2008 ഏപ്രിൽ 25, വെള്ളിയാഴ്‌ച

ഇരണിയല്‍(Eraniel)


പൊടുന്നനവെയാണ്‌ മണ്ടയ്‌ക്കാട്‌ യാത്രയില്‍ ആര്‍ത്തലച്ച മഴ വന്നു പെട്ടത്‌. അത്‌ തമിഴ്‌നാടന്‍ കാലാവസ്ഥയുടെ മറുപുറ കാഴ്‌ചകള്‍ വാരിയിട്ടു. തോരാ ഭാവത്തോടെ മഴ മണവാളക്കുറിച്ചിയിലേയ്‌ക്ക്‌ കൂട്ടു വന്നു. കടല്‍ത്തീരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന റയര്‍ എര്‍ത്തുകാരുടെ ചുവന്നതും കറുത്തതുമായ മണല്‍ക്കൂന്നുകള്‍ക്കും അടങ്ങാത്തിരകള്‍ക്കുമിടയില്‍ നില്‌ക്കെ കടല്‍ചക്രവാളത്തില്‍ മിന്നല്‍ വേരുകള്‍ നിരന്തരം ഇറങ്ങിവന്നു കൊണ്ടിരുന്നു.

തിങ്കള്‍ചന്തയിലൂടെ യാത്രാവഴി ഇരണിയലിലേയ്‌ക്ക്‌ നീണ്ടു. തിരുവിതാകൂറിലെ കല്‍ക്കുളം താലൂക്കില്‍പെട്ട പഴയ അധികാരകേന്ദ്രമായിരുന്നു ഇരണിയല്‍. നഗര പ്രൗഡികളൊന്നുമില്ലാതെ അത്‌ ഓര്‍മ്മകള്‍ മൂടുപടമിട്ട നരച്ച സൗഹൃദം കാണിച്ചു നിന്നു. നിര്‍ബാധം മലയാളം പറയാനും കേള്‍ക്കാനുമാവുന്ന തമിഴിടം.

മധ്യാഹ്നം കനക്കുന്നതിനു മുമ്പെ പരിത്യക്തമായ വേണുഗോപാലഅമ്പലം ചുറ്റി കാടു കയറി മറിഞ്ഞ ഇരണിയല്‍ കൊട്ടാര മുന്നിലെത്തിലെത്തി. കടല്‍ത്തീര കാഴ്‌ചയില്‍ വന്നലച്ച ഉത്സാഹം മുഴുവനും അടിപറ്റിയ വേണാടു രാജധാനിയുടെ ദയനീയ ചിത്രത്തില്‍ അമര്‍ന്നൊതുങ്ങി.

ഇരണിയല്‍ ആയിരുന്നു വേണാടിന്റെ പഴയ തലസ്ഥാനം. തെക്കേ തേവന്‍ ചേരിയില്‍ കോയിക്കല്‍ എന്ന്‌‌ കൊട്ടാരത്തിന്റെ പൂര്‍വ്വനാമവും. മതിലകം രേഖകള്‍, തിരുവട്ടാര്‍ ഗ്രന്ഥവരിഎന്നിവയില്‍ ഇരണിയല്‍ കൊട്ടാരത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. മാര്‍ത്താണ്‌ഡവര്‍മ്മ ഇവിടെ താമസിച്ചിരുന്നു. രാമയ്യന്‍ ദളവ ലന്തക്കാര്‍ക്കെതിരെ എ.ഡി. 1741 ല്‍ പടനീക്കം നടത്തിയത്‌ ഇരണിയലില്‍ വച്ചാണ്‌. വേലുത്തമ്പിയുടെ പ്രക്ഷോഭണ തുടക്കം ഈ കൊട്ടാര മുറ്റത്തില്‍ നിന്നായിരുന്നു. ചരിത്രാംശങ്ങള്‍ പറഞ്ഞിട്ടും മനസ്സിന്‌..

കൊട്ടാരത്തിന്റെ പറ്റേതകര്‍ന്ന മുഖമണ്‌ഡപ ലക്ഷണമായി കാടു മൂടിയ കൂറ്റന്‍ പടിക്കെട്ട്‌ അവശേഷിക്കുന്നു. നാലുകെട്ടു കൊട്ടാരം ഇതാ ഇപ്പോള്‍ എന്ന മട്ടില്‍ ഓടുകള്‍ മുഴുവനായി ഉതിര്‍ന്നു വീണു ചുവരുകളിലെ സോപ്പു വലിപ്പ ഇഷ്‌ടികള്‍ പുറത്താക്കി കഴുക്കോലുകള്‍ അപ്പാടെ ഒടിഞ്ഞു താണങ്ങനെ. പൊന്തക്കാടുകള്‍ വകഞ്ഞു മാറ്റി വേണം അതിനു മുന്നിലെത്താന്‍. ഈര്‍പ്പവും കല്ലേപ്പിളര്‍ക്കു അധികാരത്തെ തിന്നു തീര്‍ക്കുന്ന കുഞ്ഞു ജീവികളും പരിവാര സമേതമതിനുള്ളില്‍ ഇപ്പോള്‍ വാഴുന്നു. നൂറ്റാണ്ടുകള്‍ പ്രായമേറിയ, വന്‍പോടു വീണ പുളിമരത്തിനും നിസ്സംഗതയില്‍ കുതിര്‍ മുത്തച്ഛന്‍ ഭാവം. ആരെങ്കിലുമൊന്നു തൊട്ടിരുന്നെങ്കിലെന്ന കൊതിയുറഞ്ഞ നീരാഴി.

തിരുവിതാകൂറിലെ അരചന്മാര്‍ അധികാരമേറ്റയുടനെ ഉടവാളു വച്ച്‌ വണങ്ങാനെത്തിയിരുന്ന വസന്തമണ്‌ഡപം നാലുകെട്ടിനു പുറകിലാണ്‌. അവശേഷിക്കുന്ന കൊത്തു പണികള്‍ നിറഞ്ഞ മച്ചിനെ എങ്ങനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാനാവുമെന്നു വസന്തമണ്‌ഡപം തേങ്ങുന്നു. കേരളം വിട്ട്‌ കടല്‍ കടന്നുവെന്നു കരുതുന്ന ചേരമാന്‍ പെരുമാള്‍ അവസാനമായി വിശ്രമിച്ചിരുന്ന കരിങ്കല്‍ കട്ടില്‍ എടുത്തു കൊണ്ടു പോകാനാവാത്തതിനാല്‍ മാത്രം അവിടെ അവശേഷിക്കുന്നു.

ഇച്ഛാശക്തിയുള്ള തീരുമാനങ്ങള്‍ ഉടനുണ്ടായാല്‍ വസന്തമാളികയെ തകര്‍ച്ചയില്‍ നിന്നു പിടിച്ചുയര്‍ത്താനാവും. തമിഴ്‌നാട്‌ സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വൈകാതെ ചരിത്രസ്‌മാരകത്തെ രക്ഷിക്കുമെന്നു കരുതാം.

ഇരണിയല്‍ കൊട്ടാരമാളികയുടെ ചിത്രങ്ങള്‍ സര്‍വ്വവിജ്ഞാനകോശത്തില്‍ കാണാവുതില്‍ നിന്നും ഇതിന്റെ തകര്‍ച്ച വന്നു തുടങ്ങിയത്‌ ഭാഷാസംസ്ഥാന രൂപികരണശേഷമാണെന്നു കരുതാം. ഇന്നത്തെ നിലയിലുള്ള ഇരണിയല്‍ കൊട്ടാരം http://incrediblekumari.blogspot.com ല്‍ കാണാവുതാണ്‌.

തിരുവിതാംകുറിലെ പഴയ പ്രധാന കൃഷിയിടമായിരുന്ന കല്‍ക്കുളം താലൂക്കിലെ വയലേലകളും നെല്‍ക്കൃഷിയില്‍ നിന്നും മാറി നടക്കുന്നു എന്ന യഥാര്‍ത്ഥ്യത്തിലൂടെ പിന്നീട്‌ തക്കലയിലെ പത്മനാഭപുരം കൊട്ടാരത്തിലെത്തി. ഇവിടെ ചരിത്രമെങ്ങനെ ടൂറിസ പോഷണ വസ്‌തുവാകുന്നു എന്ന കാഴ്‌ചയിലേയ്‌ക്ക്‌ യാത്ര നീളുന്നു.

2008 ഏപ്രിൽ 2, ബുധനാഴ്‌ച

സന്തോഷമരണം



അന്യദേശങ്ങളിലെ യാത്‌‌റകള്‍ രാമനുണ്ണിയുടെ സഞ്ചിയില്‍ പൊന്നും പണവും നിറച്ചു.


രാമനുണ്ണിയെ കള്ളനെന്ന ചീത്തപ്പേരു കേള്‍പ്പിക്കാന്‍ ഒരു പൂട്ടും തയ്യാറായില്ല. കൈകള്‍ തൊട്ടതും താഴുകള്‍ വഴങ്ങിക്കൊടുത്തു. ആള്‍ക്കുട്ടത്തിന്നിടയില്‍ വച്ച്‌ പോക്കറ്റുകള്‍ വിട്ടിറങ്ങിയ പേഴ്‌സുകള്‍ രാമനുണ്ണിയുടെ വിരലുകള്‍ക്കിടയില്‍ തളര്‍ന്നു കിടന്നു.


രാമനുണ്ണി നാട്ടില്‍ മാളിക വച്ചു. അയാളെ എല്ലാപേരും മുതലാളിയെന്നു വിളിച്ചു.


രാമനുണ്ണി മക്കളെ പഠിപ്പിച്ച്‌‌ ഡോക്ടര്‍മാരും ഇഞ്ചിനീയര്‍മാരുമാക്കി. അവര്‍ക്ക്‌ ഭാര്യമാരും ഭര്‍ത്താക്കന്മാരുമായി ഇഞ്ചിനീയര്‍മരേയും ഡോക്ടര്‍മാരേയും തെരഞ്ഞുപിടിച്ചു.


താനൊരു കള്ളനും ഇരയായില്ലല്ലോ എന്ന ദുഖമാണ്‌ മരിക്കാന്‍ നേരം അയാളെ വിഷമിപ്പിച്ചത്‌


പെരിയോര്‍ക്ക്‌ പെരിയോരെന്ന പ്‌റമാണം തെറ്റിക്കാതെ രാമനുണ്ണിയുടെ ഉയിരെടുക്കാന്‍ കാലന്‍ തന്നെ നേരിട്ടിറങ്ങി.


രാമനുണ്ണിയുടെ പ്‌റൗഢമായ കിടപ്പിനുമുന്നില്‍ കാലന്‍ അന്ധാളിച്ചു. അരഡസന്‍ ഡോക്ടര്‍ മക്കളും മരുമക്കളും രാമനുണ്ണിയുടെ ഉയിരിന്‌ കാവല്‍ തീര്‍ത്തു.


കാത്തു കാത്തു കാലന്റേയും കണ്ണുകള്‍ കഴച്ചു.


കാവല്‍ കൂട്ടത്തിന്റെ കണ്ണുലഞ്ഞല ഒരുനിമിഷം


ആ പഴുതിലൂടെ കൈയിട്ട്‌ കാലന്‍ രാമനുണ്ണിയുടെ ഉയിര്‌ പതിയെ വലിച്ചെടുത്തു.


തിരക്കിനിടയിലുടെ പേഴ്‌സ്‌ വഴുതിപ്പോകുന്നതറിഞ്ഞ ഇരയുടെ ഉല്‍ക്കണ്‌ഠ ഒരു നിമിഷത്തേയ്‌ക്കു മാത്‌റം രാമനുണ്ണിക്കറിയാനായി

2008 മാർച്ച് 19, ബുധനാഴ്‌ച

ചത്തു കിടന്ന നമ്പര്



കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു ക്വാര്‍ട്ടേഴ്‌സിനു ചുറ്റിലുമുള്ള വീടുകളില്‍ ഫോണ്‍ കണക്ഷനെത്തിയത്‌. `ഹലോ മൈ ഡീയര്‍ റോങ്‌ നമ്പര്‍' എന്ന ചിത്‌റത്തില്‍ ടെലിഫോണുകള്‍ക്കിടയില്‍ പെട്ട മോഹന്‍ലാലിനെ പോലെയായി ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സും. ചുറ്റിലും ഇരുപത്തി നാലു മണിക്കൂറും നാനാദിക്കുകളില്‍ നിന്നും സന്ദേശങ്ങള്‍ ഇരച്ചു വന്നു കൊണ്ടിരുന്നു.


ആദ്യമൊക്കെ തീപ്പെട്ടി കൂടുകളെ ട്വയിന്‍ കൊണ്ടു ബന്ധിച്ചുണ്ടാക്കിയ ഫോണില്‍ അപ്പു സംസാരിച്ചു തൃപ്‌തനായി.


അച്ഛാ നമുക്കും ഫോണ്‍ വച്ചൂടെ? അവന്റെ നിഷ്‌കളങ്കതയെ മുറിപ്പെടുത്താതെ ഞാന്‍ ഉരുണ്ടു കളിച്ചു.


അന്നു വൈകുന്നേരം സ്‌കൂള്‍ വിട്ടുമടങ്ങിയ അപ്പുവിന്റെ കൈയില്‍ ഒരു ടെലഫോണുണ്ടായിരുന്നു. എതോ ആക്‌റി പരിസരത്തില്‍ നിന്നും അവന്‍ തപ്പിയെടു ത്ത ഡയല്‍ പാതിപോയ ചെളിപിടിച്ച ഒരെണ്ണം. റിസീവറിനും കോഡിനും കുഴപ്പമൊന്നുമില്ല.


അപ്പു എവിടുന്ന കിട്ടീത്‌? ദൂരെക്കളയ്‌ ദേഷ്യം വന്നെങ്കിലും ഞാനവനെ ശകാരിക്കാനേ പോയില്ല.അടുത്ത വീടുകളിലെ മണിയൊച്ചകള്‍ക്കൊപ്പിച്ച്‌‌ റീസിവറെടുക്കാന്‍ അവന്‍ രാത്‌റി മുഴുവനും ഓടിക്കൊണ്‌്‌ടിരുന്നു.


ഒരുറക്കം കഴിഞ്ഞപ്പോഴായിരുന്നു അപ്പുവിന്റെ ഫോണ്‍ മണിയടിച്ചു തുടങ്ങിയത്‌. സ്വപ്‌നമാണെന്നായിരുന്നു ആദ്യം തോന്നിയത്‌. അറച്ചറച്ച്‌‌ ഞാന്‍ റിസീവറെടുത്തു.


മക്കളെ ഇന്നെങ്കിലും നിന്നെ കിട്ടിയല്ലോടാ. എടുത്തയുടനെ മറുവശത്തു നിന്നും വൃദ്ധയുടെ സംസാരം ഒഴുകിത്തുടങ്ങി.


എത്‌റ നാളായി ഞാനീ നമ്പര്‍ കറക്കുന്നു. ഒരിക്കലും കിട്ടിയില്ല. ചെലപ്പം നമ്പര്‌ ശരിയാണോന്നു നോക്കാനവര്‌ പറയും. ഇന്നെങ്കിലും എന്റെ മക്കളെ കിട്ടിയല്ലോ. അന്നു നീ കുറിച്ചു തന്ന നമ്പര്‍ തന്നെയാണ്‌ ഞാനെന്നും....


ആ അമ്മ സംസാരിച്ചു കൊണ്ടിരുന്നു.


ഫാന്റസിയുടെ നൂലുകള്‍ പൊട്ടാതെ ഞാനെല്ലാം കേട്ടു നിന്നു

2008 മാർച്ച് 10, തിങ്കളാഴ്‌ച

സ്വാശ്‌റയ കേരളം


പൂര്‍വ്വാശ്‌റമത്തില്‍ ധാരാളം ചര്‍ച്ചായോഗങ്ങളിലും സെമിനാറുകളിലും പങ്കെടുത്ത്‌ ആവശ്യത്തില്‍ കവിഞ്ഞ വിജ്ഞാനവും വിവരവും പ്‌റശ്‌ന പരിഹാരാന്ദ സ്വാമികള്‍ നേടിയിട്ടുണ്ടായിരുന്നു.ആ ആശുപത്‌റി കുട്ടികള്‍ക്കും സ്‌ത്‌റീകള്‍ക്കുമായി സമര്‍പ്പിക്കുമ്പോഴും എന്തോ ഉദ്ദേശം സ്വാമിയില്‍ നിഴലിച്ചിരുന്നു.

ഒ.പി.യില്‍ വച്ചെങ്ങനെയാണ്‌ ആ ദമ്പതികളെ സ്വാമി കണ്ടെത്തിയതെന്ന്‌ ആര്‍ക്കുമറിഞ്ഞു കൂടാ. ഓരോ തവണ കണ്‍സല്‍ട്ടേഷനു വരുമ്പോഴും ആശ്‌റമത്തില്‍ ചെന്ന്‌ സ്വാമിയെ കാണണമെന്ന്‌ ഗൈനക്കോളജി ചീഫു തന്നെ അവരോടു പറഞ്ഞു.

പ്‌റസവത്തീയതി അടുക്കുന്തോറും സ്വാമി പ്‌റസാദം തങ്ങളില്‍ വഴിഞ്ഞൊഴുകുന്നതായി ദമ്പതികള്‍ക്ക്‌ തോന്നി. താന്‍ പേറുന്നത്‌ ദിവ്യ ഗര്‍ഭമാണെന്ന്‌ ആ പെണ്‍കുട്ടിക്ക്‌ തോന്നി.

അവള്‍ പെറ്റനേരത്ത ആരും പറയാതിരുന്നിട്ടും ലേബര്‍ റൂമിനു മുന്നില്‍ സ്വാമിജി എത്തി. കരയാതെ പുറത്തു വന്ന, പെറ്റയുടനെ എഴുന്നേറ്റു നില്‍ക്കുന്ന ശിശുവിനെ കണ്ട്‌ സ്വാമി സന്തോഷിച്ചു.

എല്ലാ കണക്കുകളും തെറ്റിച്ച്‌ അവന്‍ നാനോയെ കുറിച്ചും ബയോടെക്‌നോളജിയെ കുറിച്ചും സംസാരിച്ചു തുടങ്ങി.

സ്വമി അവനെ സ്വാശ്‌റയനെന്നു വിളിച്ചു.

സ്വാശ്‌റയനെ ക്ലോണ്‍ ചെയ്‌ത്‌ സ്വാശ്‌റയ കേരളവും ഭാരതവും നിര്‍മ്മിക്കുകയാണ്‌ തന്റെ അജണ്ടയെന്ന്‌ സ്വാമി പത്‌റ സമ്മേളനം നടത്തി

2008 ഫെബ്രുവരി 16, ശനിയാഴ്‌ച

ഒളിവര്‍ ട്വിസ്‌റ്റ്‌



അനാഥനും ദുഃഖിതനുമായ ഒളിവറിനുമേല്‍ മഞ്ഞുകാലം ദുരിതം കോരിയിട്ടു. പഴസാമനങ്ങള്‍ക്കിടയില്‍ നിന്നും ചികഞ്ഞെുടുത്ത കോട്ടിനും ഷൂസിനും അവനെ പുതപ്പി്‌ക്കാനായില്ല.


റോഡരുകിലെ മഞ്ഞുക്കട്ട മൂടാത്ത കോണില്‍ നിന്നായിരുന്നു ആ പാസ്‌വേര്‍ഡ്‌ അവനു കളഞ്ഞുകിട്ടിയത്‌.


അതൊരു റിയല്‍ എസ്റ്റേറ്റു മാഫിയയുടെതായിരുന്നു എന്നത്‌ നെറ്റില്‍ കയറിയപ്പോഴായിരുന്നു ഒളിവറിനു മനസ്സിലായത്‌. ഭയന്ന്‌ ഇറങ്ങിപ്പോരാന്‍ നേരത്ത്‌ ഒരച്ഛന്‍ വന്നവന്റെ കൈയ്‌ക്കു പിടിച്ചു. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ അവനു കിട്ടിയത്‌ പുതിയൊരു വിര്‍ച്ച്വല്‍ ലൈഫ്‌ ആയിരുന്നു.


ഒളിവറിന്റെ ജീവിതത്തിനു തന്നെ ട്വിസ്റ്റു വന്നത്‌ അങ്ങനെയാണ്‌.

2008 ഫെബ്രുവരി 5, ചൊവ്വാഴ്ച

ഉറക്കമവധി



ഇന്ന്‌ പത്‌റമാപ്പീസിന്‌ അവധി.


വെളുപ്പിന്‌ കൂട്ടമരണ വാര്‍ത്തയൊരെണ്ണമെങ്കിലും വായിക്കാതെ നാളത്തെ ദിവസമെങ്ങനെയാണ്‌ തുടങ്ങുന്നത്‌?


ആലോചിക്കാനേ വയ്യ!പുത്തന്‍ കുംഭകോണ വാര്‍ത്തയ്‌ക്ക്‌ കോപ്പില്ലാതെ ഓഫീസങ്ങനെ ചത്തു കിടക്കും.


ശ്ശോ. ബലാല്‍ക്കാരം, പീഡനവാര്‍ത്തകള്‍ ഒരാവര്‍ത്തി കൂടി നുണയാതെ എത്‌റ പാതിരായായിട്ടും കിടക്കയില്‍ വീണിട്ടെന്തു കാര്യം?


ഉറക്കവും അവധിയെടുത്ത്‌ മാറിക്കളയും തീര്‍ച്ച.

2008 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

നിധി



ഉള്ളില്‍ നിന്നും ചീഞ്ഞ മണമാണ്‌ അവളെ ഓപ്പറേഷന്‍ ടേബിളില്‍ എത്തിച്ചത്‌.


മനസ്സിന്റെ അടിക്കോണില്‍ നിന്നും എമ്പാടും ദ്‌റവിച്ച ഒരു തലക്കഷണം ഡോക്ടര്‍മാര്‍ ചുരണ്ടി താഴെയിട്ടു.


തന്റെ പൂര്‍വ്വ കാമുകന്റേത്‌.


അവള്‍ ഗൂഢം തിരിച്ചറിഞ്ഞു

2008 ജനുവരി 15, ചൊവ്വാഴ്ച

ദയാനിധേ



സോറി


ഞാന്‍ വിചാരിച്ചാലൊന്നും നടക്കില്ല.


ചിത്‌റഗുപ്‌തന്റെ കണക്കുകള്‍ അത്‌റയ്‌ക്ക്‌ കൃത്യമാണ്‌.


ദൈവം ഒരണ്ടര്‍ സെക്‌റട്ടറി ഭാവത്തോടെ പറഞ്ഞു.


സാരമില്ല സാര്‍. അല്ല. ദൈവേ!


ഞാന്‍ നരകത്തില്‍ തന്നെ പൊയ്‌ക്കോളാം.


സ്റ്റുഡന്‍സ്‌ യൂണിയനില്‍ പഠിച്ച്‌, സര്‍വ്വീസ്‌ സംഘത്തില്‍ പ്‌റവര്‍ത്തിച്ച്‌, പെന്‍ഷന്‍ സമിതിയിലിരിക്കെ മരിച്ചയാളാണ്‌.


നരകത്തിലാവുമ്പോള്‍ മിനിമം ഒരു സിറ്റിസണ്‍സ്‌ ഫോറത്തിനെങ്കിലും സേ്‌കാപ്പുണ്ട്‌.


റൊമ്പ നന്‍ട്‌റി.

2008 ജനുവരി 5, ശനിയാഴ്‌ച

പച്ചക്കറിച്ചോര



പൂച്ചകള്‍, കോഴികള്‍ എന്തിന്‌ ഒരിക്കലും മരണം തീണ്ടില്ലെന്ന്‌ മുത്തശ്ശി പറഞ്ഞ കാക്കച്ചികള്‍ പോലും നിരത്തുകളില്‍ വണ്ടി കയറി ചതഞ്ഞു കിടക്കുന്നു.


സസ്യഭുക്കുകള്‍ക്ക്‌ ബലത്തൊരു വിശ്വാസമുണ്ട്‌. സഞ്ചികളില്‍, കൂടകളില്‍. തണുത്ത ഫ്‌റിഡ്‌ജുകളില്‍ പഴങ്ങളും പച്ചക്കറികളും സുരക്ഷിതരെന്ന്‌. സൈക്കിള്‍ മുട്ടിയ ഒരു പാവയ്‌ക്കയെ പത്‌റത്തില്‍ പോലും കണ്ടിട്ടില്ലല്ലോ!

ആശ്വാസം കൊള്ളുന്നവര്‍ തണ്ണിമത്തന്‍ കടപ്പരിസരങ്ങളില്‍ നോക്കരുതേ!


ലോറിയില്‍ നിന്നും തെന്നിവീണ്‌ ഉടഞ്ഞ്‌ ചോരച്ച അകം ചിതറി പാതിയരഞ്ഞ്‌ കിടക്കുന്ന തണ്ണിമത്തന്‍ തലകള്‍ പകരുന്നതും അപകട ഞെട്ടലും മനം പിരട്ടലുമാണ്‌.

2007 ഡിസംബർ 31, തിങ്കളാഴ്‌ച

ഉണ്ണിയേശു മേശ പണിയുന്നു



സെമിനാറുകളും മീറ്റിംഗുകളും കുട്ടിക്ക്‌ ശീലമാണ്‌.


അങ്ക്‌ള്‍മാരോട്‌ എറ്റു പിടിച്ച്‌ മമ്മി തര്‍ക്കിക്കുമ്പോള്‍ അവള്‍ക്ക്‌ കാഴ്‌ചകള്‍ പുറത്താണ്‌.


കാക്കകള്‍ കലപിലോന്ന്‌ പറക്കണത്‌, പച്ചിലകള്‍ മഴ നനഞ്ഞ്‌ കൂനിപ്പോണത്‌. രസിപ്പിക്കാന്‍ കൗതുകങ്ങള്‍ ഓരോന്ന്‌ ഇഷ്ടം പറഞ്ഞ്‌ പമ്മിപ്പമ്മി വരും.


സമ്മേളന വേദികളില്‍ മമ്മിയെ ചുറ്റിക്കൂടുമ്പോള്‍ കൊഞ്ചിക്കാനെത്തുന്ന ചേച്ചിമാരെയാണവള്‍ക്ക്‌ പ്‌റീയം. മുല്ലപ്പൂ മണം, ഉമ്മകള്‍, ചോക്കലേറ്റുകള്‍.....മമ്മിയോടൊപ്പം പുറത്തിറങ്ങാന്‍ അവളെപ്പോഴും തയ്യാര്‍.


കണ്ണട വച്ച്‌ പ്‌റസംഗിക്കണ മമ്മിയെ കാണാനെന്തു ചന്താ. പറഞ്ഞതും കണ്ണുകള്‍ എതിര്‍വശത്തെ വലിയ കെട്ടിടച്ചുവരിലെ സിമന്റു രൂപത്തില്‍ പെട്ടു.


ആശാരി കുടുംബം. ഉളിയും കൊട്ടുവടിയും പിടിച്ച കുഞ്ഞുമോനും മരപ്പണിയില്‍ ശ്‌റദ്ധന്‍. അയഞ്ഞ കുപ്പായമിട്ട്‌ വലിയ ആശാരി. ആ ചുവരിലെ സുന്ദരി മമ്മിക്കും, പ്‌റതിമച്ചേട്ടനും അതേ മാതിരി കുപ്പായം തന്നെ. അവള്‍ക്ക്‌ ചിരിയൂറി.


ആ കുഞ്ഞാശാരിയുടെ മുഖത്ത്‌ ആരാണിത്‌റ ചന്തം വച്ചത്‌?


കൗതകത്തോടെ അവളൊരു കിനാവു മെനഞ്ഞു തുടങ്ങി.തനിക്കിരുന്ന്‌ പടം വരയ്‌ക്കാനും ടോയ്‌സ്‌ വയ്‌ക്കാനും അവനിതാ ഒരു ചെറുമേശ പണിഞ്ഞു തുടങ്ങുന്നു.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi