടിഞ്ഞു കിടന്നു. നിശ്വാസങ്ങള്‍ കൊണ്ട് തുടര്‍ന്നുള്ള രാത്രികളെ നിറച്ചു. അവന്‍ വെറുതെ പറഞ്ഞതാണ് അതൊക്കെ. അവനെന്തിന് എെന്നക്കുറിച്ച് ഇങ്ങനെയൊക്കെ പറയണം? ഉള്ളിലെ കള്ള് അവന്റെ ഓര്‍മ്മകളെ തെറ്റിച്ചതാണ്. മറ്റാരോ ആയി എന്നെ തെറ്റിദ്ധരിച്ചതാണ്.
അക്കാദമി ഹാളിലേയ്ക്ക് വലിഞ്ഞു നീങ്ങുമ്പോള്‍ യവ്വനത്തില്‍ ആ പടികള്‍ ചാടിക്കയറിയതിന്റെയും ഏറെ പ്രശസ്തനായ ആ എഴുത്തുകാരനു മുന്നില്‍ കഥ വായിച്ചതും. വലിയൊരു സദസ്സിനു മുന്നില്‍ വച്ച് അഭിനന്ദിക്കപ്പെട്ടതും ഒരിക്കല്‍കൂടി ഓര്‍മ്മവന്നു.
പരിപാടി തുടങ്ങാന്‍ പോകുന്നു.
മുന്‍നിരയില്‍ ചെന്നിരിക്കാന്‍ ആഞ്ഞതാണ്. എന്നാല്‍ പഴകിയ അഴുക്കു വസ്ത്രങ്ങള്‍ അയാളെ പുറകിലേയ്ക്ക് വലിച്ചു. ഏറ്റവും പുറകിലെ നിരയില്‍ അയാളിരുന്നു.
പുതിയ കുട്ടികളുടെ കഥാവതരണ വേളയാണ്. താനന്ന് തലയെടുപ്പുമായി സ്റ്റേജിലിരുപ്പോഴും ഇങ്ങനെ പുറകില്‍ കുറേ മുഷിഞ്ഞ സംഘം ബീഡിയും വലിച്ച്..
കാലം തെന്നയുമിവിടെ എത്തിച്ചിരിക്കുന്നു. അയാള്‍ക്ക് മനസ്സലായി താനൊരു കാലത്ത് കഥകള്‍ എഴുതിയിരുന്നു. തീര്‍ച്ച.
പുറകിലെ ബഞ്ചിലിരിക്കാന്‍ തുടങ്ങുമ്പോള്‍ അജ്ഞാതമായ സമാധാനം അയാളെ വന്നു തൊട്ടു.