നെടുമങ്ങാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നെടുമങ്ങാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022 മാർച്ച് 9, ബുധനാഴ്‌ച

നെടുമങ്ങാട്ടെ കാക്കപ്പൂവുകള്‍


 

മലയാളനാടിനെ സ്പര്‍ശിച്ച ഒട്ടുമിക്ക വസന്തങ്ങളും നെടുമങ്ങാട്ടെ സാംസ്‌കാരികാന്തരീക്ഷത്തിലും നിറംമാറ്റങ്ങളുണ്ടാക്കി. ഗ്രന്ഥശാലാ പ്രസ്ഥാനവും, തീവ്ര നവചിന്തളും തെളിച്ചം വീശിയ ഈ നാട്ടില്‍ സാക്ഷരതാ പ്രസ്ഥാനവും സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പുതുപ്രകാശത്തിന്റെ വെളുത്ത പുഷ്പങ്ങള്‍ വിരിയിച്ചു. സര്‍വ്വവിധ കൂട്ടായ്മകളുടെയും തെളിഞ്ഞ സാന്നിധ്യം നെടുമങ്ങാട്ട് എന്നും പ്രകടമായിരുന്നു. ഈ താലൂക്കില്‍ നിന്നിറങ്ങിയ ചെറുമാസികകളും നാടിന്റെ സാംസ്‌കാരികതയ്ക്ക് തനത് സംഭാവനകള്‍ നല്‍കി.  

       എഴുപതുകളിലെ കൈയെഴുത്തു ആശയപ്രചരണോപാധികളുടെ പരിമിതികളുള്‍ക്കൊണ്ട്, അക്ഷരാഗ്നി ജ്വലിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചകളില്‍ നിന്നാണ് കേരളത്തിലെ മറ്റുഭാഗങ്ങളിലെപ്പോലെ ഇവിടെയും ചെറുമാസികാ വസന്തങ്ങളുണര്‍ന്നത്. റേഡിയോ ക്ലബ്ബുകളുടെയും ജനകീയ സാംസ്‌കാരിക കൂട്ടായ്മകളുടെയും ചൂട് ഇവയില്‍ പടര്‍ന്നു കയറി. വാക്കും വരയും കാഴ്ചകളും സങ്കല്പങ്ങളും എഴുത്തുമെല്ലാം ഇന്നു ബൈനറി ഡിജിറ്റുകളാകുമ്പോഴും വാര്‍ഷിക പുഷ്പികളെ മാതിരി, അവ ഘടികാര സ്വഭാവം കാണിച്ചു കൊണ്ട് പുറത്തുവരുന്നുണ്ട്. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ സാംസ്‌കാരിക ഉണര്‍വ്വിനെ ഇടയ്ക്കിടെ അതെല്ലാമോര്‍മ്മപ്പെടുത്തുന്നു. 

    മലയാളം മുഴുവനുമറിയപ്പെട്ടിരുന്ന ഒരുപിടി കുഞ്ഞുമാസികകള്‍ നെടുമങ്ങാട്ടെ അച്ചുകൂടങ്ങളില്‍ എണ്‍പതുകള്‍ മുതല്‍ പിറന്നു. അവ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ആവിഷ്‌കരണാവസരങ്ങള്‍ നല്‍കി അരങ്ങൊഴിഞ്ഞു. രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഇന്‍ഡ്യയുടെ അംഗീകാരം നേടി തീര്‍ത്തും ഗൗരവഭാവത്തോടെയാണ് ഇവ ചുവടുകള്‍ വച്ചത്.  കൃത്യയായ ഉദ്ദേശ ലക്ഷ്യങ്ങളും, സാംസ്‌കാരിക രാഷ്ട്രീയ നിലപാടുകളും ഇടപെടലുകളും ഉള്ളടക്കത്തില്‍ പരീക്ഷിച്ചപ്പോള്‍. സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച വലിപ്പവും രൂപവും അവ പുറകാഴ്ചയില്‍ക്കാട്ടി. അങ്ങനെ നെടുമങ്ങാടന്‍ കുത്തു മാസികളുടെ പ്രതേ്യകതകള്‍ കെട്ടിലും മട്ടിലും വേറിട്ടതായിരുന്നു. 

    പഴയ യുഗത്തില്‍ അച്ചുകള്‍ നിരത്തി പ്രൂഫിലെ കരടുകള്‍ പെറുക്കിമാറ്റി ഒരു പേജൊരുക്കുന്ന നേരം കൊണ്ടിന്നൊരു പുസ്തകമിറക്കാന്‍ സാധിക്കുന്ന കാലത്ത് തിരിഞ്ഞുനോക്കുമ്പോള്‍ ഈ മാസികാപ്രവര്‍ത്തകരുടെ ദൗത്യഗരിമ തെളിയുന്നു. സാമ്പത്തിക പരിമിതികളെ വകഞ്ഞു നീങ്ങിയ കുഞ്ഞുമാസികാ പ്രവര്‍ത്തകര്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവതയുടെ ചിന്താപദ്ധതികളെ വളര്‍ത്തി. ആളിപ്പടര്‍ന്ന സൗഹൃദങ്ങളുടെ ലോകമായിരുന്നത്. ഒരു കുഞ്ഞു മാസിക മറ്റൊരെണ്ണത്തിനെ കുറിച്ച് പ്രതേ്യക പതിപ്പ് ഇറക്കുന്നതില്‍ വരെ ആ സഹകരണം ചെന്നെത്തിയിരുന്നു. (തെറ്റാടി മാസികയുടെ പാത പതിപ്പ് സസന്തോഷം ഓര്‍ക്കാം). ഇല്ലായ്മകളില്‍ നടന്നു നടന്നു പിറവിയെടുത്ത പ്രസിദ്ധീകരണങ്ങളായിരുന്നു അവയെല്ലാം.

    പുതു കവിത, കഥ എന്നിവകളുടെ സാധ്യതകള്‍ക്ക് അപ്പുറത്ത് സ്ത്രീപക്ഷവാദം, ആഗോളീകരണ ബദലുകള്‍, വര്‍ഗ്ഗീയത വിഷലിപ്തമാക്കാന്‍ പോകുന്ന ഭാവികേരള മണ്ണിനെ കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ എന്നിവ ഇവയുടെ ഉള്ളിനെ ചൂടുറ്റതാക്കി. പരിസ്ഥിതി വിഷയങ്ങളോട് അവയൊപ്പം ചേര്‍ന്നു നിന്നു. അഥവാ അത്തരം കാര്യങ്ങളെ അവ കണ്ടെടുക്കുകയായിരുന്നു. ദേശദേശാന്തരം പുതിയ വസന്തമുണ്ടാക്കി തപാല്‍മാര്‍ഗ്ഗം സഞ്ചരിച്ച മാസികളുടെ കൂട്ടത്തില്‍ പാത, തെറ്റാടി, ഘടികാരം, ആവിഷ്‌കാരം എന്നിവകളുടെ സാന്നിദ്ധേ്യാര്‍മ്മകള്‍ മൂന്ന് ദശാബ്ദത്തിനു ശേഷവും ഏറെ തെളിച്ചമുള്ളതാണ്. 

    എണ്‍പതുകളിലിറങ്ങിയ സൂര്യന്‍ മാസികയാണ് നെടുമങ്ങാട് ചെറുമാസികള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കിയത്. പ്രാദേശിക വിഷയങ്ങളെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണ് സൂര്യന്‍ ചെയ്തത്. ഈ മാസിക ഒന്‍പതു ലക്കങ്ങലേയ്ക്ക് നീണ്ടു. 

    തെരുവില്‍ വില്പന നടത്തിയിരുന്ന 'പാത' മാസിക ആശയ പ്രചരണത്തിനു സാധാരണക്കാരോടു സംവദിച്ചു. ജനകീയ സമീപനമായിരുന്നു പാത എന്ന കുഞ്ഞു മാസികയുടെ പ്രധാന പ്രതേ്യകത. നെടുമങ്ങാടിന്റെ കിഴക്കന്‍ മലയോരങ്ങളിലെ തോട്ടം തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് ആശയപ്രചരണത്തിലെ നിലവാരമത് ഉയര്‍ത്തിക്കാട്ടി. സമത്വത്തില്‍ അധിഷ്ടിതമായ നവലോക സങ്കല്പമാണ് ഈ കുഞ്ഞു മാസികയുടെ ഉള്‍ക്കാമ്പ്. 

    പ്രധാനമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍പരിഗണിക്കപ്പെട്ടതാണ് തെറ്റാടി (1992). രണ്ടായിരത്തി ഒന്നുവരെ ഈ ദേശെത്ത പുതുചിന്തയുടെ താക്കോല്‍ തെറ്റാടി വഹിച്ചു. തെറ്റാടിയുടെ മുഖ, ഉള്‍ച്ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. കുഞ്ഞുമാസികയ്ക്ക് വേണ്ടി ഒരു പടം ബ്ലോക്ക് ആകുന്നതില്‍ വിദ്യാര്‍ത്ഥിയായിരുന്ന തെറ്റാടി പത്രാധിപരുടെ അദ്ധ്വാനം ഓര്‍ക്കുക. വിവിധ വിഷയ സംബന്ധിയായ പതിപ്പുകളാണ് തെറ്റാടിയെ വേറിട്ടു നിര്‍ത്തിയത്. കഥാപ്പതിപ്പ്, വി.പി.ശിവകുമാര്‍ പതിപ്പ്, സ്വപ്നവംശത്തിലെ കഥ, കവിതാപതിപ്പ് (1993), കുട്ടികള്‍ക്കായി തയ്യാറാക്കിയ സെന്‍ പതിപ്പ്, സമാന്തര പ്രസിദ്ധീകരണപതിപ്പ് എന്നിവ മാസികാപ്രവര്‍ത്തകളുടെ സര്‍ഗ്ഗധനതയുടെ തെളിവ് നല്‍കുന്നു. ഗസ്റ്റ് എഡിറ്റര്‍മാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയ കുഞ്ഞു മാസികയായിരുന്നു തെറ്റാടി. അതീവ പത്രാധിപ ധിഷണകളുടെ ഓര്‍മ്മകളുണ്ടാക്കുന്ന ഈ മാസിക രൂപത്തിലും വലിപ്പത്തിലുമാവര്‍ത്തിക്കാത്ത വൈവിധ്യം നിലനിര്‍ത്തി. ഒറീസ്സയില്‍ അതിക്രൂരമായി ഇല്ലായ്മചെയ്യപ്പെട്ട ഗ്രഹാംസ്റ്റെയില്‍ എന്ന ആസ്‌ത്രേലിയന്‍ പാതിരിക്ക് ഒരു ലക്കം സമര്‍പ്പിച്ചത് തെറ്റാടി സ്വീകരിച്ചിരുന്ന രാഷ്ട്രീയ നിലപാടുകളുടെ ലിറ്റ്മസ് ആയിരുന്നു.  

    താലൂക്കിലെ പ്രധാന വ്യവസായ സ്ഥാപനമായ കരകുളം കെല്‍ട്രോണിലെ തൊഴിലാളികളും ജീവനക്കാരും കുഞ്ഞുമാസികാ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. അവയില്‍ നിദേശം, സമത. എന്നിവകയുടെ സാംസ്‌കാരിക സംഭാവനകള്‍ തെളിവാര്‍ന്നതാണ്. നിദേശം മാസിക നല്ലരചനകള്‍ക്ക് ഇരുപത്തിയഞ്ചു രൂപ സമ്മാനം നല്‍കി കുഞ്ഞെഴുത്തുകാരെ മാനിച്ചു. വായനക്കാരുടെ പ്രതികരണങ്ങള്‍ക്കും ഈ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കിയിരുന്നു.

    കവിതയെ നെഞ്ചത്തേറ്റിയ താലൂക്കില്‍ നിന്നുള്ള പ്രസിദ്ധീകരണമാണ് ഘടികാരം. പ്രവര്‍ത്തന മികവിന്റെ സൂചകമായി പി. എ. ഉത്തമന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവരെ കുറിച്ചുള്ള പ്രതേ്യക പതിപ്പുകള്‍ ഘടികാരം ഇറക്കി. ഈ മാസികയുടെ വീട് പതിപ്പ് ശ്രദ്ധേയമാണ്. രണ്ടായിരത്തിലെ 'ഗുജറാത്ത്' പതിപ്പ് 'പില്‍ക്കാല' ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്കുള്ള കൈചൂണ്ടിയായി നിലകൊണ്ടു. നാടകപ്പതിപ്പ്, യുവസ്പന്ദം എന്ന പേരിലുണ്ടായിരുന്ന പുതിയ എഴുത്തുകാരുടെ ഇന്റര്‍വ്യൂ കോളം എന്നിവയും ശ്രദ്ധേയമാണ്. കവിതാ പഠനങ്ങള്‍ക്ക് ഘടികാരം പ്രാധാന്യം നല്‍കിയിരുന്നു. 

    ചിന്തിക്കുന്നവര്‍ക്കു മാത്രമായി നെടുമങ്ങാടു നിന്നും പുറത്തു വന്നതാണ് ആവിഷ്‌കാരം മാസിക. ഡെമ്മി നാലിലൊന്നു വലിപ്പവും തൊണ്ണുറുകളിലെ ആശയ സമഗ്രതയും ഇതുപേറി. തുടര്‍ലേഖനങ്ങള്‍ ആവിഷ്‌കാരത്തിന്റെ മറ്റൊരു പ്രതേ്യകതയാണ്. ആഗോളീകരണത്തിനെതിരെയുള്ള ബദല്‍ അനേ്വഷണങ്ങള്‍ക്ക് ചിന്താ ശക്തിപകര്‍ന്നതായിരുന്നു ഈ മാസികയുടെ നിലപാട്. പരിസ്ഥിതി, പ്രാദേശിക വിഭവസംരക്ഷണം, എന്നീ ആശയങ്ങള്‍ക്ക് പുറമെ ആവിഷ്‌കാരത്തിലെ നാട്ടറിവു പംക്തി ശ്രദ്ധേയമായിരുന്നു. നാലുലക്കങ്ങളോളം സാംസ്‌കാരിക പ്രവര്‍ത്തനനങ്ങള്‍ അതുതുടര്‍ന്നു.

    ഈ കുഞ്ഞുമാസിക സംഘാടകരില്‍ ചിലര്‍ ഒരുപടി കൂടി മുന്നേറി. ചെറുകിട പ്രസാധന രംഗത്തേയ്ക്ക് കാല്‍വയ്പു നടത്തി മുന്നോട്ടു പോയവരാണ്. ഉണ്മ സാസികയുടെ (നെടുമങ്ങാട്) ഉണ്മ ലിറ്റില്‍ ബുക്‌സ്. കനല്‍ ബുക്‌സ്, തെറ്റാടി മാസികയുടെയും പ്രസിദ്ധീകരണ സംരംഭങ്ങള്‍. കല്ലാര്‍ ഗോപകുമാറിന്റെ എക്‌സ്- പ്രസ്സ് പബ്ലിക്കേഷനും സ്മരണീയമാണ്. ഇവയുടെയെല്ലാം  സാന്നിധ്യവും തെരുവുകളിലായിരുന്നു. ഡിജിറ്റല്‍ പ്രസിദ്ധീകരണരംഗത്തേയ്ക്കും തെറ്റാടി  മാസിക പ്രവര്‍ത്തകന്‍ ചുവടുകള്‍ നീട്ടാതിരുന്നില്ല.

    മികവുറ്റു എഡിറ്റോറിയലുകളുമായി എട്ടും പന്ത്രണ്ടും ലക്കങ്ങള്‍ തുടര്‍ച്ചയായി പൂര്‍ത്തീകരിച്ചാണ് ഇവയില്‍ പല പ്രസിദ്ധീകരണങ്ങളും വിടവാങ്ങിയത്. അതിന് അപവാദം ഘടികാരം മാസികയാണ്. മുപ്പതു വര്‍ഷങ്ങളായി തുടര്‍ച്ചയില്ലെങ്കിലും ഘടികാരം ഇപ്പോഴും നിലനിന്നുപോരുന്നുണ്ട്. ഒരു മാസികാപ്രവര്‍ത്തന സഹകരണോര്‍ജ്ജത്തില്‍ നിന്ന് മറ്റൊരു പ്രസിദ്ധീകരണമുണ്ടാകുന്ന രീതിയും പ്രകടമായിരുന്നു.


യുവതയുടെ ഊര്‍ജ്ജചരിതം


    ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിരണ്ടില്‍ സൂര്യന്‍ മാസികയുടെ പ്രസിദ്ധീകണ പങ്കാളിയായി നടരാജന്‍ ബോണക്കാട് എത്തിയതോടെയാണ് നെടുമങ്ങാട്ടെ ചെറുമാസികാ പ്രവര്‍ത്തനങ്ങള്‍ പുതുഘട്ടത്തിലേയ്ക്ക് കടക്കുന്നത്. 

    ഇരിഞ്ചയത്തു നിന്നും എം സെബാസ്റ്റ്യന്‍, കെ മധു എന്നിവരുടെ സംഘമാണ് സൂര്യന്‍ ആരംഭിച്ചത്. നടരാജന്‍ ബോണക്കാട് ഉള്‍പ്പെടെയുള്ള പത്രാധിപസമിതി നെടുമങ്ങാട്ട് നിന്നും തുടര്‍ന്ന് മാസികയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി.

    നടരാജന്‍ ബോണക്കാട് മാസികാപ്രവര്‍ത്തനത്തിലെ നിലപാടുകള്‍ വ്യക്തമാക്കി വ്യതിരിക്തത നിലനിര്‍ത്തിയ പത്രാധിപരായിരുന്നു. ലേ ഔട്ട്, അച്ചടിയിലെ സൂക്ഷ്മത എന്നിവ നടരാജനിലെ പത്രാധിപ പ്രതിഭയെ വെളിപ്പെടുത്തി. സംഘത്തുടക്കത്തിലാരംഭിച്ച് തുടര്‍ന്ന് ഏകനായി  അദ്ദേഹത്തിനു തന്റെ മാസികകളെ നിരവധി വര്‍ഷങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു. കവിത, കഥ, പ്രശ്‌നാധിഷ്ടിതമായ ഇടപെടലുകള്‍ എന്നിവ നടരാജന്‍ മാസികകളുടെ ഉള്ളടക്ക പ്രതേ്യകതകളാണ്. സൂര്യന്‍ (1982), നു പുറമെ ജനതുട ി, ഉണ്മ എന്നിവയാണ് നടരാജന്റെ കൈപ്പാടു പതിഞ്ഞ ചെറുമാസികാ സംരംഭങ്ങള്‍. സൂര്യനിലൂടെയാണ് പുതിയ മാസികാ സാംസ്‌കാരികത നെടുമങ്ങാട്ട് തുടക്കമിട്ടതെങ്കിലും പാത എത്തുന്നതോടെ അത് ഉച്ചാവസ്ഥയിലായി. വിവിധ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ നടരാജന്‍ മുഖ്യ കാര്‍മ്മികനായ പാതമാസിക (1988) യാണ് ഏറെ ജനകീയമായി മാറിയത്. 

    1982 ല്‍ തൃശൂരില്‍ നടന്ന ചെറുമാസിക പ്രവര്‍ത്തകരുടെ കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നടരാജന്‍ പങ്കെടുത്തിരുന്നു. ഉണ്മ, കനല്‍ എന്നിവകളിലൂടെ കുഞ്ഞുപ്രസിദ്ധീകരണത്തിലേയ്ക്കും നടരാജന്‍ കടന്നിരുന്നു.

    ഇളവട്ടം കെ. പി. രവിയുടെയും സംഘത്തിന്റെയും ബോധി (1983) മാസികയും പ്രവര്‍ത്തകരുടെ തീവ്രരാഷ്ട്രീയം വെളിപ്പെടുത്തിയ ചെറുമാസികയാണ്. പുരോഗമന രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്ത ഒന്നായി അതു നെടുമങ്ങാടു കുഞ്ഞു മാസികാ ചരിത്രത്തില്‍ ഇടം പിടിക്കുന്നു. യുവാക്കളുള്‍പ്പെട്ട പുതിയ തലമുറയാണ് ഈ ദൗത്യത്തിനുള്‍ക്കാമ്പുകളെ നെഞ്ചേറ്റിയത്. 

    പാച്ചല്ലൂര്‍ ബാലചന്ദ്രന്റെ കൈപ്പാട് പതിഞ്ഞത് നിദേശം (1987) മാസികയിലാണ്. സ്പന്ദനം, ശലാക, യജ്ഞം, സ്പന്ദനം എന്നിവയും കെല്‍ട്രോണ്‍ ക്യാമ്പസില്‍ നിന്നും പാച്ചല്ലൂര്‍ ബാലചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിന്താ തീഷ്ണതയില്‍ പുറത്തിറങ്ങി. ക്ലാപ്പന ഷണ്മുഖന്റെ സമത (1989) യാണ് ഈ വ്യവസായ കേന്ദ്രത്തില്‍ നിന്നും പുറത്തുവന്ന മറ്റൊരു കുഞ്ഞു മാസിക. മാസികാ പ്രവര്‍ത്തകരുടെ വലിയ കൂട്ടായ്മാ കരകുളം കെല്‍ട്രോണ്‍ ക്യാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്നു. 

    തെറ്റാടി മാസിക (1992) യിലൂടെ ഉദയന്‍ മലയാളത്തില്‍ പുതിയ മാസികാ ചരിത്രം നെടുമങ്ങാട്ടു നിന്നും രചിക്കുകയായിരുന്നു. അതിനു മുമ്പേ തന്നെ ഉദയന്റെ പ്രവര്‍ത്തനങ്ങളില്‍ തൂലിക (1988),  തണല്‍ (1990) എന്നിവ ഉള്‍പ്പെട്ടിരുന്നു. ഈ പരീക്ഷണങ്ങള്‍ തെറ്റാടി മാസികയെ സമഗ്രമാക്കുന്നതില്‍ വിദ്യാഭ്യാസ കാലത്തു തന്നെ ഉദയനു കരുത്തു നല്‍കി.         ചെറുകാലത്തിന്നിടയില്‍ തണല്‍ അതിന്റെ വാര്‍ഷികപ്പതിപ്പ് പ്രസിദ്ധീകരിച്ചു, തെറ്റാടിയുടെ വൈവിധ്യ വിഷയപ്പതിപ്പുകള്‍ ശ്രദ്ധേയങ്ങളാണ്. യൂണിവേഴ്‌സിറ്റി കോളേജിന്റെ സാംസ്‌കാരിക രസതന്ത്രം ഈ മാസികാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദയനു കരുത്തു നല്‍കിയതായി കാണാം.  

    ബി. എസ്. രാജീവിന്റെ നേതൃത്വത്തില്‍ ഘടികാരം (1990) ഇളവട്ടത്തു നിന്നാരംഭിച്ചു. കവിതയ്ക്ക് പ്രാമൂഖ്യമുള്ള മാസികയായി ഘടികാരമിന്നും നിലകൊള്ളുന്നു. പുതിയ അച്ചടിസങ്കേതങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ ആദ്യ തലമുറ മാസികളില്‍ ഒന്നാണ് ഘടികാരം. പാതയിലെ  പ്രവര്‍ത്തന പരിചയത്തില്‍ നിന്നായിരുന്നു ഘടികാരത്തിന്റെ വളര്‍ച്ച.

    കെ. മധുവിന്റെ ആവിഷ്‌കാരത്തിനും (1993) ഏറെ ശ്രദ്ധ ലഭിച്ചു. ആഗോളവത്കരണത്തിന്റെ രാഷ്ട്രീയമായിരുന്നു ആവിഷ്‌കാരം മാസിക ലക്ഷ്യമിട്ടത്. തൊളിക്കോട്ടു നിന്നും ഇറങ്ങിയ തുലനം (1994) വും ഈ സംഘത്തില്‍ ഉള്‍പ്പെട്ടു. ഷാജഹാനാണ് ഈ ചെറുമാസികയുടെ പ്രവര്‍ത്തകന്‍. 

    ആദ്യകാലാ മാസികാ പ്രവര്‍ത്തകനായ സതീഷ് കുമാറിന്റെ സേവനങ്ങള്‍ സ്മരണീയമാണ്. ശരം മാസിക (70കളില്‍) യാണ് നെടുമങ്ങാടു മാസികാ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും പ്രചോദനമായ മറ്റൊരു കുഞ്ഞുപ്രസിദ്ധീകരണം.

     ദീപശിഖ ഏറ്റെടുത്ത് കൊണ്ട് പുതുതലമുറയുമെത്തി. ഷിറാസ് പാലോട് ചുമതലക്കാരനായ അക്ഷരം (2000) മാസിക പതിന്നാറു ലക്കങ്ങള്‍ പത്തിറക്കിയ 'പ്രതിമാസ സുതാര്യ ഗ്രാമപത്ര'മായിരുന്നു. രാഷ്ട്രീയവും കാല്പനികതയും അക്ഷരത്തിന് വര്‍ജ്യമായിരുന്നു. 

    മുഖ്യപത്രാധിപന്മാരായി ഷിജുഖാന്‍ പുതിയ സൂര്യന്‍ (2004) ഒന്‍പതു പതിപ്പുകള്‍ പുറത്തിറക്കി. വി  സി അഭിലാഷ് പകലു (2008) മായി മാസികാ പ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നുവന്നു. 

    എഴുതി തുടങ്ങുന്നവര്‍ക്ക് പ്രോത്സാഹനം. സാഹിത്യത്തിലെ 'മെരിറ്റിനു' നല്‍കിയ പ്രാധാന്യം എന്നിവയാല്‍ ഇവയൊക്കെ ഏറെ ശ്രദ്ധേയങ്ങളായിരുന്നു. എണ്‍പതുകള്‍ തുടങ്ങി ഇരുപത്തിയഞ്ചാണ്ടുകളിലെ യുവാക്കളുടെ തീവ്രചിന്താപദ്ധതികളുടെ പതാകകള്‍ ഈ മാസികകള്‍ പേറി. ഈ മാസികാ പ്രവര്‍ത്തകരില്‍ മിക്കപേരും എഴുത്തുകാരായി മാറിയെങ്കിലും മുഖ്യധാരാ പത്രപ്രവര്‍ത്തന രംഗത്ത് ഷിജുഖാനും വി സി അഭിലാഷും മാത്രമേ കൈവച്ചുള്ളു. 

    ഇവയില്‍ പല മാസികകളും നെടുമങ്ങാടിന്റെ നാലതിരുകളിലൊതുങ്ങാതെ കേരളം മുഴുവനും ചര്‍ച്ചചെയ്ത പ്രസിദ്ധീകരണങ്ങളായിരുന്നു. അതിലൂടെ പ്രവര്‍ത്തന ബന്ധങ്ങള്‍ വികസിച്ചു. എണ്‍പതു തൊണ്ണൂറുകളില്‍ എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മറക്കാന്‍ വയ്യാത്ത സാംസ്‌കാരികതയുടെ അഷ്ടബന്ധങ്ങളായി അവയോരോന്നും വിലയിരുത്തപ്പെട്ടു.

    കുടുസ്സുമുറികളിലെ അച്ചടിശാല ഉടമകളോട് കടപ്പാടില്ലാതെ മാസികാ ചരിത്രം വിലയിരുത്തുന്നതു പൂര്‍ണ്ണമാകില്ല. അവരുടെ ക്ഷമയും സ്‌നേഹസ്പര്‍ശവും കുഞ്ഞുമാസികളുടെ ജനനവും വളര്‍ച്ചയും ഒരു പരിധിവരെ നിശ്ചയിച്ചു. ആര്‍ട്ടിസ്റ്റ് ചിന്ത ബാഹുലേയന്‍ നല്‍കിയ സംഭാവനകളും നെടുമങ്ങാടന്‍ മാസികാ സംരംഭങ്ങളെ സ്മരണീയമാക്കുന്നു.

    വികേന്ദ്രികൃതമായ അദ്ധ്വാനം ഇവയില്‍ പ്രകടമായിരുന്നു. മാസികകള്‍ ഒരുക്കുന്നതില്‍ മുതല്‍ വിതരണത്തില്‍വരെ ആ ഊര്‍ജ്ജം നീണ്ടുചെന്നു. 

    പാതയ്ക്കു പിന്നില്‍ എം സെബാസ്റ്റ്യന്‍, പി എ ഉത്തമന്‍, ഉഴമലയ്ക്കല്‍ മൈതീന്‍, കല്ലാര്‍ ഗോപകുമാര്‍, എസ്. ഡി. ചുള്ളിമാന്നൂര്‍, അജയപുരം ജ്യോതിഷ് കുമാര്‍, ജിജോകൃഷ്ണന്‍, കല്ലാര്‍ ഹരികുമാര്‍, ബി എസ് രാജീവ്, വട്ടപ്പാറ ജയകുമാര്‍, പ്രതീപ് കെ ജി, ഗോപി എന്നിവരുടെ അദ്ധ്വാനം കാണാം. ജനതുടി, ഉണ്മ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലാര്‍ ഗോപകുമാര്‍ സഹകരിച്ചിരുന്നു.

    ബോധിയുടെ കാഴ്ചപ്പാടുകള്‍ക്ക് കരുത്തുണ്ടാക്കിയത് രാമകൃഷ്ണന്‍, നെയ്യപ്പള്ളി അപ്പുക്കുട്ടന്‍  നായര്‍, വേലായുധന്‍ പിള്ള, ശശികുമാര്‍, വാമന്‍, എന്നിവരാണ്. 

    കെല്‍ട്രോണിലെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് പിന്നില്‍ പ്രഭാകരന്‍ നിലോവ്‌ന, പരശുവയ്ക്കല്‍ കൃഷ്ണന്‍കുട്ടി, രത്‌നാകരന്‍, ഗോപാലകൃഷ്ണന്‍, രവി, എന്നിവരെ കാണാം. അപ്പു, കബീര്‍, എന്നിവരും സൂര്യനുവേണ്ടി വിയര്‍പ്പൊഴുക്കി. 

    ഘടികാരത്തിന്റെ മുന്‍നിര പ്രവര്‍ത്തകരായി ഉഴമലയ്ക്കല്‍ മൈതീന്‍, ജോണ്‍ പരുത്തിക്കുഴി, സുനില്‍ എന്നിവരുണ്ട്. ഉദയന്‍, ഉഴമലയ്ക്കല്‍ മൈതീന്‍, ഗിരീഷ് പുലിയൂര്‍, പേരയം സന്തോഷ് എന്നിവരാണ് ആവിഷ്‌കാരത്തിന്റെ ശക്തി. 

    പഴയകാല യവ്വനോര്‍മ്മകളെല്ലാം ചിതലെടുക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കുന്നത് അവ വിരിയിച്ച ഇല്ലായ്മപൂക്കളെ വീണ്ടും കാണാന്‍ വേണ്ടിയാണ്. ആ സൂനങ്ങള്‍ ഇല്ലായ്മ പൂക്കളായിരുന്നു. അതു തീര്‍ച്ച.

    

സാക്ഷി 2021


2020 നവംബർ 21, ശനിയാഴ്‌ച

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌, നെടുമങ്ങാട് Sastra Sahitya Parishad, Nedumangad


 


നെടുമങ്ങാട് താലൂക്കിലെ ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷ തെളിവുകളൊന്നും പ്രകടമാക്കാതെ ആയിരത്തിതൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ നാടിനു പുതിയൊരു സാംസ്‌കാരികതയ്ക്ക് രൂപം കൊടുക്കുന്നതില്‍ മുഖ്യമായ പങ്ക് വഹിച്ചു വരുന്നു. അധ്യാപകരും സാധാരണക്കാരുമുള്‍പ്പെടെ പുരോഗമന ചിന്താധാരയിലുള്ളവര്‍ അതിനെ നെഞ്ചേറ്റി. പുതിയ തലമുറ ആ പ്രകാശമേറ്റെടുത്തു. ഒച്ചയും ബഹളവുമില്ലാതെ അത് അനസ്യൂതമിന്നും തുടരുന്നു. 

  1975 ല്‍ നെടുമങ്ങാട്ട് എ. അജ്മലിന്റെ നേതൃത്വത്തില്‍ പരിഷത് പ്രവര്‍ത്തനങ്ങള്‍ തുടക്കമിട്ടത് ശാസ്ത്രക്ലാസ്സുകള്‍ നടത്തിക്കൊണ്ടായിരുന്നു. സമീക്ഷ ഫിലിം സൊസൈറ്റിയുടെ സഹായത്തോടെയാണ് പരിപാടികള്‍ നടന്നത്. ഗ്രാമശാസ്ത്ര സമിതികളാണ് തുടക്കത്തിലുണ്ടായിരുന്നത്. ക്രമേണ അവ യൂണിറ്റുകളായി മാറി. നെടുമങ്ങാട്ട് പരിഷത്ത്  നടത്തിയ സിനിമാ പ്രദര്‍ശങ്ങള്‍ ശ്രദ്ധേയമായി. ഹോമിയോ മെഡിക്കല്‍ ക്യാമ്പുകളും ആളുകളെ ഈ കൂട്ടായ്മയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് സഹായിച്ചു. 

1978 മുതല്‍ നടത്തിയ സ്‌കൂള്‍ ശാസ്ത്ര ക്ലബ്ബുകള്‍ അദ്ധ്യാപകരുടെ ശ്രദ്ധ പരിഷത്തിലെയ്ക്ക് കൊണ്ടുവന്നു.  യുറീക്ക വിജ്ഞാനോത്സവം, ശാസ്ത്രകേരളം ക്വിസ് എന്നിവയും ജനകീയാരോഗ്യ ക്ലാസ്സുകളും പരിഷത്തിനെ ശ്രദ്ധേയമായ സാന്നിധ്യമാക്കി. സൈലന്റവാലിയും പരിസ്ഥിതി ക്ലാസ്സുകളും ജനങ്ങള്‍ കൗതുകത്തോടെ ഉള്‍ക്കൊണ്ടു.

ഗ്രാമശാസ്ത്ര സമിതികളുടെ നേതൃത്വത്തില്‍ നാടെമ്പാടും ശാസ്ത്ര ക്ലാസ്സുകള്‍ നടന്നു. ആ പുത്തനുണര്‍വ്വില്‍ പെരിങ്ങമ്മല, ആനപ്പാറ, വിതുര, ചെറ്റച്ചല്‍, ആനപ്പെട്ടി, കീഴ്പാലൂര്‍, തൊളിക്കോട്, ആര്യനാട്, പരുത്തിപ്പള്ളി, ഉഴമലയ്ക്കല്‍, കളത്തറ, അരുവിക്കര, കരകുളം, കുറുപുഴ, ആനാട്, ആട്ടുകാല്‍, ചുള്ളിമാന്നൂര്‍, പനയമുട്ടം, കൊഞ്ചിറ എിവിടങ്ങളില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.

1976 ല്‍ വെള്ളനാട് മിത്രാനികേതനില്‍ കൂടിയ യോഗമാണ് പരിഷത്ത് മേഖല രൂപീകരണത്തിലേയ്ക്ക് നീങ്ങിയത്. കെ.ടി. സുരേന്ദ്രനായിരുന്നു ആദ്യസെക്രട്ടറി. എം. ടി. വാമദേവന്‍ (ആര്യനാട്), വി രവീന്ദ്രന്‍ (വെള്ളനാട്), നെയ്യപ്പള്ളി അപ്പുക്കുട്ടന്‍, ശങ്കരന്‍കുട്ടി നായര്‍ (നന്ദിയോട്), ഡി. വാമദേവന്‍ (പാലോട്), ഇരിഞ്ചയം സെബാസ്റ്റ്യന്‍ എന്നിവര്‍ കമ്മറ്റിയില്‍ വന്നു. 

പരിഷത്തിന്റെ സംസ്ഥാനതല വിദ്യാഭ്യാസപരിപാടികളുടെ തുടക്കം വെള്ളനാട്ടു നിന്നായിരുന്നു. 1981 ലെ അക്ഷരവേദിയാണ് പില്ക്കാലത്ത് കേരളത്തിലെ സ്‌കൂളുകളിലെ നിരക്ഷരത നിര്‍മ്മാജനമെന്ന ബ്രഹത് പദ്ധതിക്ക്  വിത്തുപാകിയത്. ഇതിനു പിന്നില്‍ കെ.ടി. സുരേന്ദ്രന്‍ (വെള്ളനാട്), വി. രവീന്ദ്രന്‍, തുളസീദാസ് ( കിളിമാന്നൂര്‍)എന്നിവരാണ് ചുക്കാന്‍ പിടിച്ചത്. 1986 ല്‍ സമഗ്ര ശാസ്ത്രപഠനം എന്ന ലക്ഷ്യവുമായി ഉദ്ഗ്രഥന ശാസ്ത്ര പഠന പരിപാടി വെള്ളനാട്ട'് തുടങ്ങി. ശാസ്ത്രാദ്ധ്യാപകര്‍ക്ക് പുതിയ വെളിച്ചം നല്‍കിയ പരിപാടിയുടെ ഉപജ്ഞാതക്കളില്‍ കെ.ടി. സുരേന്ദ്രന്‍, വി. രവീന്ദ്രന്‍, എം.എന്‍. ശങ്കരനാരായണന്‍ എന്നിവരാണുണ്ടായിരുന്നത്. എണ്‍പത്തിയഞ്ച് എണ്‍പത്തിയെട്ടില്‍ ഗണിതം മധുരം എന്ന പരിപാടിയും പരിഷത്തിന്റെ നെടുമങ്ങാട് മേഖലയുടെ തനത് പരിപാടികളായിരുന്നു.  

അക്ഷരവേദി പരിപാടികള്‍ പ്രായോഗിത തലത്തിലെത്തിക്കാന്‍ നിരവധി അദ്ധ്യാപകര്‍ക്കൊപ്പം ശിവപ്രസാദ് (മുതുവിള) ആനന്ദവല്ലി (മുതുവിള), പി. എ. ഉത്തമന്‍ എന്നിവരും അക്ഷീണം യത്‌നിച്ചു. അക്കാലത്ത് പരിഷത്തിന്റെ സംഘാടനത്തില്‍ നടന്നിരു അദ്ധ്യാപക പരിശീലന പരിപാടികളുടെ ഗുണഭോക്താക്കളാകാത്ത അദ്ധ്യാപകരുടെ സംഖ്യ കുറവായിരുന്നു. 

നെടുമങ്ങാട് മേഖലയുടെ മറ്റൊരു തനത് പരിപാടിയായിരുന്നു ഓപ്പണ്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍. വിജ്ഞാനോത്സവ കുട്ടികളുടെ തുടര്‍പഠനം ഇതുറപ്പാക്കിയിരുന്നു. 

പരിഷത്തിനെ കുട്ടികള്‍ക്കിടയില്‍ എത്തിക്കുന്നതില്‍ ബാലവേദി നല്ലൊരു പങ്കുവഹിച്ചു. പി. എ. ഉത്തമന്‍, പി വേണുഗോപാല്‍ (നെടുമങ്ങാട്), പ്രഫുല്ലചന്ദ്രന്‍ (ആര്യനാട്), വെമ്പായം ജയചന്ദ്രന്‍, പ്രശാന്ത് (വെമ്പായം)എന്നിവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പി വേണുഗോപാലിന്റെ പാവകളി സ്മരണീയമാണ്. 

സംസ്ഥാനത്തിനു തന്നെ മാതൃകയായതാണ് 1984 ല്‍ പൂവത്തൂരില്‍ നടന്ന കുട്ടികളുടെ സഹവാസ ക്യാമ്പ്. തൊണ്ണൂറുകള്‍ വരെ കുട്ടികളുടെ സഹവാസ ക്യാമ്പുകള്‍ മേഖലില്‍ നന്നായി നടന്നിരുന്നു. 

പരിഷത് ജാഥകള്‍ സാധാരണക്കാരില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിരുന്നത്. കുവേരി മുതല്‍ പൂവച്ചല്‍ വരെ നടന്ന ജാഥ ആദ്യകാല ശാസ്ത്ര സാംസ്‌കാരിക ജാഥ മുതല്‍ എല്ലാ ജാഥകള്‍ക്കും നെടുമങ്ങാട് മേഖലയില്‍ വമ്പിച്ച ജനപ്രീതിയാണ് ലഭിച്ചിരുന്നത്. അദ്ധ്വാനം സമ്പത്ത്, എവറഡി ബാക്ടറി ബഹിഷ്‌കരം, വനസംരക്ഷണം, വാമനപുരം പദ്ധതി, കിള്ളിയാര്‍ സുരക്ഷ ഇത്തരം ആശയങ്ങളുയര്‍ത്തി നെടുമങ്ങാട് മേഖലയുടെ തനത് ജാഥകളും വിവിധ കാലങ്ങളില്‍ നടന്നു. ആട്ടുകാല്‍ അജയന്‍, ആട്ടുകാല്‍ വിജയന്‍, ആട്ടുകാല്‍ ബൈജു, ഇരിഞ്ചയം മധു എന്നിങ്ങനെ കലാകാര പങ്കാളിത്തവും നെടുമങ്ങാട് മേഖലയുടെ വകയായി ഇതിനുണ്ടായി. നിരവധി പെണ്‍കുട്ടികളുടെ സാന്നിധ്യം എടുത്തു് പറയേണ്ടതാണ്.

സാക്ഷരതാ യജ്ഞത്തില്‍ കെ.ടി. സുരേന്ദ്രന്‍. രവീന്ദ്രന്‍ എന്നിവര്‍ സംസ്ഥാന കീ റിസോഴ്‌സ് പേഴ്‌സണ്‍സ് ആയിരുന്നു. സി. വിജയകുമാര്‍ (നെടുമങ്ങാട്) ജില്ല കോര്‍ഡിനേറ്ററും, പി കേശവന്‍ കുട്ടി (നെടുമങ്ങാട്) താലുക്ക് പ്രോജക്ട് ഓഫീസറുമായിരുന്നു. ത്രിവിക്രമന്‍ നായര്‍, സി കെ സദാശിവന്‍, കെ. പി. സന്തോഷ് കുമാര്‍, ബി. ബാലചന്ദ്രന്‍, ജി. എസ്. ജയചന്ദ്രന്‍, അരുവിക്കര രമേശന്‍, ബി. എല്‍. രാധാകൃഷ്ണന്‍, അശോകന്‍, ശേഖരപിള്ള എവര്‍ പരിഷത്തുകാരായ പ്രോജക്ട് ഓഫീസര്‍മാരായിരുന്നു. പി. എ. ഉത്തമന്‍ അക്ഷരകേരളം എഡിറ്ററായിരുന്നു. കളത്തറ മോഹന്‍, ആട്ടുകാല്‍ മോഹന്‍, ബി ചക്രപാണി, ടി മുരളീധരന്‍, ടി ശ്രീകുമാര്‍, എസ്. എല്‍. ശശികുമാര്‍ എന്നിവരുടെ അദ്ധ്വാനവും സ്മരണീയമാണ്. ആയിരക്കണക്കിന് യുവതീയുവാക്കളെ സാമൂഹ്യമുന്നേറ്റത്തില്‍ പങ്കാളികളാക്കാന്‍ പരിഷതിനു കഴിഞ്ഞു. ജെ. അരുന്ധതി എം എല്‍ എ ഉള്‍പ്പെടെ ഒരുപിടി ഭരണാധികാരിളുടെ തുടക്കവും നെടുമങ്ങാട് പരിഷത് കളരിയില്‍ നിന്നായിരുന്നു. 

ജനകീയാസൂത്രണ പരിപാടികള്‍ പുതിയ ഉണര്‍വ്വ് നല്‍കി. കുടുംബശ്രീ അയല്‍ക്കൂട്ടം എന്നിവകളിലേയ്ക്ക് വളര്‍ന്ന നെടുമങ്ങാട്ടിലെ സംഘബോധത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും അടിസ്ഥാനവും പരിഷത്ത് ഊര്‍ജ്ജത്തില്‍ നിന്നായിരുന്നു.

ജ്യോതിശാസ്ത്ര ക്ലാസ്സ്, ഉര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പരിഷത്ത് അടുപ്പ്, സോപ്പു നിര്‍മ്മാണം. സാഹിത്യത്തിലൂടെയുള്ള ആശയ പ്രചരണം. എന്നിവയിലും നെടുമങ്ങാട് മേഖല ജനകീയ സംഭാവനകള്‍ നല്‍കി. ചെലവു കുറഞ്ഞ വീടുകളുടെ നിര്‍മ്മാണം പരാജയപ്പെട്ട' പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു. സാഹിത്യ ക്ലാസ്സുകള്‍ ഒരു കൂട്ടം യുറിക്ക എഴുത്തുകാരായ കുട്ടികള്‍ക്ക് അവസരം നല്‍കി. യുറീക്ക വിജ്ഞാന പരീക്ഷകള്‍ കുട്ടികളെ പരിഷത്തുമായും ബന്ധിപ്പിക്കുന്ന കണ്ണിയായി തുടരുന്നു. എന്‍. പി. ഗിരി, ഡോ. ബി. എസ്. രാജശേഖന്‍ എന്നിവര്‍ ശാസ്ത്രഗതിയിലെ പ്രധാനപ്പെട്ട എഴുത്തുകാരായിരുന്നു. നയനതാര എന്‍ ജി, വിനീഷ് കളത്തറ, പി കെ സുധി എന്നിവരുടെ പുസ്തകങ്ങള്‍ പരിഷത്ത് പ്രസിദ്ധീകരിച്ചു. ജിജോ കൃഷ്ണന്‍ ശാസ്തക്ലാസ്സുകള്‍ നടത്തിവരുന്നു. യുവസമിതിയുടെ പരിപാടികള്‍ നെടുമങ്ങാട് മേഖലയില്‍ സജീവമാണ്. കളത്തറ യൂണിറ്റ് പരിപാടികള്‍ ജില്ലയിലെമ്പാടും ശ്രദ്ധനേടുകയുണ്ടായി.

ഭോപ്പാല്‍ ദുരന്തവും എവറഡി ബഹിഷ്‌കരണ പരിപാടികളും (1985) സ്മരണീയമാണ്. പതിനായിരം ശാസ്ത്ര ക്ലാസ്സുകള്‍ (1989), വഞ്ചിക്കപ്പെടു ഉപഭോക്താവ്, ഹാലി ധൂമകേതുവിന്റെ വരവോടെ നടത്തിയ നക്ഷത്ര നിരീക്ഷണം എന്നീ ക്ലാസ്സുകളും ശാസ്ത്രസാഹിത്യ പരിഷതിന് നെടുമങ്ങാട് മേഖലയില്‍ വമ്പിച്ച ജനശ്രദ്ധ നേടിക്കൊടുത്തു. ബഹുരാഷ്ട്ര കുത്തകളെ ഒഴിവാക്കി ബദല്‍ പരിപാടികള്‍ നന്നായി പ്രാവര്‍ത്തികമാക്കിയിരുന്നു. സമ്പൂര്‍ണ്ണ സാക്ഷതരാ യജ്ഞവും ജനകീയാസൂത്രണവും പരിഷത്തിന്റെ പുഷ്‌കലമായ കാലമായിരുന്നു.

മേഖലാഭാരവാഹികളായ ഹരിദാസ് (നന്ദിയോട്), ജയദേവന്‍ (കുറുപുഴ), ബി. ശശികുമാരന്‍ നായര്‍, സി. വിജയകുമാര്‍, ഇരിഞ്ചയം ബാബു, മനോഹരന്‍ നായര്‍, ഇ ശങ്കരന്‍ പോറ്റി, പി. വേണുഗോപാല്‍, ബി. എല്‍ രാധാകൃഷ്ണന്‍, ടി. മുരളീധരന്‍, മദന്‍മോഹന്‍ (വിതുര), ശങ്കരന്‍ പോറ്റി, ജി.ജെ. പോറ്റി,  പ്രഫുല്ലചന്ദ്രന്‍ വി (ആര്യനാട്), എം ജി വാസുദേവന്‍ പിള്ള, ജെ. രാമചന്ദ്രന്‍, രഘുകുറ്റിയാനി, സെന്റ്‌ജോര്‍ജ്ജ്, ആട്ടുകാല്‍ ഗോപന്‍, വിലാസചന്ദ്രന്‍, കളത്തറ വിനീഷ്, കളത്തറ മോഹന്‍,  അരുവിക്കര ബി ശ്രീകുമാര്‍, സി. സുന്ദരേശന്‍, വൈ. എ. റഷീദ്, ശരത്ചന്ദ്രന്‍, കരകുളം ഹരി, ശ്രീകണ്ഠന്‍ നായര്‍, ബിജൂ കളത്തറ, നാഗപ്പന്‍ എ. കെ. (വെമ്പായം), നാഗപ്പന്‍ ബി. കളത്തറ രജ്ഞിത്, ബിനു കളത്തറ എിവര്‍ സ്മരണീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.

കെ.ടി സുരേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി (1984), മേഖലയില്‍ നിന്നും രവീന്ദ്രന്‍ വി , കേശവന്‍കുട്ടി, നുജും (വെമ്പായം) എന്നിവരും ജില്ലാസെക്രട്ടറിമാരായി പ്രവര്‍ത്തിച്ചു. 

എണ്ണിയാലൊടുങ്ങാത്ത ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകരാണ് നെടുമങ്ങാട് പരിഷത്തിന്റെ കരുത്ത്. അവര്‍ യൂണിറ്റുതലം മുതല്‍ ഭാരവാഹികളായും പുസ്തക പ്രചരണം മുതല്‍ അടുപ്പു നിര്‍മ്മാണം വരെ ബൗദ്ധികവും അല്ലാത്തതുമായ പരിപാടികള്‍ വിജയിപ്പിക്കാന്‍ കരുത്ത് പകര്‍ന്നു എന്ന കാര്യം സ്മരണീയമാണ്.


2020 നവംബർ 14, ശനിയാഴ്‌ച

തട്ടാന്‍വിള ബാലചന്ദ്രന്‍ ബി. Balachandran B Thattanvila


 

പാവംജീവിതങ്ങളുടെ ഇതിഹാസം. ഡോ. ബി. ബാലചന്ദ്രന്‍


കാലത്തിന്റെ മുങ്ങാക്കയങ്ങളില്‍ നിന്ന് പാവംജീവിതങ്ങളുടെ ഓര്‍മ്മകള്‍ ശേഖരിക്കുകയും അതിനെ പുതിയ കാലാവസ്ഥയോട് വിളക്കിച്ചേര്‍ക്കുകയുമാണ് ബോധ്യങ്ങളുള്ള എാതൊരെഴുത്തുകാരനും ചെയ്യേണ്ടത്. എഴുത്തുതന്നെ രാഷ്ട്രീയ പ്രവര്‍ത്തനമായിരിക്കെ വരുംകാലത്തോട് നീതി ചെയ്യേണ്ട വിശേഷപ്പെട്ട ദൗത്യം കൂടി എഴുത്തുകാരന്‍ എാറ്റെടുക്കേണ്ടിവരുന്നു. കേവല സൗന്ദര്യാവിഷ്‌കാരമെന്ന പ്രയോഗംപോലും കാലഹരണപ്പെട്ടിരിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ സാമൂഹ്യവ്യവസ്ഥകളാല്‍ പ്രശ്‌നപൂരിതമായ ഭൂമിയാണ് കേരളം. മതം, ജാതി, രാഷ്ട്രീയം എന്നീകാര്യങ്ങളുടെ ഇന്ത്യനവസ്ഥയുടെ നേര്‍പ്പതിപ്പേയല്ല ഈ നാട്. ഒളിയിടങ്ങളും കെണികളുമുള്ള സഞ്ചാരവഴികളിലൂടെയാണ് കേരളത്തിന്റെ സാമൂഹികവണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന്റെ ഉജ്വലമാതൃകകള്‍ സൃഷ്ടിച്ച നാടാണ്. പക്ഷേ, ജാതിത്തിരിവുകള്‍ പാടേ തകരാതെ കേരളത്തില്‍ നിലനില്‍ക്കുന്നു. ഉപജാതികളുമിവിടെ സജീവമാണ്. മതജാതി കലഹങ്ങള്‍ പ്രത്യക്ഷമായിട്ടില്ലെങ്കിലും അവയുടെ പ്രയോഗം കേരളസമൂഹത്തിന്റെ ഉള്‍പ്രവാഹത്തിലുണ്ട്. തൊഴിലും ജാതിയും ഒന്നായിനിന്ന കാലം മങ്ങിപ്പോയിരിക്കുന്നു. ഇവിടെ തൊഴിലിന്റെ കയറ്റിറക്ക് ശ്രേണീബന്ധങ്ങള്‍ക്ക് കാര്യമായ ഉടവുതട്ടിയിട്ടില്ല. പരമ്പരാഗത തൊഴിലുകളില്‍ മിക്കതും നിറംമങ്ങികൊഴിഞ്ഞുപോയിരിക്കുന്നു. അവ സമ്മാനിച്ചിരുന്ന സമ്പത്തും പദവിയും പുതിയ രാഷ്ട്രീയപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നടിയുമ്പോള്‍ അതത് തൊഴിലുകള്‍ കൈകാര്യം ചെയ്തിരുന്ന സമുദായങ്ങള്‍ ഓര്‍ക്കാപ്പുറത്തുള്ള പ്രഹരങ്ങളേറ്റ് തകരുകയാണ്.


തിരുവനന്തപുരം ജില്ലയിലെ മലയോരഭാഗമാണ് നെടുമങ്ങാട്. പാരമ്പര്യമായി കാണിക്കാര്‍, കുറവര്‍, പുലയര്‍, വേടര്‍, പറയര്‍ തുടങ്ങിയ സമുദായങ്ങള്‍ മണ്ണിന്റെ (കാടിന്റെ) നേരവകാശികളായി കഴിഞ്ഞുപോന്ന നാട്. രാജഭരണകാലത്ത് ഭരണനിര്‍വ്വഹണത്തിനായി വന്നുചേര്‍ന്ന വ്യത്യസ്ത തൊഴില്‍ സമുദായങ്ങള്‍ ക്രമേണ ഈ പ്രദേശത്തിന്റെ നിര്‍ണ്ണായ ശക്തികളായിത്തീര്‍ന്നു. വാണിയര്‍, തട്ടാര്‍, ആശാരി ഇവരൊക്കെയടങ്ങുന്ന ജാതിത്തൊഴില്‍ സമുദായങ്ങള്‍ നെടുമങ്ങാട് കേന്ദ്രത്തില്‍ തനതു തൊഴിലുകള്‍ ചെയ്ത് ഉപജീവനം നടത്തിപ്പോന്നു. തട്ടാന്‍ സമുദായം സ്വര്‍ണ്ണപ്പണിയുമായി ബന്ധപ്പെട്ടാണ് ജീവിച്ചത്. അവരുടെ ജീവിതത്തിന്റെ അകപ്പുറകാഴ്ചകളാണ് പി കെ സുധിയുടെ 'തട്ടാന്‍വിള' എന്ന നോവലിന്റെ കേന്ദ്രഭാവത്തിനു നിറമേകിയിരിക്കുന്നത്. മനുഷ്യന്റെ അസ്തിത്വമെന്തെന്ന ചോദ്യം മുഴങ്ങുന്ന നരവംശശാസ്ത്ര പരീക്ഷണശാലയാണ് ഒരു നോവലെഴുത്തുകാരനെ സംബന്ധിച്ച് അവനു ലഭ്യമായ ചരിത്രമുഹൂര്‍ത്തം എന്ന മിലന്‍ കുന്ദേരയുടെ (Art of the Novel) എന്ന കാഴ്ചപ്പാട് 'തട്ടാന്‍വിള' എന്ന നോവലെഴുത്തിന്റെ ഘട്ടങ്ങളില്‍ പി കെ സുധി തീര്‍ച്ചയായും അഭിമുഖീകരിച്ചിരിക്കണം. 


തട്ടാന്‍ സമുദായുവും ഇത്തരത്തിലുള്ള പ്രശ്‌നസങ്കീര്‍ണ്ണതകളിലൂടെ അനുഭവിച്ചു തകരുന്ന ഹൃദയഭേദകമായ കാഴ്ചകളാണ് തട്ടാന്‍വിള പറയുന്നത്. പഴമക്കാരുടെ ഓര്‍മ്മകളില്‍ ഒളിമങ്ങിക്കിടന്ന സാമൂഹികചലനങ്ങളെ നെയ്‌തെടുക്കുന്ന ദുഷ്‌കരമായ പ്രവര്‍ത്തനമാണ് പവിതയെന്ന ഗവേഷക ചെയ്യുന്നത്. രേഖീയമല്ലാത്ത ചരിത്രവസ്തുകള്‍ ചികഞ്ഞെടുക്കുന്ന അത്യന്തം ശ്രമകരമായ പണി അവള്‍ എാറ്റെടുക്കുകയാണ്. താന്‍കൂടി ഭാഗഭാക്കായ കൂട്ടായ്മയുടെ ചരിത്രമായപ്പോള്‍ അവള്‍ക്ക് ആവേശം കൂടി. ദത്തങ്ങളുടെ പെരുമഴച്ചാറ്റില്‍ നിന്ന് സത്യങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ പവിതയെ സഹായിക്കാനാവതില്ലാത്ത വഴികാട്ടി (ഗൈഡ്) യാണ് ഗ്ലെന്‍ പ്രകാശം. അറിവില്ലായ്മ വെളിപ്പെടുത്താതിരിക്കാന്‍ സാധാരണ മനുഷ്യന്‍ കാട്ടുന്ന പരാക്രമങ്ങളൊക്കെ അയാളും ചെയ്യുന്നുണ്ട്. നേശമണി എന്ന ഗ്ലെന്‍ പ്രകാശത്തിന്റെ ഭൂതകാലം കരിപ്പൂരിലിരുന്ന് പല്ലിളിക്കുകയാണ്. തന്റെയും കൂടി വേരുകള്‍ തേടിയുള്ള പവിതയുടെ യാത്രയില്‍ കാര്യമായി ഒന്നും നിര്‍ദ്ദേശിക്കാനാകാതെ പരുങ്ങുകയാണ് അയാള്‍. ജീവിച്ചിരിപ്പില്ലാത്ത കേശവപിള്ള എന്ന അപ്പൂപ്പനെയും വത്സലകുമാര്‍ എന്ന അച്ഛനെയുമൊക്ക സങ്കല്പലോകത്തില്‍വച്ചു സന്ധിക്കുന്ന പവിത ഗവേഷണമെന്ന പെരുംചുമട് വലിച്ചെറിഞ്ഞ് കഥയുടെ ഒരുക്കുശീലുകളിലേയ്ക്ക് ചരിത്രത്തെ ഇണക്കിയെടുക്കുന്ന ദൃശ്യത്തില്‍ നോവല്‍ അവസാനിക്കുകയാണ്.

വിവിധ ജാതിമതസ്ഥര്‍ പ്രയോഗിക്കുന്ന ഭാഷ അവസരത്തിനൊത്ത് കഥാഗതിയില്‍ ഇണക്കിചേര്‍ത്തിരിക്കുകയാണ്. തട്ടാര്‍ജാതിക്കാര്‍ക്ക്, സ്വന്തം തൊഴിലുപോലെ (ചെമ്പു ചേര്‍ത്തുള്ള കൂട്ട്) നെടുമങ്ങാട്ടില്‍ പരുവപ്പെട്ട തമിഴും നെടുമങ്ങാടന്‍ മലയാളവും ചേര്‍ത്തുള്ള വെങ്കലഭാഷയാണ് വിനിമയഭാഷ. 'തട്ടാന്‍വിള'യില്‍ അതേ ഭാഷയുടെ ഈണവും താളവും കഥയ്ക്കിണങ്ങുംവിധം ചേര്‍ത്തിട്ടുണ്ട്. ജാതിബന്ധങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതിരിക്കാന്‍ നാമൊക്കെ ആവുംവിധം ശ്രമിക്കുന്നുണ്ടല്ലോ. സത്യത്തിന്റെ കണ്ണാടിയില്‍ തെളിയുന്ന വൈകൃതങ്ങളെ നേരിടാനുള്ള ഉള്ളുറപ്പില്ലായ്മയാണ് പ്രശ്‌നം. 'തട്ടാന്‍വിള'യിലൂടെ ഗ്രന്ഥകര്‍ത്താവ് കരിപ്പൂരു പ്രദേശത്തിലെ ജാതിവ്യവസ്ഥയെ ഇഴകീറി പ്രശ്‌നവല്‍ക്കിരിച്ചിരിക്കുകയാണ്. ചൂഷണത്തിന്റെ, തട്ടിപ്പറിച്ചെടുക്കലിന്റെ, നഷ്ടപ്പെടലുകളുടെ നേര്‍ചിത്രം കൂടി ജാതിക്കുരുക്കുകളിഴിക്കുമ്പോള്‍ വെളിവാകുന്നുണ്ട്. ഒരു ജാതിക്കൂട്ടായ്മ മറ്റൊരു കൂട്ടായ്മയെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് കഥയുടെ നാനാവഴികള്‍ക്ക് കേടുപറ്റാത്ത വിധത്തില്‍ ചന്തത്തിലാവിഷ്‌കരിച്ചിരിക്കുന്നുണ്ട്. ഈ നോവല്‍, കെട്ടിയേല്‍പ്പിക്കപ്പെട്ട അപകര്‍ഷതാബോധത്തില്‍പെട്ടു കിടക്കുന്ന പാവം മനുഷ്യരുടെ കഥകൂടിയായിത്തീരുന്നത് ജാതിപ്രശ്‌നങ്ങളെ നേരായി വിലയിരുത്തിയതുകൊണ്ടുകൂടിയാണ്.


ഒരു ജാതിസമൂഹം സ്വീകരിക്കുന്ന ലോകവീക്ഷണത്തിന്റെ ശക്തമായ സൂചനകള്‍ 'തട്ടാന്‍വിള'യിലുണ്ട്. ഗാട്ടുകാരാറിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന യോഗങ്ങളെ ഇക്കരാറുകൊണ്ടു തന്നെ ഗതികെട്ടുപോകുന്ന ജനത പരിഹസിക്കുകയാണ്. 'ഇവിടെക്കെടെന്നെന്നും മുദ്രാവാക്യം വിളിച്ചോണ്ടിരുന്നാ ഇവിടെമെന്നും പട്ടിക്കാടായി തന്നെ കെടക്കും. നമ്മുടെ നാടിന് ഒരിക്കലും നന്നാവാന്‍ വിതിയില്ല.' എന്നാണ് പാവം സ്വര്‍ണ്ണപ്പണിക്കാരന്റെ കമന്റ്. രണ്ടായിരത്തിരണ്ടിലെ ജീവനക്കാരുടെ നീണ്ട പണിമുടക്കിനെ 'കള്ളക്കഴുവേറിടന്മാര്, എവമ്മാരൊയൊക്കെ ഒറ്റയടിക്ക് പിരിച്ചുവിടണം. കെടന്ന് തെണ്ടട്ട്' എന്നാണ് അവര്‍ പരിഹസിച്ചു തള്ളിയത്. എന്തും വാങ്ങാനും വില്‍ക്കാനും ഒരുക്കുന്ന സ്വതന്ത്ര ജനാധിപത്യ വിപണി ഒരുക്കുന്ന സമ്പ്രദായമാണ് വന്നുചേരുന്നതെന്ന് ജ്വല്ലറികളിലെ മേശിരിമാര്‍ ധരിച്ചു. ഒടുവിലവര്‍ തൊഴില്‍ നഷ്ടപ്പെട്ട് തെരുവിലലയുന്ന   അവസ്ഥയുടെ കെട്ടകാഴ്ച എഴുത്തുകാരന്‍ ഉള്ളിലലിയും വിധം എഴുതിയിട്ടുണ്ട്. 


'തട്ടാന്‍വിള'യില്‍ നിസ്വന്റെ പാടുംകേടും കിതപ്പും ചില ചെറുകുതിപ്പുകളുമാണുള്ളത്. രാത്രിയില്‍ ഉറഞ്ഞുതുള്ളി ദൈവമായിത്തീരുന്ന ബ്രഹ്മജ്ഞാനമൊന്നുമില്ലാത്ത പാവപ്പെട്ടവന്‍ പകലുളില്‍ വിയര്‍്പ്പും വിശപ്പുമായുഴലുന്നതിന്റെ ഹൃദയഭേദകമായ ഉദാഹരണമാണ് ഭഗവതി ആത്താള്‍ എന്ന ദുരന്തകഥാപാത്രം. ഉള്ളതിന്റെ ഉച്ചിയില്‍ നിന്നും കരിമ്പട്ടിണിയുടെ അവസ്ഥയിലെത്തി പലവട്ടം തൂങ്ങിമരിക്കാന്‍ ശ്രമിച്ച് പരിഹാസപാത്രമായി, അനുഭവിച്ചനുഭവിച്ച് ഒടുവില്‍ തൂങ്ങിമരണം കൊണ്ടവള്‍ എല്ലാം അവസാനിപ്പിക്കുന്നു. അവരുടെ മകന്‍ വേലായുധന്‍ മേശിരിയും തൂങ്ങിമരിക്കുകയാണ്. മറ്റുള്ളവന്റെ സങ്കടങ്ങളെ നാട്ടുകൂട്ടവും അധികാരികളും എത്ര നിസ്സാരമായാണ് കാണുന്നത് എന്നതിനുള്ള നല്ല ഉദാഹരണമാണ് ആ മരണരംഗവിവരണം. അതുപോലെ വായനക്കാരെ സ്പര്‍ശിക്കുന്ന ദുരന്തകഥാപാത്രങ്ങളാണ് രാജനും രാസാത്തിയും. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് വീട്ടിലെത്തിയ രാജന്‍, പെരിയപ്പാവും അപ്പാവും അകാലമരണം വരിച്ചതോര്‍ത്ത് മരണത്തെ മാറ്റിവച്ച് രാസാത്തിയോടൊപ്പം കിടക്കുന്നു. വെളുപ്പിന് അവള്‍ കിടുങ്ങതറിഞ്ഞ് ഉണര്‍ന്നു നോക്കിയപ്പോള്‍ അ്ത് ഒടുക്കത്തിന്റെ പിടച്ചിലായിരുന്നു. 'ഞാന്‍ കാത്തുവച്ച സയനൈഡ് അവള്‍ എാതുവിധത്തിലാണ് രുചിച്ചത്. ചവര്‍പ്പായിരുന്നോ? അതോ ഉപ്പോ?ആ മരണത്തിന്റെ സ്വാദ് എന്തായിരുന്നു? തിരുമണത്തിന് അവളിട്ടിരുന്ന ബ്ലൗസിന്റെ കക്ഷത്തില്‍ ഇഴുകിച്ചേര്‍ന്നിരുന്ന മണം അവളുടേതായിരുന്നു. എനിക്കവളെ മണക്കാതിരിക്കാനാവില്ല. എത്ര തന്നെ വിഷമവും പ്രയാസങ്ങളുമുണ്ടായിരുന്നാലും ഉള്ളിലേയ്ക്ക് വലിച്ച ആ മണം മൂക്കില്‍ നിന്നും കാല്‍പ്പെരുവിരല്‍ വരെയെത്തുമ്പോള്‍ ഞാന്‍ ഉറങ്ങിക്കഴിയും.' ഇത്തരം വിഷാദച്ചുഴികളിലലയുന്ന മനുഷ്യരുടെ ജീവിതമാണ് ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഓരോ കഥാപാത്രത്തിന്റെയും പച്ചജീവിതം ചെറുതെന്നോ വലുതെന്നോ ഉള്ള വേര്‍തിരിവുകളില്ലാതെ സൂക്ഷ്മമായി കോറിയിട്ടിരിക്കുകയാണ്. അതുകൊണ്ടാണ് മറവിയുടെ വാതില്‍ ത്ള്ളിത്തുറന്ന് നമ്മെ അലോസരപ്പെടുത്തുന്ന പാവം ജീവിതങ്ങളുടെ ഇതിഹാസമായി 'തട്ടാന്‍വിള' നിലയുറപ്പിച്ചിരിക്കുന്നത്. 


ദേശാഭിമാനി വാരിക 16 ആഗസ്ത് 2020



 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi