2014 നവംബർ 6, വ്യാഴാഴ്‌ച

കുട്ടികള്‍




 നാലഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാനവിടെ വീണ്ടും ചെന്നത്.
അവരെന്നെ ആ പഴയ കെട്ടിടത്തിലേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി.
ഇത്തവണ വേനല്‍ക്യാമ്പിനു വന്നവരില്‍ പഴയ കുട്ടികളാരുമില്ല. എല്ലാം പുതുമുഖങ്ങള്‍. എന്നിട്ടും ആ പരിസരം എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാവും ആ കുട്ടികളുടെ ഭാവം തെല്ലുമെന്നില്‍ താല്പര്യമുണര്‍ത്തിയതേയില്ല. തങ്ങളെ ഉപദ്രവിക്കാനാണിവിടെ കൊണ്ടുവന്നിരിക്കുന്നത്. ഓരോ കുഞ്ഞുമുഖവും അങ്ങനെ പറയുന്നുണ്ടായിരുന്നു.
ക്യാമ്പു നടത്തിപ്പുകാരനായ പെന്‍ഷനായ ആ ആദ്ധ്യാപകന്‍ എന്റെ പുറകില്‍ നിന്നു മാറിയില്ല. അദ്ദേഹത്തിന്റെ സാന്നിധ്യമാണ് അവരുടെ ആക്രമണോത്സുകതയെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നത്. എപ്പോള്‍ അദ്ദേഹം അവിടെ നിന്നു മാറുന്നുവോ അന്നേരത്ത് അവിടൊരു കടന്നല്‍ക്കൂടിളകും. ഞാന്‍ തീര്‍ച്ചപ്പെടുത്തി.
ഞങ്ങളെ തകര്‍ക്കരുതേ! ആ പെണ്‍കുട്ടികളുടെ ഭാവം തീരെ കണ്ടില്ലെന്നു നടിച്ചു. മനസ്സിനെ ബലമായി വലിച്ചു തുറന്നു സംസാരിക്കാന്‍ തുടങ്ങി.
ഞാന്‍ വിചാരിച്ചതു മാതിരി തന്നെ സംഭവിച്ചു. പുറകില്‍ നിന്നും നടത്തിപ്പുകാരന്‍ മാറിയതും അവന്‍ ബഹളംവച്ചു തുടങ്ങി.
ആ കുട്ടിയുടെ മുഖത്തുനോക്കി ഞാന്‍ നേരെയങ്ങ് പറഞ്ഞു തുടങ്ങി.
മുമ്പ് ഞാനിവിടെ വന്നപ്പോഴും നീ ബഹളമുണ്ടാക്കിയിരുന്നു. അവനത് അംഗീകരിച്ചു. എന്നിട്ടും ഞാന്‍ നിര്‍ത്തിയില്ല.
അന്ന് ആടിന് തീറ്റ പറിക്കാന്‍ നേരമായെന്നു പറഞ്ഞാണ് നീയെഴുന്നേറ്റത്. ഞാന്‍ നിന്നെ പുറത്തുവിട്ടു. എന്നാല്‍ സ്ഥലം വിടാതെ നീയവിടെ തന്നെ നിന്നു. കഥകളെയും ഈ ലോകത്തിലെ എല്ലാ എഴുത്തുകാരെയും അപഹസിക്കുന്ന മട്ടില്‍ കോപ്രായം കാണിച്ചു നിന്നു.
വെറുതെയാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന സത്യം വേഗത്തില്‍ ഞാനുള്‍ക്കൊണ്ടു. എന്നാല്‍ ആരോപണങ്ങളെയെല്ലാം എാറ്റെടുത്ത് അവന്‍ തലകുനിച്ചു നിന്നു. അതെന്നെ പിന്നെയും കുഴക്കി.
യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സംഭവം എന്നെങ്കിലുമുണ്ടായിട്ടുണ്ടായോ? പിന്നെയെങ്ങനെയീക്കാര്യം എന്റെ മനസ്സില്‍ വന്നുപറ്റി?
ആശങ്കകളില്‍ ആടിയുലഞ്ഞ ഞാന്‍ കുട്ടികള്‍ക്കു മുന്നില്‍ നിന്നു കിതയ്ക്കാന്‍ തുടങ്ങി.
ശബ്ദജാലം. ഓണപ്പതിപ്പ് 2014
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

കത്തുന്ന ഓഹരി



എാറെ നാളുകളായിരിക്കുന്നു അമ്മയെ കണ്ടിട്ട്.
സുഖമാണോയെന്നുപോലും തിരക്കാറില്ല. വൃദ്ധസദനത്തിന്റെ നമ്പര്‍ കൈയില്‍ തന്നെയുണ്ട്. ആവശ്യമുണ്ടെങ്കില്‍ മതിയല്ലോ. അമ്മയെ അറിയിക്കാന്‍ പാകത്തില്‍ അത്യാവശ്യങ്ങളൊന്നും അങ്ങനെ വന്നിട്ടുമില്ല. കുശലം ചോദിക്കാന്‍ തുനിഞ്ഞാല്‍ അമ്മ വെപ്രാളമെടുത്ത് ഫോണിന് അടുത്ത് ഓടി വരും. അതൊക്കെ അനാവശ്യമായ ശീലങ്ങളാണ്. ഈ വേവുന്ന ലോകത്തില്‍ അമ്മയെങ്കിലും സമാധാനത്തോടെ കഴിയട്ടെ!
മനസ്സിന്റെ ആ ഭാഗത്തിനെ അപ്പാടെ മണ്ണുവച്ചടച്ചിരിക്കുകയാണ്. എന്നാലും ചിലപ്പോള്‍ മണ്ണടരുകള്‍ പൊളിച്ച് ചിലത് ഒലിക്കാന്‍ തുടങ്ങും.
തകരാറ് രാത്രിയിലാണ്. ഒറ്റയുറക്കം നീട്ടിയടിച്ചില്ലെങ്കില്‍ അമ്മയുമായി ബന്ധമുള്ള എന്തെങ്കിലും സ്വപ്‌നം കണ്ട് കണ്‍മിഴിക്കാനിടവന്നാല്‍ തീര്‍ന്നു. പ്രജ്ഞയില്‍ ഒരു പച്ചച്ചിത നിന്നു കത്താന്‍ തുടങ്ങും. അതിന്റെ ചൂടും വേവും . ഉഷ്ണസഞ്ചാരവും വെളുക്കുവോളം. കൂര്‍ത്ത ഇരുട്ടില്‍ കിടക്കാനും വയ്യ! നില്ക്കാനും വയ്യ!
ന്താപ്പോ. നിങ്ങക്കൊറക്കമില്ലേ? ഭാര്യ വിളിച്ചുചോദിക്കും.
പിന്നെപ്പിന്നെ രാത്രി ശ്വാസംമുട്ടല്‍ ഒഴിയാബാധയായി. അമ്മയെ ഒന്നു ചെന്നു കണ്ടുകളയാം. മനച്ചൊറിച്ചില്‍ മാറട്ടെ!
അങ്ങനെ പാകപ്പെട്ട അവസ്ഥയില്‍ അയാള്‍ വൃദ്ധസദനത്തിലേയ്ക്ക് പോകാനുറച്ചു.
ദീര്‍ഘയാത്രയാണ് എന്നിട്ടും കാറെടുത്തില്ല. കാറുമായി ചെല്ലുമ്പോള്‍ അമ്മയെന്തെങ്കിലും പ്രതീക്ഷിച്ചാലോ? ആ മനസ്സൊരിക്കലും സങ്കടപ്പെടരുത്.
തീവണ്ടിയും ആട്ടോയും അവിടെയെത്തിച്ചു.
നല്ല അന്തരീക്ഷം. മുന്നത്തേക്കാള്‍ പ്രശാന്തം. നമുക്കൊക്കെ തികച്ചും അനുയോജ്യം. വൃദ്ധര്‍ക്ക് ഇത്തരം സ്വസ്ഥത തന്നെ പഥ്യം. വയസ്സാകുമ്പോള്‍ കുടുംബത്തിനു ശല്യമാകാതെ മുന്‍കൂട്ടി ഇത്തരമൊരിടത്തേയ്ക്ക് മാറണം.
അവിടെ ഒരുപാടു വയസ്സന്മാര്‍ സസന്തോഷം കാറ്റുകൊള്ളുന്നു. സവിസ്തരം ഉലാത്തുന്നു.
എന്റെ അമ്മയെ ഒന്നു വിളിച്ചു തരുമോ? അപേക്ഷവച്ച് അമ്മയെ കാണുന്നതില്‍ ജാള്യത തോന്നി.
പണ്ടൊരിക്കല്‍ പനിച്ച് ആശുപത്രിക്കിടക്കയിലായിരുന്നു- ഓര്‍മ്മക്കുടം അവിചാരിതമായി പൊട്ടിപ്പിളര്‍ന്നു.
''അക്കാ. നിങ്ങള് വീട്ടിച്ചെന്ന് കുളിച്ചു വരിന്‍! അതുവരെ കൊച്ചിനെ ഞാന്‍ നോക്കിക്കോളാം.''
അടുത്ത കട്ടിലെ കൂട്ടിരുപ്പുകാരി നൂറ്റൊന്നു തവണ അതാവര്‍ത്തിച്ചു.
''വേണ്ട. ജാനകി. എന്റപ്പിയിവിടെ പനിച്ചു കെടക്കുമ്പം എനിക്കെങ്ങോട്ടു നീങ്ങാനും കൈയുംകാലും ആടൂല്ല പേണ്ണേ!
വൃത്തികെട്ട മനസ്സ്. ആകാശത്തിലെ എാകാന്തതയെ തൊട്ടെടുക്കാന്‍ എത്തി നില്‍ക്കുന്ന കൊന്നത്തെങ്ങിനെ അയാള്‍ നോക്കി നിന്നു.
അതാ. അമ്മയവിടെ. കണ്ണുകള്‍ പിടഞ്ഞു.
 ഒപ്പം നടക്കുന്ന പെണ്ണിനോട് അമ്മ എന്തൊക്കെയോ പറയുന്നു. ചിരിക്കുന്നു.
ഇത്രയും ഉല്ലാസത്തോടെ അമ്മയെ മുമ്പെങ്ങാനും കണ്ടിട്ടുണ്ടോ?
അമ്മ തീര്‍ത്തും സന്തോഷവതിയാണ്. വീട്ടിലെക്കാള്‍ സന്തുഷ്ടയാണിവിടെ..
ഒളിഞ്ഞു നിന്ന് ആ ഭാവത്തെ ആവാഹിക്കാന്‍ ശ്രമിച്ചതും.
എന്റെ ദേഹം കത്താന്‍ തുടങ്ങി.
അമ്മയുടെ ഓഹിരിയേല്‍ക്കാത്ത ഒരല്പം ശരീരഭാഗത്തെ മാത്രമേ ആ തീപ്പകര്‍ച്ചയില്‍ നിന്നെനിക്ക് രക്ഷിക്കാനായുള്ളു.

ജനയുഗം വാരാന്തം 12.12.2010

2014 ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഒരേ വാതില്‍




സമതയുടെ അടുത്ത ലക്കമിറക്കാന്‍ വൈകിയെ വെമ്പലോടെയാണ് അവള്‍ പ്രസ്സിന്റെ വാതില്‍ തുറന്നത്. വിടവിലൂടെ പോസ്റ്റുമാന്‍ തള്ളിയ മാറ്ററുകളെന്തെങ്കിലുമുണ്ടെങ്കില്‍ ഒുട്ടം ചുളുങ്ങിപ്പോകരുത്. ശ്രദ്ധിച്ച് വാതില്‍പ്പാളി തള്ളിയകറ്റി.
കെ. എ. കുറുപ്പ്, പത്രാധിപര്‍, സമത മാസിക, കേരള പ്രസ്സ് എന്ന വിലാസത്തില്‍ പണ്ടു വന്നിരുന്ന കത്തുകള്‍ അച്ഛന്‍ എടുത്തു സൂക്ഷിക്കുന്നത് അവള്‍ വെറുതെ ഓര്‍ത്തുപോയി.
ഇപ്പോള്‍ പോസ്റ്റാപ്പീസും ചാവുകഴിഞ്ഞ വീടുപോലെയാണ്. ആവിയും അനക്കവുമില്ല. പത്തു പതിനൊന്നു മണിവരെ പെന്‍ഷന്‍ കാത്തിരിക്കുന്ന കുറെ വയസ്സന്മാര്‍ മാത്രം അവിടെ ചുറ്റിപ്പറ്റിയിരിക്കുന്നുണ്ടാവും.
എത്രയോ കാലമായി തനിക്കൊരു കത്തുകിട്ടിയിട്ട്! മറ്റേ ലോകത്തില്‍ നിന്നും അച്ഛന്റെയൊരു എഴുത്ത്! അവള്‍ വെറുതെയൊന്നു നിശ്വസിച്ചു.
കുറുപ്പുസാര്‍ പറ്റിച്ചു. ഇന്നലെയും സാറെത്തിയിരുന്നില്ല. സാറു വന്നതിന്റെ ഒരു ലക്ഷണവും അവിടെ കാണാനില്ല. പുതിയ ലക്കത്തിനുള്ള മുഖപ്രസംഗം?
ഇതറിഞ്ഞിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് താനിങ്ങോട്ടു് വരില്ലായിരുന്നു. പനി തീര്‍ത്തും മാറിയിട്ടില്ല. ഒരു ചെറിയ തളര്‍ച്ച അവളെ തൊട്ടു.
ഇപ്പോഴിപ്പോള്‍ സമതയുടെ പതിപ്പുകളെല്ലാം ഏതാണ്ട് ഒരുപോലെയാണിരിക്കുത്. പ്രസ്സിലാണെങ്കില്‍ മറ്റു പണികളൊന്നും വരാറുമില്ല. അതുകൊണ്ട് സമതയുടെ അച്ചടി കഴിഞ്ഞ പഴയ ഫാറങ്ങളൊന്നും പെട്ടെന്ന'് അഴിക്കേണ്ടതില്ല. അക്ഷരങ്ങള്‍ക്ക് മുട്ടുവരുമ്പോള്‍ മാത്രം അതില്‍ തൊട്ടാല്‍ മതി. അങ്ങനെ പുതിയ ലക്കത്തിന് മാറ്റര്‍ തികയാതെ വരുമ്പോള്‍ പഴയ ഫാറങ്ങള്‍ അതേപടിയെടുത്ത് വീണ്ടും അവള്‍ ചേര്‍ത്തിരുന്നു. ആവര്‍ത്തനങ്ങള്‍ ആരുടെ കണ്ണിലും പെട്ടിരുന്നില്ല... ഒരു പരാതിയും പറഞ്ഞു കേട്ടില്ല. ആരുമങ്ങനെ സമത വായിക്കുന്നുണ്ടാവില്ല. അവയുടെ റാപ്പറുകള്‍ പൊട്ടിക്കുന്നതു പോലുമുണ്ടാവില്ല. സാറിനോടുള്ള അടുപ്പം കാരണമാണ് കുറച്ചു കോപ്പികളെങ്കിലും പോകുന്നത്.
പ്രസ്സില്‍ നിന്നും സോമന്‍പിള്ള മാമന്‍ പിണങ്ങിേപ്പായപ്പോഴായിരുന്നു അച്ഛനെ സഹായിക്കാന്‍ അവള്‍ വന്നു തുടങ്ങിയത്. മാമനെങ്ങനെ പിണങ്ങാതിരിക്കും?
ടൗണില്‍ ഓഫ്‌സെറ്റ് പ്രസ്സുകള്‍ തുറന്നതോടെ കേരളയില്‍ വര്‍ക്കില്ലാതെയായി. മാമന്റെ ശമ്പളം മുടങ്ങി. പിന്നെ അച്ഛന് മുട്ടുവേദന കടുത്തതോടെ അവള്‍ക്ക് പ്രസ്സിലും കാലുവയ്‌ക്കേണ്ടി വന്നു.
നമ്മുടെ സമതയൊന്നു പച്ചപിടിച്ചോട്ടെ മോളെ. പ്രിന്റിംഗ് മെഷീന് നമുക്ക് മോട്ടോര്‍ പിടിപ്പിക്കാം. ക്ലേശിച്ച് പ്രസ്സ് ചവിട്ടിക്കറക്കുന്ന അവളെക്കണ്ട് കുറുപ്പുസാര്‍ ചിരിച്ചോണ്ടാണ് പറഞ്ഞത്. അവള്‍ തൊട്ടതോടെ സമതയുടെ സര്‍ക്കുലേഷന്‍ പിന്നെയും താഴോട്ട'് പോയി.
മുമ്പൊക്കെ കവിതയുമായി കുറുപ്പ് സാറിനെ കാണാന്‍ ഒരു കൊച്ചന്‍ സ്ഥിരമായി അവിടെ വരുമായിരുന്നു. അവനെയീയിടെ മാര്‍ക്കറ്റു ജംഗ്ഷനില്‍ വച്ചു കണ്ടു. ചേച്ചീന്ന് വിളിച്ചോണ്ടാണവന്‍ അടുത്തു വന്നത്. ആ ഓര്‍മ്മ മാത്രം അവള്‍ക്കിത്തിരി സന്തോഷം കൊടുത്തു.
'ചേച്ചി ഞാനിപ്പോള്‍ ഫേസ്ബുക്കില്‍ കവിതകള്‍ പോസ്റ്റുചെയ്യുന്നുണ്ട്.' അവന്‍ പറഞ്ഞതെന്താണെ് അവള്‍ക്കത്ര തിട്ടമായില്ല. അവനിട്ടിരുത് ഒരു പച്ച ഷര്‍ട്ടായിരുതു കൊണ്ടാവും ഫേസ്ബുക്കെന്നാല്‍ എന്തോ പച്ചപ്പുപോലെ അവള്‍ക്കു തോന്നിയത്. എന്തായാലും അവനെങ്കിലും മേല്‍ഗതി വന്നല്ലോ
സോമന്‍പിള്ള മാമന്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന മുറിക്കണ്ണാടിയില്‍ കണ്ണുകള്‍ തട്ടിയതും അവള്‍ മുഖം തിരിച്ചു. ഭാഗ്യം കെട്ടവളേ! ആ പ്രതിബിംബം അവളെ നോക്കി വിളിച്ചു.
ആ കസേരയില്‍ ഇരിക്കവെയാണ് ഒരു സന്ധ്യയ്ക്ക് അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചത്. അച്ഛനെപ്പോഴും ഇരിക്കാറുണ്ടായിരുന്ന ആ കസേരയെ ഒന്നു കൂടി തുടച്ചു വൃത്തിയാക്കിയശേഷം അവള്‍ പ്രസ്സിന്റെ വാതിലടച്ച് പുറത്തിറങ്ങി.
-------------------------------------------------------------
കെ.എല്‍.എസ്.ഇ.ഒ. ധ്വനി ഓണപ്പതിപ്പ് 2014

2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

ഒരു വായ്‌മൊഴിക്കഥ



മറക്കാനാവാത്ത ഓണദിനങ്ങളുടെ കൂട്ടത്തില്‍ ഒരു പകല്‍ മുഴുവനും ഒരു സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയത് തരിച്ചു നില്‍ക്കുന്ന ഓര്‍മ്മകളിലൊന്നാണ്. അയാളന്തിയാവോളം ഈ അണ്ഡകടാഹത്തിലെ വിവിധ സംഗതികളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. പഴയ കാലത്തിനെ സംബന്ധിക്കുന്ന അനുബന്ധ വിവരങ്ങള്‍ ചേര്‍ത്തുകൊണ്ട് ഇടയ്ക്കിടെ അയാളുടെ അച്ഛനുമമ്മയും അതില്‍ പങ്കുചേര്‍ന്നു.
തൊട്ടടുത്തുള്ള മലയിറങ്ങി വന്ന തെളിനീരില്‍ ഉച്ചയ്‌ക്കൊരു ഓണക്കുളിയും നടത്തി.
അന്നത്തെ ഉച്ചഭക്ഷണം നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരന്ന രുചികളാണ് പകര്‍ന്നത്. പഴയ നാട്ടുരുചികള്‍. പച്ചക്കറികള്‍ ആ അമ്മ അവരുടെ തൊടിയില്‍ നിന്നും പറിച്ചെടുത്തതും. കറികളില്‍ സമകാലിക രസനകളുടെ മസാലക്കൂട്ടുകളൊന്നും ചേര്‍ന്നിരുന്നില്ല. ഭക്ഷണം പോലും ഓര്‍മ്മയില്‍ നിറഞ്ഞ ദിവസം.
എാതു വൈരാഗിയിലും എാറെ സന്തോഷമുണ്ടാക്കിയ ഒരു നുറങ്ങനുഭവമുണ്ടായിരിക്കും. അതത്ര ബൃഹത്തായതൊന്നുമാവണമെന്നില്ല. ചെറുതെങ്കിലും താനനുഭവിച്ച ചൂടും തെളിച്ചവും ആഖ്യാന വേളയില്‍ തുടിക്കുന്നുണ്ടാവും. ആ സുഹൃത്ത് പറഞ്ഞവയില്‍ ഒരെണ്ണം അത്തരത്തിലുള്ളതായിരുന്നു.
എന്റെ ജീവിതത്തിലെ എാറ്റവും സന്തോഷമുള്ളത് എന്ന പറഞ്ഞുകൊണ്ടാണ് അയാളത് അയവിറക്കിയത്. ധാരളം ദുരന്തങ്ങള്‍ വലിച്ചു കുടിച്ച ആ മുഖത്തപ്പോള്‍ സന്തോഷം തെളിഞ്ഞു വന്നു.
പാതിവഴിയില്‍ മുടങ്ങിയ യാത്രയുടെ സങ്കടം, പുതിയൊരു ലോകം പകര്‍ന്ന നവ്യാനുഭൂതികള്‍ എന്നീ കാരണങ്ങളാല്‍ അയാളുടെ നാലാം വയസ്സിലെ അനുഭവം തെളിഞ്ഞു നില്‍ക്കുന്ന ഒന്നാണ്.

അതിങ്ങനെയാണ്.

''ഞാന്‍ ചെറുതായിരുന്നപ്പോള്‍ വീട്ടില്‍ നിന്നെല്ലാപേരും ഗുരുവായൂര്‍ അമ്പലം കാണാന്‍ പോയി. ഇവിടെ നിന്നും ഞങ്ങളൊരു കാറിലാണ് യാത്ര ചെയ്തത്. അമ്പലപ്പുഴയിലെത്തിയപ്പോള്‍ ഞാന്‍ ഛര്‍ദ്ദിച്ച് എാതാണ്ട് അവശനായി. അവിടെ പരിചയത്തിലൊരു ടീച്ചറുണ്ട്. അവര്‍ എാറെക്കാലം ഞങ്ങളുടെ മാമന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നെ അവരുടെ അടുത്താക്കി അവരെല്ലാം യാത്ര തുടര്‍ന്നു.
മൂന്നാലു ദിവസങ്ങള്‍ കഴിഞ്ഞാണ് അവരൊക്കെ മടങ്ങി വന്നത്. ഈ അമ്പതു വയസ്സിന്നിടയില്‍ ഞാനനുഭവിച്ച എാറ്റവും എന്തോഷമുള്ള ദിവസങ്ങള്‍ അതായിരുന്നു.
ഞാനന്നുവരെ കഴിച്ചിട്ടില്ലാത്ത വിഭവങ്ങള്‍ കൊണ്ടാണവരെന്നെ ഊട്ടിയത്. മാമന്റെ വീട്ടില്‍ ടീച്ചര്‍ക്ക് ലഭിച്ച സുരക്ഷയുടെയും സൗകര്യങ്ങളുടെയും പ്രത്യുപകാരമായി അതെനിക്ക് തോന്നി.
അവിടൊരു ചേട്ടനുണ്ടായിരുന്നു. ചേട്ടനെന്നെ തോണിയിലിരുത്തി ആറ്റിലൂടെ എാറെ നേരം തുഴഞ്ഞു നടന്നു. ഇത്രയും വെള്ളം ഞാനൊരുമിച്ച് കാണുന്നത് ആദ്യമായിട്ടായിരുന്നു. പലയിടത്തും ആറ്റരുകില്‍ നിന്നും പൊന്തയും ചെടികളും ഞങ്ങളുടെ ആറ്റുവഴിയിലേയ്ക്ക് ചാഞ്ഞുകിടന്നിരുന്നു. അത് പുഴയുടെ മുകള്‍ഭാഗത്തെ പൂര്‍ണ്ണമായി അടച്ചുപിടിച്ചു. അതൊക്കെ വകഞ്ഞുമാറ്റിയാണ് ഞങ്ങള്‍ തുഴഞ്ഞുപോയത്.
ആ വീട്ടിലെ കുളത്തിനെ ഞാനൊരിക്കലും മറക്കില്ല.
കൂട്ടിന്നാരുമില്ലാത്ത നേരത്ത് ഞാന്‍ കുളക്കരയില്‍ ചെന്നിരുന്നു. അതില്‍ നിറയെ ആമകളുണ്ടായിരുന്നു. തെളിനീരില്‍ നിന്നും അവ വരിവരിയായി കരയിലേയ്ക്ക് കയറിവരും. ഞാന്‍ കുളത്തില്‍ ഒരു കല്ലെടുത്തിടും. അനക്കം തട്ടി അവ  വരിയായി തന്നെ തിരികെപ്പോകും.
അനങ്ങാതിരിക്കുമ്പോള്‍ വീണ്ടുമവ കരയിലേയ്ക്ക് കയറിവരും. ആമകളുടെ വരി എാതാണ്ട് രൂപമെടുക്കുമ്പോള്‍ ഞാന്‍ വീണ്ടും കല്ലെടുത്തിടും.
ആമകളും ഞാനും ചേര്‍ന്ന് ആ പരിപാടി എാറെ നേരം ആവര്‍ത്തിച്ചു.
അതൊക്കെ ഒരു സ്വപ്‌നം പോലെ തോന്നുന്നു.''
ബാല്യത്തില്‍ ചെന്നു തൊട്ടതിനാവാം ആഖ്യാനത്തിനു ശേഷം എാറെ നേരം അയാള്‍ മിണ്ടാതിരുന്നു.


2014 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ചോദ്യം. ഉത്തരം. സാക്ഷ്യം.



ഈ ലോകത്തിലെ എാറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ആര്‍?

ഉത്തരം- വാസുദേവന്‍ ഉണ്ണിക്കൃഷ്ണന്‍.

കൊച്ചന്റെ വായ്ക്കുള്ളില്‍ മണ്ണുപോയോന്ന് നോക്കവാറെ ഈരേഴു പതിന്നാലു ലോകത്തെ ഒരുരുളയായി കണ്ടന്തിച്ച ഒരു ആയമ്മയുണ്ട്.

അതു ശരിയായിരുന്നെന്ന് ആമ്പാടി യശോദാമ്മ എവിടെയും സാക്ഷ്യം പറയും.

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

അതു ഞാനാണ്



ഈ ബാറു മുളച്ചതുമുതല്‍ ഞാനെപ്പോള്‍ ചെന്നാലും അവനാ സീറ്റിലുണ്ടാകുമായിരുന്നു.

സ്ഥിരമായി മേശ പങ്കിടുന്നവര്‍ എന്ന വികാരവായ്‌പോടെ ഞങ്ങള്‍ പരസ്പരം വിഷ് ചെയ്യും.
ഞാനവന് ഷെയര്‍ വയ്ക്കുകയോ, അവനെന്റെ  ബില്ല് പേ ചെയ്യുകയോ ഉണ്ടായിട്ടില്ല. എങ്കിലും ഞങ്ങള്‍ക്കിടയിലെ ബന്ധം തീഷ്ണമായിരുന്നു.
അതാണവന്റെ മരണവാര്‍ത്ത കേട്ട് തുള്ളിപോലും കുടിക്കാതെ ഞാന്‍ പാഞ്ഞത്. 
ഇന്നും ഓഫീസിലേയ്ക്ക് പോയതാണത്രേ! അവിടെച്ചെന്ന് കുഴഞ്ഞുവീണു മരിച്ചു.
വാക്കുകള്‍ക്കൊപ്പം വിവിധ ജാതി ലഹരി ഗന്ധങ്ങള്‍ അവിടെ തൂവിപ്പടരുന്നു. എന്നിട്ടും ഞാനാസക്തനായതേയില്ല.

സുഖമരണം. ചത്തവനു പോകാം.
അവനിതുവരെയും വീടുണ്ടാക്കിയിട്ടില്ല. ശരീരം കിടത്തിയിരിക്കുന്നത് വാടകത്തിണ്ണമേല്‍..
കെട്ടു പ്രായം കഴിഞ്ഞ പെണ്‍കുട്ടികള്‍ രണ്ടാണ്.

മരണം കാണാന്‍ വന്നവര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത് എന്നെപ്പറ്റിയുമാണ്.
ഞാന്‍ ശവമായി നിന്നെല്ലാം കേട്ടു.

2014 ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

മി. കോരനെന്നും



പണ്ട് തിരുവോണത്തിന് കോരന് ജന്മീടെ വീട്ടിലെ പൈക്കളേയും കന്നുകുട്ടികളെയും കുളിപ്പിക്കാനും കുറിതൊടീക്കാനും ഓടണമായിരുന്നു.

ഇന്നും ഓണത്തിന് മിസ്റ്റര്‍ കോരന് ഇരിക്കപ്പൊറുതിയില്ല. മക്കള്‍ രണ്ടുപേരുടെയും കാറുകള്‍ കഴുകി തുടയ്ക്കണം. അവയെ മഞ്ഞക്കോടി ഉടുപ്പിക്കണം...
------------------------
ഇന്ന് മാസിക* ജൂലൈ 2014

2014 ജൂലൈ 23, ബുധനാഴ്‌ച

തീവണ്ടിക്കടുവ




ഒരു വനിതാ സബ്ഇന്‍സ്‌പെക്ടറും, റിട്ടയേര്‍ഡ് പ്രൊഫസറും ഒരുമിച്ച് തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു.

രാത്രിയായപ്പോള്‍ എസ്.ഐ.പെണ്ണ് പഞ്ചാരപോലെ അലിഞ്ഞു. രണ്ടായിരത്തി മൂന്നുമുതല്‍ തനിക്കു നിഷേധിച്ച ഉദ്യോഗക്കയറ്റത്തെ കുറിച്ചവള്‍ തേങ്ങിത്തുടങ്ങി.

വായിക്കലാണ് തന്റെ പണി എന്ന കാര്യം മറന്ന് പ്രോഫസര്‍ അവളുടെ നല്ല ശ്രോതാവായി.

ചില നേരത്ത് തീവണ്ടികള്‍ ഇങ്ങനെയാണ്.

കടുവകളെ മാന്‍പേടകളായും വായാടികളെ അത് ഊമകളുമാക്കി മാറ്റിക്കളയും.

2014 ജൂലൈ 6, ഞായറാഴ്‌ച

കാഴ്ചക്കുളം



കണ്ണാശുപത്രിയിലെ കാഴ്ച പരിശോധനാഹാള്‍.
അവസാനത്തെ ബഞ്ചിലെ പതിവ് ഇരിപ്പിടത്തില്‍ അയാളെത്തിച്ചേര്‍ന്നു.
സ്പടിക സമാനമായ തെളിനീര്‍ക്കാഴ്ച തുളുമ്പുന്ന ഒരു കുളത്തിന്റെ വക്കിലാണു താന്‍. ആ തെളിമ തന്റെ നിര്‍ജ്ജലമായ കണ്‍കുഴികളിലേയ്ക്ക് വൈകാതെ ആവേശിക്കും- ഒരു ശാന്തത അയാളെ വന്നുതൊട്ടു.
ഒടുവിലത്തേതാണ് തന്റെ ഊഴമെന്ന് ടോക്കണ്‍ സ്പര്‍ശം അയാളെ അറിയിച്ചു. ഇന്നും അവസാനമാവും തന്നെ വിളിക്കാനവര്‍ തീരുമാനിച്ചിരിക്കുന്നത്.
നിമിഷങ്ങള്‍ കഴിയവെ കണ്‍കുളത്തിന്റെ വക്കത്ത് തിരക്കേറുന്നതിന്റെ പെരുപെരുപ്പ് അയാള്‍ക്കറിയാന്‍ കഴിഞ്ഞു.
എത്തിയപാടേ തന്നെ ഒഫ്താല്‍മിക് അസിസ്റ്റന്റ് അദ്യടോക്കണ്‍ വിളിച്ചു. ഇന്നും പരുക്കന്‍ഭാവം അയാള്‍ തെല്ലും മാറ്റിവച്ചിട്ടില്ല. കാഴ്ചയുടെ കുത്തക മറ്റാര്‍ക്കും പകുക്കാന്‍ ഇഷ്ടമില്ലാത്ത ജനുസ്സില്‍പ്പെട്ട ഒരാള്‍.
അവനൊരു കുട്ടിയല്ലേ!
ഒഫ്താല്‍മിക് അസിസ്റ്റന്റ് കാഴ്ച പരിശോധന തുടങ്ങി.
മുന്നിലെ ഡിസ്‌പ്ലേയില്‍ നിന്നും അക്കങ്ങള്‍ വായിക്കാന്‍ പറഞ്ഞപ്പോള്‍ ആ കുട്ടിക്ക് വിക്കിപ്പോയി. ക്ലാസ്സോര്‍മ്മകളുടെ കയ്പാവണം അവന്റെ വായ്ക്കുള്ളില്‍ പെട്ടെന്നു നിറഞ്ഞത്. അതുകൊണ്ടു തെയാണ് അക്കങ്ങള്‍ അവനു വഴുതിപ്പോയത്. നിങ്ങള്‍ കരുതുതുപോലെ അവന്റെ കണ്ണുകള്‍ക്ക് ഒരു കുഴപ്പവുമില്ല.
കുട്ടികള്‍ക്കൊരിക്കലും കാഴ്ച മങ്ങില്ല. നിങ്ങള്‍ കുട്ടികളോടെങ്കിലും കരുണ കാണിക്കാന്‍ ശീലിക്കൂ.
അയാള്‍ മനസ്സില്‍ പറഞ്ഞു.
മോനെ! 2-8-5-7. അതാണ് നിനക്ക് തെളിഞ്ഞു കിട്ടാതെപോയ അവസാന വരിയിലെ അക്കങ്ങള്‍.
കാഴ്ച പരിശോധിക്കാനെത്തുവര്‍ നിരന്തരം ഉരുവിടു അക്കങ്ങളും അക്ഷരങ്ങളും അയാള്‍ക്ക് മനപ്പാഠം.
2-8-5-7. അയാളുടെ ചുണ്ടുകള്‍ ഒരിക്കല്‍ക്കൂടി ആ കുഞ്ഞിനെ സഹായിക്കാന്‍ വെമ്പിയതും അടുത്തിരുന്നയാള്‍ തോളില്‍ തട്ടിയതും ഒരുമിച്ചായിരുന്നു.
കുട്ടികള്‍ക്ക് കാഴ്ചമുട്ടില്ല.
അയാള്‍ തീര്‍ത്തും വിശ്വസിച്ചു.
എത്രയെത്ര പാല്‍ക്കൊച്ചുങ്ങളാണിവിടെയെത്തുമ്പോള്‍ കാഴ്ചക്കുളത്തില്‍ നിന്നും വെളിച്ചമിറ്റി വീണതിലെ ആഹ്ലാദം കീറിവിളിച്ച് അറിയിച്ചിട്ടുള്ളത്- എന്നിട്ടും ആ കുട്ടിയെ കുറിച്ചുള്ള വെപ്രാളം അയാള്‍ക്ക് അടക്കാനായില്ല.
വണ്‍-ഫോര്‍-നയന്‍. മുറ്റന്‍ സ്വനതന്തുക്കളുടെ പിടക്കുന്ന പ്രകടനം.
കുഗ്രാമത്തിലെ ഓലഷെഡിലെ മണ്‍നിലത്തിലിരുന്ന് താന്‍ ഒന്നേരണ്ടേയും തറയും പറയും കൊത്തിപ്പെറുക്കിയപ്പോള്‍ ഈ സ്ത്രി നഗരത്തിലെ ഏതോ മുന്തിയ കോവെന്റു സ്‌കൂളില്‍... അവരുടെ സാരി തനിപ്പട്ടിന്റേതാണ്. ഉലയു നൂലിന്റെ കിരുകിരുപ്പ് അയാള്‍ ആകാംക്ഷാപൂര്‍വ്വം ശ്രദ്ധിച്ചു.
കണ്ണുകള്‍ നന്നായി തുറന്നു വയ്ക്കണം. എനിക്കീ മരുന്ന് ഒഴിക്കാനുള്ളതാണ്.
അയാളുടെ അടുത്തിരുന്ന രോഗിയുടെ കൃഷ്ണമണികള്‍ വികസിപ്പിച്ച് പരിശോധിക്കാന്‍ നഴ്‌സ് എത്തി.
നീറ്റല്‍ തുള്ളിമരുന്ന് കണ്ണില്‍ വീണതിന്റെ അസ്വാസ്ഥ്യത്തോടെ രോഗി ഇന്ദ്രിയങ്ങള്‍ പൂട്ടിക്കാണണം. തന്റെ കണ്ണുകള്‍ വൈകാതെ പ്രകാശപ്രളയത്തില്‍ പഴയതുപോലെ ആറാടുമെന്ന തോന്നലില്‍ അയാള്‍ തല്കാലിക നിര്‍വ്വാണാവസ്ഥ പ്രാപിച്ചിരിക്കണം.
അങ്ങനെയങ്ങനെ അയാളും മയങ്ങിപ്പോയി.
കണ്‍കുളം വന്‍കടലായി മാറിയ ആരവം.
അന്ധകാരനഴി തുഴഞ്ഞു നടന്നിരു ഒരുവന്റെ ഓപ്പറേഷനുശേഷമുള്ള ആഹ്ലാദം. അതയാളെ വിളിച്ചുണര്‍ത്തി. ഒരാള്‍ മാത്രം കാഴ്ചയുടെ അപാര നീലപ്പരപ്പിലേയ്ക്ക് ഒറ്റയ്ക്ക് തുഴഞ്ഞുപോയതിലെ അനിഷ്ടം തൊട്ട അയാള്‍ പിന്നെയും മയക്കത്തിലേയ്ക്ക് താണുപോയി.
ഒടുവില്‍ ഉണരുമ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല.
തനിക്കുകിട്ടിയ വിയര്‍പ്പിറ്റുന്ന ടോക്കണ്‍ വിളിച്ചുവോ? തിരക്കാന്‍ പോലും മെനക്കെടാതെ അയാള്‍ നിത്യാന്ധകാരത്തിലേയ്ക്ക് വൈറ്റ്‌കെയ്ന്‍ നീട്ടി.




2014 ഏപ്രിൽ 29, ചൊവ്വാഴ്ച

പണ്ടങ്ങള്‍



സുഹൃത്ത്‌ മരണത്തെക്കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയത്‌ പെട്ടെന്നായിരുന്നു. 

``വല്ല്യമ്മയെ ഞാനൊടുവില്‍ കണ്ടത്‌ ബസ്റ്റാന്‍ഡില്‍ വച്ചായിരുന്നു. എാറെ നാള്‍ സുഖമില്ലാതെ കിടന്നിട്ടും അവരെയൊന്നു ചെന്നു കണ്ടില്ല. പണ്ട്‌ പണ്ട്‌ പൊല്ലാക്കാലത്ത്‌ ഞങ്ങളെ ഒരുപാടു സഹായിച്ചത്‌ വല്ല്യമ്മയായിരുന്നു. ഞാനിതൊക്കെ എവിടെ കൊണ്ടുചെന്നു വയ്‌ക്കും? കുറെ കടങ്ങള്‍ കിടക്കട്ടെ!''
അങ്ങനെ സമാധാനിക്കുമ്പോള്‍ അയാളൊരു കറുത്ത പായ നിവര്‍ത്തിക്കാട്ടി, വീണ്ടും ചുരുട്ടിയെടുത്തതുപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌.
എന്നെക്കാണാന്‍ വേണ്ടി മാത്രമായിരുന്നു ഉയിരായിരുന്ന ഉറ്റബന്ധു ദീര്‍ഘദൂരം സഞ്ചരിച്ച്‌ എന്റെ ഓഫീസിലെത്തിയത്‌. അന്നത്തെ ദിവസം ഞാന്‍ ലീവിലായിരുന്നു. ഒരു ഓര്‍മ്മച്ചിന്ത്‌ വെളുത്ത പായയായി എന്റെ മുന്നിലും നിവര്‍ന്നു.
വീട്ടുകാര്യങ്ങള്‍, സാഹിത്യം, ലോകരീതികള്‍ ഒരുമിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഒരുപാടു കാര്യങ്ങള്‍ നിരത്തിയിരുന്നു. അതില്‍ നിന്നുള്ള പുതുകാറ്റ്‌ ഹൃദയത്തെ തണുപ്പിച്ചു. ചിലപ്പോള്‍ സംവാദ എരിപൊരികളില്‍ ചങ്കുകുത്തി നീറിയിട്ടുമുണ്ട്‌.
പരസ്‌പരം കാണാതെപോയ അന്ന്‌ തിരികെ മടുങ്ങുമ്പോള്‍ മിന്നല്‍ വേഗത്തില്‍ അദ്ദേഹം എല്ലാവഴികളും വിട്ട്‌ കുതറിച്ചാടി മറഞ്ഞു.
എന്തൊക്കെ പണ്ടങ്ങളായിരുന്നു ഒടുവില്‍ പങ്കിടാന്‍ ആ ഭാണ്ഡത്തില്‍ അദ്ദേഹം കരുതിയിരുന്നത്‌?
വെളുത്ത കരുക്കല്‍ നിരത്തിയ ഭാഗത്ത്‌ ആളില്ലാത്ത വലിയൊരു ചരുരംഗപ്പലക.... എതിര്‍ഭാഗത്ത്‌ കറുത്ത കരുക്കളുമായി ഞാന്‍..
അങ്ങനെ സങ്കല്‍പ്പിക്കാന്‍ ഞാനും ശ്രമിച്ചു.
-------------------------------
വാരാദ്യ മാധ്യമം 27 എാപ്രില്‍ 2014
------------------------------- 
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi