2014 ഏപ്രിൽ 23, ബുധനാഴ്‌ച

ഫേസ്‌ബുക്ക്‌ഡ്‌ facebooked



ഫേസ്‌ബുക്കില്‍ അക്കൗണ്ട്‌ തുറന്നപ്പോള്‍ ആശയപ്രചരണത്തിനൊരു ചുവര്‌ കിട്ടിയതുപോലെ തോന്നി.
നാലാള്‍കാണ്‍കെ എഴുതാം... വരയ്‌ക്കാം...
അടുത്ത നിമിഷം മുതല്‍ സൃഷ്ടിപ്രവാഹത്താല്‍ പേജുലഞ്ഞു.
സിനിമാപരസ്യങ്ങള്‍ മുതല്‍ അശ്ലീലക്കുറിപ്പുകള്‍ വരെ നിറഞ്ഞ്‌ അലങ്കോലപ്പെട്ട വീട്ടുമതിലിനെ അതോര്‍മ്മിപ്പിച്ചു. ഒരു മിത്രം ഷെയര്‍ ചെയ്‌ത വകയില്‍ വോട്ടഭ്യര്‍ത്ഥ്യന വന്നു ചാടിയപ്പോള്‍ അയാള്‍ ആദ്യ പോസ്റ്റിംഗ്‌ നടത്തി.
STICK NO BILLS PLEASE
----------------------------------------------------------
നിറവ്‌ (വിശകലനം) എാപ്രില്‍ 2014

2014 ഏപ്രിൽ 18, വെള്ളിയാഴ്‌ച

ഉത്തപുരം UTHAPURAM ഓര്‍മ്മ





മധുരയിലുള്ള ഗ്രാമമാണ്‌ ഉത്തപുരം. കമ്പം, തേനി ഹൈവേ കടന്നുപോകുന്നത്‌ ഇതുവഴിക്കാണ്‌. 1950കള്‍ മുതല്‍ അവിടെ ജാതി പ്രശ്‌നങ്ങളും വെട്ടിക്കൊലകളും നീറി നിന്നിരുന്നു. ഈ നൂറ്റാണ്ടോടെ മതിലുകള്‍ കെട്ടിയുയര്‍ത്തി ദളിതുകളെ പൊതുസമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ വരെ അതു ചെന്നെത്തി. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ കെ.എന്‍.ഷാജി അതിനെക്കുറിച്ച്‌ എഴുതിയ കാലത്താണ്‌ നമ്മുടെ ചന്ദ്രയാന്‍ യാത്രയുടെ ഫലശ്രുതി എന്ന നിലയില്‍ അമ്പിളിമാമനില്‍ ജലമുണ്ടെന്ന കണ്ടെത്തലും വന്നത്‌. 
ഉത്തപുരത്ത്‌ ദളിതുകള്‍ക്ക്‌ പൊതുനിരത്തിലൂടെ നടക്കാന്‍ പാടില്ല. അവരുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെതിരെയുള്ള വിലക്കുകള്‍ നീക്കാന്‍ പൊരുതിയവര്‍ക്ക്‌ ജീവനും നഷ്ടമായി. പുറം ലോകത്തിന്‌ ഈ ഗ്രാമത്തിലേയ്‌ക്ക്‌ പ്രവേശനം നിഷിദ്ധമായിരുന്നു. 2009 ല്‍ ഈ പ്രശ്‌നം എാറ്റെടുത്ത്‌ CPI (M) പോളിറ്റ്‌ ബ്യൂറോ മെമ്പറായ വൃന്ദാകാരട്ട്‌ നടത്തിയ യാത്രയെപ്പോലും പോലീസ്‌ തടഞ്ഞിരുന്നു. അത്യന്തം തീഷ്‌ണമായ അവസ്ഥകളായിരുന്നു ഉത്തപുത്തുണ്ടായിരുന്നത്‌്‌.
ചന്ദ്രയാന്‍ കാലത്തും നിലനില്‍ക്കുന്ന അനാചാരങ്ങളെ കവിത കൊണ്ട്‌്‌ കഴുകിക്കളയാന്‍ കഴിയുമോ? സാധാരണക്കാര്‍ക്കിടയില്‍ കവിതയുടെ ആശ്വാസ സാധ്യതകള്‍ എന്തൊക്കെയാണ്‌? ആ നിലകളിലാണ്‌ ഒരു ഉത്തപുരം യാത്രയെക്കുറിച്ചുള്ള ആലോചനകള്‍ കുരീപ്പുഴ ശ്രീകുമാര്‍ ആരംഭിച്ചത്‌. സവര്‍ണ്ണ സങ്കേതങ്ങളിലും പൊതുവഴിയിലുടെയും നടക്കാന്‍ അനുവാദമില്ലാത്തവര്‍ക്കായി കുരീപ്പുഴയുടെ നേതൃത്വത്തില്‍ ഒരു കാവ്യദൗത്യം. അത്യപൂര്‍വ്വമായ പ്രതിഷേധത്തിലൂടെ പീഡിതര്‍ക്ക്‌ ആത്മധൈര്യം പകരുക. അങ്ങനെയൊക്കെയായിരുന്നു ഉത്തപുരിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്‌.
നവം.22 ഞങ്ങള്‍ക്ക്‌ ഇരിഞ്ചയം സെബാസ്റ്റ്യന്‍ അനുസ്‌മരണ ദിനമാണ്‌. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മപ്പുസ്‌തകത്തിന്റെ പ്രകാശനവും അന്നേദിവസം ഉദ്ദേശിച്ചിരുന്നു. ജാതിപ്പോരിന്റെ മണ്ണില്‍വച്ച്‌ കുരീപ്പുഴ ഈ ചെറുഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ഉത്തപുരത്തെ ബസ്‌സ്റ്റോപ്പില്‍ ദളിതരെ മാറ്റി നിര്‍ത്താന്‍ പണിഞ്ഞ മതിലു തന്നെ അതിനു സാക്ഷ്യം വഹിക്കട്ടെ.
എങ്കിലും അത്തരത്തിലൊരു യാത്രയിലുള്ള അപകടങ്ങളും ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. കെ.എന്‍.ഷാജി എാതൊക്കെയോ വിധത്തിലാണ്‌ ഗ്രാമത്തിനുള്ളില്‍ കടന്നതെന്ന അറിവ്‌ വൈകിയാണ്‌ കിട്ടിയത്‌. ``പോലീസ്‌ തടഞ്ഞാല്‍ അവിടെ നിന്നും തിരിച്ചു പോരുക.'' കുരീപ്പുഴയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു.
ഉത്തപുരത്തിനുള്ള യാത്രയുടെ വിവരങ്ങള്‍ മധുര ആര്‍പ്പാളയം സ്‌റ്റാന്‍ഡിലാണ്‌ തിരക്കിയത്‌. ആ അന്വേഷണമാവണം ഞങ്ങളെ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. തേനി ബസ്സില്‍ കയറി എളുമലയ്‌ സ്റ്റോപ്പിലിറങ്ങാനുള്ള ഒന്നര മണിക്കൂര്‍ യാത്രയ്‌ക്കിടയില്‍ അതേ ബസ്സില്‍ അയ്യപ്പ വേഷത്തില്‍ പോലീസും കയറിയിരുന്നു. എളുമലയ്‌ക്ക്‌ ടിക്കറ്റു ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ക്കുണ്ടായ ഭാവമാറ്റത്തിന്റെ അര്‍ത്ഥം പിന്നീടല്ലേ മനസ്സിലായത്‌.
എളുമലയില്‍ മറ്റാരും ഇറങ്ങാറില്ല. കൂടെയിറങ്ങിയ അയ്യപ്പന്‍ വേഷധാരിയും വന്നു കൂടിയ പോലീസും ചേര്‍ന്ന്‌ ഞങ്ങളെ കൈയോടെ വഴിയോരത്തെ പോലീസ്‌ കേന്ദ്രത്തിലേയ്‌ക്ക്‌ കൊണ്ടുപോയി. ആതിന്നിടയില്‍ അടഞ്ഞ്‌ വലമൂടിയ ഒരു അമ്പലവും ചൂടുകട്ടയില്‍ തീര്‍ത്ത മതിലും ചുറ്റിലും പട്ടാള സമാന രീതിയിലെ പോലീസ്‌ സന്നാഹങ്ങളും കണ്ണില്‍ പതിഞ്ഞു. പൊതുജനം തൊടാത്ത ആ സ്റ്റോപ്പിലിറങ്ങിയ ഞങ്ങളെ കൗതുകത്തോടെ നോക്കി ബസ്സും അകന്നു.
സര്‍വ്വസ്വാതന്ത്ര്യത്തിന്റെയും നാട്ടില്‍ നിന്നു വന്നവര്‍ പൊടുന്നനവെ 144 പ്രഖ്യാപനത്താല്‍ മരവിച്ച മണ്ണിലെ നിയമവാഴ്‌ചയുടെ തീഷ്‌ണതയറിഞ്ഞു.
കേരളത്തില്‍ നിന്നും കവിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമെത്തിയത്‌ എന്തിന്‌? പോലീസ്‌ ഓഫീസറുടെ ചോദ്യത്തിന്‌ പെട്ടെന്നാര്‍ക്കും തൃപ്‌തികരമായ ഉത്തരം കൊടുക്കാനായില്ല. സംഘര്‍ഷ മേഖലയില്‍ പറത്താന്‍ മനസ്സിലിട്ടു കൊണ്ടുവന്ന സമാധാനത്തിന്റെ വെള്ളപ്രാവുകള്‍ പെട്ടെന്നു ആവിയായി പറന്നു. കുരീപ്പുഴയുടെ കവിതാപുസ്‌തകങ്ങളിലെയും തലേന്നിറങ്ങിയ ജനയുഗം പത്രത്തിലെയും ഫോട്ടോകള്‍ കാണിച്ചപ്പോള്‍ സംഘം കുഴപ്പത്തിനല്ല വന്നത്‌ എന്ന കാര്യം മേധാവിക്ക്‌ ബോധ്യമായി.
ഉള്ളിലേയ്‌ക്കുള്ള നിങ്ങളുടെ ഈ പോക്കു മാത്രം മതി ഇപ്പോഴുള്ള അമൈതിയെ തകര്‍ക്കാന്‍. അതോടെ തിരിച്ചുപോരാന്‍ ഞങ്ങളും തീരുമാനിച്ചു.
പോലീസ്‌ വലയത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോഴും കണ്ണുകള്‍ മാത്രമേ സ്വതന്ത്രമായുള്ളു. തിരികെ മധുരയ്‌ക്കുള്ള ബസ്സ്‌ കാത്തു നില്‍ക്കെ കുറച്ചു കാഴ്‌ചകള്‍ മാത്രം കണ്ണില്‍ ഇടിച്ചു കയറി. പൊടി മൂടിയ അമ്പലം, അതില്‍ തൂങ്ങുന്ന താഴും പൂട്ടും, ചുവരില്‍പ്പതിച്ചിരിക്കുന്ന ഉത്തരവുകള്‍. അതിന്നപ്പുറത്ത്‌ കുറച്ചകലെ ഒരു ഫോട്ടോഗ്രാഫര്‍ ഒരു ഷെഡിനു മുന്നില്‍ എല്ലാ ചലനങ്ങളും ചിത്രീകരിക്കുന്നു.- അതൊരു പുനരധിവാസ ക്യാമ്പാവണം. ആശ്വാസ ചലനമായി ആകെ കിട്ടിയത്‌ ഒരു കെട്ടുപുല്ലുമായി ഒരു സ്‌്‌ത്രീ അതുവഴി നടന്നു പോയതാണ്‌. അവരെയും മറച്ചുകൊണ്ട്‌ ഒരു സംഘം പോലീസുമായി ഒരു വാനെത്തി.
ബസ്സ്‌ എത്തിയപ്പോള്‍ തിരികെപ്പോകാന്‍ ഞങ്ങളതില്‍ കയറിത്‌ പോലീസ്‌ ഉറപ്പാക്കി.
ഉസലംപട്ടില്‍ നഗര ചത്വരത്തില്‍ വച്ച്‌്‌ സെബാസ്റ്റ്യന്‍ ഓര്‍മ്മ- രണ്ടാം പുസ്‌തകത്തിന്റെ പ്രകാശനം കുരീപ്പുഴ നടത്തിയപ്പോള്‍ സാധാരണക്കാര്‍ അതു കണ്ടുംകാണാതെയും ചുറ്റിലുമായി ഒഴുകിക്കൊണ്ടിരുന്നു. ഒരു കുഞ്ഞുമഴ കുറഞ്ഞ തുള്ളികളുമായി എത്തി ചടങ്ങിനെ ആശീര്‍വദിച്ചു.
തുടര്‍ന്നു ഞങ്ങള്‍ കരമത്തൂര്‍ എന്ന ഗ്രാമത്തിലേയ്‌ക്ക്‌ പോയി.
ബാക്കി
------
ഒരു മതിലും ശാശ്വതമല്ല. നിരന്തര പോരാട്ടങ്ങള്‍ക്കു ശേഷം 2011 നവം. മാസത്തില്‍ മധുര ജില്ലാകളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആ ജാതിമതില്‍ പൊളിച്ചു കളഞ്ഞു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്‌ത്രീകള്‍ അന്നേരത്ത്‌്‌ മുടിയഴിച്ചിട്ട്‌ ഒപ്പാരിയിട്ടതായി പത്രത്തില്‍ വായിച്ചു.
14.11.2011 ന്‌ കുരീപ്പുഴ എഴുതിയ കത്തില്‍ ഉത്തപുരം യാത്രയെ ഇങ്ങനെ പരാമര്‍ശിച്ചു.``ഉത്തപുരം ഓര്‍മ്മയിലുണ്ട്‌്‌. സമരം വിജയിച്ചല്ലോ. മാരിയമ്മന്റെ നിസ്സഹായത പഠിപ്പിക്കാന്‍ ഇ.വി. രാമസ്വാമി വേണം.''

2014 മാർച്ച് 27, വ്യാഴാഴ്‌ച

ചന്ദ്രകാന്തവും വൈലാലില്‍ വീടും



കുട്ടികളോടൊത്തുള്ള യാത്രകളെപ്പോഴും പുതിയ അനുഭവങ്ങള്‍ തരുന്നു. കോഴിട്ടോട്‌ പുതിയറിയിലെ എസ്‌. കെ. സ്‌മാരക മന്ദിരം, പൊറ്റെക്കാട്ടിന്റെ വസതിയായ ചന്ദ്രകാന്തം ബേപ്പൂരില്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വയലാലില്‍ വീട്‌ എന്നിവ കാണാന്‍പോയത്‌ കുട്ടികളോടൊത്തായിരുന്നു.
പുതിയറയിലുള്ള ഉപയോഗരഹിതമായ രണ്ടു കൂറ്റന്‍ ജലസംഭരണികളെ പരസ്‌പരം കൂട്ടിയോജിപ്പിച്ചാണ്‌ പൊറ്റെക്കാട്ടിനുള്ള സ്‌മാരകമന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്‌.

താഴത്തെ നിലയിലാണ്‌ എസ്‌.കെ. മ്യൂസിയം
****
അദ്ദേഹത്തിന്റെ കൈയെഴുത്തു പ്രതികള്‍, ഡയറിത്താളുകള്‍, ടൈപ്പ്‌റൈറ്റര്‍, പേനകള്‍, ജ്ഞാനപീഠമുള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളും അവിടെ കാണാം. വിവിധ രാജ്യങ്ങളില്‍ നിന്നും എസ്‌.കെ.ശേഖരിച്ച കൗതുക വസ്‌തുക്കള്‍, അദ്ദേഹത്തിന്റെ വസ്‌ത്രങ്ങള്‍, കണ്ണട, എഴുത്തുകാരനെക്കുറിച്ചുള്ള പത്രക്കട്ടിംഗുകള്‍ എന്നിവകളും പ്രദര്‍ശന വസ്‌തുക്കളില്‍ പെടുന്നു. എഴുത്തും വായനയുമായി പൊറ്റെക്കാട്ട്‌ ആ മുറിയില്‍ തന്നെയുണ്ടെന്നു തോന്നിപ്പോയി.
കാഴ്‌ചയുടെ ഒരു വൃത്തം പൂര്‍ത്തിയാക്കി ഇറങ്ങിയപ്പോഴും മതിവരാത്തതുപോലെ. മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഇതുപോലെയൊരു സ്‌മാരകമന്ദിരമില്ല.

രണ്ടാമത്തെ ജലസംഭരണിയുടെ കീഴ്‌നില ഒരു ആര്‍ട്ടുഗ്യാലറിയാണ്‌.
സ്‌മാരകത്തിന്റെ ഒന്നാംനില സുജനപാല്‍ സ്‌മാരകഹാളാണ്‌. കുട്ടികള്‍ ഗിറ്റാര്‍ പാഠങ്ങളില്‍ അലിഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ അവിടെയിരിക്കാന്‍ കൊതിയായി.
രണ്ടാം സംഭരണിയുടെ ആദ്യനില ലൈബ്രറിയാണ്‌. അതു കണ്ടതിനു ശേഷം മുകള്‍ നിലയിലേയ്‌ക്ക്‌ പോയി.അതു ചുട്ടുപഴുത്ത ഒരറയാണ്‌. ഹൗ. പൊള്ളിപ്പോയി. ഇപ്പോള്‍ നില്‌ക്കുന്നത്‌ പണ്ട്‌ കോഴിക്കോട്ടുകാര്‍ കുടിച്ചുവറ്റിച്ചിരുന്ന കൂറ്റന്‍ ജലസംഭരണിയുടെ ഉള്ളിലാണെന്ന കാര്യം ശ്രദ്ധിച്ചപ്പോഴല്ലേ മനസ്സിലായത്‌. ഒരു വലിയ വെള്ളപ്പാത്രം. അതിന്‌ അടപ്പുണ്ട്‌. അടപ്പിന്റെ പുറത്തു നിന്നും സംഭരണിയുടെ ഉള്ളിലേയ്‌ക്ക്‌ ഇറങ്ങിവരാന്‍ കോണ്‍ക്രീറ്റ്‌ ഗോവണിയുണ്ട്‌. ആ കാഴ്‌ച കണ്ട്‌ മൂക്കില്‍ വിരല്‍ വച്ചുപോയി.

ഇടുക്കി ഡാമിലെ കുറവന്‍ മലയെയും കുറത്തിമലയെയും ഓര്‍മ്മവന്നു. ഇവിടെ അകന്നു നിന്ന വാര്‍ടാങ്കുകളെ പ്രേമശില്‌പിയുടെ സ്‌മാരക തന്ത്രികള്‍ കൊണ്ടാണ്‌ ഒരുമിപ്പിച്ചിരിക്കുന്നത്‌.

ചന്ദ്രകാന്തം
----------
പുതിയറയില്‍ എസ്‌.കെ. പണിയിച്ച ചന്ദ്രകാന്തം എന്ന വീട്ടിലെത്താന്‍ ഒരിടവഴി നടക്കാനേയുള്ളു.

ഫ്‌ളാറ്റുകള്‍ക്കും മണിമാളികള്‍ക്കുമിടയില്‍ മലയാളികളുടെ രോമാഞ്ചമായ ചന്ദ്രകാന്തത്തിനു ശ്വാസംമുട്ടുന്നതുപോലെ തോന്നി. എങ്കിലും ഇത്രയും കുട്ടികളെ കണ്ട്‌ അതു പഴയ കഥകള്‍ ഒരിക്കല്‍ക്കൂടി അയവിറക്കി.
ഉള്ളിലേയ്‌ക്ക്‌ കടക്കാനും ആ മഹാന്റെ കാലടികള്‍ പതിഞ്ഞ നിലത്തു ചവിട്ടാനും അവിടത്തെ താമസക്കാന്‍ അനുവാദം തന്നു. എസ്‌കെയുടെ മണം? അദ്ദേഹത്തിന്റെ കാലടികളില്‍ നിന്നും പൊഴിഞ്ഞുവീണ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മണല്‍ത്തരികള്‍? എല്ലാപേരും ഇന്ദ്രിയങ്ങള്‍ തുറന്നുവച്ചു.
ഈ വീട്ടിലേയ്‌ക്കാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ മണവാട്ടിയായ ഫാബിബഷീറിനെ കൈപിടിച്ചു കൊണ്ടുവന്നത്‌. ആ കഥ വീണ്ടുംവീണ്ടും ഓര്‍ത്തിരുന്നതിനാല്‍ വഴിയില്‍ മറ്റൊന്നും കണ്ടില്ല. വട്ടക്കിണറും അരക്കിണറും കഴിഞ്ഞ്‌ വണ്ടി ബേപ്പൂരില്‍ എത്തി.

ഒറ്റയ്‌ക്കായ മാങ്കോസ്‌റ്റിന്‍
-----------------------
കുട്ടികള്‍ ആദ്യമോടിയത്‌ മാങ്കോസ്‌റ്റിന്റെ ചുവട്ടിലേയ്‌ക്കായിരുന്നു.
അവിടെ സായാഹ്നത്തണല്‍ മാത്രം ചിതറിക്കിടന്നു.


വരാന്തയിലിരുന്ന കാരണവത്തിയുടെ മുന്നില്‍ കുട്ടികള്‍ നിലത്ത്‌്‌ ചമ്രം പിണഞ്ഞിരുന്നു.
``നിങ്ങളെവിടെനിന്നു വരുന്നു കുട്ടികളെ?''
ഫാബി ബഷീര്‍ ചോദിച്ചു.
``നിങ്ങളെ കല്ല്യാണം കഴിച്ചുകൊണ്ടുപോയ ചന്ദ്രകാന്തത്തില്‍ നിന്നും.''
ആ മറുപടിയില്‍ മൂപ്പത്തിയാര്‍ ഒരു നിമിഷം വീണുപോയി. ഓര്‍മ്മകളില്‍പ്പെട്ട്‌ നിശ്ശബ്ദയായി. തുടര്‍ന്ന്‌ ഫാബിബഷീര്‍ ചന്ദ്രകാന്തത്തിലെ താമസക്കാലം കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചു.
അവര്‍ ചോദ്യങ്ങളുടെ അറയും അമ്മച്ചി ഓര്‍മ്മകളുടെ പെട്ടിയും തുറന്നു.
``ബഷീര്‍ പെണ്ണുകാണാന്‍ വന്നപ്പോഴെന്തു തോന്നി?''
``ഒരു മനുഷ്യന്‍ വന്നതുപോലെ തോന്നി. അല്ലാതെ മൃഗമാണെന്നു തോന്നുമോ?''
ഈ വീട്ടിലെ ബഷീറുപ്പാപ്പന്‍ മാത്രമല്ല. എല്ലാപേരും തമാശക്കാരാണ്‌. വേനല്‍ക്കാറ്റ്‌ മൂളിപ്പറഞ്ഞു.


``അമ്മച്ചി കല്ല്യാണത്തിനു മുമ്പ്‌ ബഷീറിന്റെ പുസ്‌തകങ്ങള്‍ വായിച്ചിരുന്നോ?''
`എന്റെ ബാപ്പ ഒരു സ്‌കൂള്‍ മാഷായിരുന്നു. അദ്ദേഹം പുസ്‌തകങ്ങള്‍ കൊണ്ടുവരുമായിരുന്നു. ഞാന്‍ പത്തു കഴിഞ്ഞ്‌ ടീച്ചേഴ്‌സ്‌ ട്രെയിനിംഗും ജയിച്ചു നില്‍ക്കുന്ന കാലത്ത്‌ ബഷീറിന്റെ പുസ്‌തകങ്ങള്‍ വായിച്ചിട്ടുണ്ട്‌്‌. അപ്പോഴൊക്കെ അദ്ദേഹം പെണ്ണുകെട്ടാത്തവനാണെന്നു തോന്നിയതേയില്ല.`'
തൃപ്‌തിയായോ മക്കളേ? ആ മുത്തശ്ശിക്കണ്ണുകള്‍ ഞങ്ങളെ തൊട്ടു.

*****
``അല്ല. നിങ്ങള്‍ വലിയ ചോദ്യക്കാരന്മാരും ചോദ്യക്കാരത്തികളുമല്ലേ! നിങ്ങള്‍ ടാറ്റായുടെ എാതൊക്കെ പുസ്‌തകങ്ങള്‍ വായിച്ചിട്ടുണ്ട്‌?''
കുട്ടില്‍ ഉടനെ അമ്മച്ചിക്ക്‌ മണിമണിയായി ഉത്തരം കൊടുത്തു.
``അമ്മച്ചിക്ക്‌ അദ്ദേഹത്തിന്റെ എാതു കൃതിയോടാണ്‌ കൂടുതല്‍ ഇഷ്ടം?''
``പാത്തുമ്മയുടെ ആട്‌
'` ഞങ്ങള്‍ക്കും അതു തന്നെ.''
``എന്നാല്‍ ഭൂമിയുടെ അവകാശികളിലെ ഒരു വാക്യം പറയിന്‍''
കുട്ടികള്‍ ഇപ്പോള്‍ തോറ്റുപോകുമെന്ന പ്രതീക്ഷയോടെ ഫാബിയുമ്മ ഇരുന്നു.
``കൊല്ലണമെന്നു വേഗം പറയാം. കൊല്ലുകയും ചെയ്യാം. ജീവന്‍ കൊടുത്തു സൃഷ്ടിക്കാന്‍ ഒക്കുകയില്ല.''-ചളവറക്കാരി അശ്വതി ഉമ്മയെ തീര്‍ത്തും വീഴ്‌ത്തിക്കളഞ്ഞു.
``നിങ്ങളൊക്കെ ശരിക്കും പഹയന്മാരും പഹച്ചികളും തന്നെ. ഇവിടെ വന്നവരാരും എന്റെയീ ചോദ്യത്തിന്‌ കൃത്യമായി മറുപടി പറഞ്ഞിട്ടില്ല മക്കളേ!''


``അമ്മച്ചി എഴുതിയിട്ടുണ്ടോ?''
ചോദ്യം വന്നു.
``ഞാനെഴുതി. അച്ചടിച്ചു. പിന്നീട്‌ ഞാന്‍ എഴുത്തു മതിയാക്കി. ബഷീറെഴുതിയത്‌ ഞാന്‍ കട്ടെടുത്തു എന്ന്‌ ആളുകള്‍ പറയില്ലേ!''
ഫാബി ബഷീര്‍ അതും നര്‍മ്മത്തിലാക്കി.
``ബഷീര്‍ പിശുക്കനായിരുന്നോ?''
``അല്ലേയല്ല. ആള്‍ക്കാരെ സഹായിക്കുന്നത്‌ ഞാനെത്രയോ തവണ കണ്ടു. ഹൃദയാലുവായിരുന്നു.''
``ശരിയാണ്‌. കുറുക്കനുപോലും താമ്രപത്രം കൊടുത്തില്ലേ.''
ആരോ പൊട്ടിച്ച കുസൃതിയില്‍ ഉമ്മച്ചിയും ഒരു കുട്ടിയായി മാറി.

സ്വര്‍ണ്ണമാല
---------

`കിണറിനകത്ത്‌്‌ അത്യഗാധതതയില്‍, തെളിഞ്ഞ വെള്ളത്തിന്നടിയില്‍ , മഞ്ഞരാശിപ്പോടെ കുശാലായി കിടക്കുന്നു സ്വര്‍ണ്ണമാല.'
സ്വര്‍ണ്ണമാല എന്ന കഥയിലെ പുണ്യപുരാണവും, ചരിത്രപ്രസിദ്ധവുമായ ആ മണിക്കിണര്‍ കണ്ടുവന്നയാള്‍ പറഞ്ഞു.
`കിണറ്റിലല്ല. അതിവിടെയുണ്ട്‌.'
ഫാബിബഷീര്‍ കഴുത്തിലെ തടിച്ച മാല നീട്ടിക്കാണിച്ചു. തുടര്‍ന്ന്‌ സ്വര്‍ണ്ണമാല കിണറ്റിനുള്ളില്‍ പോയതും, ബിച്ചന്‍ അതെടുക്കാന്‍ വന്നതും, സുല്‍ത്താന്‍ മുങ്ങല്‍ വിദഗ്‌ദ്ധനായതുമായ കഥയ്‌ക്ക്‌ പുറത്തുള്ള സംഭവങ്ങള്‍ ഫാബിയുമ്മ വിസ്‌തരിച്ചു.
``ബഷീറിന്‌ നന്നായി നീന്താനറിയാമായിരുന്നു. ബഷീര്‍ മാത്രമല്ല. പാത്തുമ്മ, അബുബേക്കര്‍, ഹനീഫ എല്ലാപേരും. നിലയില്ലാത്ത മൂവാറ്റുപുഴയാറ്‌ അവര്‍ക്ക്‌ കൈത്തോടു മാതിരിയായിരുന്നു.
കിണറ്റിലിറങ്ങി ആദ്യത്തെ മുങ്ങലില്‍തന്നെ മൂപ്പര്‍ക്ക്‌ മാല കിട്ടി. അതിനെ രഹസ്യമായി അരയിലൊളിപ്പിച്ചു. ഞാനറിഞ്ഞില്ല. പിന്നെ നീന്തിയും മുങ്ങിയും കുറെ വെള്ളത്തില്‍ കഴിഞ്ഞു. കയറി വരാന്‍ ഞാന്‍ പറയുമ്പോഴൊക്കെ മാല കിട്ടിയില്ലെടി എന്നു പറഞ്ഞു വീണ്ടും അടിയിലേയ്‌ക്ക്‌ പോകും. കുറെ കഴിഞ്ഞപ്പോള്‍ സ്വര്‍ണ്ണമാല എന്ന കഥയില്‍ പറഞ്ഞതുപോലെ മൂപ്പര്‍ തളര്‍ന്നു. വിറയ്‌ക്കാന്‍ തുടങ്ങി.
കയറി വരാന്‍ പറ്റണില്ലെടീ. ആരെയെങ്കിലും വിളിച്ചോണ്ട്‌ വാ. എന്നു പറഞ്ഞു. അദ്ദേഹത്തെ കിണറ്റിനുള്ളിലിട്ടിട്ട്‌ ഞാനെങ്ങനെ ആളെക്കൂട്ടാന്‍ പോകും?
സ്‌കൂള്‍ വിട്ടുവന്ന ഷാഹിന ടാറ്റായുടെ വിഷമം കണ്ട്‌്‌ കരയാന്‍ തുടങ്ങി. തൊട്ടിലില്‍ കിടന്നുറങ്ങുന്ന അനീസിനെ എടുത്തു കൊണ്ടുവരാന്‍ ഞാന്‍ മകള്‍ ഷാഹിനയോട്‌ പറഞ്ഞു.
നിങ്ങള്‍ കയറിവന്നില്ലെങ്കില്‍ ഞങ്ങള്‍ മൂന്നുപേരുമിപ്പോള്‍ കിണറ്റില്‍ച്ചാടും. അതുകേട്ട്‌ പേടിച്ച്‌ അദ്ദേഹം എങ്ങനെയോ കേറി വന്നു.''
``അമ്മച്ചി എന്തിനാണ്‌ അങ്ങനെ പറഞ്ഞത്‌?''
``നമ്മള്‍ പെണ്ണുങ്ങള്‍ വേണം പുരുഷന്മാര്‍ക്ക്‌ ധൈര്യം കൊടുക്കാന്‍.''

വേനലവധി കഴിയുന്നു.
---------------------
വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മണിക്കൂറുകള്‍ കഴിഞ്ഞത്‌ ആരും ശ്രദ്ധിച്ചില്ല.
പവര്‍ക്കട്ടു നേരത്ത്‌ ആര്‍ദ്രയും നന്ദയും ബാലമണിയമ്മയുടെയും ഒ.എന്‍.വി.യുടെയും കവിതകള്‍ ചൊല്ലി.
ഒ.എന്‍.വി.യുടെ സ്‌നേഹത്തെക്കുച്ച്‌ ഫാബിബഷീര്‍ വാചാലയായി.
``ആ പാട്ടുപെട്ടി പാടുമോ?'' പൃഥിന്‍ ചോദിച്ചു.
``ഓ. സോജാ രാജകുമാരി. ആ പെണ്ണുപാടുമോ എന്നല്ലേ നീ ചോദിച്ചത്‌?''
എല്ലാപേരും കാത്തിരുന്ന നിമിഷമെത്തി. ഓര്‍മ്മകളുടെ അറയായി മാറിയ ആ മുറി അമ്മച്ചി തുറപ്പിച്ചു.
ബഷീറിന്റെ ചാരുകസേര, ഗ്രാമഫോണ്‍, അവാര്‍ഡു ചിത്രങ്ങള്‍...
ഇരുട്ടു കനത്തു. നേരം എട്ടുമണിയായി. എന്നിട്ടും കുട്ടികള്‍ക്ക്‌ തൃപ്‌തിയായില്ല. ഫാബിയുമ്മയുടെ കൈകളില്‍ തലോടിയും ഉമ്മകൊടുത്തും മതിവരാത്ത അവര്‍ ഇരുട്ടിലേയ്‌ക്കിറങ്ങി.
വേനല്‍പ്പൂട്ടിനു തറവാട്ടില്‍ വന്ന്‌ തിരികെ വീട്ടിലേയ്‌ക്ക്‌ മടങ്ങുമ്പോള്‍ അനുഭവിക്കാറുള്ള വിങ്ങള്‍ പിടച്ചുകൊണ്ടിരുന്നു.

വിദ്യാരംഗം 2014 മാര്‍ച്ച്‌
======================== 

2014 മാർച്ച് 22, ശനിയാഴ്‌ച

പെന്‍ ഡ്രൈവ്‌ PEN DRIVE



ഓണാവധിക്കെത്തിയ കുട്ടിയെ അമ്മമ്മ സ്‌നേഹം കൊണ്ടാണ്‌ പൊതിഞ്ഞത്‌.

ഇന്നലെയുണ്ടാക്കിയ ആ കറീടെ മസാലക്കൂട്ട്‌ ഒന്നൂടെപ്പറയൂ അമ്മേ.
അവന്റെ അമ്മ കടലാസും പേനയുമായി വന്നു.

അച്ഛന്‍ കണക്കറ്റ്‌ അമ്മമ്മയെ ക്യാമറയില്‍ പതിപ്പിച്ചെടുത്തു.

അമ്മമ്മേ ആരും കാണാതെ നെഞ്ചു തുറന്ന്‌ സ്‌നേഹം മുഴോന്നും ഇതിലേയ്‌ക്ക്‌ ഇറ്റിച്ചോളിന്‍!

തിരിച്ചു പോകാനൊരുങ്ങവെ കുട്ടി രഹസ്യമായി ഒരു പെന്‍ ഡ്രൈവ്‌ അമ്മമ്മയെ എാല്‌പിച്ചു.

ഇന്ന്‌ മാസിക എാപ്രില്‍ 2012
************************

2014 മാർച്ച് 12, ബുധനാഴ്‌ച

ചാനല്‍ യോഗി




പുറത്തിറങ്ങി ലോകം കാണാന്‍ അയാളെ അവരൊരിക്കലും അനുവദിച്ചിരുന്നില്ല.
വണ്ടിമുട്ടും. വഴിപിണങ്ങും. വേണ്ട. എങ്ങും പോണ്ട. പണ്ടേ ഒരു ലക്കും ലഗാനുമില്ലാത്തയാളാണ്‌ നിങ്ങള്‍.
പെറ്റമ്മ മോഡലില്‍ ഭാര്യ പേടിപ്പിച്ചു.
നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ക്കാരുണ്ട്‌?
ഭാര്യ ചോദിച്ചപ്പോള്‍ അവളുടെ പുറകില്‍ നിന്നും മകളുടെ ഉത്‌ക്കണ്‌ഠക്കണ്ണുകള്‍ നീണ്ടുവന്നു.
ശരിയാണ്‌. അയാള്‍ സമാധാനിച്ചു.
ടൂറ്‌ പോയി വെറുതെ പണം കളയാതെ അച്ഛനെനിക്കൊരു ലാപ്‌ വാങ്ങിത്താ.
യാത്രകള്‍ വേണ്ട. കുറ്റബോധം മനസ്സില്‍ കുമിഞ്ഞു.
അങ്ങനെ നിരങ്ങി നിരങ്ങി അയാള്‍ പെന്‍ഷന്‍ കാലത്തിലെത്തി. പകരത്തിന്‌ മകള്‍ സെലക്ഷന്‍ ലിസ്റ്റുകള്‍ കയറി.
ഇനിയെന്തു പേടിക്കണം?
കഴിഞ്ഞയാഴ്‌ച നോക്കിയപ്പോള്‍ നിങ്ങളുടെ കൊളസ്‌ട്രാള്‍ കൂടുതലായിരുന്നില്ലേ?
വഴിക്കുവച്ചെന്തെങ്കിലും സംഭവിച്ചാല്‍?
പിന്നെ ഇപ്പോള്‍ ഷുഗറൊന്നു കുറഞ്ഞിരിക്കുവാ. തെണ്ടാന്‍ പോയി കണ്ടതും കടിയതും വാരിക്കേറ്റി അതങ്ങ്‌്‌ കൂടുവേ!
ഒരു ഹിമാലയന്‍ യാത്രയ്‌ക്കുള്ള അവസാനത്തെ അവസരവും അങ്ങനെ തെറിച്ചുപോയി.
അച്ഛനിവിടെയിരുന്ന്‌ ലോകം കാണാന്‍ സാറ്റ്‌ ടീവിയും നെറ്റു കണക്ഷനും ഞാനെടുത്ത്‌ു തരില്ലേ!
ആദ്യ ശമ്പളത്തിലൂടെ മകള്‍ അയാളെ മറ്റൊരു ലോകത്തിലേയ്‌ക്ക്‌ തരിച്ചുവിട്ടു. വീട്ടില്‍ നിന്നും ഡി.ടി.എച്ച്‌ പോയി. കേബിളും നെറ്റും വന്നു. സഞ്ചാരസൈറ്റുകളുടെ ലിസ്‌റ്റും മകള്‍ തന്നു.
അങ്ങനെയാണ്‌ വയസ്സുകാലത്ത്‌ അയാളൊരു ചാനല്‍ ജീവിയായത്‌.
പിരിവുകാരും കല്ല്യാണ ക്ഷണക്കാരുമെത്തുമ്പോള്‍ ചലിക്കുന്ന പ്രതിമ മാതിരി അയാള്‍ സ്‌ക്രീനിനു മുന്നില്‍ നിന്നെഴുന്നേറ്റു. മന്തനെപ്പോലെ കുശലങ്ങള്‍ എാറ്റുവാങ്ങി.
അനവസരത്തിലെ ഡയലോഗുകളാല്‍ സന്ദര്‍ശകരെ മുഷിപ്പിച്ചെങ്കിലും ഷുഗറും കൊളസ്‌ട്രോളും കണ്‍ട്രോള്‍ഡാക്കി. 


2014 മാർച്ച് 5, ബുധനാഴ്‌ച

അമ്മമാര്‍




നാളുകള്‍ക്കുശേഷം അമ്മ വീട്ടിലെത്തുന്നു. അടുത്ത കുറച്ചുദിവസങ്ങളില്‍ അമ്മ അയാളോടൊത്തുണ്ടാവും.
അമ്മയെ കൂട്ടി വരാന്‍ കാറുമായി തീവണ്ടിയാപ്പീസിലേയ്‌ക്ക്‌ പോണം. മകന്‍ നല്ല നിലയില്‍ ജീവിക്കുന്നതു കണ്ട്‌ എാറെ സന്തോഷത്തോടെ അമ്മ തിരികെ വൃദ്ധസദനത്തിലേയ്‌ക്ക്‌ മടങ്ങട്ടെ.
അമ്മയെ കൂട്ടാന്‍ അയാള്‍ വണ്ടിയിറക്കിയതാണ്‌.
വേണോ?
വീട്ടിലേയ്‌ക്കുള്ള വഴി എാതമ്മയ്‌ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌?
അമ്മ ബസ്സില്‍ വരട്ടെ!
പണവും സൗകര്യങ്ങളുമൊന്നുമില്ലാതിരുന്ന കാലത്ത്‌ അമ്മ എന്തുമാത്രം നടന്നതാണ്‌. വൃദ്ധസദനത്തിലായതിനുശേഷം പുറം കാഴ്‌ചകള്‍ക്കുള്ള സൗകര്യങ്ങള്‍ കഷ്ടിയാണ്‌. നമ്മുടെ നാടിന്‌ എന്തുമാറ്റമാണിപ്പോള്‍. അതൊക്കെ കണ്ടുകൊണ്ട്‌ അമ്മ പതുക്കെ നടന്നുവരട്ടെ. തനിക്കതെല്ലാം കൊണ്ടുകാണിക്കാന്‍ നേരവുമില്ല. ചെറിയ ദൂരമല്ലേയുള്ളു.
അമ്മ അപ്പോള്‍ തന്നെ നടന്നെത്തുമെന്ന തോന്നല്‍ അയാള്‍ക്കുണ്ടായി.
അയാള്‍ ഭദ്രമായി വീട്‌ അടച്ചുപൂട്ടി.
അടുത്തു തന്നെ ധാരാളം ബന്ധുവീടുകളുണ്ടല്ലോ. രണ്ടുദിവസം അവരോടൊപ്പം സന്തോഷത്തോടെ തങ്ങി അമ്മയ്‌ക്ക്‌ തിരിച്ചുപോകാമല്ലോ.
അമ്മയ്‌ക്കീ വീട്ടിലെ ആധുനിക സൗകര്യങ്ങളും സമ്പ്രദായങ്ങളും രുചിക്കാന്‍ വഴിയില്ല. അമ്മയുടെ എല്ലാ പതിവുശീലങ്ങളും തെറ്റാനാണ്‌ സാധ്യത.
മനസ്സിനെ അലങ്കോലപ്പെടുത്തുന്നതില്‍ അയാള്‍ തീര്‍ത്തും വിജയിച്ചു.
ഒരിറ്റു സമാധാനം?
തിരിഞ്ഞും മറിഞ്ഞും വേവലാതിപ്പെട്ട്‌ ഒടുവില്‍ മനസ്സില്‍ വെളിച്ചം വീണു.
അടുത്ത പട്ടണത്തിലെ ദേവമാതാ സന്നിധി സന്ദര്‍ശിക്കാന്‍ അയാള്‍ തീരുമാനിച്ചു.
മനുഷ്യരൂപമെടുത്ത ആ ലോകമാതാവ്‌ ഒന്നുതൊട്ടാല്‍ മതി. മനസ്സമാധാനം വരും.
അയാള്‍ മാതാവിനെ കാണാന്‍ പോകാന്‍ വണ്ടിയിറക്കി.

കെ.ജി.ഒ.എ.. ന്യൂസ്‌ മേയ്‌ 2011 

2014 ഫെബ്രുവരി 22, ശനിയാഴ്‌ച

ഫെസ്‌റ്റിവല്‍ക്കളി





ഞങ്ങളിന്നലെ നാട്ടിലൊരു ഫിലിംഫെസ്റ്റിവല്‍ കളിച്ചു.


അതിന്നിടയില്‍ പെട്ടന്ന്‌ കഞ്ഞീംകറീം കളിച്ച കാലം ഓര്‍മ്മയില്‍ ഫ്‌ളാഷ്‌ബാക്ക്‌ അടിച്ചു.
ഒരു കുറവും വരാതെയായിരുന്നു അന്ന്‌ നാലുകാല്‍പ്പുര വച്ചത്‌. കുന്നിക്കുരുപ്പരുവത്തിലെ ചെറുമണിക്കല്ലരി നന്നായി പാറ്റിക്കൊഴിച്ചിരുന്നു. ചിരട്ടപ്പാത്രത്തില്‍ വേണ്ടത്ര വെള്ളമൊഴിച്ചു തന്നെയാണ്‌ വച്ചത്‌. അടുപ്പിലെത്രയാണ്‌ ചുള്ളികള്‍ ഉന്തിക്കയറ്റിയത്‌? പുകയൂതി വശം കെട്ടു.
എന്നിട്ടും വിളമ്പിയപ്പോള്‍ കല്ലുതന്നെ കടിച്ചു.
ഇന്നലെ രണ്ടാംശനി, പോരാത്തതിന്‌ തോരാമഴയും.
ഒന്നും ചെയ്യാനില്ലാതെ ആളുകള്‍ പ്രദര്‍ശനത്തിന്‌ ഒഴുകിയെത്തുമെന്ന പ്രതീക്ഷയെ കാറ്റെടുത്തു.
എാകദേശം ശൂന്യമായ ഹാളിലിരിക്കുമ്പോള്‍ തീരെച്ചെറിയൊരു കാറ്റില്‍ അന്നത്തെ കളിവീട്‌ തലയില്‍ വീണുകുരുങ്ങിയ അതേ അനുഭവം. 

2014 ഫെബ്രുവരി 8, ശനിയാഴ്‌ച

സമ്പൂര്‍ണ്ണന്‍




പാടത്തിലെ ചില്ലറപ്പണികള്‍ക്കിടയിലാണ്‌ അയാളെത്തേടി മകളെത്തിയത്‌.
ടെസ്‌റ്റിനു പോകാന്‍ വൈകിയിരിക്കണം. അതാണവള്‍ ഓടിവന്നത്‌.
നഗത്തിലെ ടെക്‌നോസിറ്റിയില്‍ ഉച്ചയ്‌ക്കുശേഷം അവള്‍ക്ക്‌ ബാങ്കു ജോലിക്കുള്ള പരീക്ഷയുണ്ട്‌. ഓണ്‍ലൈന്‍ ടെസ്റ്റ്‌. കൂടുതല്‍ നേരം വയലില്‍ തങ്ങാതെ പെട്ടെന്നു പോരണമെന്ന്‌ ഇറങ്ങുമ്പോള്‍ കരുതിയതായിരുന്നു.
അവള്‍ നന്നായി കിതയ്‌ക്കുന്നുണ്ടായിരുന്നു. 
മകളെ കഷ്ടപ്പെടുത്തിയതില്‍ അയാള്‍ക്ക്‌ വല്ലായ്‌മ തോന്നി.
ധൃതിയുണ്ടായിരുന്നിട്ടും കുളിമുറിയില്‍ അയാള്‍ നന്നായി ശ്രദ്ധിച്ചു. എാറെ കരുതലോടെയാണ്‌ ദേഹം വൃത്തിയാക്കിയത്‌. അത്യാഡംബരങ്ങളോടെ എത്തുന്നവര്‍ക്കിടയിലേയ്‌ക്കാണ്‌ പോകാനുള്ളത്‌. ചേറും ചെളിനിറവും ശരീരത്തില്‍ പാടില്ല. കുട്ടിക്ക്‌ നാണക്കേടാവരുത്‌.
വൃത്തിയെ കുറിച്ച്‌ വീണ്ടുമയാള്‍ ആലോചിച്ചത്‌ മകള്‍ പരീക്ഷാഹാളില്‍ കയറിയതിനു ശേഷമാണ്‌.
എന്തു വെടിപ്പാണീ പരിസരത്തിന്‌! നമ്മുടെ നാടാണെന്നു തോന്നിപ്പിക്കാത്ത കാമ്പസ്സ്‌. ആകപ്പാടെ വിദേശഛായ. ഉയരത്തില്‍ പരസ്‌പരം മത്സരിക്കുന്ന കെട്ടിട സമുച്ഛയങ്ങള്‍. കാട്‌, അതിനുമപ്പുറത്ത്‌ ഫ്‌ളാറ്റുകകളുടെ തലപ്പ്‌. ആ കാത്തിരിപ്പു മുറിക്കു തന്നെ എാഴെട്ടു ക്ലാസ്സുകള്‍ നടത്താന്‍ പാകത്തില്‍ വലിപ്പമുണ്ട്‌. താനൊരു റിട്ടയേര്‍ഡ്‌ മാഷാണെന്ന തോന്നല്‍ അപ്പോഴാണയാള്‍ക്കുണ്ടായത്‌.
വലിയ കെട്ടിടത്തിനുള്ളില്‍ പരീക്ഷയില്‍ മുങ്ങിപ്പോയ കുട്ടികളെ കാത്തിരിക്കുന്നവരും പരസ്‌പരമൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ആ അന്തരീക്ഷം അത്രയ്‌ക്കവരെ മാറ്റിക്കളഞ്ഞിരുന്നു. ഒരാള്‍ മാത്രം രണ്ടു ജില്ലകള്‍ക്കപ്പുറത്തുള്ള തന്റെ കറവ തീര്‍ന്ന റബ്ബര്‍മരങ്ങള്‍ വില്‍ക്കുന്നതിനെ കുറിച്ച്‌ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചു. വില ശരിയാകാതെ വന്നപ്പോള്‍ ദേഷ്യപ്പെട്ടത്‌ മറ്റുള്ളവര്‍ കേട്ടുവോ എന്ന സംശയത്തോടെ മുബൈല്‍ കട്ടുചെയ്‌തു.
ആരും ആരേയും ശ്രദ്ധിക്കാത്ത ഒരിടം. താനിവിടെ മരിച്ചിരിക്കുകയാണോ? അയാള്‍ക്ക്‌ സംശയം തോന്നി.
എാതൊക്കെയോ ജനല്‍പ്പഴുതുകള്‍ വിജയകരമായി താണ്ടിയ ഒരു കുഞ്ഞില പെട്ടെന്ന്‌ ആ ഹാളിലേയ്‌ക്ക്‌ പറന്നു കയറി. അതു പാറി വന്നയാളുടെ കാല്‍പ്പെരുവിരലില്‍ അമര്‍ന്നു.
ചന്ദനം പിടിപ്പിച്ചിരുന്നതു മാതിരി നഖത്തിലുണ്ടായിരുന്ന ചേറിന്റെ പാടും അങ്ങയെ മറഞ്ഞു. 
സമ്പൂര്‍ണ്ണനായതിന്റെ സന്തോഷത്തില്‍ ഒരു മാത്ര അയാളൊന്നുലഞ്ഞു.

2014 ജനുവരി 29, ബുധനാഴ്‌ച

ദേ... ശ്ശോ....




ആനമല ഉച്ചിയിലെ പുല്‍ക്കൊടിയാണ്‌ അതാദ്യം കണ്ടത്‌.
അടുത്തുണ്ടായിരുന്ന കുറ്റിച്ചെടിയെ അവള്‍ തോണ്ടി വിളിച്ചു.
ദേ.. നോക്കെടീ. നമ്മളെ രക്ഷിക്കാന്‍ മാധവേട്ടന്‍ വരുന്നു.
ശ്ശോ.. അല്ലെടീ അതു കസ്‌തൂരിയാണ്‌.

സത്യത്തില്‍ മല കയറിക്കൊണ്ടിരുന്നത്‌ മഴു, വെടിമരുന്ന്‌, ജെ.സി.ബി. എന്നിവകളായിരുന്നു.


ഇന്ന്‌ മാസിക. 2014 ജനുവരി

2014 ജനുവരി 20, തിങ്കളാഴ്‌ച

ടൈല്‍സു മണം




ഈയിടെയായി മണ്ണില്‍ കാലുകുത്താറേയില്ല.
ടൈല്‍സു പതിച്ച മുറ്റവും കടന്ന്‌ കാറിലേയ്‌ക്ക്‌.
ടൈല്‍സിട്ട ഫുട്ട്‌പാത്തുകള്‍ക്കിടയിലെ കരിഞ്ഞ നിരത്തിലൂടെ സര്‍വ്വാംഗം ടൈല്‍സണിഞ്ഞ ഓഫീസിലേയ്‌ക്കും തിരിച്ചും കാറില്‍.
വേനല്‍മഴ എത്തിയ സായാഹ്നം. മണ്ണു കാണാത്ത ആശങ്കയോടെ ഝടുതിയില്‍ മഴ തിരിച്ചുപോയി.
ടൈല്‍സുമണം... ടൈല്‍സുമണം...
വേവലാതിപ്പെട്ടിരിക്കെ മകള്‍ അങ്ങനെ ചെറുതുള്ളികളെ ഉള്‍ക്കൊണ്ടു.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi